ഫീച്ചറുകള്‍

നാം മുന്നോട്ട്

Posted on Thursday, August 13, 2020

കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാത്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനും വികസന പുരോഗതി അറിയുന്നതിനുമെല്ലാമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ന്റെ 108ാം എപ്പിസോഡ് കുടുംബശ്രീ എന്ന സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യത്തെക്കുറിച്ചായിരുന്നു. സാധാരണയായി മുഖ്യമന്ത്രിയും അതാത് വിഷയങ്ങളിലെ വിദഗ്ധരും ചേര്‍ന്നുള്ള ഒരു ചര്‍ച്ചയെന്ന നിലയിലായിരുന്നു ഈ പരിപാടി തയാറാക്കി സംപ്രേഷണം ചെയ്തുവന്നിരുന്നത്. എന്നാല്‍ കോവിഡ് -19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചാരീതി ഒഴിവാക്കി, പൂര്‍ണ്ണമായും ദൃശ്യവത്ക്കരിച്ച് ഒരു ഡോക്യുമെന്ററി എന്ന രീതിയിലേക്ക് ഈ പരിപാടി മാറ്റുകയായിരുന്നു.
  കുടുംബശ്രീയുടെ വളര്‍ച്ചയെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള ഒരു സംക്ഷിപ്ത രൂപം ഈ പരിപാടിയിലൂടെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് കൂടാതെ കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളില്‍ പുതിയ പദ്ധതികളിലൂടെ കുടുംബശ്രീ കൈവരിച്ച നേട്ടങ്ങളും പുരോഗതിയും എടുത്തുകാണിക്കാനും ഈ ഡോക്യുമെന്ററിയിലൂടെ കഴിഞ്ഞു. 'നാം മുന്നോട്ട്' എന്ന ഈ പരിപാടിയുടെ കുടുംബശ്രീയെക്കുറിച്ചുള്ള എപ്പിസോഡ് കാണാന്‍ http://www.kudumbashree.org/videos/6 എന്ന ലിങ്കില്‍ സന്ദര്‍ശിക്കാം.

 

Content highlight
കുടുംബശ്രീയുടെ വളര്‍ച്ചയെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള ഒരു സംക്ഷിപ്ത രൂപം ഈ പരിപാടിയിലൂടെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് കൂടാതെ കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളില്‍ പുതിയ പദ്ധതികളിലൂടെ കുടുംബശ്രീ കൈവരിച്ച നേട്ടങ്ങളും പുരോഗതിയും എടുത്തു

ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി വീഡിയോകളിലൂടെ പരിശീലനം

Posted on Thursday, August 13, 2020

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയോജനത്തോടെ കുടുംബശ്രീ മുഖേന പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വീഡിയോകളിലൂടെ പരിശീലനം നല്‍കിത്തുടങ്ങി. കോവിഡ് - 19 രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബഡ്സ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. ഇക്കാലയളവില്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കും ആവരുടെ മാതാപിതാക്കള്‍ക്കും കുടുംബശ്രീ പിന്തുണ നല്‍കിയിരുന്നു. ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാകാന്‍ ഇനിയും കാലതാമസമുണ്ടാകുമെന്നതിനാല്‍ തന്നെ ഈ സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികള്‍ക്ക് വേണ്ടി വീഡിയോകളിലൂടെ സേവനം നല്‍കാനുള്ള ആശയം പ്രാവര്‍ത്തികമാക്കുകയാണ്.  
 നിലവില്‍ 289 ബഡ്സ് സ്ഥാപനങ്ങളാണ് കുടുംബശ്രീയ്ക്ക കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നത്. 138 ബഡ്സ് സ്‌കൂളുകളിലും 151 ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററുകളിലുമായി 9002 കുട്ടികള്‍ പഠിക്കുന്നു. പ്രത്യേകം പരിശീലനം ലഭിച്ച 430 അധ്യാപകരും 351  ആയമാരുമാണ് ബഡ്സ് സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. മാതാപിതാക്കളിലൂടെ നടപ്പിലാക്കാന്‍ കഴിയുന്ന തരത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ വീഡിയോകള്‍ തയാറാക്കാന്‍ ബഡ്സ് സ്ഥാപനങ്ങളിലെ അധ്യാപകരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത്തരത്തിലുള്ള വീഡിയോകള്‍ അധ്യാപകര്‍ തയാറാക്കിക്കഴിഞ്ഞു. ഈ വീഡിയോകള്‍ യൂട്യൂബ് ചാനല്‍, വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ വഴി മാതാപിതാക്കളിലേക്ക് എത്തിക്കും. എല്ലാ കുട്ടികളും സ്ഥിരമായി വീഡിയോ കാണുന്നുവെന്നും പരിശീലനങ്ങള്‍ ചെയ്യുന്നുവെന്നും അധ്യാപകര്‍ തന്നെ ഉറപ്പുവരുത്തും. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യും.
   ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍, പരിസര നൈപുണി, ഗണിത നൈപുണി, ആരോഗ്യ നൈപുണി, പ്രാഥമിക ഗാര്‍ഹിക നൈപുണികള്‍, സാമൂഹിക നൈപുണികള്‍, പേപ്പര്‍ ബാഗ് നിര്‍മ്മാണം, പേപ്പര്‍ പേന നിര്‍മ്മാണം, കരകൗശല വസ്തു നിര്‍മ്മാണം പോലെയുള്ള ഉപജീവന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വീഡിയോകളാണ് തയാറാക്കിയിരിക്കുന്നത്. വീഡിയോകള്‍ പങ്കുവയ്ക്കുന്നതിനായി ഫേസ്ബുക്ക് പേജും (https://www.facebook.com/STATE-BUDS-BRC-116333783392685/
) യൂട്യൂബ് ചാനലും (https://www.youtube.com/channel/UCJzWrG-myT3fJ-0UdIvbMtQ) ആരംഭിച്ചു കഴിഞ്ഞു. ഈ വരുന്ന ആഴ്ച മുതല്‍ വീഡിയോകള്‍ ഈ സങ്കേതകള്‍ മുഖേന സ്ഥിരമായി പങ്കുവച്ച് തുടങ്ങും.
  അടുത്തഘട്ടമെന്ന നിലയില്‍ ബഡ്സ് സ്ഥാപനങ്ങളിലെ തെറാപ്പിസ്റ്റുകളെ ഉപയോഗിച്ച് കുട്ടികള്‍ക്കാവശ്യമുള്ള പൊതുവ്യായാമത്തിന്റെ വീഡിയോകള്‍ തയാറാക്കുകയും അത് കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

 

Content highlight
നിലവില്‍ 289 ബഡ്സ് സ്ഥാപനങ്ങളാണ് കുടുംബശ്രീയ്ക്ക കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നത്. 138 ബഡ്സ് സ്‌കൂളുകളിലും 151 ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററുകളിലുമായി 9002 കുട്ടികള്‍ പഠിക്കുന്നു

തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് കുടുംബശ്രീ

Posted on Thursday, August 13, 2020

കുടുംബശ്രീ നിര്‍മ്മാണ ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ ബൃഹത്തായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി ലഭിച്ച അവസരമാണ് ഇതില്‍ ഏറ്റവും പുതിയത്. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മൂന്ന് വിധത്തിലുള്ള നിര്‍മ്മാണങ്ങളാണ് കുടുംബശ്രീ യൂണിറ്റുകള്‍ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പ്രാവശ്യം ടെന്‍ഡര്‍ നടപടികള്‍ നടത്തിയിട്ടും നിര്‍മ്മാണ ജോലി ഏറ്റെടുക്കാന്‍ തയാറായവരെ ലഭിക്കാത്തതിനാല്‍ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ കുടുംബശ്രീ നിര്‍മ്മാണ ഗ്രൂപ്പുകളുടെ സഹായം തേടുകയായിരുന്നു. ഇപ്രകാരം അനുമതി ലഭിച്ചതിന്റെ ഭാഗമായി ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ താഴെ നല്‍കുന്നു.
1. കോര്‍പ്പറേഷന്‍ പരിസരം, ഗാന്ധി പാര്‍ക്ക് എന്നിവിടങ്ങളിലെ ഇന്ററാക്ടീവ് ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകളുടെ നിര്‍മ്മാണ പൂര്‍ത്തീകരണം. (6.66 ലക്ഷം രൂപ )
2. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലെ ടോയ്ലറ്റ് നവീകരണം (7.3 ലക്ഷം രൂപ)
3. കോര്‍പ്പറേഷന്‍ പരിസരം, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവിടങ്ങളിലെ മഴവെള്ള സംഭരണികളുടെ നിര്‍മ്മാണം. (61 ലക്ഷം രൂപ )
  ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയ്ക്ക് രണ്ട് മാസം മുമ്പാണ് ലഭിച്ചത്. ആദ്യ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. രണ്ടാമത്തെ ജോലിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മഴവെള്ള സംഭരണികളുടെ ഡിസൈനും ഷെഡ്യൂളുമെല്ലാം തയാറായി കഴിഞ്ഞു. ശേഷിച്ച പ്രവര്‍ത്തനങ്ങള്‍ മികച്ച നിലവാരത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതാണ്.

 

Content highlight
ആദ്യ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. രണ്ടാമത്തെ ജോലിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കണക്ട് ടു വര്‍ക്ക്- ഉടന്‍ ആരംഭിക്കുന്നു

Posted on Thursday, August 13, 2020

റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയിലൂടെ 250 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കണക്ടു ടു വര്‍ക്ക് എന്ന പുതിയൊരു ആശയം കുടുംബശ്രീ നടപ്പാക്കുന്നു. സമൂഹത്തില്‍ അഭ്യസ്ത വിദ്യരായ ധാരാളം പേരുണ്ടെങ്കിലും ജോലി കണ്ടെത്താനായി അഥവാ ജോലിയിലേക്ക് കണക്ട് ചെയ്യാനായി നിരവധി ബുദ്ധിമുട്ടുകള്‍ ഇവര്‍ നേരിടാറുണ്ട്. സോഫ്ട് സ്‌കില്‍സ് ഇല്ലാത്തതും ഇന്റര്‍വ്യൂകള്‍ നേരിടാന്‍ വേണ്ടത്ര അറിവ് ഇല്ലാത്തതും ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളിലൂടെയും മറ്റും തൊഴിലവസരങ്ങള്‍ അറിഞ്ഞ് ഈ അവസരങ്ങളെ ജോലിയാക്കി മാറ്റാന്‍ കഴിവില്ലാത്തതുമെല്ലാം ഇവര്‍ക്ക് വെല്ലുവിളിയാകുകയും ആഗ്രഹിക്കുന്ന ജോലി ആഗ്രഹിക്കുന്ന സമയത്ത് ലഭിക്കാതെ വരാന്‍ ഇടയാകുകയും ചെയ്യുന്നു. സമൂഹത്തില്‍ ഇത്തരത്തിലൊരു അവസ്ഥ നേരിടുന്ന പലരുമുണ്ടെന്നതും അവര്‍ക്ക് സഹായം ആവശ്യമുണ്ടെന്നും കണ്ടറിഞ്ഞതോടെയാണ് ജോലി ലഭിക്കാന്‍ വേണ്ടി ഒരു ഫിനിഷിങ് സ്‌കൂള്‍ എന്ന നിലയില്‍ 'കണക്ട് ടു വര്‍ക്ക്' എന്ന ആശയം നടപ്പിലാക്കാന്‍ കുടുംബശ്രീ തീരുമാനിച്ചത്.
  ആദ്യഘട്ടത്തില്‍ കേരളത്തിലെ 152 ബ്ലോക്കുകളില്‍ നിന്നും ഓരോ പഞ്ചായത്തുകള്‍ വീതം തെരഞ്ഞെടുക്കുകയും ഓരോ പഞ്ചായത്തിലും 33 പേര്‍ക്ക് പരിശീലനം നല്‍കി അവരെ ജോലി ലഭിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇപ്രകാരം 5000ത്തോളം പേരെ ജോലിയിലേക്കെത്തിക്കാന്‍ ലക്ഷ്യമിടുന്നു. ഈ തെരഞ്ഞൈടുക്കപ്പെടുന്നവര്‍ക്ക് 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സാണ് നല്‍കുക. പേഴ്സണല്‍ സ്‌കില്‍സ്, സോഷ്യല്‍ സ്‌കില്‍സ്, ഓര്‍ഗനൈസേഷണല്‍ സ്‌കില്‍സ്, പ്രൊഫഷണല്‍ സ്‌കില്‍സ്, പ്രെസന്റേഷന്‍ സ്‌കില്‍സ്, എന്റര്‍പ്രണര്‍ഷിപ്പ് സ്‌കില്‍സ് തുടങ്ങിയവ പഠിപ്പിക്കും. ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യത ഏറെ വര്‍ദ്ധിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ആദ്യഘട്ടത്തിന്റെ വിജയം അനുസരിച്ച് പിന്നീടുള്ള ഘട്ടങ്ങള്‍ ആരംഭിക്കുന്നതാണ്.
  ഇപ്രകാരം 152 സി ഡി എസ് കളെ തെരഞ്ഞെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കണക്ട് ടു വര്‍ക്ക് പദ്ധതി നടപ്പാക്കാന്‍ ഈ സി ഡി എസ് കളോട് പഞ്ചായത്തിന്റെ സ്വന്തം സൗകര്യങ്ങള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍, പ്രോജക്ടര്‍, ബോര്‍ഡ്, മേശ, കസേര, പഠിതാക്കള്‍ക്കുള്ള യാത്രബത്ത, പരിശീലന കേന്ദ്രം ഏകോപിപ്പിക്കാനായി തെരഞ്ഞെടുത്ത റിസോഴ്‌സ് പേഴ്‌സണുള്ളള ഓണറേറിയം തുടങ്ങിയവയ്ക്കായി 2,10,000 രൂപ വീതം എല്ലാ സി ഡി സ് കള്‍ക്കും നല്‍കിക്കഴിഞ്ഞു. പഞ്ചായത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ  സി ഡി എസിലും ഓരോ റിസോഴ്‌സ് പേഴ്‌സണെ വീതവും നിയോഗിച്ചു കഴിഞ്ഞു.  ആദ്യഘട്ട പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന പ്രവര്‍ത്തനവും ആരംഭിച്ചു. ഓഗസ്റ്റ് 15നകം പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കും. കോവിഡ്- 19 പ്രതിസന്ധി അവസാനിച്ച ശേഷം സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിക്കുന്നത് അനുസരിച്ച് പരിശീലനം നല്‍കി തുടങ്ങും. പരിശീലനം നല്‍കാന്‍ അസാപുമായി (അഡീഷണല്‍ സ്‌കില്‍സ് അക്വസിഷന്‍ പ്രോഗ്രാം) കരാറിലെത്തിക്കഴിഞ്ഞു. അസാപ് പരിശീലകരാകും 152 കേന്ദ്രങ്ങളിലും ക്ലാസ്സുകള്‍ നയിക്കുക. പരിശീലന മൊഡ്യൂള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. അതാത് പ്രദേശത്തെ സിഡിഎസിന്റെ കീഴിലാകും പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുക.
  ഓരോ വ്യക്തിയുടെയും പോരായ്മകള്‍ മനസ്സിലാക്കി, അത് പരിഹരിച്ച് ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പരിശീലനം നല്‍കുന്ന ഈ പദ്ധതി ഇപ്പോള്‍ നടപ്പിലാക്കല്‍ ഘട്ടത്തിലെത്തിക്കഴിഞ്ഞിരിക്കുകയാണ്. സമൂഹത്തില്‍ വലിയൊരു മാറ്റമുണ്ടാക്കാനും സ്വയം മെച്ചപ്പെടുത്തി ഉപജീവനം കണ്ടെത്താനും ഈ പദ്ധതി ഏറെപ്പേരെ തുണയ്ക്കും. ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്ക് ഈ പരിശീലന പദ്ധതിയില്‍ പങ്കെടുക്കാനാകും. പരിശീലനാര്‍ത്ഥികളുടെ കുടുംബത്തില്‍ ആരെങ്കിലും കുടുംബശ്രീ അംഗമായിരിക്കണം അല്ലെങ്കില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബമായിരിക്കണം. പരമാവധി പ്രായം 35. താത്പര്യമുള്ളവര്‍ തൊട്ടടുത്ത സിഡിഎസില്‍ ബന്ധപ്പെടണം.

 

Content highlight
ഇപ്രകാരം 152 സി ഡി എസ് കളെ തെരഞ്ഞെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കണക്ട് ടു വര്‍ക്ക് പദ്ധതി നടപ്പാക്കാന്‍ ഈ സി ഡി എസ് കളോട് പഞ്ചായത്തിന്റെ സ്വന്തം സൗകര്യങ്ങള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഓണ്‍ലൈനായി ഭക്ഷണമെത്തിക്കാന്‍ 'അന്നശ്രീ'

Posted on Thursday, August 13, 2020

കുടുംബശ്രീയുടെ നേതൃത്വത്തില്‍ കാറ്ററിങ് മേഖലയിലുള്ളവര്‍ക്ക് പരിശീലനം നല്‍കുന്ന യുവശ്രീ ഗ്രൂപ്പായ ഐഫ്രം (AIFRHM- അദേഭാ-അതിഥി ദേവോ ഭവ- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്) അന്നശ്രീ എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചുകൊണ്ട് ആവശ്യക്കാര്‍ക്ക് ഹോം ഡെലിവറിയായി ഭക്ഷണ വിഭവങ്ങള്‍ എത്തിച്ച് നല്‍കുന്ന സേവനത്തിന് തുടക്കമിട്ടിരിക്കുന്നു.. പരീക്ഷണാടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ജില്ലയിലും എറണാകുളം ജില്ലയിലും ഇപ്പോള്‍ പദ്ധതി നടപ്പാക്കി വരികയാണ്.

    കുടുംബശ്രീയുടെ ഒരു മികച്ച സംരംഭ മാതൃകയായ ഐഫ്രം  സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവയുടെ മാതൃകയില്‍ ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവിറി സംവിധാനം എന്ന നിലയിലാണ് അന്നശ്രീ വികസിപ്പിച്ചെടുക്കുന്നത്. കുടുംബശ്രീയുടെ കീഴിലുള്ള കഫേ, ക്യാന്റീന്‍, കാറ്ററിങ് യൂണിറ്റുകള്‍ക്ക് ഈ ആപ്ലിക്കേഷന്‍ വഴി ഭക്ഷണം നല്‍കാനായി രജിസ്ട്രേഷന്‍ നടത്താം. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്ന പൊതുജനങ്ങള്‍ക്ക് കുടുംബശ്രീ സംരംഭകരില്‍ നിന്ന് ഭക്ഷണ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനാകും. മറ്റ് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളില്‍ കുടുംബശ്രീ ഹോട്ടലുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെങ്കിലും വേണ്ടവിധത്തിലുള്ള പ്രചാരം ലഭിക്കുന്നില്ലെന്ന് മനസ്സിലായി. കൂടുതല്‍ പണം നല്‍കി പ്രൊമോഷന്‍ ചെയ്താലേ ഈ ആപ്ലിക്കേഷനുകളില്‍ കുടുംബശ്രീ ഹോട്ടലുകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം ലഭിക്കൂയെന്നും കണ്ടറിഞ്ഞു. ഇതോടെയാണ് കുടുംബശ്രീയുടെ ഭക്ഷ്യവിഭവ യൂണിറ്റുകളുടെ വിശ്വാസ്യതയും തനിമയും മനസ്സിലാക്കിക്കൊണ്ട് സ്വന്തമായി ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ച് മുന്നോട്ട് പോകാന്‍ കുടുംബശ്രീ തീരുമാനിച്ചത്.
  തൃശ്ശൂര്‍ ജില്ലയില്‍ നടത്തുന്ന ഈ പരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആപ്ലിക്കേഷനില്‍ ഇതുവരെ 8 ഹോട്ടലുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഒരു ദിവസം ശരാശരി 30 ഹോം ഡെലിവറികള്‍ നടക്കുന്നു. പാണഞ്ചേരി പഞ്ചായത്ത് സിഡിഎസിലെ രണ്ട് കുടുംബശ്രീ അംഗങ്ങളാണ് ഭക്ഷണവിതരണം നടത്തുന്നത്. ജൂണ്‍ 29നാണ് എറണാകുളം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കളമശ്ശേരി, ചൂര്‍ണ്ണിക്കര എന്നീ പ്രദേശങ്ങളിലെ 9 യൂണിറ്റുകളാണ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ദിവസേന 5000 മുതല്‍ 15,000 രൂപ വരെ വിറ്റുവരവ് ലഭിക്കുന്നു. ആറ് മാസത്തോളം പരീക്ഷണാടിസ്ഥാനത്തില്‍ മുന്നോട്ട് പോയശേഷം  പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാമെന്ന തീരുമാനത്തിലാണ് ഐഫ്രം.

 

 

Content highlight
ആറ് മാസത്തോളം പരീക്ഷണാടിസ്ഥാനത്തില്‍ മുന്നോട്ട് പോയശേഷം പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാമെന്ന തീരുമാനത്തിലാണ് ഐഫ്രം.

ഒരുമയ്ക്ക് ഒരു കുട അകലം' ക്യാമ്പെയ്ന്‍ മുഖേന അരക്കോടി രൂപയുടെ കുടവില്‍പ്പന

Posted on Thursday, August 13, 2020

സാമൂഹിക അകലം പാലിക്കുന്നതിന്റെ ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ ഒരുമയ്ക്ക് ഒരു കുട അകലം എന്ന ക്യാമ്പെയ്ന്‍ മുഖേന 55 ലക്ഷം രൂപയുടെ കുടവില്‍പ്പന നടന്നു. കുടുംബശ്രീ സംരംഭ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന കുടകള്‍ ഓര്‍ഡര്‍ അനുസരിച്ച് എല്ലാ സിഡിഎസുകളിലുമെത്തിക്കുകയും സിഡിഎസുകളുടെ നേതൃത്വത്തില്‍ ഈ കുടകള്‍ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടത്തിയത്. ഒരുമയ്ക്ക് ഒരു കുട അകലം എന്ന ആഹ്വാനം എല്ലാ സിഡിഎസുകളോടും നടത്തിയപ്പോള്‍ ഏറെ താത്പര്യത്തോടെ അവര്‍ മുന്നോട്ട് വരികയായിരുന്നു.
  കുടുംബശ്രീയ്ക്ക് കീഴിലുള്ള കുട നിര്‍മ്മാണ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന കുടകള്‍ ജില്ലാ ടീമുകള്‍ മുഖേന ശേഖരിക്കുകയും സിഡിഎസുകള്‍ക്ക് എത്തിക്കുകയും ചെയ്യുന്നു. സിഡിഎസുകള്‍ ആവശ്യക്കാരായ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് കുടകള്‍ നല്‍കുന്നു. 3 ഫോള്‍ഡ്, 2 ഫോള്‍ഡ്, കിഡ്സ്, ജെന്റ്സ് എന്നിങ്ങനെ നാല് വ്യത്യസ്ത തരത്തിലുള്ള കുടകളാണ് ഇങ്ങനെ നല്‍കുന്നത്. കുടയുടെ തുക 12 ആഴ്ചകൊണ്ട് അയല്‍ക്കൂട്ടാംഗം സിഡിഎസില്‍ അടച്ചാല്‍ മതിയാകും. ഈ തുക സംസ്ഥാന മിഷനിലേക്ക് ലഭ്യമാക്കുകയും അതാത് യൂണിറ്റുകള്‍ക്ക് നല്‍കുകയും ചെയ്യുന്നു.
  മേയ് മാസത്തില്‍ ആരംഭിച്ച ഈ ക്യാമ്പെയ്ന്‍ മുഖേന ഇതുവരെ 20,384 കുടകളുടെ വില്‍പ്പനയാണ് 678 സിഡിഎസുകള്‍ മുഖേന നടത്തിയത്. ആകെ 55 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. ഇത്രയും തുകയുടെ വില്‍പ്പന നടത്തി കുട നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന സംരംഭകര്‍ക്ക് പിന്തുണ നല്‍കുന്നത് കൂടാതെ കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്  ബോധവത്ക്കരണം നടത്താനും ഈ ക്യാമ്പെയ്ന്‍ മുഖേന കഴിഞ്ഞു.

 

Content highlight
കുടുംബശ്രീയ്ക്ക് കീഴിലുള്ള കുട നിര്‍മ്മാണ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന കുടകള്‍ ജില്ലാ ടീമുകള്‍ മുഖേന ശേഖരിക്കുകയും സിഡിഎസുകള്‍ക്ക് എത്തിക്കുകയും ചെയ്യുന്നു

ഐടിഐകളില്‍ ക്യാന്റീന്‍ നടത്തിപ്പിനും കുടുംബശ്രീ

Posted on Thursday, August 13, 2020

കേരളത്തിലെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള എല്ലാ ഐടിഐകളിലും ക്യാന്റീന്‍ നടത്താനായി കുടുംബശ്രീയ്ക്ക് അനുമതി ലഭിച്ചു. സര്‍ക്കാര്‍ ഉത്തരവ് (സ.ഉ(കൈ) നം.29/2020/തൊഴില്‍) പ്രകാരമാണ് കേരളത്തിലുള്ള 96 ഐടിഐകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പോഷകാഹാര /ഉച്ചഭക്ഷണ പദ്ധതി നടത്താനുള്ള അനുമതി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിച്ചത്. ഇതുവഴി ഈ ഐടിഐകളിലെ പരിശീലനാര്‍ത്ഥികള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാനുള്ള അവസരമുണ്ടാകുകയും കാറ്ററിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് ഒരു നിശ്ചിത വരുമാനം ലഭിക്കാനുള്ള വഴി തെളിയുകയും ചെയ്തിരിക്കുകയാണ്.
  ഈ ഉത്തരവ് അനുസരിച്ച് 82 ഐടിഐകളിലെ പോഷകാഹാര പദ്ധതി നടത്തിപ്പും 14 ഐടിഐകളില്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിക്കുക. 30,000 പരിശീലനാര്‍ത്ഥികളാണ് പോഷകാഹാര പദ്ധതിയുടെ ഭാഗമാകുന്നത്. 6000ത്തോളം പരിശീലനാര്‍ത്ഥികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെയും. പോഷകാഹാര പദ്ധതിയുടെ ഭാഗമായി ഒരു വിദ്യാര്‍ത്ഥിക്ക് 15 രൂപയും ഉച്ചഭക്ഷണ നടത്തിപ്പിന് 500 കുറവില്‍ പരിശീലനാര്‍ത്ഥികളുള്ള ഐടിഐകളില്‍ ഒരാഴ്ച ഒരു ട്രെയിനിക്ക് 340 രൂപയും 500ല്‍ കൂടുതല്‍ പരിശീലനാര്‍ത്ഥികളുള്ള ഐടിഐകളില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഒരാഴ്ച 325 രൂപയും നിരക്കിലാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിക്കുക.
 ഈ ഉത്തരവ് ലഭിക്കുന്നത് വഴി കാറ്ററിങ് മേഖലയില്‍ കൂടുതല്‍ ഉപജീവന അവസരം ലഭിക്കാനുള്ള വഴിയാണ് തുറന്ന് കിട്ടിയത്. 2018ല്‍ ലഭിച്ച ഉത്തരവ് (സ.ഉ.(സാധാ.)നമ്പര്‍.2143/2018/ത.സ്വ.ഭ) പ്രകാരം കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ടെന്‍ഡറില്ലാതെ കുടുംബശ്രീ ക്യാന്റീന്‍ നടത്താനുള്ള അനുമതി ലഭിച്ചത്. കേരളത്തില്‍ 4500ത്തോളം ക്യാന്റീന്‍-കാറ്ററിങ് യൂണിറ്റുകളാണ് കുടുംബശ്രീയ്ക്ക് കീഴിലുള്ളത്.

 

Content highlight
500 കുറവില്‍ പരിശീലനാര്‍ത്ഥികളുള്ള ഐടിഐകളില്‍ ഒരാഴ്ച ഒരു ട്രെയിനിക്ക് 340 രൂപയും 500ല്‍ കൂടുതല്‍ പരിശീലനാര്‍ത്ഥികളുള്ള ഐടിഐകളില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഒരാഴ്ച 325 രൂപയും നിരക്കിലാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിക്കുക.

പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളില്‍ സേവനങ്ങള്‍ നല്‍കാനും കുടുംബശ്രീ

Posted on Thursday, August 13, 2020

കോവിഡിനോട് അനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രഥമഘട്ട ചികിത്സാ കേന്ദ്രങ്ങള്‍ (ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍) ആരംഭിച്ചുവരികയാണ്. കോവിഡ്-19 രോഗികളെ പ്രാഥമിക ഘട്ടത്തില്‍ ചികിത്സിക്കുന്ന കേന്ദ്രങ്ങളായാണ് ഇവ വികസിപ്പിച്ചെടുക്കുന്നത്. കേരളത്തില്‍ 09-07-2020 വരെ 30 ലധികം ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാണ് ആരംഭിച്ചിരിക്കുന്നത്. ഈ സെന്ററുകളില്‍ ജില്ലാ കളക്ടര്‍മാരുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശ പ്രകാരം രണ്ട് വിധത്തിലുള്ള സേവനങ്ങള്‍ കുടുംബശ്രീ നല്‍കുന്നു.
  കുടുംബശ്രീ നല്‍കുന്ന സേവനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ സെന്ററുകളിലേക്ക് ആവശ്യമായ ഭക്ഷണം നല്‍കുന്നുവെന്നതാണ്. നിലവില്‍ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ 19 സെന്ററുകളില്‍ 14 ഇടങ്ങളിലും ഭക്ഷണം നല്‍കുന്നത് കുടുംബശ്രീയാണ്. പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ 3 വീതം ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും ഭക്ഷണം നല്‍കുന്നത് കുടുംബശ്രീയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ രണ്ട് വീതം കേന്ദ്രങ്ങളിലും. ഓരോ ദിവസവും പ്രതിദിനം ശരാശരി 1200ഓളം ഭക്ഷണപ്പൊതികളാണ് കുടുംബശ്രീ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളില്‍ നല്‍കുന്നത്. ഇത് സംബന്ധിച്ച ലിസ്റ്റും മറ്റും കുടുംബശ്രീ വെബ്സൈറ്റില്‍ http://www.kudumbashree.org/pages/874 എന്ന ലിങ്കില്‍ ലഭിക്കും.
  ഇത് കൂടാതെ 6 ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കാവശ്യമായ ഹൗസ്‌കീപ്പിങ് സേവനങ്ങളും നല്‍കുന്നത് കുടുംബശ്രീ അംഗങ്ങളാണ്.

 

Content highlight
കുടുംബശ്രീ നല്‍കുന്ന സേവനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ സെന്ററുകളിലേക്ക് ആവശ്യമായ ഭക്ഷണം നല്‍കുന്നുവെന്നതാണ്. നിലവില്‍ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ 19 സെന്ററുകളില്‍ 14 ഇടങ്ങളിലും ഭക്ഷണം നല്‍കുന്നത് കുടുംബശ്രീയാണ്.

എന്‍ഐഎഫ്ടിയില്‍ പരിശീലനം നേടി, ബ്രാന്‍ഡഡ് ഡിസൈനര്‍ മാസ്‌ക് തയാറാക്കി കണ്ണൂരിലെ സംരംഭകര്‍

Posted on Thursday, August 13, 2020

കോവിഡ്- 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്‌കുകള്‍ ധരിക്കുകയെന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ സംസ്ഥാനമൊട്ടാകെ നടക്കുന്ന കോട്ടണ്‍ മാസ്‌ക് നിര്‍മ്മാണം കൂടാതെ ആയുര്‍ മാസ്‌കുകളും, ഡിസൈനര്‍ മാസ്‌കുകളുമെല്ലാം നിര്‍മ്മിക്കുന്ന വേറിട്ട പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ നടത്തുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ (എന്‍ഐഎഫ്ടി) നിന്ന് പ്രത്യേക പരിശീലനം നേടി ഏറെ വ്യത്യസ്തമായ ഡിസൈനര്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുകയാണ് കണ്ണൂരിലെ കുടുംബശ്രീ സംരംഭകര്‍.  
  ഏവരും മാസ്‌കുകള്‍ ധരിക്കണമെന്ന ഉത്തരവ് വന്നതോടെ നിലവാരമില്ലാത്ത മാസ്‌കുകളും അമിത വില ഈടാക്കുന്ന മാസ്‌കുകളും വിപണിയിലെത്തുന്നത് കണ്ടറിഞ്ഞതോടെയാണ് കണ്ണൂര്‍ ജില്ലാ ടീം അപ്പാരല്‍, ടെയ്ലറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ മുഖേന വിശ്വാസ്യതയോടെ ബ്രാന്‍ഡഡ് ഡിസൈനര്‍ മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. സംരംഭകര്‍ക്ക് പരിശീലനം നല്‍കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയെ സമീപിച്ചു. ജൂണ്‍ മൂന്നാം തിയതി 30 സംരംഭകര്‍ക്ക് ഇത്തരത്തില്‍ എന്‍ഐഎഫ്ടിയുടെ ആദ്യഘട്ട പരിശീലനം ലഭിച്ചു. ഡിസൈനിങ്, നിര്‍മ്മാണം എന്നിവയിലായിരുന്നു ഈ പരിശീലനം. പിന്നീട് ജൂണ്‍ 19ന് പാക്കിങ്, ബ്രാന്‍ഡിങ്, വിലനിര്‍ണ്ണയം എന്നീ മേഖലകളിലും പ്രത്യേക പരിശീലനം നല്‍കി. നിഫ്ടിലെ അധ്യാപകരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പരിശീലനം നല്‍കിയത്. മുക്തി സുമംഗല, ഷാന്‍ഗ്രെല്ല രാജേഷ്, മനുപ്രസാദ് മാത്യു, നിഥിന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.
  നിലവില്‍ 30 യൂണിറ്റുകള്‍, കോട്ടണ്‍, ഷീഫോണ്‍ എന്നീ തുണിത്തരങ്ങള്‍ ചേര്‍ത്ത് രണ്ട്, മൂന്ന് പാളികളുടെ മാസ്‌കുകള്‍ തയാറാക്കി വരുന്നു. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ടവരുടെ ആവശ്യങ്ങളും അഭിരുചിയും തിരിച്ചറിഞ്ഞു കൊണ്ടുള്ള നിര്‍മ്മാണ തന്ത്രം അവലംബിച്ചാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം മാസ്‌കുകളുണ്ട്. 2 വയസ്സ് മുതല്‍ 7 വയസ്സുവരെയും 8  മുതല്‍  14 വരെയും പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയും വ്യത്യസ്തമായ മാസ്‌കുകള്‍ തയാറാക്കുന്നു.
 പാക്കറ്റ് ഡിസൈനിങ് പൂര്‍ത്തീകരിച്ച്  ജൂലൈ 15 ആവുമ്പോഴേക്കും ഈ മാസ്‌കുകള്‍ പൊതുവിപണിയിലിറക്കാന്‍ ലക്ഷ്യമിടുന്നു. കുടുംബശ്രീ സംഘടനാ സംവിധാനം, കടകള്‍, ഹോസ്പിറ്റലുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഗവണ്‍മെന്റ് വകുപ്പുകള്‍ എന്നിവയിലൂടെയാകും വിപണനം.

 

 

Content highlight
ഏവരും മാസ്‌കുകള്‍ ധരിക്കണമെന്ന ഉത്തരവ് വന്നതോടെ നിലവാരമില്ലാത്ത മാസ്‌കുകളും അമിത വില ഈടാക്കുന്ന മാസ്‌കുകളും വിപണിയിലെത്തുന്നത് കണ്ടറിഞ്ഞതോടെയാണ് കണ്ണൂര്‍ ജില്ലാ ടീം അപ്പാരല്‍, ടെയ്ലറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ മുഖേന വിശ്വാസ്യതയോടെ ബ്രാന്‍ഡഡ

ആയുര്‍ മാസ്‌ക് നിര്‍മ്മാണത്തിന് കുടുംബശ്രീയും

Posted on Thursday, July 2, 2020

കോവിഡ് -19 പ്രതിരോധത്തിനായി ഏവരും മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പുനരുപയോഗം സാധ്യമാകുന്ന കോട്ടണ്‍ മാസ്‌കുകളും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തുണയാകന്ന ഫേസ് ഷീല്‍ഡുകളും നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് വിവിധ കുടുംബശ്രീ യൂണിറ്റുകള്‍. ഇതിനോടൊപ്പം ആയുര്‍ മാസ്‌കുകളുടെ നിര്‍മ്മാണവും ആരംഭിച്ചിരിക്കുകയാണ് ഞങ്ങളുടെ സംരംഭകര്‍.

  സംസ്ഥാന ആയുഷ് വകുപ്പുമായി സഹകരിച്ചാണ് കുടുംബശ്രീ ആയുര്‍ മാസ്‌ക് നിര്‍മ്മാണത്തിലേക്ക് കടന്നിരിക്കുന്നത്. തിരുവനന്തപുരത്തെ ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എസ്. ആനന്ദിന്റെ നേതൃത്വത്തിലാണ് ഈ ആയുര്‍ മാസ്‌കുകള്‍ വികസിപ്പിച്ചെടുത്തത്. കൈത്തറി തുണിയിലാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. തുളസി, മഞ്ഞള്‍ തുടങ്ങി ശ്വസന പ്രക്രിയയെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന ഔഷധങ്ങള്‍ ഈ തുണിയിലേക്ക് ചായം ചേര്‍ക്കുന്നത് പോലെ കൂട്ടിച്ചേര്‍ക്കുന്നു. ഇങ്ങനെ നിര്‍മ്മിച്ചിരിക്കുന്ന ആയുര്‍ മാസ്‌കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന നടപ്പിലാക്കുന്നത്.

  പരീക്ഷണാടിസ്ഥാനത്തില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുന്നതിനായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ സിഡിഎസുകളില്‍ നിന്നുള്ള മണികണ്‌ഠേശ്വര, വന്ദന എന്നീ യൂണിറ്റുകളില്‍ നിന്നുള്ള പത്ത് കുടുംബശ്രീ വനിതകളെ തെരഞ്ഞെടുക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. പേരൂര്‍ക്കടയിലെ സ്‌നേഹിത കേന്ദ്രത്തിലാണ് ഇവര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനം നല്‍കി. ഡോ. ആനന്ദും ഫാര്‍മസിസ്റ്റായ അജുവുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

 

Content highlight
പരീക്ഷണാടിസ്ഥാനത്തില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുന്നതിനായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ സിഡിഎസുകളില്‍ നിന്നുള്ള മണികണ്‌ഠേശ്വര, വന്ദന എന്നീ യൂണിറ്റുകളില്‍ നിന്നുള്ള പത്ത് കുടുംബശ്രീ വനിതകളെ തെരഞ്ഞെടുക്കുകയും പരിശീലനം നല്‍കുകയും ചെയ്തു.