വാര്‍ത്തകള്‍

സ്ത്രീപക്ഷ നവകേരളം' കുടുംബശ്രീ സംസ്ഥാനതല ക്യാമ്പെയ്ൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

Posted on Saturday, December 18, 2021

സ്ത്രീധനത്തിനെതിരേയുള്ള കുടുംബശ്രീയുടെ പോരാട്ടം ഏറ്റവും വലിയ സാമൂഹിക ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്ന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റുകൾക്കെതിരേ പ്രതികരിക്കുന്നതിന് ഓരോ യുവതിയ്ക്കും കരുത്തു നൽകുന്ന വിധത്തിൽ സമൂഹത്തിന്റെ പൊതുബോധം ഉയർന്നു വരണം. ഇക്കാര്യത്തിൽ ഏറ്റവും ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നത് കുടുംബശ്രീക്കാണ്. വിവാഹാലോചനയുടെ ഘട്ടത്തിലും അതിനു ശേഷവും  സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നുണ്ടെങ്കിൽ അക്കാര്യങ്ങളിൽ കുടുംബശ്രീക്ക് ഇടപെടാൻ കഴിയും. സ്ത്രീകൾ നേരിടുന്ന തിൻമകൾക്കെതിരേ ശബ്ദമുയർത്താൻ കഴിയുന്ന നിരവധി ശക്തികൾ ഇൗ സമൂഹത്തിലുണ്ട്. അവർ കുടുംബശ്രീക്കൊപ്പം അണിചേരും. സ്ത്രീധനത്തിനും സ്ത്രീപീഡനങ്ങൾക്കും എതിരെയുള്ള ഇൗ ബോധവൽക്കരണം ഇനിയും ശക്തമായി തുടർന്നു കൊണ്ടുപോകാൻ കഴിയണം. സാമൂഹിക തിൻമകൾക്കെതിരേ ശക്തമായ നടപടികളുമായി സർക്കാർ സംവിധാനങ്ങൾ കുടുംബശ്രീക്കൊപ്പമുണ്ടാകുമെന്നു പറഞ്ഞ മുഖ്യമന്ത്രി "സ്ത്രീപക്ഷ നവകേരളം' ബോധവൽക്കരണ പ്രചാരണ പരിപാടികൾക്ക് വിജയാശംസകളും നൽകി.

നവോത്ഥാനകാലം മുതൽ ഉയർത്തിക്കൊണ്ടു വന്ന മുദ്രാവാക്യത്തിന്റെ പുതിയ തലങ്ങളിലേക്കും സ്ത്രീപക്ഷ നവകേരളത്തിലേക്കും ഇൗ നാടിനെ നയിക്കണമെങ്കിൽ സ്ത്രീയുടെ ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്ന് പരിപാടിയുടെ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ജനാധിപത്യവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ സ്വീകാര്യത കുടുംബശ്രീയുടെ സ്ത്രീപക്ഷ കേരളം ബോധവൽക്കരണ പ്രചരണ പരിപാടിയ്ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലുളളവരും ജനപ്രതിനിധികളും യുവാക്കളും ഉൾപ്പെടെയുള്ളവർ കേരളമൊട്ടാകെ ഇൗ പ്രചരണപരിപാടിയ്ക്ക് പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

CM

 തുടർന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി സ്ത്രീപക്ഷ നവകേരളം ക്യാമ്പെയ്നുമായി ബന്ധപ്പെട്ട സമീപന രേഖ ചലച്ചിത്ര താരം നിമിഷ സജയനു നൽകി പ്രകാശനം ചെയ്തു. ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്-ഏകീകൃത ട്രോൾ ഫീ നമ്പറിന്റെ പ്രഖ്യാപനവും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് 152 ബ്ളോക്കുകളിൽ നടപ്പാക്കുന്ന കൈ്രം മാപ്പിങ്ങ് പ്രക്രിയയുടെ പ്രഖ്യാപനവും നിർവഹിച്ചു.  "സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്ന്റെ ബ്രാൻഡ് അംബാസഡർ ചലച്ചിത്ര താരം കുമാരി നിമിഷ സജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ കുടുംബശ്രീ ഒരു നേർചിത്രം ഫോട്ടോഗ്രാഫി നാലാം സീസണിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ സുരേഷ് കാമിയോ, ആൽഫ്രഡ് എം.കെ, മധു ഇടച്ചന എന്നിവർക്കുളള സമ്മാനദാനം നിർവഹിച്ചു. പ്രോത്സാഹന സമ്മാനം നേടിയവർക്ക് വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ പ്രശാന്ത് സമ്മാനദാനം നിർവഹിച്ചു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.എെ ശ്രീവിദ്യ സ്വാഗതം പറഞ്ഞു.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, പ്ളാനിങ്ങ് ബോർഡ് അംഗങ്ങളായ ജിജു.പി.അലക്സ്, മിനി സുകുമാർ, മേയേഴ്സ് ചേമ്പർ ചെയർമാൻ എം.അനിൽ കുമാർ, മുനിസിപ്പൽ ചെയർമാൻസ് ചേമ്പർ ചെയർമാൻ എം.കൃഷ്ണദാസ്,  പ്രസിഡന്റ്, നഗരസഭാ കൗൺസിലർ ഡോ.റീന.കെ.എസ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് ബി.പി മുരളി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എന്നിവർ ആശംസാ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പരസിഡന്റ് അഡ്വ.ഷൈലജാ ബീഗം, നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്.സലിം,  പി.എസ്.സി മെമ്പർ ആർ. പാർവതീ ദേവി, സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല, സി.ഡി,എസ് ചെയർപേഴ്സൺ വിനീത പി എന്നിവർ സന്നിഹിതരായിരുന്നു. കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ കോ-ഒാർഡിനേറ്റർ ഡോ.കെ.ആർ ഷൈജു നന്ദി പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് "സ്ത്രീപക്ഷ നവകേരളം' ആശയത്തെ ആസ്പദമാക്കി വിവിധ സി.ഡി.എസുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു.

Content highlight
pinarayi vijayan inagurates sthreepaksha navakeralam campaign

സ്ത്രീപക്ഷ നവകേരളം' പ്രൊമോ വീഡിയോ പുറത്തിറക്കി

Posted on Saturday, December 18, 2021
നാളെ മുതല് 2022 മാര്ച്ച് 8 വരെ കുടുംബശ്രീ സംഘടിപ്പിക്കുന്ന 'സ്ത്രീപക്ഷ നവകേരളം' സംസ്ഥാനതല ക്യാമ്പെയ്‌ന്റെ പ്രൊമോ വീഡിയോ പുറത്തിറക്കി. കുടുംബശ്രീ സംസ്ഥാന മിഷന് ഓഫീസില് സംഘടിപ്പിച്ച ചടങ്ങില് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് പി.ഐ. ശ്രീവിദ്യ ഐ.എ.എസ്, വീഡിയോ സി.ഡി കുടുംബശ്രീ ജെന്ഡര് ടീം അംഗങ്ങള്ക്ക് നല്കി പ്രകാശനം ചെയ്തു. ക്യാമ്പെയ്ന് അംബാസഡറും പ്രമുഖ ചലച്ചിത്ര താരവുമായ നിമിഷ സജയന് ഉള്പ്പെടുന്ന പ്രൊമോ വീഡിയോയാണിത്.
 

 

CD

 

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ സമൂഹ മനോഭാവം വളര്ത്തിയെടുക്കുന്നതിനും പ്രതിരോധമുയര്ത്താനും സമൂഹത്തെ സജ്ജമാക്കുക ലക്ഷ്യമിട്ടാണ് കുടുംബശ്രീ സ്ത്രീപക്ഷ നവകേരളം ക്യാമ്പെയ്ന് സംഘടിപ്പിക്കുന്നത്.18-12-2021 തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില് വൈകുന്നേരം മൂന്ന് മണിക്ക് ക്യാമ്പെയ്‌ന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും.
Content highlight
STHREEPAKSHANAVAKERALAM PROMO VIDEO CD RELEASED

സ്ത്രീപക്ഷ നവകേരളം' സംസ്ഥാനതല ക്യാമ്പെയ്ന്റെ വരവറിയിച്ച് വിളംബര ഘോഷയാത്ര

Posted on Saturday, December 18, 2021

  സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനുമെതിരേ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന "സ്ത്രീപക്ഷ നവകേരളം' സംസ്ഥാനതല ക്യാമ്പെയ്ന്റെ ഭാഗമായി വിളംബര ഘോഷയാത്രയും ഇരുചക്ര വാഹനറാലിയും സംഘടിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വിളംബര ഘോഷയാത്രയ്ക്ക് മുന്നോടിയായി രണ്ടു മണിക്ക് മ്യൂസിയം കവാടത്തിൽ കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ ശിങ്കാരി മേളം ആരംഭിച്ചു. അതിനു ശേഷം മൂന്നു മണിക്ക് സ്ത്രീധനത്തിനെതിരേ, സ്ത്രീപീഡനത്തിനെതിരേ "സ്ത്രീപക്ഷ നവകേരളം' എന്നെഴുതിയ ബാനറുമായി കുടുംബശ്രീ വനിതകൾ മുന്നിലും ഇവർക്ക് പിന്നിലായി കുടുംബശ്രീ അംഗങ്ങളായ ശിങ്കാരിമേളക്കാരും അണിനിരന്നു. കവി മുരുകൻ കാട്ടാക്കട കവിത ചൊല്ലി. പിന്നാലെ ജില്ലയിലെ വിവിധ സി.ഡി.എസുകളിൽ  നിന്നുമെത്തിയ സി.ഡി.എസ് ചെയർപേഴ്സൺമാർ, ജെൻഡർ റിസോഴ്സ് പേഴ്സൺമാർ, ബ്ളോക്ക് കോർഡിനേറ്റർമാർ, കമ്യൂണിറ്റി കൗൺസിലർമാർ എന്നിവർ ഉൾപ്പെടെ മുന്നൂറോളം വനിതകൾ ഘോഷയാത്രയിലും ഇരുചക്ര വാഹന റാലിയിലുമായി പങ്കെടുത്തു.

  ഇരുചക്ര വാഹന റാലിയിൽ പങ്കെടുത്ത എല്ലാവരും വിവിധ നിറങ്ങളിലുള്ള ബലൂണുകൾ കൊണ്ട് തങ്ങളുടെ വാഹനങ്ങൾ അലങ്കരിച്ചിരുന്നു. അമ്മമാർക്കൊപ്പം കുട്ടികളും ഇരുചക്രവാഹനറാലിയിൽ പങ്കെടുത്തു. മ്യൂസിയം മുതൽ എൽ.എം.എസ് വഴി പാളയം സ്റ്റാച്യൂ വരെയാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു പരിപാടി.

 

viLAMB

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം, നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്.സലിം, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ബി.എസ് മനോജ്. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഒാർഡിനേറ്റർ ഡോ.കെ.ആർ ഷൈജു,  അസിസ്റ്റന്റ് കോർഡിനേറ്റർ ഷാനി നിജം എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. ഡിസംബർ 18ന്  വൈകുന്നേരം 3 മണിക്ക് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പെയ്ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

Content highlight
Procession in connection with 'Sthreepaksha Navakeralam' Gender Campaign held ML

കുടുംബശ്രീയുടെ 'സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്ൻ പ്രഖ്യാപനവും ലോഗോ പ്രകാശനവും മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

Posted on Tuesday, December 14, 2021
കുടുംബശ്രീയുടെ 'സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്ൻ പ്രഖ്യാപനവും ലോഗോ പ്രകാശനവും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ നിർവഹിച്ചു. സ്ത്രീധനത്തിനും സ്ത്രീ പീഡനങ്ങൾക്കും എതിരേ സമൂഹ മനോഭാവം വളർത്തിയെടുക്കുന്നതിനും പ്രതിരോധമുയർത്താനും സമൂഹത്തെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ 'സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്ൻ സംഘടിപ്പിക്കുന്നത്.
 
logo

 

മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, ക്യാമ്പെയ്ന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 18ന് തിരുവനന്തപുരം കനകക്കുന്ന് നിശാ​ഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം മൂന്ന് മണിക്ക് നിർവഹിക്കും. പ്രമുഖ ചലച്ചിത്രതാരം നിമിഷ സജയനാണ് സ്ത്രീപക്ഷ നവകേരളം ക്യാമ്പെയ്ൻ അംബാസഡർ.

 
സ്ത്രീധനം, സ്ത്രീ പീഢനം എന്നിവയ്‌ക്കെതിരായ ബോധവത്ക്കരണ സന്ദേശങ്ങൾ സമൂഹത്തിന്റെ സമസ്ത മേഖലയിലും എത്തിക്കുകയും അതുവഴി പൊതുസമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തുകയുമാണ് 'സ്ത്രീപക്ഷ നവകേരള'ത്തിലൂടെ ലക്ഷ്യമിടുന്നത്.
 
logo2

 

ഡിസംബർ 18ന് തുടക്കമാകുന്ന ആദ്യഘട്ട ക്യാമ്പെയ്ൻ പ്രവർത്തനങ്ങൾ 2022 മാർച്ച് 8 വരെ തുടരും. ക്യാമ്പെയ്ന്റെ ആദ്യ ആഴ്ച സംസ്ഥാനത്തെ മൂന്ന് ലക്ഷം അയൽക്കൂട്ടങ്ങളിലും 19,542 ഓക്സിലറി ​ഗ്രൂപ്പുകളിലും സ്ത്രീധനവും അതിക്രമവും എന്ന വിഷയത്തിൽ ചർച്ച നടത്തും. തുടർന്നുള്ള ആഴ്ചകളിൽ പോസ്റ്റർ ക്യാമ്പെയ്ൻ, സ്ത്രീധനത്തിനെതിരേ സോഷ്യൽ മീഡിയ ചലഞ്ച്, ചുവർചിത്ര ക്യാമ്പെയ്നുകൾ, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വെബിനാറുകൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തും.

മൂന്നരമാസം നീളുന്ന ക്യാമ്പെയ്ന്റെ സമാപനത്തോട് അനുബന്ധിച്ച് അന്തർദേശീയതലത്തിൽ സ്ത്രീശാക്തീകരണ മേഖലയിലെ പ്രമുഖരായ വ്യക്തികളെ ഉൾപ്പെടുത്തി അന്താരാഷ്ട്ര സമ്മേളനവും സംഘടിപ്പിക്കും. ക്യാമ്പെയ്ന്റെ ഭാ​ഗമായി ഉരുത്തിരിഞ്ഞുവന്ന ആശയങ്ങൾ മുൻനിർത്തി എല്ലാ ജില്ലകളിൽ നിന്നുമുള്ള സ്ത്രീപക്ഷ കർമ്മ പദ്ധതിയും അവതരിപ്പിക്കും. ക്യാമ്പെയ്ന്റെ സമാപനത്തിന് ശേഷവും തുടർ പ്രവർത്തനങ്ങളുമായി കുടുംബശ്രീ മുന്നോട്ട് പോകും. സ്ത്രീപക്ഷ ആലോചനാ യോ​ഗങ്ങൾ, സ്ത്രീപക്ഷ കൂട്ടായ്മകൾ, സ്ത്രീശക്തി സം​ഗമം, സ്ത്രീപക്ഷ നവകേരള സം​ഗമം, സ്കൂൾ, കോളേജ്, വാർഡ് തലങ്ങളിൽ ജെൻഡർ ക്ലബ്ബ് രൂപീകരണം... എന്നിങ്ങനെ നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും.
 
കണ്ണൂർ പ്രസ് ക്ലബ്ബിൽ ഇന്ന് സംഘടിപ്പിച്ച ചടങ്ങിൽ ക്യാമ്പെയ്‌ൻ ലോഗോ, മന്ത്രി ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്റർ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി പി.ഐ. ശ്രീവിദ്യ ഐ.എ.എസിന് നൽകി പ്രകാശനം ചെയ്തു. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.എം. സുർജിതും ചടങ്ങിൽ പങ്കെടുത്തു.
Content highlight
sthreepakshanavakeralam campaign announced and the logo releasedml

ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ 37.91 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ സംരംഭകർ

Posted on Tuesday, December 7, 2021

•    ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നവംബർ 14 മുതൽ 27 വരെയായിരുന്നു മേള

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ഇന്ത്യ ട്രേഡ് പ്രോമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നവംബർ 14 മുതൽ 27 വരെ സംഘടിപ്പിച്ച ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ (ഐ.ഐ.ടി.എഫിൽ) 37,91,946 രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ സംരംഭകർ. എെ.എെ.ടി.എഫിലെ ഉത്പന്ന പ്രദർശന വിപണന സ്റ്റാൾ, ഫുഡ്കോർട്ട് എന്നിവ കൂടാതെ ഐ.ഐ.ടി.എഫിന്റെ ഭാഗമായി സംഘടിപ്പിച്ച സരസ് മേളയിലെ വിപണന സ്റ്റാളുകൾ എന്നിവ വഴിയാണ് കുടുംബശ്രീ സംരംഭകർ ഇൗ മികച്ച വിറ്റുവരവ് നേടിയത്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സംരംഭകരുടെ മികച്ച ഉത്പന്നങ്ങൾ രാജ്യമൊട്ടാകെ പരിചയപ്പെടുത്തുന്നതിന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ആഭിമുഖ്യത്തിലാണ് 'സരസ് മേള' സംഘടിപ്പിക്കുന്നത്.

  ഐ.ഐ.ടി.എഫിനോട് അനുബന്ധിച്ചുള്ള കേരള പവലിയനിലെ കുടുംബശ്രീ കൊമേഴ്സ്യൽ സ്റ്റാളിൽ വയനാട്, കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിൽ നിന്നുള്ള സംരംഭകരുടെ തെരഞ്ഞെടുത്ത ഉത്പന്നങ്ങളാണ് വിൽപ്പനയ്ക്കെത്തിച്ചത്. 10,06,511 രൂപയുടെ വിറ്റുവരവ്  സ്റ്റാളിൽ നിന്നുണ്ടായി. മേളയുടെ ഭാഗമായുള്ള ഫുഡ് കോർട്ടിൽ തൃശ്ശൂരിൽ നിന്നുള്ള കല്യാണി, മലപ്പുറം ജില്ലയിലെ അന്നപൂർണ്ണ എന്നീ കേറ്ററിങ് യൂണിറ്റുകൾ പങ്കെടുക്കുകയും കേരളത്തിന്റെ തനത് വിഭവങ്ങൾ ഒരുക്കി നൽകി 6,43,550 രൂപയുടെ വിറ്റുവരവ് നേടുകയും ചെയ്തു.

iitf gnrl

  സരസ് മേളയിൽ പാലക്കാട്, ഇടുക്കി, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള സംരംഭകരാണ് പങ്കെടുത്തത്. 21,41,885 രൂപയുടെ വിറ്റുവരവ് നേടാൻ ഇവർക്കും കഴിഞ്ഞു. ഇത് കൂടാതെ 'സ്വയം പര്യാപ്ത ഇന്ത്യ' എന്ന വിഷയം ആസ്പദമാക്കി കുടുംബശ്രീ ഉപജീവന പ്രവർത്തനങ്ങൾ/സംരംഭ വികസന പദ്ധതികൾ വിശദീകരിക്കുന്ന പ്രത്യേക തീം സ്റ്റാളും ഐ.ഐ.ടി.എഫിൽ കുടുംബശ്രീ ഒരുക്കിയിരുന്നു. 2002 മുതൽ ഐ.ഐ.ടി.എഫിൽ കുടുംബശ്രീ സംരംഭകർ പങ്കെടുത്തുവരുന്നു.

Content highlight
Kudumbashree entrepreneurs record great sales at Indian International Trade Fairml

ലോക ആന്റിമൈക്രോബയല്‍ അവബോധ വാരാചരണം - കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു

Posted on Tuesday, November 23, 2021

നവംബര്‍ 18 മുതല്‍ 24 വരെ നടക്കുന്ന ലോക ആന്റിമൈക്രോബയല്‍ അവബോധ വാരാചരണത്തോട് അനുബന്ധിച്ച് കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു. ആന്റി ബയോട്ടിക്കിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് സമൂഹത്തിന് അറിവ് നല്‍കുന്നതിനും അതിലൂടെ ആന്റി ബയോട്ടിക് സാക്ഷരത കൈവരിക്കാന്‍ കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികളെ പ്രാപ്തരാക്കുകയും ലക്ഷ്യമിട്ടാണ് ഈ വെബിനാര്‍ സംഘടിപ്പിച്ചത്.

  ആന്റി ബയോട്ടിക്കിന്റെ ശരിയായ ഉപയോഗം, പിഴവുകള്‍ കൊണ്ടു സംഭവിക്കുന്ന പ്രശ്‌നങ്ങള്‍, പാര്‍ശ്വഫലങ്ങള്‍ എന്നിവ സംബന്ധിച്ച് സമൂഹം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, കൊല്ലം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഇന്ദു പി.എസ് എന്നിവര്‍ വെബിനാറില്‍ വിശദീകരിച്ചു.

anti

 

  സംസ്ഥാന ആരോഗ്യവകുപ്പും കുടുംബശ്രീയും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നവംബര്‍ 22ന് സംഘടിപ്പിച്ച പരിപാടിയില്‍ കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ട ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീയുടെയും കിലയുടെയും ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് പേജുകള്‍ മുഖേന നല്‍കിയ ഈ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ 4000ത്തോളം പേര്‍ തത്സമയം വീക്ഷിച്ചു.

  കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പരിശീലന വിഭാഗം ചുമതല വഹിക്കുന്ന ഡോ. ദിവ്യ വി.എസ് പരിപാടി നയിച്ചു. കുടുംബശ്രീ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സി.സി. നിഷാദ് നന്ദി പറഞ്ഞു.

 

Content highlight
World Antimicrobial Awareness Week observance: Webinar organized for Kudumbashree Office Bearersml

കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണം പുരോഗമിക്കുന്നു

Posted on Monday, November 22, 2021

യുവതികളുടെ സാമൂഹിക, സാംസ്‌ക്കാരിക, ഉപജീവന ഉന്നമനത്തിന് ഒരു പുതു ഇടം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി കുടുംബശ്രീ രൂപീകരിക്കുന്ന ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം സംസ്ഥാനത്തുടനീളം മികച്ച രീതിയില്‍ പുരോഗമിക്കുന്നു. നവംബര്‍ 18 വരെയുള്ള കണക്ക് അനുസരിച്ച് ഇതുവരെ 19,521 ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിച്ചു കഴിഞ്ഞു. ആകെ 3,00,531 പേര്‍ ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലും ഗ്രൂപ്പ് രൂപീകരിക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് ഇപ്പോള്‍ ജില്ലകള്‍. ചില ജില്ലകളില്‍ ഒരു വാര്‍ഡില്‍ തന്നെ ഒന്നിലേറെ ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്.

  ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യത്തിനൊപ്പം കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നിരവധിയായ പദ്ധതികളുടെയും പരിപാടികളുടെയും നിര്‍വഹണ ഏജന്‍സി കൂടിയാണ് കുടുംബശ്രീ. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഫലം യുവതികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന് പിന്നിലുണ്ട്.

  18നും 40നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്കാണ് ഗ്രൂപ്പില്‍ അംഗമാകാനാകുക. ഒരു വാര്‍ഡില്‍ ഒരു ഗ്രൂപ്പാണ് രൂപീകരിക്കുന്നത്. ഒരു ഗ്രൂപ്പില്‍ പരമാവധി 50 പേരാണ് അംഗങ്ങള്‍. അതില്‍ കൂടുതല്‍ പേര്‍ താത്പര്യത്തോടെ മുന്നോട്ട് വന്നാല്‍ അതേ വാര്‍ഡില്‍ തന്നെ മറ്റൊരു ഗ്രൂപ്പ് കൂടി രൂപീകരിക്കാനാകുമാകും.

aulry ksgd

  

 സ്ത്രീ ശാക്തീകരണത്തിനും യുവതികളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക വികസനത്തിനും  സാമൂഹ്യ ഉന്നമനത്തിനുമുതകുന്ന അവസരങ്ങള്‍ ലഭ്യമാകുന്ന വേദി, സ്ത്രീധനം, ഗാര്‍ഹിക പീഢനങ്ങള്‍ തുടങ്ങീ സ്ത്രീകള്‍ അനുഭവിക്കുന്ന സാമൂഹ്യവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള ഒരു പൊതുവേദി, കക്ഷി, രാഷ്ട്രീയ, ജാതിമത, വര്‍ഗ്ഗ ഭേദമന്യേ ഒരുമിച്ച് കൂടുന്നതിനും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും യുവതികളെ പ്രാപ്തരാക്കല്‍, നിലവിലെ സാമൂഹ്യ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും പൊതു വിഷയങ്ങളിലും ഇടപെടാനും ചര്‍ച്ച ചെയ്യാനും പ്രതികരിക്കാനുമുള്ള ആത്മവിശ്വാസം വളര്‍ത്താനുള്ള ഇടം, നിലവില്‍ സ്ത്രീകളുടെ സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനായുള്ള 'ജാഗ്രതാ സമിതി', മദ്യ ഉപയോഗത്തിനെതിരേയുള്ള 'വിമുക്തി', സാംസ്‌ക്കാരിക വകുപ്പ് നടപ്പിലാക്കുന്ന 'സമം' തുടങ്ങീ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള വിവിധ ക്യാമ്പെയ്നുകള്‍/പദ്ധതികള്‍/ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക, യുവജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന യുവജന കമ്മീഷന്‍, യുവജനക്ഷേമ ബോര്‍ഡ് എന്നിങ്ങനെയുള്ള വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്താനും അതിലൂടെ നേട്ടങ്ങള്‍ കൈവരിക്കാനുമുള്ള വേദി, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍, സഹകരണവകുപ്പ് മുതലായവ നടപ്പിലാക്കുന്ന വിവിധ ഉപജീവന പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കലും ഇതുവഴി യുവതികളുടെ സുസ്ഥിര ഉപജീവനം സാധ്യമാക്കാനുളള അവസരം സൃഷ്ടിക്കലും എന്നിവയാണ് ഓക്‌സിലറി ഗ്രൂപ്പുകളുടെ പ്രധാന ലക്ഷ്യങ്ങള്‍.

 

Content highlight
Kudumbashree Auxiliary Group Formation Progressing

ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെസ്റ്റിവല്‍- സരസ് മേള 2021 ന് ഡല്‍ഹിയില്‍ തുടക്കം; 10 സ്റ്റാളുകളുമായി കുടുംബശ്രീയും

Posted on Thursday, November 18, 2021
ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെയും (ഐ.ടി.പി.ഒ) കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ സംഘടിപ്പിക്കുന്ന 40ാം അന്താരാഷ്ട്ര വിപണന മേള (ഐ.ഐ.ടി.എഫ്) 2021ന് തുടക്കമായി. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ സംരംഭകരുടെ മികച്ച ഉത്പന്നങ്ങള്‍ ഇന്ത്യയൊട്ടാകെ പരിചയപ്പെടുത്തുന്നതിന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സരസ് മേളയും ഐ.ഐ.ടി.എഫിന്റെ ഭാഗമായി നടക്കുന്നുണ്ട്. നവംബര്‍ 14 മുതല്‍ 27 വരെ സംഘടിപ്പിക്കുന്ന ഐ.ഐ.ടി.എഫില്‍ കുടുംബശ്രീയുടേതായി നാല് സ്റ്റാളുകളാണുള്ളത്. സരസ് മേളയില്‍ കുടുംബശ്രീ സംരംഭകരുടേതായി ആറ് സ്റ്റാളുകളുമുണ്ട്.
 
ഐ.ഐ.ടി.എഫിനോട് അനുബന്ധിച്ചുള്ള കേരള പവലിയനില്‍ കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളുടെ വിപണനം നടത്തുന്നതിനായി കൊമേഴ്‌സ്യല്‍ സ്റ്റാള്‍, 'സ്വയം പര്യാപ്ത ഇന്ത്യ' എന്ന വിഷയം ആസ്പദമാക്കി കുടുംബശ്രീ ഉപജീവന പ്രവര്‍ത്തനങ്ങള്‍/സംരംഭ വികസന പദ്ധതികള്‍ വിശദീകരിക്കുന്ന പ്രത്യേക തീം സ്റ്റാള്‍ എന്നിവയുണ്ട്. കൂടാതെ ഫുഡ് കോര്‍ട്ടില്‍ കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകളുടെ രണ്ട് സ്റ്റാളുകളുമുണ്ട്.
 
IITF2021

 

 
വയനാട്, കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നുള്ള സംരംഭകരുടെ തെരഞ്ഞെടുത്ത ഉത്പന്നങ്ങളാണ് ഐ.ഐ.ടി.എഫ് കൊമേഴ്‌സ്യല്‍ സ്റ്റാളിലുള്ളത്. ഭക്ഷ്യ മേളയില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള കല്യാണി കാറ്ററിങ് യൂണിറ്റും മലപ്പുറത്ത് നിന്നുള്ള അന്നപൂര്‍ണ്ണ കാറ്ററിങ് യൂണിറ്റും പങ്കെടുക്കുന്നു.
 
സരസ് മേളയില്‍ പാലക്കാട് ജില്ലയിലെ വിഷ്ണുമായ ഹാന്‍ഡ്‌ലൂം, സുപ്രിയ ഫുഡ്‌സ്, അട്ടപ്പാടിയില്‍ നിന്നുള്ള മല്ലേശ്വര പ്രൊഡ്യൂസര്‍ മില്‍ എന്നീ യൂണിറ്റുകള്‍ പങ്കെടുക്കുന്നു. കൂടാതെ ഇടുക്കി ജില്ലയില്‍ നിന്ന് ലക്ഷ്മി സ്‌പൈസസ് ആന്‍ഡ് പിക്കിള്‍സ്, മലപ്പുറത്ത് നിന്ന് സ്‌നേഹ ക്ലേ പോട്ടറി യൂണിറ്റ്, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള ക്യൂന്‍സ് ബേക്കറി യൂണികളും പങ്കെടുക്കുന്നു.
 
2002 മുതല്‍ ഐ.ഐ.ടി.എഫില്‍ കുടുംബശ്രീ പങ്കെടുത്തുവരുന്നു. മികച്ച സ്റ്റാളിനുള്ള അവാര്‍ഡുകളും നിരവധി തവണ കുടുംബശ്രീയ്ക്ക് ലഭിച്ചിട്ടുണ്ട്. 2019 ലെ ഐ.ഐ.ടി.എഫ്- സരസ് മേളയില്‍ പങ്കെടുത്ത കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 22 ലക്ഷത്തോളം രൂപയുടെ വിറ്റുവരവും നേടാന്‍ കഴിഞ്ഞിരുന്നു.
 
 
Content highlight
Kudumbashree opens 10 stalls at IITF

കുടുംബശ്രീ സംസ്ഥാനതല പദ്ധതി അവലോകന യോഗം സംഘടിപ്പിച്ചു, മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി

Posted on Monday, November 15, 2021

കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തില്‍, സംസ്ഥാനതല പദ്ധതി അവലോകന യോഗം നവംബര്‍ 12ന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ, എക്‌സൈസ്, ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ യോഗത്തില്‍ പങ്കെടുത്ത് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓക്‌സിലറി ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കുടുംബശ്രീക്ക് പുതിയ വേഗവും ലക്ഷ്യവും കൈവരിക്കാന്‍ കഴിയുമെന്നും സ്ത്രീധന പീഡനവും ആത്മഹത്യയും ലഹരി വിപത്തും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് സാമൂഹ്യ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള അവസരം ഈ ഗ്രൂപ്പുകളിലൂടെ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  സ്ത്രീസമൂഹം നേരിടുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി പ്രതികരിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ശക്തികേന്ദ്രമായി കുടുംബശ്രീ മാറണം. ഇതിന്റെ ഭാഗമായി വനിതാ കമ്മീഷന്‍, ജാഗ്രതാ സമിതികള്‍, വിമുക്തി തുടങ്ങിയ സംവിധാനങ്ങളുമായി ചേര്‍ന്ന് വിപുലമായ ക്യാമ്പെയ്‌നുകള്‍ ആസൂത്രണം ചെയ്യുണമെന്നും മന്ത്രി നിര്‍ദേശിച്ചു. അതിദരിദ്രരെ കണ്ടെത്താനുള്ള സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

rev

  സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും അഞ്ചു വീതം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കി വരികയാണ്. കൂടാതെ കെ-ഡിസ്‌കും (കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍) തദ്ദേശ സ്വയംഭരണ വകുപ്പും സംയോജിച്ചു കൊണ്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പരമാവധി യുവതികള്‍ക്ക് ജോലി ലഭ്യമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് മന്ത്രി പറഞ്ഞു.

  കോവിഡ് കാലത്ത് കുടുംബശ്രീ മുഖേന ജില്ലകളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍, സുഭിക്ഷ കേരളം പദ്ധതി, ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണം, ത്രിതല സംഘടനാ സംവിധാനവും തെരഞ്ഞെടുപ്പും, പ്രാദേശിക സാമ്പത്തിക വികസനം, കാര്‍ഷിക മൃഗസംരക്ഷണ സൂക്ഷ്മ സംരംഭ മേഖലകളിലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍, മൈക്രോ ഫിനാന്‍സ്, സാമൂഹിക വികസനം, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, നൈപുണ്യ പരിശീലനം, പി.എം.എ.വൈ, ദേശീയ നഗര ഉപജീവന ദൗത്യം തുടങ്ങീ കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളും പരിപാടികളും അവയുടെ പ്രവര്‍ത്തന പുരോഗതിയും അവലോകന യോഗത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ജില്ലകളില്‍ കുടുംബശ്രീ നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ വിശദീകരിച്ചു.

  തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസും അവലോകനം നടത്തി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് യോഗത്തില്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

 

Content highlight
kudumbahreee plan review conducted

സ്ത്രീപ്രാതിനിധ്യവും സ്ത്രീശാക്തീകരണവും ഉറപ്പുവരുത്തി പി.എം.എ.വൈ (നഗരം)-ലൈഫ് പദ്ധതി

Posted on Friday, November 5, 2021

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പി.എം.എ.വൈ (നഗരം)-ലൈഫ് പദ്ധതിയിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമായ ഭവനം നൽകുന്നതോടൊപ്പം ഭവനത്തിന്റെ ഉടമസ്ഥാവകാശവും സ്ത്രീകൾക്ക് നൽകുന്നു. പദ്ധതി പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള 111835 ഗുണഭോക്താക്കളിൽ 87753 പേർ സ്ത്രീകളാണ്.  ഭവനത്തിന്റെ ഉടമസ്ഥത സ്ത്രീകളുടെ പേരിൽ നൽകാൻ കഴിയാത്ത പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് സ്ത്രീയുടെയും പുരുഷന്റെയും കൂട്ടുടമസ്ഥതയിലോ പുരുഷന്റെ മാത്രം പേരിലോ ഉടമസ്ഥത നൽകുക. നിലവിൽ 70463 വീടുകളുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തീകരിച്ച ഭവനങ്ങളുടെ ഉടമസ്ഥാവകാശം സ്ത്രീകൾക്ക് നൽകുന്നതിലൂടെ സ്ത്രീശാക്തീകരണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനമാണ് കുടുംബശ്രീ കാഴ്ചവയ്ക്കുന്നത്. നിലവിൽ കുടുംബശ്രീയുടെ കീഴിൽ നഗരമേഖലയിൽ പ്രവർത്തിക്കുന്ന 31 വനിതാ കെട്ടിട നിർമാണ യൂണിറ്റുകൾ മുഖേന പദ്ധതിയിൽ ഉൾപ്പെട്ട 52 വീടുകളുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്.  

pma

ഗുണഭോക്താക്കൾക്ക് സുരക്ഷിതമായ ഭവനം നൽകുന്നതോടൊപ്പം മെച്ചപ്പെട്ട ജീവിത നിലവാരവും പദ്ധതി ഉറപ്പു വരുത്തുന്നു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഉജ്ജ്വല യോജന-പദ്ധതിയുമായുള്ള സംയോജനത്തിലൂടെ 7490 കുടുംബങ്ങൾക്ക് സബ്സിഡി നിരക്കിൽ ഗ്യാസ് കണക്ഷനും 17603 കുടുംബങ്ങൾക്ക് സൗജന്യമായി എൽ.ഇ.ഡി വിളക്കുകളും അനുവദിച്ചിട്ടുണ്ട്. കൂടാതെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്നു കൊണ്ട് ഒാരോ ഗുണഭോക്തൃ കുടുംബത്തിനും 90 അധിക തൊഴിൽദിനങ്ങളും അതിലൂടെ 26190 രൂപയുടെ അധിക സാമ്പത്തിക സഹായവും ലഭ്യമാക്കി. ആകെ 70 കോടി രൂപയുടെ സഹായമാണ് ഇൗയിനത്തിൽ ലഭ്യമാക്കിയത്.

പദ്ധതി ഗുണഭോക്താക്കളിൽ 95 ശതമാനം പേരും കുടുംബശ്രീ അംഗങ്ങളാണ്. ബാക്കിയുള്ള അഞ്ച് ശതമാനം പേരെ കൂടി കുടുംബശ്രീയിൽ അംഗങ്ങളാക്കുന്നതിനുളള കാര്യങ്ങൾ നടന്നു വരികയാണ്.

Content highlight
PMAY(U)-LIFE Project ensuring women's participation and women empowermentml