സ്ത്രീകളെ പ്രതിരോധശേഷിയുള്ള മനസ്സുള്ളവരാക്കണം: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Wednesday, January 12, 2022

സ്ത്രീകളെ പ്രതിരോധശേഷിയുള്ള മനസ്സുള്ളവരാക്കണമെന്നും ജനാധിപത്യബോധവും മൗലികാവകാശ ബോധവും സമൂഹത്തില്‍ എല്ലാവരിലും എത്തിക്കണമെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന 'സ്ത്രീപക്ഷ നവകേരളം' സംസ്ഥാനതല ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച സ്ത്രീശക്തി കലാജാഥാ -പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ തുല്യത സൃഷ്ടിക്കണമെങ്കില്‍ നാം ഓരോരുത്തരിലും സ്ത്രീപക്ഷ കാഴ്ചപ്പാടുണ്ടായിരിക്കണം. നാടകത്തിലൂടെ നാം നല്‍കുന്ന ആശയം കാണികളിലും പൊതു സമൂഹത്തിലും കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെ അതൊരു ഭൗതികശക്തിയായി മാറുകയാണ് ചെയ്യുന്നത്. ജനങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന ഏറ്റവും ശക്തമായ കലയാണ് നാടകമെന്നു പറഞ്ഞ അദ്ദേഹം നാടകക്കളരിയില്‍ പങ്കെടുക്കുന്ന കലാകാരികളെയും അവര്‍ക്കു നേതൃത്വം നല്‍കുന്ന റിസോഴ്‌സ് പേഴ്‌സണ്‍മാരെയും പരിചയപ്പെടുകയും വിജയാശംസകള്‍ നല്‍കുകയുംചെയ്തു.

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ്രെബഫുവരിയില്‍ സംസ്ഥാനമെമ്പാടും കലാജാഥ സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി ഓരോ ജില്ലയിലുമുള്ള കുടുംബശ്രീയുടെ കലാസംഘമായ രംഗശ്രീയില്‍ നിന്നും പത്തു പേര്‍ വീതമുളള ഗ്രൂപ്പുകളുടെ രൂപീകരണവും പൂര്‍ത്തിയായി. ഇവര്‍ക്ക് പരിശീലനം നല്‍കാനുള്ള ടീമുകള്‍ക്കുള്ള പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. ആറു ദിവസത്തെ പരിശീലനമാണ് ഇവര്‍ക്കു നല്‍കുക. നാടക രംഗത്തെ വിദഗ്ധരായ റഫീഖ് മംഗലശ്ശേരി, ശ്രീജ അരങ്ങോട്ടുകര, ഷൈലജ അമ്പു, സുധി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ആകെ 140 കലാകാരികള്‍ സ്ത്രീശക്തി കലാജാഥയില്‍ അണിനിരക്കും.

 

Content highlight
m.v.govindan master visits sthreepaksa navakeralam cultural procession training camp