സ്ത്രീപക്ഷ നവകേരളം- സ്ത്രീശക്തി കലാജാഥ പരിശീലന പരിപാടിക്ക് തുടക്കം

Posted on Tuesday, January 11, 2022

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരേ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'സ്ത്രീപക്ഷ നവകേരളം' സംസ്ഥാനതല ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായുള്ള സ്ത്രീശക്തി കലാജാഥയുടെ പരിശീലന പരിപാടിക്ക് തുടക്കമായി. മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിക്കുന്ന കുടുംബശ്രീ വനിതകള്‍ക്കായുള്ള ഈ പരിശീലന പരിപാടിയുടെ ഉദ്ഘാടനം  പ്രശസ്ത സിനിമാ സംവിധായകനും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ അധ്യക്ഷനുമായ ഷാജി എന്‍. കരുണ്‍ തിങ്കളാഴ്ച (10-01-2022) നിര്‍വഹിച്ചു.

സ്ത്രീയും പുരുഷനും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് സമൂഹം മുന്നേറുന്നതെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഷാജി എന്‍. കരുണ്‍ അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ മീഡിയയുടെ കാലത്ത് തൊഴില്‍ മേഖലയില്‍ സ്ത്രീപുരുഷ അന്തരം കുറഞ്ഞിട്ടുണ്ട്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് മനുഷ്യര്‍ നേടിയെടുത്ത വളര്‍ച്ച കഴിഞ് 20 വര്‍ഷങ്ങള്‍ കൊണ്ട് നേടാന്‍ നമുക്ക് കഴിഞ്ഞു. മനുഷ്യര്‍ ഉണ്ടാക്കിയെടുത്തതാണ് സംസ്‌ക്കാരം. ഇതിന്റെ ഭാഗമായി ഇതുവരെ നേടിയ അറിവുകളും സ്വപ്‌നങ്ങളും അടുത്തതലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ എത്തിയവരാണ് കലാജാഥ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന വനിതകളെന്നും അദ്ദേഹം പറഞ്ഞു.

  'സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്‌ന്റെ ഭാഗമായി ഫെബ്രുവരിയിലാണ് സംസ്ഥാനമെമ്പാടും സ്ത്രീശക്തി കലാജാഥ സംഘടിപ്പിക്കുന്നത്. ജാഥയില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി നാടകം, രണ്ട് സംഗീത ശില്‍പ്പങ്ങള്‍ എന്നിവയ്ക്കുള്‍പ്പെടെയുള്ള  പരിശീലനമാണ് ആറു ദിവസങ്ങളിലായി നല്‍കുന്നത്. കലാജാഥയുമായി ബന്ധപ്പെട്ട് നേരത്തെ തിരക്കഥാ ശില്‍പ്പശാലയും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീധനം, സ്ത്രീപീഡനം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് നാടകവും സംഗീതശില്‍പ്പങ്ങളും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

  നാടക രംഗത്തെ വിദഗ്ധരായ റഫീഖ് മംഗലശ്ശേരി, ശ്രീജ അരങ്ങോട്ടുകര, ഷൈലജ അമ്പു, സുധി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.  വയനാട്, മലപ്പുറം എന്നീ ജില്ലകള്‍ ഒഴികെ ബാക്കി 12 ജില്ലകളില്‍ നിന്നുള്ള മൂന്ന് വീതം വനിതകളാണ് (ആകെ 36 പേര്‍) പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ പിന്നീട് തങ്ങളുടെ ജില്ലകളില്‍ കലാജാഥയ്ക്കു വേണ്ടി പ്രത്യേകമായി രൂപീകരിച്ച പത്തംഗ സംഘത്തിന് പരിശീലനം നല്‍കും. ഇതു പ്രകാരം എല്ലാ ജില്ലകളെയും പ്രതിനിധീകരിച്ച് 140 സ്ത്രീകള്‍ സ്ത്രീശക്തി കലാജാഥയുടെ ഭാഗമാകും.

 

   കുടുംബശ്രീ പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ മൈന ഉമൈബാന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സിന്ധു. വി സ്വാഗതവും കുടുംബശ്രീ വനിതകളുടെ നാടകസംഘമായ 'രംഗശ്രീ' പ്രതിനിധി ബിജി. എം നന്ദിയും പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബി.എസ്. മനോജ്്, സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ സുജിത, പ്രീത ജി. നായര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

Content highlight
STHREEPAKSHA NAVAKERALAM - shaji n karun inagurates kalajatha training