ഗ്രാമനഗര ഭേദമന്യേ സമൂഹത്തിൽ പോഷകാഹാര കുറവിന്റെ ആഘാതം ലഘൂകരിക്കുന്നതിനായി നിസ്തുലമായ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്തു നടപ്പാക്കുന്നതിന് 2022 ലെ യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ നൽകുന്ന ഗ്ളെൻമാർക്ക് ന്യൂട്രീഷൻ അവാർഡ് കുടുംബശ്രീയുടെ "അമൃതം' ന്യൂട്രിമിക്സ് പദ്ധതിക്ക്. സംസ്ഥാനത്തെ അംഗൻവാടികളിലെ ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്കായി വിതരണം ചെയ്യുന്ന പോഷകാഹാരമായ 'അമൃതം" ന്യൂട്രിമിക്സിന്റെ ഉൽപാദനവും വിതരണവും കാര്യക്ഷമമായി നിർവഹിക്കുന്നതിലൂടെ അഞ്ചു ലക്ഷത്തിലേറെ കുട്ടികൾക്ക് മികച്ച പോഷകാഹാര ലഭ്യത ഉറപ്പു വരുത്താൻ കഴിഞ്ഞതിനാണ് കുടുംബശ്രീക്ക് അന്താരാഷ്ട്രതലത്തിൽ അംഗീകാരം. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് അവാർഡ്. ്രെബഫുവരി അഞ്ചിന് ഒാൺലൈനായി സംഘടിപ്പിച്ച "റൈസ് വേൾഡ് സമ്മിറ്റ്-2022' ന്റെ സമാപന ചടങ്ങിൽ ഗ്ളെൻമാർക്ക് ഫാർമസ്യൂട്ടിക്കൽ ആൻഡ് ഗ്ളെൻമാർക്ക് ഫൗണ്ടേഷൻ ഡയറക്ടർ ഷെറിൽ പിന്റോ അവാർഡ് പ്രഖ്യാപിച്ചു.
"ആഹാരക്രമം, വൈവിധ്യം, നൂതനം' എന്നതായിരുന്നു ഇത്തവണത്തെ അവാഡിന്റെ തീം. നൂതന മാർഗങ്ങൾ ഉപയോഗിച്ചു കൊണ്ട് കുട്ടികൾ, മുതിർന്ന പെൺകുട്ടികൾ, സ്ത്രീകൾ എന്നിവരുടെ ആഹാരക്രമം മെച്ചപ്പെടുത്തി പോഷകാഹാര കുറവ് കാരണമുള്ള ആഘാതം ലഘൂകരിക്കുകയും അതുവഴി സമൂഹത്തിൽ മറ്റുള്ളവർക്ക് പ്രചോദനകരമായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വ്യക്തികൾക്കും പിന്തുണ നൽകുകയാണ് അവാർഡിന്റെ ലക്ഷ്യം. അർബൻ എൻ.ജി.ഒ, റൂറൽ എൻ.ജി.ഒ ഒാപ്പൺ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരുന്നു അവാർഡ്. ഇതിൽ ഒാപ്പൺ വിഭാഗത്തിലാണ് കുടുംബശ്രീക്ക് അംഗീകാരം.
സംസ്ഥാനത്തെ മുഴുവൻ അംഗൻവാടികളിലുമുള്ള ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്ന പോഷകാഹാരമായ 'അമൃതം" ന്യൂട്രിമിക്സ് ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നത് കുടുംബശ്രീയുടെ കീഴിലുള്ള 241യൂണിറ്റുകളാണ്. ന്യൂട്രിമിക്സിന്റെ പോഷക മൂല്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഫോർട്ടിഫിക്കേഷനും നടത്തിയിരുന്നു. കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ ‘ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടി.എച്ച്.ആർ.എസ് ) പ്രകാരം കേരള സർക്കാരിനു കീഴിൽ വനിതാശിശു വികസനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുമായും ഫുഡ് കോർപ്പറേഷൻ ഒാഫ് ഇൻഡ്യയുമായും സഹകരിച്ച് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയിലൂടെ പ്രതിവർഷം 18000 മെട്രിക് ടൺ ഭക്ഷ്യമിശ്രിതം ഉൽപാദിപ്പിക്കുന്നുണ്ട്.കോവിഡ് ലോക്ക്ഡൗൺ കാലത്തും കുടുംബശ്രീയുടെ നേതൃത്വത്തിൽ അമൃതം ന്യൂട്രിമിക്സിന്റെ ഉൽപാദനവും വിതരണവും മുടക്കം കൂടാതെ നടപ്പാക്കിയിരുന്നു. യൂണിറ്റുകളുടെ പ്രവർത്തനമികവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രേഡിങ്ങ് നടപടികളും പൂർത്തിയാക്കിയിരുന്നു.
- 682 views