വാര്‍ത്തകള്‍

കോട്ടയം ജില്ലയിലെ രണ്ടാം കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് മെഡിക്കല്‍ കോളേജില്‍

Posted on Monday, August 24, 2026

പൊതുജനങ്ങള്‍ക്ക് എല്ലാ ആധുനിക സൗകര്യങ്ങളും നല്‍കുന്ന കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉഴവൂര്‍ ബ്ലോക്കിലെ കുറവിലങ്ങാടാണ് ജില്ലയിലെ ആദ്യ പ്രീമിയം റെസ്റ്റോറന്റ് ആരംഭിച്ചത്. സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഭക്ഷ്യശാലാ ശൃംഖല സംസ്ഥാനമൊട്ടാകെ ആരംഭിക്കുകയാണ് പ്രീമിയം റെസ്റ്റോറന്റ് വഴി കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.

 ചടങ്ങില്‍ ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷ് റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. റ്റി.ജി. തോമസ്, ആര്‍.എം.ഒ സാം ക്രിസ്റ്റി, ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്‌സ്, അയ്മനം കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശുഭ ചന്ദ്രന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പ്രശാന്ത് ശിവന്‍, സംരംഭക രാഖി തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.

 

ആറുപേരടങ്ങുന്ന സംരംഭക യൂണിറ്റാണ് കുടുംബശ്രീ പ്രീമിയം കഫേയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 24 മണിക്കൂറും റെസ്റ്റോറന്റ് പ്രവര്‍ത്തിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. മികച്ച ഭക്ഷണവും സേവനവും ഉറപ്പാക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, മാലിന്യ സംസ്‌കരണം, പാഴ്‌സല്‍ സര്‍വീസ് തുടങ്ങിയ മേഖലകളിലും പ്രീമിയം റെസ്റ്റോറന്റില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

സംസ്ഥാനത്ത് ആകെയുള്ള കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റുകളുടെ എണ്ണം 15 ആയി. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് ആദ്യ പ്രീമിയം റെസ്റ്റോറന്റിന് കുടുംബശ്രീ തുടക്കമിട്ടത്. ചവറ (കൊല്ലം), പന്തളം, പത്തനംതിട്ട ടൗണ്‍ (പത്തനംതിട്ട), കല്ലിശ്ശേരി (ആലപ്പുഴ), കുറവിലങ്ങാട് (കോട്ടയം), വാഗമണ്‍ (ഇടുക്കി), ഗുരുവായൂര്‍ (തൃശ്ശൂര്‍), കൊയിലാണ്ടി (കോഴിക്കോട്), പന്തലാംപാടം (പാലക്കാട്), കോട്ടയ്ക്കല്‍ (മലപ്പുറം), ഇരിട്ടി (കണ്ണൂര്‍), കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡ്, സിവില്‍ സ്റ്റേഷന്‍ (കാസര്‍ഗോഡ്) എന്നിവിടങ്ങളിലും റെസ്റ്റോറന്റുകള്‍ ആരംഭിച്ചു.

--

Content highlight
cafe kudumbashree premium 2nd outlet in kottyam starts functioning

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ ഓണസമ്മാനം: ഓണം ബോണസ് 1500 രൂപയായി വര്‍ധിപ്പിച്ചു

Posted on Saturday, August 22, 2026

സംസ്ഥാനത്തെ ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ഓണം പ്രമാണിച്ച് നല്‍കി വരുന്ന ഉത്സവബത്ത  വര്‍ധിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ വര്‍ഷം ലഭിച്ച 1250 രൂപയില്‍ നിന്ന് ഈ വര്‍ഷം1500 രൂപയായി ഉയര്‍ത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.

2026-ലെ ഓണം ഉത്സവബത്തയായി 1500 രൂപ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും അനുവദിക്കാനുള്ള യഥേഷ്ടാനുമതിയും ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 37481 ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി തുക കൈമാറുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

Content highlight
harithakarmasena onam bonus

ഡി.ഡി.യു.ജി.കെ.വൈ -2.0: കുടുംബശ്രീ മുഖേന 30,272 യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനവും തൊഴിലും

Posted on Saturday, August 22, 2026

ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കാന്‍ കുടുംബശ്രീ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ)-2.0 പദ്ധതിയുടെ ഭാഗമായാണ് യുവജനങ്ങള്‍ക്ക് നൈപുണ്യവികസനത്തിനും തൊഴില്‍ നേടാനും അവസരമൊരുങ്ങുന്നത്. 2027 ഡിസംബറിനുളളില്‍ ആകെ 30272 പേര്‍ക്ക് പരിശീലനവും തൊഴിലും ലഭ്യക്കുന്നതിനാണ് പദ്ധതി. ഇതില്‍ 2025-26 കാലയളവില്‍ 1211 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിരുന്നു. ബാക്കിയുളള 29061 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

പുറത്ത് 80000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ ചെലവു വരുന്ന കോഴ്സുകളിലാണ് കുടുംബശ്രീ പദ്ധതി വഴി സൗജന്യ പരിശീലനം നല്‍കുന്നത്. രാജ്യത്തെ പ്രമുഖ പരിശീലക ഏജന്‍സികള്‍ മുഖേനയാണ് തൊഴില്‍ പരിശീലനം നല്‍കുക. ജോലിയും ഇവര്‍ മുഖേന ഉറപ്പുവരുത്തും. കുടുംബശ്രീയുടെ പിന്തുണയും ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി.വിഘ്നേശ്വരിയും വിവിധ പരിശീലന ഏജന്‍സികളും തമ്മില്‍ ധാരണാപത്രം ഒപ്പു വച്ചു.

സംസ്ഥാനത്ത് 14 ജില്ലകളിലും സെപ്റ്റംബറില്‍ പകുതിയോടെ കോഴ്സുകള്‍ ആരംഭിക്കുന്നതിനാണ് തീരുമാനം. 18-35നും ഇടയില്‍ പ്രായമുളള യുവതീയുവാക്കള്‍ക്ക് പദ്ധതിയില്‍ ചേരാം. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, പട്ടികവര്‍ഗമേഖലയിലുളളവര്‍ എന്നിവര്‍ക്ക് 45 വയസു വരെയും കോഴ്സില്‍ ചേരാനുള്ള പ്രായപരിധി. പത്താം ക്ളാസ് മുതല്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിയ്ക്കും അനുസൃതമായി കോഴ്സുകള്‍ തിരഞ്ഞെടുത്ത് പരിശീലനം നേടാം. കോഴ്സ് ഫീ, യൂണിഫോം, താമസം, ഭക്ഷണം, പഠന സാമഗ്രികള്‍ ഉള്‍പ്പെടെ സൗജന്യമായി ലഭിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സെക്ടര്‍ സ്കില്‍ കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പ്ളേസ്മെന്‍റ് സപ്പോര്‍ട്ടും ലഭിക്കും.

എ.ഐ ഡെവലപ്പര്‍, സൈബര്‍ സെക്യൂരിറ്റി, ഡ്രോണ്‍ ഓപ്പറേറ്റര്‍, ഹോട്ടല്‍ മാനേജ്മെന്‍റ്, മെഷീന്‍ ഓപ്പറേറ്റര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഓട്ടോമോട്ടീവ്, ഹെല്‍ത്ത് കെയര്‍, മീഡിയ ആന്‍ഡ് എന്‍റര്‍ടെയ്ന്‍മെന്‍റ്, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍ മാനേജ്മെന്‍റ്, ലോജിസ്റ്റിക്സ് ടൂറിസം, ലോജിസ്റ്റിക്സ്, എയ്റോസ്പേസ് ആന്‍ഡ് ലോജിസ്റ്റിക്സ്, ഹെല്‍ത്ത് കെയര്‍, ഇന്‍സ്ട്രമെന്‍റേഷന്‍ ആന്‍ഡ് ഓട്ടോമേഷന്‍, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് തുടങ്ങി ഇരുപത്തിയേഴോളം കോഴ്സുകളില്‍ നൈപുണ്യ പരിശീലനം ലഭ്യമാക്കും. പഠനത്തോടനുബന്ധിച്ച് പുതിയ വ്യവസായ മേഖലകളില്‍ പ്രായോഗിക പരിശീലനവും നല്‍കും.  

പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസുകള്‍,  തിരുവനന്തപുരം(0471-3586525), എറണാകുളം ( 0484-2959595), തൃശൂര്‍(0487-2962517), കോഴിക്കോട് (0495-2766160) ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍ററുകള്‍ എന്നിവയുമായി ബന്ധപ്പെടാവുന്നതാണ്. മുഖേന ലഭ്യമാകും. 18004254714 എന്ന ടോള്‍ ഫ്രീ നമ്പറിലും വിളിക്കാം.

 56665 പേര്‍ക്ക് സംസ്ഥാനത്തും വിദേശത്തുമായി തൊഴില്‍ ലഭ്യമാക്കിക്കൊണ്ട് ഡി.ഡി.യു.ജി.കെവൈ പദ്ധതി ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായിരുന്നു. പദ്ധതി നിര്‍വഹണത്തിലെ ഈ മികവാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രാനുമതി നേടി കൊടുത്തത്.

 

Content highlight
ddugky2.0

കുടുംബശ്രീ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു

Posted on Saturday, August 22, 2026

സ്വന്തം വ്യക്തിത്വം തിരിച്ചറിയാന്‍ സ്ത്രീകളെ പ്രാപ്തമാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ലിംഗതുല്യതയല്ല, ലിംഗനീതിയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് കുടുംബശ്രീയെ നവീകരിക്കേണ്ടതുണ്ടെന്നും  ഇതിനായി കുടുംബശ്രീ 2.0 യിലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരമ്പരാഗതമായി നടത്തുന്ന സംരംഭങ്ങള്‍ക്ക് പുറമേ, പുതിയ കാലത്തിന്‍റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നൂതനാശയങ്ങളില്‍ അധിഷ്ഠിതമായ സംരംഭ മേഖലകളിലേക്ക് മാറാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് കഴിയണം. സ്ത്രീകളുടെ തൊഴില്‍ നൈപുണ്യ ശേഷി വര്‍ധിപ്പിച്ചു കൊണ്ട് കൂടുതല്‍ വരുമാനം നേടാന്‍ കഴിയുന്ന വിധത്തില്‍ സംരംഭകത്വ വികസനത്തിന് പ്രാധാന്യം നല്‍കുകയാണ് വേണ്ടത്. പുതുതലമുറ കുടുംബശ്രീയെ ഏറ്റെടുക്കുന്ന വിധത്തില്‍, അവരുടെ ആശയങ്ങളും  ഭാഷയും മനസിലാക്കാന്‍ കഴിയുന്നതിനൊപ്പം  വ്യത്യസ്തമായ തൊഴില്‍ മേഖലകളിലേക്ക് കടക്കാനുള്ള അറിവും കഴിവും ഓരോ സംരംഭകയ്ക്കും ഉണ്ടാകണം. സമൂഹത്തെ നയിക്കാന്‍ കഴിയുന്ന വ്യക്തിത്വവും ആര്‍ജ്ജവത്വവുമുള്ള ഒരു കൂട്ടായ്മയായി കുടുംബശ്രീയെ മാറ്റാനാണ് സര്‍ക്കാരിന്‍റെ പരിശ്രമങ്ങള്‍. ലിംഗതുല്യതയിലൂടെ പുരുഷനൊപ്പം നില്‍ക്കുക എന്നതല്ല, സ്ത്രീയുടെ കഴിവിന്‍റെ മാനദണ്ഡത്തില്‍ പുരുഷനൊപ്പമോ അതിലും ഉയരത്തിലോ നില്‍ക്കാന്‍ സ്ത്രീക്ക് അവസരം ലഭ്യമാക്കുന്ന ലിംഗനീതിയാണ് വേണ്ടത്. നാടിന്‍റെ നന്‍മയ്ക്കായി എപ്പോഴും മുന്നില്‍ നില്‍ക്കുന്ന കുടുംബശ്രീയുടെ മനോഹരമായ ഇടപെടല്‍ ഈ ഓണക്കാലത്തും ഉണ്ടാകുമെന്നതിന്‍റെ തെളിവാണ് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണം വിപണന മേളകള്‍. സംസ്ഥാനത്ത് സ്ത്രീശാക്തീകരണ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളും ഫുഡ് കോര്‍ട്ടും സന്ദര്‍ശിച്ച മന്ത്രി സംരംഭകര്‍ നല്‍കിയ മധുരവും രുചിച്ചു.

എല്ലാവരേയും ഒരുപോലെ കണ്ട് മുന്നോട്ടു പോകാന്‍ ഓണാഘോഷത്തിന് കഴിയുമെന്ന് ജി.സുധാകരന്‍ എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. വിഘ്നേശ്വരി സ്വാഗതം പറഞ്ഞു. എ.ഡി തോമസ് എം.എല്‍.എ, ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ്, നഗരസഭ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷന്‍ എ.എം നൗഫല്‍, ആലപ്പുഴ നഗരസഭ മുന്‍ ഉപാധ്യക്ഷന്‍ എ.എം നസീര്‍, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാരായ ഷീല മോഹന്‍, ഹെലന്‍ ഫെര്‍നാണ്ടസ്, എന്നിവര്‍ ആശംസിച്ചു.  കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍ നന്ദി പറഞ്ഞു.

സംസ്ഥാനത്ത് 25 വരെയാണ് കുടുംബശ്രീ ഓണം വിപണന മേളകള്‍. സംസ്ഥാന ജില്ലാസി.ഡി.എസ്തലത്തിലായി ആകെ രണ്ടായിരത്തിലേറെ മേളകള്‍ സംഘടിപ്പിക്കും. ഇതില്‍ അമ്പതിനായിരത്തോളം വനിതാസംരംഭകരും പങ്കെടുക്കും. പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് വിപുലമായ വിപണിയും സംരംഭകര്‍ക്ക് ഉയര്‍ന്ന വരുമാനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ സംസ്ഥാനമൊട്ടാകെ സി.ഡി.എസുകള്‍ വഴി ഓണ സദ്യ, ഓണക്കിറ്റ് വിപണനം എന്നിവ പുരോഗമിക്കുകയാണ്. കുടുംബശ്രീ പോക്കറ്റ്മാര്‍ട്ട് ആപ്ളിക്കേഷന്‍ വഴിയും ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം. മുന്നൂറിലേറെ ഉല്‍പന്നങ്ങള്‍ ഇതിലൂടെ ലഭിക്കും. 

Content highlight
onamvipanamaela

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ

Posted on Saturday, August 15, 2026

മലയാളിയുടെ ഓണാഘോഷത്തിന്  വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കി   ഇക്കുറിയും കുടുംബശ്രീ. സംസ്ഥാനമെമ്പാടുമുള്ള നാനൂറോളം വനിതാ കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുന്നത്. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളും പായസവും തിരഞ്ഞെടുത്ത് മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാം.

ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, തോരന്‍, ഓലന്‍, കാളന്‍, പച്ചടി, കിച്ചടി, പുളിയിഞ്ചി, രസം, മോര്, അച്ചാര്‍, ശര്‍ക്കരവരട്ടി, കായ ഉപ്പേരി, പപ്പടം, പഴം, പായസം  എന്നിവ ഉള്‍പ്പെടെയുള്ള ഓണസദ്യയ്ക്ക് 170 രൂപ മുതലാണ് നിരക്ക്. കൂടാതെ ആവശ്യക്കാര്‍ക്ക് അടപ്രഥമന്‍, പാലട പ്രഥമന്‍, പരിപ്പ് പായസം തുടങ്ങി വിവിധയിനം പായസം അര ലിറ്റര്‍ മുതല്‍ ലഭ്യമാകും. മിനിമം അഞ്ച് സദ്യയെങ്കിലും ബുക്ക് ചെയ്യണം. ഓണസദ്യ ബുക്ക് ചെയ്തവര്‍ക്ക് അതത് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകരുടെ പക്കല്‍ നിന്ന് ഓണസദ്യ നേരിട്ട് വാങ്ങാം.

നിലവില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും കോള്‍ സെന്‍റര്‍ വഴിയും അതത് കുടുംബശ്രീ സി.ഡി.എസുകള്‍ വഴിയും  ഓണസദ്യയുടെ ബുക്കിങ്ങ് പുരോഗമിക്കുകയാണ്. ഓണസദ്യ ബുക്ക് ചെയ്യുന്ന വ്യക്തിയുടെ സമീപപ്രദേശത്തുള്ള കുടുംബശ്രീ സംരംഭകര്‍ക്കാണ് ഓര്‍ഡര്‍ ലഭിക്കുക.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്കൂളുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ ഓണാഘോഷത്തിനാവശ്യമായ ഓണസദ്യ വിതരണം ചെയ്യുന്നതിനുള്ള ഓര്‍ഡറുകളും സ്വീകരിക്കുന്നുണ്ട്. ഓണസദ്യ മുന്‍കൂറായി ബുക്ക് ചെയ്യാന്‍ അതത് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, കൂടാതെ കുടുംബശ്രീ സി.ഡി.എസ് ഓഫീസ് എന്നിവിടങ്ങളില്‍ ബന്ധപ്പെടാം.

Content highlight
Onam Sadya Can Be Ordered This Year Too Through Kudumbashree Catering Units

മുണ്ടക്കൈ ചൂരല്‍മല: ടൗണ്‍ഷിപ് ഗുണഭോക്താക്കള്‍ക്ക് ഉപജീവനമൊരുക്കാന്‍ കുടുംബശ്രീക്ക് 90.16 ലക്ഷം

Posted on Thursday, August 13, 2026

മുണ്ടക്കൈ ചൂരല്‍മല: ടൗണ്‍ഷിപ് ഗുണഭോക്താക്കള്‍ക്ക് ഉപജീവനമൊരുക്കാന്‍ കുടുംബശ്രീക്ക് 90.16 ലക്ഷം
 

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി ടൗണ്‍ഷിപ്പിലേക്ക് മാറി താമസിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ഉപജീവന മാര്‍ഗം ഒരുക്കുന്നതിന് കുടുംബശ്രീക്ക് 90,16,600 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട ഉപജീവന പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ഈ തുക കുടുംബശ്രീക്ക് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ടൗണ്‍ഷിപ്പിലേക്ക് മാറി താമസിക്കുന്ന ഗുണഭോക്താക്കള്‍ക്ക് മൃഗസംരക്ഷണ പദ്ധതികള്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പിന് അനുവദിച്ച 90,16,600 രൂപ കുടുംബശ്രീക്ക് കൈമാറുന്നത്.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ദുരന്തബാധിതര്‍ക്കായി തയ്യാറാക്കിയ മൈക്രോ പ്ളാന്‍ പ്രകാരം ദുരന്തബാധിത കുടുംബങ്ങള്‍ക്ക് തിരിച്ചടവില്ലാത്ത രണ്ടു ലക്ഷം രൂപ വീതം ഉപജീവന സഹായമായി നല്‍കുന്നതിന് ആകെ 5,11,46,850 രൂപ അനുവദിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ മൃഗസംരക്ഷണ മേഖലയിലെ പദ്ധതികള്‍ക്കായി അനുവദിച്ച 90,16,600 രൂപയാണ് ഇപ്പോള്‍ കുടുംബശ്രീക്ക് കൈമാറുന്നത്.

ടൗണ്‍ഷിപ്പിലേക്ക് മാറുന്ന കുടുംബങ്ങളുടെ നിലവിലെ സാഹചര്യവും ഉപജീവന ആവശ്യങ്ങളും പരിഗണിച്ചാണ് മൃഗസംരക്ഷണ മേഖലയിലെ ഉപജീവന പദ്ധതികള്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് അനുയോജ്യമായ ഉപജീവന മാര്‍ഗങ്ങള്‍ ഒരുക്കുന്നതിനും സുസ്ഥിര വരുമാന സാധ്യത ഉറപ്പാക്കുന്നതിനുമാണ് തുക വിനിയോഗിക്കുക. ദുരന്തബാധിതരുടെ പുനരധിവാസം താമസസൗകര്യത്തില്‍ മാത്രം ഒതുങ്ങാതെ ഉപജീവനവും വരുമാനസുരക്ഷയും കൂടി ഉറപ്പാക്കുന്ന തരത്തില്‍ സമഗ്രമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

Content highlight
MUNDAKKAI

കഴിഞ്ഞ വര്‍ഷം ഹരിതകര്‍മസേന നീക്കം ചെയ്തത് 86295.723 മെട്രിക് ടണ്‍ അജൈവ മാലിന്യം

Posted on Thursday, August 13, 2026

സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ ഹരിതകര്‍മ സേനയുടെ ശ്രദ്ധേയ മുന്നേറ്റം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86295.723 മെട്രിക് ടണ്‍ അജൈവ മാലിന്യം ശേഖരിച്ച് ക്‌ളീന്‍ കേരള കമ്പനിക്ക് കൈമാറിയതു വഴി  കേരളത്തിന്റെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതകര്‍മസേന കരുത്തു പകര്‍ന്നു.

2024-25 സാമ്പത്തിക വര്‍ഷം ആകെ 50190 മെട്രിക് ടണ്‍ മാലിന്യമാണ് ശേഖരിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 2025-26 സാമ്പത്തിക വര്‍ഷം 36106.723 മെട്രിക് ടണ്‍ മാലിന്യമാണ് കൂടുതല്‍ ശേഖരിച്ചത്.  

സംസ്ഥാനത്താകെ പ്രവര്‍ത്തിക്കുന്ന   4438 യൂണിറ്റുകളില്‍ അംഗങ്ങളായ  37481 വനിതകളുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നില്‍. ജലാശയങ്ങളിലേക്കും പൊതു നിരത്തുകളിലേക്കും വലിച്ചെറിയപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന അജൈവമാലിന്യമാണ് ഇവര്‍ ശേഖരിച്ച് ശാസ്ത്രീയ സംസ്‌ക്കരണത്തിനായി കൈമാറിയത്. മാലിന്യ സംസ്‌ക്കരണത്തിലും പൊതുജനാരോഗ്യ പരിപാലനത്തിലും ഹരിതകര്‍മസേന നിര്‍ണായക പങ്കു വഹിക്കുന്നു.

തരം തരിച്ച മാലിന്യം ക്‌ളീന്‍ കേരള കമ്പനിക്ക് കൈമാറിയതു വഴി 11.49 കോടി രൂപയാണ് ഹരിതകര്‍മ സേനയ്ക്ക്  ലഭിച്ച വരുമാനം. മാലിന്യ ശേഖരണവും സംസ്‌ക്കരണവും മികച്ച രീതിയില്‍ നടത്തുന്ന യൂണിറ്റുകള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന വരുമാനം കൂടുതല്‍ വനിതകളെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നുണ്ട്. കൂടാതെ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഈ രംഗത്ത് നാനൂറിലേറെ സൂക്ഷ്മസംരംഭങ്ങളും പ്രവര്‍ത്തിക്കുന്നു.

സംസ്ഥാനത്തെ രൂക്ഷമായ മാലിന്യ പ്രശ്‌നത്തിന് വികേന്ദ്രീകൃത രീതിയില്‍ പരിഹാരം കാണുന്നതിന് രൂപീകരിച്ച സംവിധാനമാണ് ഹരിതകര്‍മ സേന. മാലിന്യത്തെ വരുമാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതകര്‍മസേനയുടെ രൂപീകരണം.
 

Content highlight
HKS

'ഓണം കുടുംബശ്രീക്കൊപ്പം' - സംസ്ഥാനത്തുടനീളം ഓണം വിപണന മേളകള്‍ സംഘടിപ്പിക്കും

Posted on Wednesday, August 5, 2026

ഓണാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്ക് വിപുലമായ വിപണി ഒരുക്കാന്‍ സംസ്ഥാനത്തുടനീളം ഓണം വിപണന മേളകള്‍ സംഘടിപ്പിക്കും.  പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് വിപണി വിപുലപ്പെടുത്തുകയും സംരംഭകര്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കും വരുമാനം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ഓണം വിപണന മേളകളില്‍ കാര്‍ഷിക സൂക്ഷ്മ സംരംഭ മേഖലകളില്‍ നിന്നുള്ള ഉല്‍പന്ന വിപണനം വഴിയും കൂടാതെ ഓണ സദ്യ, ഓണക്കിറ്റ് വിപണനം എന്നിവയിലൂടെയും ആകെ 50.8 കോടി രൂപയുടെ വിറ്റുവരവാണ് ലഭിച്ചത്. ഓഗസ്റ്റ് 20-25 വരെ നടക്കുന്ന മേളകളിലൂടെ ഈ വിറ്റുവരവ് മറി കടക്കുകയാണ് ലക്ഷ്യം.

ആലപ്പുഴ ജില്ലയിലാണ് ഓണം വിപണന മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം. ഒപ്പം  പതിമൂന്ന് ജില്ലകളിലും കൂടാതെ ഓരോ സി.ഡി.എസിലും രണ്ടു വീതവും ആകെ രണ്ടായിരത്തിലേറെ വിപണന മേളകള്‍  സംഘടിപ്പിക്കും. അമ്പതിനായിരത്തോളം സംരംഭകരും മേളയില്‍ പങ്കെടുക്കും. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കുന്നതിനും വിലയിലെ സുതാര്യത  ഉറപ്പാക്കുന്നതിനുമായി വിശദമായ പ്രവര്‍ത്തന മാര്‍ഗരേഖ കുടുംബശ്രീ തയ്യാറാക്കിയിട്ടുണ്ട്.

സൂക്ഷ്മ സംരംഭ, കാര്‍ഷിക മൃഗസംരക്ഷണ മേഖലയിലെ സംരംഭകരും കര്‍ഷകരും ഉല്‍പാദിപ്പിക്കുന്ന വിവിധ ഭക്ഷ്യോല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, കാര്‍ഷികോല്‍പന്നങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കൊപ്പം അട്ടപ്പാടിയിലെ വനിതാ കര്‍ഷകര്‍ കൃഷി ചെയ്യുന്ന വിവിധയിനം ചെറുധാന്യങ്ങള്‍, മധുരക്കിഴങ്ങ് എന്നിവയും ഇടുക്കിയിലെ ഗോത്ര വര്‍ഗ സംരംഭകരുടെ ഉല്‍പന്നങ്ങളും വിപണന മേളകളില്‍ ലഭ്യമാകും. കുടുംബശ്രീയുടെ 'ഓണക്കനി', 'നിറപ്പൊലിമ' പദ്ധതികളുടെ ഭാഗമായി കൃഷി ചെയ്യുന്ന പച്ചക്കറികള്‍, പഴങ്ങള്‍, പൂക്കള്‍ എന്നിവയും വിപണിയിലെത്തും. കുടുംബശ്രീ പോക്കറ്റ്മാര്‍ട്ട് ഇ-കൊമേഴ്സ് ആപ്ളിക്കേഷന്‍ വഴിയും ഉല്‍പന്നങ്ങള്‍ ലഭ്യമാക്കും.  കഴിഞ്ഞ വര്‍ഷം മികച്ച സ്വീകാര്യത  നേടിയ സി.ഡി.എസുകള്‍ വഴിയുള്ള ഓണക്കിറ്റ് വിതരണം ഇക്കുറിയും തുടരും. ഓണസദ്യ ആവശ്യമായവര്‍ക്ക് ജില്ലാതലത്തിലും സി.ഡി.എസ്തലത്തിലും ലഭ്യമാകും. ഇതിന് ജില്ലാതലത്തില്‍ കോള്‍ സെന്‍റര്‍ സംവിധാനവും ഏര്‍പ്പെടുത്തും.  

പ്രാദേശിക ഉത്സവങ്ങള്‍, സാംസ്ക്കാരിക പരിപാടികള്‍, തിരക്കേറിയ പൊതു സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിപണന മേളകളില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കിയും ഹരിതചട്ടം പാലിച്ചുമാണ് മേളകള്‍ സംഘടിപ്പിക്കുക. മേളകളുടെ സുഗമമായ നടത്തിപ്പിന് ജില്ലാതല, സി.ഡി.എസ്തല ഏകോപന സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീയാക്കുന്നതിന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, സി.ഡി.എസ് അധ്യക്ഷമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ബാങ്കുകള്‍,

സന്നദ്ധസംഘടനകള്‍, മാധ്യമങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ മേളകള്‍ കൂടുതല്‍ ജനകീയമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.  

Content highlight
'ഓണം കുടുംബശ്രീക്കൊപ്പം' - സംസ്ഥാനത്തുടനീളം ഓണം വിപണന മേളകള്‍ സംഘടിപ്പിക്കും

നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക്- കുടുംബശ്രീ സി.ഡി.എസുകളെ ശക്തിപ്പെടുത്താൻ കർമ്മപദ്ധതി

Posted on Monday, August 3, 2026

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിൻ്റെ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക്  പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നാല് ദിവസങ്ങളിലായി  സംഘടിപ്പിച്ച ദക്ഷിണമേഖലാ ദേശീയ ശിൽപ്പശാല സമാപിച്ചു. ശിൽപ്പശാലയുടെ   ഭാഗമായി കേരളത്തിൽ കുടുംബശ്രീ  സി.ഡി.എസുകൾ ഉൾപ്പെടെ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകളുടെയും പ്രവർത്തനം കൂടുതൽ ഫലപ്രദവും സ്വയംപര്യാപ്തവുമാക്കുന്നതിനുള്ള പുതിയ കർമ്മപദ്ധതികളും  പ്രവർത്തനരീതിയും അവതരിപ്പിച്ചു.

സ്വയംപര്യാപ്ത  ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകൾ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഒന്നിലധികം വരുമാന സ്രോതസ്സുകൾ വികസിപ്പിക്കണമെന്ന്  കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി അമിത് ശുക്ല പറഞ്ഞു.   ആന്ധ്രാപ്രദേശ്, കർണാടക, കേരളം, , തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും  കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും അവതരിപ്പിച്ച കർമ്മ പദ്ധതികൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി സമൂഹത്തിന്റെ ഉടമസ്ഥതയും നേതൃത്വവും  ഉറപ്പാക്കണമെന്നും വിവിധ സംസ്ഥാനങ്ങളുടെ പ്രാദേശിക സാഹചര്യങ്ങൾക്കും വൈവിധ്യങ്ങൾക്കും അനുസൃതമായി പ്രയോഗിക്കാനാകുന്ന വിധത്തിലുള്ള മേൽനോട്ട സംവിധാനങ്ങൾ ഒരുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഓൺലൈൻ ആയാണ് അദ്ദേഹം പങ്കെടുത്തത്.

ഭരണ നിർവഹണം, മനുഷ്യ വിഭവ ശേഷി, സാമ്പത്തിക സ്വയം പര്യാപ്തത, അംഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക നേട്ടങ്ങൾ, സാമൂഹ്യ ഇടപെടൽ എന്നീ അഞ്ച് പ്രധാന മേഖലകൾ പ്രത്യേകമായ മാനദണ്ഡങ്ങൾ വഴി വിലയിരുത്തിയാണ് ഓരോ സംസ്ഥാനവും കർമ്മപദ്ധതിയും വിലയിരുത്തൽ റിപ്പോർട്ടും  തയ്യാറാക്കിയത്.

സംരംഭകത്വ വികസന രംഗത്ത് കൂടുതൽ ശേഷി വികസന പരിശീലനവും വിഷയാധിഷ്ഠിത പരിശീലനവും നൽകുന്നതിനും സംസ്ഥാനങ്ങൾ തമ്മിൽ മികച്ച പ്രവർത്തന മാതൃകകൾ പങ്ക് വച്ച് സ്ഥാപനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ശിൽപ്പശാലയിൽ പ്രത്യേക പ്രാധാന്യം നൽകി. സാമ്പത്തിക സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിനായി തൽസമയ സാമ്പത്തിക നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും ശിൽപ്പശാല അഭിപ്രായപ്പെട്ടു. സേവനാധിഷ്ഠിത വരുമാന മാർഗങ്ങൾ വികസിപ്പിക്കുന്നതിനും  പ്രത്യേകം ഊന്നൽ നൽകി.

 ഭരണനിർവഹണം, മാനവവിഭവശേഷി, സാമ്പത്തിക സ്വയംപര്യാപ്തത, ഉപജീവന പ്രവർത്തനങ്ങൾ, വിവിധ വകുപ്പുകളുമായുള്ള ഏകോപനം എന്നിവ ശക്തമാക്കുന്നതിനൊപ്പം നിലവിൽ ഈ മേഖലകളിൽ പൊതുവായി നേരിടുന്ന വെല്ലുവിളികൾ ശിൽപ്പശാല വിശദമായി ചർച്ച ചെയ്തു. സംസ്ഥാന മുതൽ ഗ്രാമതലം വരെ നൽകുന്ന ഘടനാപരമായ പിന്തുണാ സംവിധാനം, സ്ഥിരമായ ഫീൽഡ് സന്ദർശനങ്ങൾ, പരിശീലനവും പുരോഗതി അവലോകനവും ഉൾപ്പെടുന്ന പുതിയ പ്രവർത്തന രീതിയും ശിൽപ്പശാലയിൽ വിശദീകരിച്ചു.

നിലവിൽ കുടുംബശ്രീ സി.ഡീ.എസുകൾക്ക് ഐ.എസ്.ഒ. നിലവാരം നിലനിർത്തുന്നതിനുള്ള തുടർനിരീക്ഷണം നടത്തുന്നുണ്ട്.  ഇത് മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കും. ഭരണസംവിധാനത്തിന്റെ മാനദണ്ഡവൽക്കരണം, ഡിജിറ്റൽ രേഖാസംവിധാനം, നിയമപരമായ നികുതി-ഓഡിറ്റ് നടപടികൾ കൃത്യമായി പാലിക്കൽ, പ്രകടന വിലയിരുത്തലോടുകൂടിയ മാനവവിഭവ നയം, സേവനാധിഷ്ഠിത വരുമാന സംവിധാനം, കുടുംബതല ഉപജീവന പദ്ധതികളുടെ ശക്തിപ്പെടുത്തൽ, ബാങ്ക് വായ്പാ ബന്ധത്തിന്റെ ഫലപ്രദമായ നിരീക്ഷണം എന്നിവ അടിസ്ഥാനമാക്കി പുതിയ കർമ്മപദ്ധതികളും  പ്രവർത്തനരീതികളും  നടപ്പാക്കും.

ശിൽപ്പശാലയുടെ ഭാഗമായി ഓരോ സംസ്ഥാനവും മൂന്ന് മാസം കൂടുമ്പോൾ സമയബന്ധിത പ്രവർത്തനപദ്ധതി തയ്യാറാക്കാനും, പരിചയസമ്പന്നരായ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാരുടെ നേതൃത്വത്തിൽ തുടർച്ചയായ സപ്പോർട്ടീവ് സൂപ്പർവിഷൻ ഉറപ്പാക്കാനും തീരുമാനിച്ചു. ഗ്രാമസഭകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും വിവിധ വകുപ്പുകളുമായും കൂടുതൽ ഫലപ്രദമായ ഏകോപനം ഉറപ്പാക്കി, ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയുമായി (GPDP) ഉപജീവന പദ്ധതികളെ ബന്ധിപ്പിക്കാനും ശിൽപ്പശാല നിർദേശിച്ചു.

2047ഓടെ  സാമ്പത്തികമായി സ്വയംപര്യാപ്തവും സ്ഥാപനപരമായി ശക്തവുമായ വനിതാ കമ്മ്യൂണിറ്റി സ്ഥാപനങ്ങളായി ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകളെ വളർത്തിയെടുക്കുക എന്ന ദേശീയ ദർശനം യാഥാർഥ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി
ശിൽപ്പശാലയും ഇതിൽ  അംഗീകരിച്ച തുടർനടപടികളെയും വിലയിരുത്തി. കർണാടക ഉപജീവന മിഷൻ ഡയറക്ടർ ജ്യോത്സ്ന വിജയ വാസിറെഡ്ഡി ശിൽപ്പശാലയിൽ പങ്കെടുത്തു സംസാരിച്ചു.
 
തെലുങ്കാന,ആന്ധ്ര പ്രദേശ്,   തമിഴ്നാട് സംസ്ഥാനങ്ങളിലെ  ഉപജീവന മിഷൻ ഡയറക്ടർമാർ ഓൺലൈനായി ശിൽപ്പശാലയിൽ പങ്കെടുത്തു. സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺമാർ, നാഷണൽ റിസോഴ്‌സ് പേഴ്‌സൺമാർ, വിവിധ സംസ്ഥാനങ്ങളിലെ മിഷൻ ഡയറക്ടർമാർ, സ്റ്റേറ്റ് ലൈവ്ലിഹുഡ് മിഷൻ പ്രതിനിധികൾ, സ്റ്റേറ്റ് മിഷൻ മാനേജർമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ എന്നിവർ ഗ്രൂപ്പ് ചർച്ചകളിൽ പങ്കെടുത്തു. എൻ.എം.എം.യു. ദേശീയ മിഷൻ മാനേജർ ഡോ. ജൂയി ഭട്ടാചാര്യ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്യാം കുമാർ യു എന്നിവർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി .

Content highlight
National Supportive Supervision Framework: Action Plan to Strengthen Kudumbashree CDSs

കുടുംബശ്രീയിൽ കർക്കിടക ആഘോഷം

Posted on Friday, July 31, 2026

കുടുംബശ്രീ സംസ്ഥാന മിഷനിലെ ജീവനക്കാർക്കായി ആരോഗ്യകരമായ ജീവിതശൈലിയും യോഗയുടെ പ്രാധാന്യവും പ്രമേയമാക്കി കർക്കിടകാചരണം സംഘടിപ്പിച്ചു. ജീവനക്കാരുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ജീവിതശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.കുടുംബശ്രീ ഡയറക്ടർ സിന്ധു കെ .പി പരിപാടി ഉദ്ഘാടനം ചെയ്തു. ചീഫ് ഫിനാൻസ് ഓഫീസർ അജയ കുമാർ കെ.എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജയശ്രീ ടി.വി എന്നിവർ പങ്കെടുത്തു.

 

'ലൈഫ് സ്റ്റൈൽ ആൻഡ് ഹെൽത്ത്' വിഷയത്തിൽ ചെട്ടിവിളാകം സർക്കാർ ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ് കെ.ജി. ക്ലാസെടുത്തു. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ആരോഗ്യകരമായ ദിനചര്യയും ഭക്ഷണക്രമവും പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു.
തുടർന്ന് വട്ടിയൂർക്കാവ് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലെ യോഗ ഇൻസ്ട്രക്ടർ ഡോ. ലക്ഷ്മി പി.ബി. 'ഓഫീസ് യോഗ – ഒരു പ്രായോഗിക സമീപനം എന്ന വിഷയത്തിൽ പരിശീലനം നൽകി. ഓഫീസിൽ ജോലി ചെയ്യുന്നതിനിടെ എളുപ്പത്തിൽ ചെയ്യാവുന്ന യോഗാഭ്യാസങ്ങളും ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്ന വ്യായാമമുറകളും ജീവനക്കാർക്ക് പരിചയപ്പെടുത്തി.

പരിപാടിയുടെ ഭാഗമായി ജീവനക്കാർക്ക് യോഗ പരിശീലനവും സംഘടിപ്പിച്ചു. 

കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പരമ്പരാഗത വിഭവങ്ങളായ കർക്കിടക കഞ്ഞിയും പത്തില തോരനും വിതരണം ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Content highlight
Karkidaka Fest organized at Kudumbashree State Mission Office