കുടുംബശ്രീ സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ - മാനസിക പിന്തുണയും തുടര്‍സേവനങ്ങളും ലഭ്യമാക്കിയത് ഇതു വരെ 7991 പേര്‍ക്ക്

Posted on Tuesday, July 21, 2026

പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ പിന്തുണാ സംവിധാനമൊരുക്കി കുടുംബശ്രീയുടെ സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ ശ്രദ്ധ നേടുന്നു. പോലീസ് സംവിധാനവുമായി ചേര്‍ന്നുകൊണ്ട് കുടുംബശ്രീ നടത്തുന്ന പദ്ധതിയാണിത്.   സംസ്ഥാനത്ത് ഡി.വൈ.എസ്.പി/ എ.സി.പി ഓഫീസുകളുടെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രങ്ങളിലൂടെ മാനസിക പിന്തുണയും  തുടര്‍ സേവനങ്ങളും ആവശ്യമായവര്‍ക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ വഴി സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും ഉള്‍പ്പെടെ ഇതുവരെ 7991 പേര്‍ക്ക്  മാനസിക പിന്തുണയും തുടര്‍ സേവനങ്ങളും ലഭ്യമാക്കി.

ആഭ്യന്തര വകുപ്പുമായി സഹകരിച്ചു കൊണ്ട് 2025 മാര്‍ച്ചിലാണ് പദ്ധതിയുടെ തുടക്കം. നിലവില്‍ സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിലായി 84 സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗാര്‍ഹിക പീഡനം, കുടുംബ പ്രശ്നങ്ങള്‍, മദ്യപാനം, ലഹരി ഉപയോഗം, മൊബൈല്‍ അഡിക്ഷന്‍, സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ എന്നിവയാണ് പോലീസ് സ്റ്റേഷനുകളില്‍ നിന്ന് സെന്‍ററുകളിലേക്ക് ഏറ്റവും കൂടുതല്‍ റഫര്‍ ചെയ്യുന്ന കേസുകള്‍. നിലവില്‍ ആഴ്ചയില്‍ രണ്ടു ദിവസം വീതമാണ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകളുടെ പ്രവര്‍ത്തനം. സേവനങ്ങളുടെ ആവശ്യകത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രവൃത്തിദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതും പരിഗണനയിലാണ്.

സെന്‍ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തര വകുപ്പും കുടുംബശ്രീയും വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന സബ് ഇന്‍സ്പെക്ടര്‍മാര്‍ക്കുളള ട്രെയിനിങ്ങ് സിലബസില്‍ സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്‍ററുകളെ കുറിച്ചും ഇതിലൂടെ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചുമുള്ള അവബോധ പരിശീലനം ഉള്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ജില്ലാതലത്തില്‍ വിവിധ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര വകുപ്പും കുടുംബശ്രീയും സംയുക്തമായി പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. എക്സ്റ്റന്‍ഷന്‍ സെന്‍ററുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് വിവിധ ഘട്ടങ്ങളിലായി വിദഗ്ദ പരിശീലനങ്ങളും ലഭ്യമാക്കി വരികയാണ്.
 
പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി എല്ലാ മാസവും കുടുംബശ്രീ ജില്ലാമിഷന്‍റെയും ജില്ലാ പോലീസ് മേധാവിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല മോണിട്ടറിങ്ങ് കമ്മിറ്റിയും കൂടാറുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ റൂറല്‍ തലത്തിലും സിറ്റി തലത്തിലുമാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്.

Content highlight
Kudumbashree Snehitha Police Extension Centres - Delivered psychosocial support and follow-up services to 7,991 beneficiaries to date.