'കുടുംബശ്രീ ഒരു നേര്ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരം നാലാം സീസണിന് തുടക്കം - ഓഗസ്റ്റ് 31 വരെ ചിത്രങ്ങള്‍ അയക്കാം
- 156 views
കുടുംബശ്രീയുടെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പി.ഐ. ശ്രീവിദ്യ ഐ.എ.എസ് ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 11 ഓടെ തിരുവനന്തപുരത്തുള്ള കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസിലെത്തിയ നിയുക്ത എക്‌സിക്യൂട്ടീവ് ഡയറക്ടറെ കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് സ്വീകരിച്ചു. സ്ഥാനമൊഴിയുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐ.എ.എസ് ചുമതല കൈമാറി. കര്‍ണ്ണാടക കേഡര്‍ ഐ.എ.എസ് ഓഫീസറായ ശ്രീവിദ്യ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കോവിഡ് പ്രതിസന്ധിയിലകപ്പെട്ട അയല്‍ക്കൂട്ടങ്ങളെ സഹായിക്കുന്നതിനായി കുടുംബശ്രീ എ.ഡി.എസുകള്‍ക്ക് ഓരോ ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനത്തിലെ വാര്‍ഡ്തലത്തിലുള്ള സംവിധാനമാണ് എ.ഡി.എസ് (ഏരിയ ഡെവലപ്പ്മെന്റ് സൊസൈറ്റി). കേരളത്തിലെ 20,000 എ.ഡി.എസുകള്‍ക്കായി 200 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്. അട്ടപ്പാടിയിലെ ഊരുസമതികള്‍ക്ക് ഉള്‍പ്പെടെ ഈ സഹായം ലഭിക്കും.
ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അര്‍ഹതാ മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ഈ എ.ഡി.എസുകള്‍, അയല്‍ക്കൂട്ടങ്ങള്‍ക്ക് തുക നല്‍കുക. കോവിഡ് മൂലം ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങളുള്ള അയല്‍ക്കൂട്ടങ്ങള്‍ക്കാണ് തുക ലഭിക്കുക. ഇത് അയല്‍ക്കൂട്ടങ്ങള്‍ റിവോള്‍വിങ് ഫണ്ടായി ഉപയോഗിക്കും. തങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ക്കും ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കും ജീവനോപാധികള്‍ വീണ്ടെടുക്കാനും അയല്‍ക്കൂട്ടങ്ങള്‍ക്ക് ഈ തുക ഉപയോഗിക്കാനാകും.
കേരളത്തിന്റെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീയില്‍ സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് ഭൂരിഭാഗം അംഗങ്ങളും. കോവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങായി അവര്‍ക്ക് നേരിട്ട് സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയിലൂടെ ഈ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിരിക്കുന്നത്. ഏറ്റവും മികച്ച സംഘടനാ സംവിധാനമുള്ള കുടുംബശ്രീ വഴി തുകയുടെ കൃത്യമായ വിനിയോഗം ഉറപ്പുവരുത്താനും ഇത് വഴി സര്‍ക്കാരിന് കഴിയും. ഇതിനായുള്ള പ്രൊപ്പോസലും മാതൃകാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് കുടുംബശ്രീ സമര്‍പ്പിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് തുക എ.ഡി.എസുകള്‍ക്ക് വിതരണം ചെയ്യും.
കോവിഡ് -19 ന്റെ ഭാഗമായി വിവിധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ഏറ്റെടുത്ത് നടപ്പിലാക്കി വരികയാണ്. 2021 മേയ് 14ാം തീയതിയിലെ മുഖ്യമന്ത്രിയുടെ യോഗത്തില്‍ എ.ഡി.എസുകള്‍ക്കുള്ള ധനസഹായം കൂടാതെ കുടുംബശ്രീയെ സംബന്ധിച്ച മറ്റ് രണ്ട് തീരുമാനങ്ങള്‍ കൂടി കൈക്കൊണ്ടിരുന്നു. കോവിഡിന്റെ ഒന്നാം തരംഗ കാലയളവില്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ 2022 മാര്‍ച്ച് മാസത്തില്‍ ലഭിക്കേണ്ട പലിശ സബ്‌സിഡി (93 കോടി രൂപ) ഈ വര്‍ഷം തന്നെ മുന്‍കൂറായി ലഭ്യമാക്കും. കൂടാതെ പ്രളയകാലത്ത് പ്രഖ്യാപിച്ച് നടപ്പിലാക്കിയ റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം പ്രകാരമുള്ള മൂന്നാം വര്‍ഷത്തെ പലിശ സബ്‌സിഡിയും (76 കോടി രൂപ) മുന്‍കൂറായി ലഭ്യമാക്കും.
മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി പ്രകാരം 2.30 ലക്ഷം അയല്‍ക്കൂട്ടങ്ങളിലെ 25.17 ലക്ഷം അയല്‍ക്കൂട്ടാംഗങ്ങള്‍ 1917.55 കോടി രൂപ പലിശരഹിത വായ്പയെടുത്തിരുന്നു. പലിശ സബ്സിഡിയുടെ ഒന്നാം ഗഡു 165 കോടി രൂപ സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കി മാര്‍ച്ച് മാസത്തില്‍ അയല്‍ക്കൂട്ടാംഗങ്ങളിലേക്കെത്തിച്ചു. മുന്‍കൂര്‍ പലിശ സബ്‌സിഡിക്ക് വേണ്ട പ്രൊപ്പോസല്‍ ധനകാര്യ വകുപ്പിലേക്ക് എത്തിക്കുകയും വകുപ്പിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു കഴിഞ്ഞു. ഉടന്‍ തന്നെ പലിശ സബ്സിഡി അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കും. റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം പ്രകാരം പ്രളയബാധിതരായ 30,267 അയല്‍ക്കൂട്ടങ്ങളിലെ 2,02,789 അംഗങ്ങള്‍ 1794.02 കോടി രൂപയാണ് പലിശരഹിത വായ്പ എടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ഈ പലിശരഹിത വായ്പയുടെ സബ്സിഡി ലഭ്യമാക്കിയത്. ആദ്യ വര്‍ഷം 131 കോടി രൂപയും രണ്ടാം വര്‍ഷം 129.87 കോടി രൂപയും കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇത്തരത്തില്‍ പലിശ സബ്സിഡിയായി ലഭ്യമാക്കിയിരുന്നു. ഇതിന്റെ മൂന്നാം വര്‍ഷത്തെ മുന്‍കൂര്‍ സബ്‌സിഡിക്കുള്ള പ്രൊപ്പോസല്‍ ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചു കഴിഞ്ഞു. അതും ലഭിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യുന്നതാണ്.
ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലേക്കും 2024ഓടെ ശുദ്ധമായ കുടിവെള്ളം മതിയായ അളവില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയായ ജലജീവന്‍ മിഷന്റെ ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീയ്ക്ക് അവസരം. കേരളത്തില്‍ ജലവിഭവ വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി 262 പഞ്ചായത്തുകളില്‍ ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് കുടുംബശ്രീയ്ക്ക് ലഭിച്ചിച്ചത്. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലജീവന്‍ മിഷന്റെ പ്രോജക്ടുകള്‍ ഇംപ്ലിമെന്റ് ചെയ്യാനുള്ള ഏജന്‍സികള്‍ (പദ്ധതി നിര്‍വ്വഹണ ഏജന്‍സികള്‍) നിലവിലുണ്ട്. ജലജീവന്‍ മിഷന്റെ ഭാഗമായി വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ടെന്‍ഡര്‍ വഴിയോ ക്വൊട്ടേഷന്‍ വഴിയോ ഏറ്റെടുത്ത് നടത്തുന്ന ഈ പദ്ധതി നിര്‍വ്വഹണ ഏജന്‍സികളെ പിന്തുണയ്ക്കുകയാണ് ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സികള്‍ ചെയ്യേണ്ടത്. നേരത്തേ വിവിധ ജില്ലകളില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി പൈപ്പ് കണക്ഷനും മറ്റും നല്‍കുന്ന രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യാനുള്ള അവസരങ്ങള്‍ കുടുംബശ്രീയുടെ എറൈസ് (അഞകടഋ) മള്‍്ടടി ടാസ്‌ക് ടീമുകള്‍ക്കും ലഭിച്ചിരുന്നു.
ജലജീവന്‍ മിഷന്റെ ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ എന്‍.ജി.ഒകള്‍ക്കും സര്‍ക്കാര്‍ മിഷനുകള്‍ക്കും അവസരുമുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് സാധ്യമായ പഞ്ചായത്തുകളിലൊക്കെ ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായി ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ കുടുംബശ്രീ പങ്കെടുത്തത്. 262 പഞ്ചായത്തുകളില്‍ അവസരവും ലഭിച്ചു. മറ്റ് പഞ്ചായത്തുകളില്‍ പ്രാദേശികമായ എന്‍.ജി.ഒകളാണ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത്.
ജലജീവന്‍ മിഷന്റെ ആവശ്യപ്രകാരം രണ്ട് രീതിയിലാണ് ഇംപ്ലിമെന്റിങ് സപ്പോര്‍ട്ടിങ് ഏജന്‍സിയുടെ പ്രവര്‍ത്തനം നടത്തേണ്ടത്. പദ്ധതി നിര്‍വ്വഹണം 7 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട സ്ഥലങ്ങളില്‍ 5 പേരെയും 18 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പഞ്ചായത്തുകളില്‍ 3 പേരെയും നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ജലജീവന്‍ മിഷന്റെ ലക്ഷ്യങ്ങളുടെ കൃത്യമായി പൂര്‍ത്തിയാക്കല്‍, പദ്ധതി നിര്‍വ്വഹണം എന്നിവയുടെ മേല്‍നോട്ടം നടത്തേണ്ടതും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിച്ച് പദ്ധതി നിര്‍വ്വഹണം സുഗമമാക്കേണ്ടതും പഞ്ചായത്തിനെയും നിര്‍വ്വഹണ ഏജന്‍സിയെയും എ്ല്ലാവിധത്തിലും പിന്തുണയ്‌ക്കേണ്ടതും ഇംപ്ലിമെന്റിങ് സപ്പോര്‍ട്ടിങ് ഏജന്‍സിയാണ്.
ഒരു പഞ്ചായത്തില്‍ ഏഴ് മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 8.30 ലക്ഷം രൂപയും 18 മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ 17.26 ലക്ഷം രൂപയുമാണ് ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിക്ക് ലഭിക്കുക. കുടുംബശ്രീയ്ക്ക് ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച പഞ്ചായത്തുകളില്‍ സി.ഡി.എസുകളെയാകും കുടുംബശ്രീ ടീമിന്റെ മേല്‍നോട്ടം എല്‍പ്പിക്കുക. ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചതിലൂടെ സംസ്ഥാനത്തൊട്ടാകെ 750ലേറെപ്പേര്‍ക്ക് വരുമാനം നേടിക്കൊടുക്കാനും കഴിയും.
കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കുന്ന ഹോം ഷോപ്പ് ശൃംഖല 13 ജില്ലകളിലും പ്രവര്‍ത്തനം ആരംഭിച്ച് മുന്നേറുന്നു. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ പൊതുജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുന്നതിനായി വിപണന മേളകള്‍, സ്ഥിരവിപണന കേന്ദ്രങ്ങള്‍, ഓണ്‍ലൈന്‍ മുഖേനയുള്ള വിപണനം എന്നിവയ്‌ക്കൊപ്പമാണ് ഹോം ഷോപ്പ് സംവിധാനവും ആരംഭിച്ചത്. കേരളത്തിലെ 14 ല്‍ 13 ജില്ലകളിലും ഹോംഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
ഹോംഷോപ്പ് ശൃംഖലയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഒരു മാനേജ്‌മെന്റ് ടീമാണ്. ഈ ടീമിന്റെ നേതൃത്വത്തില്‍ സംരംഭകരില്‍ നിന്ന് ഉത്പന്നങ്ങള്‍ ശേഖരിച്ച്, സംഭരിച്ച് ഹോം ഷോപ്പ് ഓണര്‍മാരിലൂടെ ഉത്പന്നങ്ങള്‍ വീടുകളിലേക്ക് എത്തിക്കുന്നു. ഈ ഒരു മാതൃകയാണ് കേരളത്തിലുടനീളം ഹോംഷോപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ സ്വീകരിച്ചിരിക്കുന്നതും. ഒരു ജില്ലയില്‍ ഒന്നോ അതിലധികമോ ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീം ഉണ്ടാകാം. ഓരോ ഹോം ഷോപ്പ് മാനേജ്‌മെന്റ് ടീമിന്റെ കീഴിലും അനവധി ഹോംഷോപ്പ് ഓണര്‍മാരുമുണ്ടാകും. ഹോം ഷോപ്പ് ഓണര്‍മാരുടെ ശൃംഖലയിലൂടെ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി ഒരുക്കി നല്‍കുന്നതിനൊപ്പം മാര്‍ക്കറ്റിങ് മേഖലയിലെ സേവനദാതാക്കളായ ഈ ഹോം ഷോപ്പ് ഓണര്‍മാര്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
നിലവില്‍ കേരളത്തില്‍ മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലുമായി 19 ഹോംഷോപ്പ് മാനേജ്‌മെന്റ് ടീമുകളാണുള്ളത്. കാസര്‍ഗോഡ്, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ട് വീതവും കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, വയനാട്, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഒന്ന് വീതവും. ഈ മാനേജ്‌മെന്റുകളുടെ എല്ലാം കീഴിലായി 1861 ഹോം ഷോപ്പ് ഓണര്‍മാരുമുണ്ട്. ഇതില്‍ 602 ഹോം ഷോപ്പ് ഓണര്‍മാരുള്ള കോഴിക്കോട് ജില്ല മികച്ച പ്രവര്‍ത്തന നേട്ടമാണ് കൈവരിച്ചുവരുന്നത്. നിലവില്‍ 320 കുടുംബശ്രീ സംരംഭങ്ങളില്‍ നിന്നുള്ള 749 ഉത്പന്നങ്ങളാണ് സംസ്ഥാനമൊട്ടാകെയുള്ള ഹോം ഷോപ്പ് വിപണന ശൃംഖലയുടെ ഭാഗമായി വില്‍ക്കുന്നത്. ഈ വര്‍ഷം തന്നെ എല്ലാ ജില്ലകളിലെയും പരമാവധി കുടുംബശ്രീ സംരംഭകരെയും ഹോംഷോപ്പ് സംവിധാനത്തിന്റെ ഭാഗമാക്കിക്കൊണ്ട് ഹോം ഷോപ്പ് ഓണര്‍മാരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.
കോവിഡ് -19നെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കാലയളവില്‍ വീടുകളില്‍ പോയി വിപണനം നടത്തുന്നതിന് തടസ്സം നേരിട്ടുണ്ടെങ്കിലും ഹോം ഷോപ്പ് പദ്ധതി മികച്ച പുരോഗതി കൈവരിക്കുന്നുണ്ട്. 2021 ജനുവരിയില്‍ 91.58 ലക്ഷം രൂപ, ഫെബ്രുവരിയില്‍ 1.09 കോടി രൂപ, മാര്‍ച്ചില്‍ 90.27 ലക്ഷം രൂപ, ഏപ്രിലില്‍ 75.19 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു ഹോം ഷോപ്പ് മുഖേനയുള്ള ആകെ വിറ്റുവരവ്. കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി വീണ്ടും ലോക്ഡൗണ്‍ നിലവില്‍ വന്ന മേയ് മാസത്തില്‍ 21.45 ലക്ഷം രൂപയുടെ വിപണനവും ഹോംഷോപ്പിലൂടെ നടന്നു.
റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളോ സബ് റീജ്യണല്‍ ആര്‍.ടി ഓഫീസുകളോ ഇല്ലാത്ത, പൊതുജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്ന ഇടങ്ങളില്‍ (ബസ് സ്റ്റാന്‍ഡ്, കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി ഓഫീസുകള്‍....തുടങ്ങിയ) ഇ- സേവാ കിയോസ്‌കുകള്‍ ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റേതുള്‍പ്പെടെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കുടുംബശ്രീയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചു. ഇത്തരത്തില്‍ 100 ഇ- സേവാ കിയോസ്‌കുകള്‍ സ്ഥാപിക്കാനുള്ള അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. ഇതിനായുള്ള ഇടങ്ങളും സംരംഭങ്ങള്‍ നടത്താന്‍ താത്പര്യമുള്ള അയല്‍ക്കൂട്ടാംഗങ്ങളെയും ജില്ലാ മിഷന്‍ കണ്ടെത്തി, മോട്ടോര്‍ വാഹന വകുപ്പില്‍ അറിയിച്ച ശേഷം സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി നടപ്പിലാക്കാനാണ് ജനുവരിയില്‍ നടത്തിയ സംയുക്ത യോഗം തീരുമാനിച്ചിരിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പിന്റേത് കൂടാതെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങളും ഈ കിയോസ്‌കുകള്‍ വഴി നല്‍കാനും അനുമതിയുണ്ട്. മോട്ടോര്‍ വാഹന വകുപ്പ്- ഇ സേവാ കിയോസ്‌ക് എന്നാകും ഈ സംരംഭങ്ങള്‍ അറിയപ്പെടുക. ഇപ്രകാരം ലാഭകരമായി സേവന കിയോസ്‌കുകള്‍ ആരംഭിക്കാനുള്ള ഇടവും അതിന് താത്പര്യമുള്ള സംരംഭകരെയും കണ്ടെത്താനായി ജില്ലാ ടീമുകള്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രൊപ്പോസല്‍ ലഭിച്ച ശേഷം ഇത് ക്രോഡീകരിച്ച് മോട്ടോര്‍ വാഹന വകുപ്പിന് നല്‍കി, ഉത്തരവ് ലഭ്യമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.
കുടുംബശ്രീയും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഇ- സേവാ കേന്ദ്രങ്ങള്‍ എന്ന പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ഓരോ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലും സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലും ഇ- സേവാ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുള്ള വിവിധ സേവനങ്ങള്‍ അതുവഴി നല്‍കുന്ന പദ്ധതിയാണിത്. കേരളത്തിലെ വിവിധ റീജ്യണല്‍, സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളോട് അനുബന്ധിച്ച് 53 ഇ-സേവാ കേന്ദ്രങ്ങളാണ് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇ- സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള അനുമതി 2016ലാണ് ലഭിച്ചത്. ശേഷിക്കുന്ന റീജ്യണല്‍, സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളോട് ചേര്‍ന്ന് ഇത്തരത്തില്‍ ഇ- സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങളും അതാത് ജില്ലകളിലെ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ ഇപ്പോള്‍ നടപ്പിലാക്കി വരികയാണ്.
തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിനെതിരായ ബോധവല്‍ക്കരണ പരിശീലനത്തിലൂടെ ആരോഗ്യപൂര്‍ണവും മൂല്യാധിഷ്ഠിതവുമായ ഒരു പുതുതലമുറയെ സൃഷ്ടിക്കാന്‍ വഴിയൊരുങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 32,627 ബാലസഭകളിലെ അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന 'ഒരു കുഞ്ഞു പരീക്ഷ'യുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 അതിവ്യാപനം കാരണം കുട്ടികള്‍ക്ക് പരസ്പരം ഒത്തുചേരുന്നതിനോ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോ കഴിയാത്ത സാഹചര്യത്തില്‍ അടച്ചിടലിന്‍റെ വിരസത ഒഴിവാക്കുന്നതിനും കോവിഡ് 19 മഹാമാരിയെ കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവരെ ബോധവല്‍ക്കരിക്കുന്നതിനുമാണ് 'ഒരു കുഞ്ഞുപരീക്ഷ' സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മോഡല്‍ പരീക്ഷ, കാല്‍ക്കൊല്ല പരീക്ഷ, അരക്കൊല്ല പരീക്ഷ, കൊല്ലപരീക്ഷ എന്നിങ്ങനെ നാലു ഘട്ടങ്ങളിലായി ഓണ്‍ലൈനായിട്ടാണ് 'ഒരു കുഞ്ഞു പരീക്ഷ' നടത്തുക. പരീക്ഷയുടെ ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കാനുള്ള ആശയങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കു ന്നതിനും അതോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വന്തം വീട്ടില്‍ എത്രത്തോളം നടപ്പാക്കുന്നു എന്ന് നിരന്തരം വിലയിരുത്തുന്നതിന് കുട്ടികളെ സജ്ജരാക്കുകയും ചെയ്യുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
'ഒരു കുഞ്ഞു പരീക്ഷ' യുടെ ഭാഗമായി ഇന്നലെ ആരംഭിച്ച മോഡല്‍ പരീക്ഷയ്ക്ക് ആവേശകരമായ പ്രതികരണമാണ് സംസ്ഥാനത്തെ എല്ലാ ബാലസഭകളില്‍ നിന്നും ലഭിച്ചത്. പരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അതത് കുടുംബശ്രീ സി.ഡി.എസ് എ.ഡി.എസ് മുഖേന ഓരോ വാര്‍ഡിലുമുള്ള ബാലസഭാംഗങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. നാലര ലക്ഷം കുട്ടികളാണ് ഇന്നലെ(10-6-2021) മോഡല്‍ പരീക്ഷയില്‍ പങ്കെടുത്തത്. എല്ലാ പരീക്ഷയിലും കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍, മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാവുക. രാവിലെ പത്തര മുതല്‍ രാത്രി പത്തര വരെയുള്ള ഏതു സമയത്തും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാം. നാല് പരീക്ഷകളില്‍ പങ്കെടുക്കുമ്പോഴേക്കും കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കുടുംബശ്രീയുടെ പ്രതീക്ഷ. അടുത്ത പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.
സംസ്ഥാനമൊട്ടാകെയുള്ള ബാലസഭാ റിസോഴ്സ് പേഴ്സണ്‍മാര്‍, ബ്ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, എ.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയാണ് പരീക്ഷയില്‍ ബാലസഭാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നത്. സംസ്ഥാന ജില്ലാ മിഷനുകള്‍ ഇതിനാവശ്യമായ മേല്‍നോട്ടം വഹിക്കും. ഏറ്റവും മികച്ച പങ്കാളിത്തം ഉറപ്പിക്കുന്ന സി.ഡി.എസിനും ജില്ലകള്‍ക്കും പാരിതോഷികങ്ങള്‍ നല്‍കിക്കൊണ്ട് കൂടുതല്‍ കുട്ടികളെ പരീക്ഷയില്‍ പങ്കെടുപ്പിക്കുന്നതിനും ബോധവല്‍ക്കരണം നല്‍കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു.
സോഷ്യല്‍ ഡെവലപ്മെന്‍റ് പ്രോഗ്രാം ഓഫീസര്‍ അനു ആര്‍.എസ് സ്വാഗതം പറഞ്ഞു. കോവിഡ് പ്രതിരോധ സന്ദേശങ്ങള്‍ സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുന്നതിനായി കുടുംബശ്രീ നടത്തി വരുന്ന വിവിധ മാര്‍ഗങ്ങളുടെ തുടര്‍ച്ചയാണ് ബാലസഭാംഗങ്ങള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന 'ഒരു കുഞ്ഞു പരീക്ഷ'യെന്ന ബോധവല്‍ക്കരണ പരിപാടിയെന്നും, ഇതുവഴി കുട്ടികളിലൂടെ ഓരോ കുടുംബങ്ങളിലേക്കും കോവിഡ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍(ലൈവ്ലിഹുഡ്) നവീന്‍. സി ആശംസാ പ്രസംഗം നടത്തി. സോഷ്യല്‍ ഡെവലപ്മെന്‍റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍.പി.രാജന്‍ നന്ദി പറഞ്ഞു.
* പ്രത്യേക ഉപജീവന പാക്കേജിന്റെ വിഹിതം 100 കോടി രൂപയായി വര്‍ധിപ്പിച്ചു
*അതിദാരിദ്ര്യ ലഘൂകരണ പദ്ധതിയ്ക്കും കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്ന യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും പത്തു കോടി രൂപ വീതം
* സ്മാര്‍ട്ട് കിച്ചണ് അഞ്ചു കോടി രൂപ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റില്‍ കുടുംബശ്രീയ്ക്ക് മികച്ച പരിഗണന. നിലവിലുള്ള പ്രത്യേക ഉപജീവന പാക്കേജ് വിഹിതം, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 100 കോടി രൂപയായി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 60 കോടി രൂപയായിരുന്നു. ജീവനോപാധികള്‍ നഷ്ടമായവര്‍ക്ക് പുതിയ ജീവനോപാധികള്‍ കണ്ടെത്തുന്നതിനാവശ്യമായ പരിശീലനം നല്‍കുന്നതിനും സംരംഭങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനും വേണ്ടിയാണിത്. ഇതു കൂടാതെ നിലവില്‍ 70,000ത്തോളം വരുന്ന കുടുംബശ്രീ കര്‍ഷക സംഘങ്ങളിലെ അംഗങ്ങളെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി കുടുംബശ്രീ വഴി കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്ന യൂണിറ്റുകള്‍ ആരംഭിക്കാന്‍ പത്തു കോടി രൂപയും ബജറ്റില്‍ വകയിരുത്തി. തരിശുരഹിത കേരളം ലക്ഷ്യമിട്ടും ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പു വരുത്തുന്നതിനും കാര്‍ഷിക മേഖലയില്‍ കുടുംബശ്രീ നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് ഈ തീരുമാനം.
ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുക, തൊഴിലും വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുക എന്ന നയത്തിലൂന്നി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ കുടുംബശ്രീയ്ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സാമ്പത്തിക വര്‍ഷം കുടുംബശ്രീ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കും. അഞ്ചു ലക്ഷം രൂപ വരെയുളള വായ്പകള്‍ക്ക് നാലു ശതമാനം പലിശയിളവ് ലഭ്യമാക്കും. കുടുംബങ്ങളിലെ യുവതികളുടെ പ്രാതിനിധ്യം കുടുംബശ്രീയില്‍ ഉറപ്പു വരുത്തുന്നതിനായി ഈ വര്‍ഷം 10,000 ഓക്‌സിലറി അയല്‍ക്കൂട്ടങ്ങളും രൂപീകരിക്കും. കെയര്‍എക്കണോമിയിലെ തൊഴിലസവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് വയോജന പരിചരണം, ഭിന്നശേഷിക്കാരുടെ പരിചരണം തുടങ്ങിയവയില്‍ പരിശീലനം നല്‍കി ഓരോ ഗ്രാമപഞ്ചായത്തിലും ആളുകളെ ലഭ്യമാക്കും.
അതിദാരിദ്ര്യ ലഘൂകരണ പദ്ധതിക്കു വേണ്ടി പ്രാഥമികമായി 10 കോടി രൂപ വകയിരുത്തി. അതീവദരിദ്രരെ കണ്ടെത്താന്‍ വിശദമായ സര്‍വേ നടത്താനും ക്‌ളേശഘടകങ്ങള്‍ നിര്‍ണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി കമ്മിറ്റി രൂപീകരിച്ചു. സ്ത്രീകള്‍ക്ക് ഗാര്‍ഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച 'സ്മാര്‍ട്ട് കിച്ചണ്‍' പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിന് അഞ്ചു കോടിയും ബജറ്റില്‍ വകയിരുത്തി.
തദ്ദേശീയരായ കര്‍ഷകരില്‍ നിന്നും വിഷരഹിത നാടന്‍ പച്ചക്കറിയും പഴവര്‍ഗങ്ങളും സംഭരിച്ച് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ സ്റ്റോറുകള്‍ മുഖേന വിപണനം നടത്തും. ഇതുവഴി കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പു വരുത്താന്‍ സാധിക്കുന്നതാടൊപ്പം ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കാനും കഴിയും. ഇത്തരം സ്റ്റോറുകള്‍ ആരംഭിക്കുന്നതിനാവശ്യമായ വാഹനങ്ങള്‍, സ്റ്റോര്‍ നവീകരണം എന്നിവയ്ക്ക് കേരള ബാങ്ക് വായ്പ അനുവദിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് രണ്ടു മുതല്‍ മൂന്നു ശതമാനം വരെ സബ്‌സിഡിയും അനുവദിക്കും.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍ നല്‍കുന്ന സമഗ്ര പദ്ധതി 'നോളജ് ഇക്കണോമി മിഷ'ന്റെ കര്‍മ്മമേഖല ചലിപ്പിക്കുന്നത് കുടുംബശ്രീയുടെ ഉപദൗത്യമായി പരിഗണിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. 1048 കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, പരിശീലനത്തിനായി 152 ബ്‌ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീയുടെയും കുടുംബശ്രീ സംസ്ഥാനതല ദൗത്യ സംഘത്തിന്റെയും പരിശീലനത്തിനായുള്ള 14 ജില്ലാ പ്രോഗ്രാം എക്‌സിക്യൂട്ടീവുകള്‍ എന്നിവരും ഈ പദ്ധതിയുടെ ഭാഗമാകും.
* കോവിഡിനെതിരേ സംസ്ഥാനതല പ്രതിരോധ ബോധവല്‍ക്കരണ ക്യാമ്പെയ്ന് തുടക്കമായി
തിരുവനന്തപുരം: സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തി വരുന്ന വിപുലമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീക്ക് നിര്‍ണായക പങ്കു വഹിക്കാന്‍ സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോവിഡ് 19 നെതിരേ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, കില എന്നിവയുമായി സഹകരിച്ചു കൊണ്ട് കുടുംബശ്രീ സംഘടിപ്പിക്കുന്ന 'മിഷന്‍ കോവിഡ്-2021 പ്രതിരോധിക്കാം, സുരക്ഷിതരാകാം' പ്രതിരോധ ബോധവല്‍ക്കരണ ക്യാമ്പെയ്ന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മൂന്നു ലക്ഷത്തോളം വരുന്ന അയല്‍ക്കൂട്ടങ്ങളിലെ 45 ലക്ഷം കുടുംബങ്ങളിലേക്ക് കോവിഡ് പ്രതിരോധം സംബന്ധിച്ച അറിവും നൈപുണ്യവും എത്തിച്ചുകൊണ്ട് ഓരോ വ്യക്തിയേയും സ്വയം സുരക്ഷിതരാക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ക്യാമ്പെയ്ന്‍ വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19 രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്‍റെ വ്യാപനം രൂക്ഷമാവുകയും കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കുടുംബശ്രീ പ്രതിരോധ ക്യാമ്പെയ്നുമായി മുന്നിട്ടിറങ്ങുന്നത്. കോവിഡ് രോഗം, അതിനെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, വയോധികരുടെയും ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം, ഭക്ഷണക്രമങ്ങള്‍ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നല്‍കിയിട്ടുള്ള കൃത്യവും ശാസ്ത്രീയവുമായ അവബോധം കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 45 ലക്ഷം കുടുംബങ്ങളിലേക്കും നിരന്തരം എത്തിക്കുക എന്നതാണ് ക്യാമ്പെയ്ന്‍ വഴി നടപ്പാക്കുന്ന പ്രധാന പ്രവര്‍ത്തനം. ഇതിന്‍റെ ഭാഗമായി നിലവില്‍ കുടുംബശ്രീയുടെ കീഴിലുള്ള രണ്ടു ലക്ഷത്തോളം വാട്ട്സാപ് ഗ്രൂപ്പുകള്‍ വഴി പ്രതിരോധ മാര്‍ഗങ്ങള്‍ സംബന്ധിച്ച പോസ്റ്ററുകളും വീഡിയോകളും ഓരോ കുടുംബത്തിലേക്കും കൃത്യമായി എത്തിക്കും. ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ കൈപ്പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്.
സി.ഡി.എസ് ചെയര്‍പേഴ്സണ്‍, സി.ഡി.എസ് അക്കൗണ്ടന്‍റ്, റിസോഴ്സ് പേഴ്സണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സി.ഡി.എസ് ടീമിന്‍റെ നേതൃത്വത്തിലാണ് ഓരോ തദ്ദേശ സ്ഥാപനത്തിലും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. കുടുംബശ്രീ കുടുംബങ്ങളില്‍ കോവിഡ് പോസിറ്റീവായിരിക്കുന്ന വ്യക്തികള്‍ക്ക് മരുന്ന്, ഭക്ഷണം, ഓക്സിജന്‍, വാഹനം, കൗണ്‍സലിങ്ങ് എന്നിവ ആവശ്യമായി വരുന്ന മുറയ്ക്ക് അത് ഓരോ തദ്ദേശ സ്ഥാപനത്തിലുമുള്ള സിഡിഎസ് ടീമിന്‍റെ നേതൃത്വത്തില്‍ ലഭ്യമാക്കും. നിലവില്‍ ഗുരുതര രോഗങ്ങളുള്ളവര്‍, മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍, അവരുടെ രക്ഷിതാക്കള്‍, അംഗപരിമിതര്‍, അഗതിരഹിത കേരളം പദ്ധതിയിലെ ഗുണഭോക്താക്കള്‍ എന്നിവര്‍ക്ക് പ്രതിരോധമാര്‍ഗങ്ങള്‍ സംബന്ധിച്ച അറിവ് നല്‍കുന്നതോടൊപ്പം ആവശ്യമായ കോവിഡ്കാല പിന്തുണകളും മാനസികാരോഗ്യ നിര്‍ദേശങ്ങളും കുടുംബശ്രീ വഴി ലഭ്യമാക്കും. കൂടാതെ കോവിഡ് സംബന്ധമായി സര്‍ക്കാരും കുടുംബശ്രീയും നല്‍കുന്ന നിര്‍ദേശങ്ങളും അറിവുകളും സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള വിവരങ്ങളും സമയബന്ധിതമായി മുഴുവന്‍ അയല്‍ക്കൂട്ട കുടുംബങ്ങളിലും എത്തിക്കും. എല്ലാ അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കും വാക്സിനേഷനെ സംബന്ധിച്ച അറിവ് നല്‍കുകയും ആവശ്യമുള്ളവര്‍ക്ക് വാക്സിന്‍ രജിസ്ട്രേഷനുള്ള പിന്തുണ നല്‍കി മുഴുവന്‍ അയല്‍ക്കൂട്ടങ്ങളും വാക്സിന്‍ എടുത്തുവെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. തദ്ദേശ ഭരണതലത്തില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂം, ഹെല്‍പ് ഡെസ്ക് എന്നിവയ്ക്കാവശ്യമായ പിന്തുണകളും ലഭ്യമാക്കും.
ആരോഗ്യവകുപ്പിന്‍റെയും കിലയുടെയും നേതൃത്വത്തില്‍ മികച്ച പരിശീലനം ലഭിച്ച 2200 ഓളം റിസോഴ്സ് പേഴ്സണ്‍മാര്‍, 1064 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, എ.ഡി.എസ് പ്രവര്‍ത്തകര്‍, അയല്‍ക്കൂട്ടങ്ങളില്‍ നിന്നും തിരഞ്ഞെടുത്തിട്ടുള്ള അഞ്ചംഗഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ റെസ്പോണ്‍സ് ടീം എന്നിവര്‍ ഉള്‍പ്പെടുന്ന ത്രിതല സംഘടനാ സംവിധാനത്തിലെ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ഇവര്‍ക്കാവശ്യമായ സാങ്കേതിക പിന്തുണകള്‍ സംസ്ഥാന ജില്ലാ മിഷനുകള്‍ ലഭ്യമാക്കും.
ഒരു റിസോഴ്സ് പേഴ്സണ് രണ്ട് സി.ഡി.എസുകളുടെ ചുമതല ഉണ്ടാവും. ഇതു കൂടാതെ അതത് വാര്‍ഡിലെ എ.ഡി.എസ് ഭാരവാഹികളും, കുടുംബശ്രീയുമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ മറ്റ് പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന എ.ഡി.എസ് ടീമും, ജില്ലാതല കോര്‍ കമ്മിറ്റിയും സംസ്ഥാനതല കോര്‍ ഗ്രൂപ്പും ക്യാമ്പെയ്ന്‍റെ ഭാഗമായി പ്രവര്‍ത്തിക്കും. മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളിലെ ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും അഞ്ചംഗ ഭരണ സമിതി അംഗങ്ങളെയും ക്യാമ്പെയ്നു വേണ്ടി വൊളന്‍റിയര്‍മാരായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇതു പ്രകാരം പതിനഞ്ച് ലക്ഷത്തോളം വൊളന്‍റിയര്‍മാരാണ് തദ്ദേശ സ്ഥാപനങ്ങളില്‍ കുടുംബശ്രീ റെസ്പോണ്‍സ് ടീമായി പ്രവര്‍ത്തിക്കുക. കൂടാതെ തദ്ദേശതല ജാഗ്രതാ സമിതികളും റാപ്പിഡ് റെസ്പോണ്‍സ് ടീമും ഉണ്ടാകും.
മുഴുവന്‍ ക്യാമ്പെയ്ന്‍ പ്രവര്‍ത്തങ്ങളും കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്‍റെ തനതു പ്രവര്‍ത്തനമായി മാറ്റിക്കൊണ്ട് അടുത്ത വര്‍ഷം വരെ തുടര്‍ന്നു പോകാനാണ് ഉദ്ദേശിക്കുന്നത്. ലോക്ക്ഡൗണ്‍ സമ്പൂര്‍ണ ഇളവ് പ്രഖ്യാപിക്കും വരെ ഇതുമായി ബന്ധപ്പെട്ട എല്ലാ പരിശീലനങ്ങളും ഓണ്‍ലൈന്‍ വഴിയായിരിക്കും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച കുടുംബശ്രീ ഡിസിന്‍ഫെക്ഷന്‍ ടീമുകള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മികച്ച സേവനങ്ങളേകി പ്രധാന സേവനദാതാക്കളായി പ്രവര്‍ത്തനം തുടരുന്നു. 2020 ഒക്ടോബര്‍ മുതല്‍ മേയ് 9 വരെ ഈ യൂണിറ്റുകള്‍ക്കെല്ലാമായി 2568 വര്‍ക്ക് ഔഡറുകള്‍ ലഭിക്കുകയും 57,77,863 രൂപയുടെ വരുമാനം നേടാനുമായിട്ടുണ്ട്. 14 ജില്ലകളിലുമായി 125 ഡിസിന്‍ഫെക്ഷന്‍ ടീമുകള്‍ ഇപ്പോഴുണ്ട്. 686 പേര്‍ ഈ യൂണിറ്റുകളില്‍ അംഗങ്ങളായുണ്ട്. 2020 ഓഗസ്റ്റ് മാസത്തിലാണ് ഒരു പുതിയ വരുമാനമാര്‍ഗ്ഗം അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി ഡിസിന്‍ഫെക്ഷന്‍ ടീമുകളുടെ രൂപീകരണം എന്ന ആശയം കുടുംബശ്രീ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്.
മറ്റ് വരുമാനമാര്‍ഗ്ഗങ്ങള്‍ ഇല്ലാതാകുമ്പോള്‍ പുതിയൊരു വരുമാനമാര്‍ഗ്ഗം ലഭ്യമാക്കുകയെന്നതിനുപരിയായി കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ സമൂഹത്തിന് ഏറ്റവും ആവശ്യമായ സേവനങ്ങളിലൊന്ന് നല്‍കാനാകുമെന്ന പ്രചോദനവും ഈ ആശയം പ്രാവര്‍ത്തികമാക്കിയതിന് ഹേതുവായി. വീടുകളിലോ ഓഫീസുകളിലോ ഒക്കെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടവര്‍ക്ക് സംരംഭ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഡിസിന്‍ഫെക്ഷന്‍ ടീമുകളുടെ സേവനം ഉപയോഗിക്കാനാകുന്നതാണ്. ആ നമ്പരുകള്‍ താഴെ നല്‍കുന്നു.
1. തിരുവനന്തപുരം - 9048503553
2. കൊല്ലം - 9846562666
3. പത്തനംതിട്ട - 9645323437
4. ആലപ്പുഴ - 9645754081
5. കോട്ടയം - 9074457224
6. ഇടുക്കി - 9074876440
7. എറണാകുളം - 9947767743
8. തൃശ്ശൂര്‍ - 8086673619
9. പാലക്കാട് - 8943689678
10. മലപ്പുറം - 9633039039
11. കോഴിക്കോട് - 9447338881
12. വയനാട് - 8848478861
13. കണ്ണൂര്‍ - 8848295415
14. കാസര്‍ഗോഡ് - 8129935749
ഡിസിന്‍ഫെക്ഷന്‍ ടീമുകളുടെ ജില്ലതിരിച്ചുള്ള വിശദാംശങ്ങളും ലഭിച്ച വര്‍ക്ക് ഓര്‍ഡറുകളും വരുമാനവുമൊക്കെ https://www.kudumbashree.org/pages/890 എന്ന ലിങ്കില്‍ ലഭ്യമാണ്.