Posted on Saturday, June 5, 2021

* പ്രത്യേക ഉപജീവന പാക്കേജിന്റെ വിഹിതം 100 കോടി രൂപയായി വര്‍ധിപ്പിച്ചു
*അതിദാരിദ്ര്യ ലഘൂകരണ പദ്ധതിയ്ക്കും കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്ന യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും പത്തു കോടി രൂപ വീതം
* സ്മാര്‍ട്ട് കിച്ചണ് അഞ്ചു കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റില്‍ കുടുംബശ്രീയ്ക്ക് മികച്ച പരിഗണന. നിലവിലുള്ള പ്രത്യേക ഉപജീവന പാക്കേജ് വിഹിതം, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 100 കോടി രൂപയായി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 60 കോടി രൂപയായിരുന്നു. ജീവനോപാധികള്‍ നഷ്ടമായവര്‍ക്ക് പുതിയ ജീവനോപാധികള്‍ കണ്ടെത്തുന്നതിനാവശ്യമായ പരിശീലനം നല്‍കുന്നതിനും സംരംഭങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനും വേണ്ടിയാണിത്. ഇതു കൂടാതെ നിലവില്‍ 70,000ത്തോളം വരുന്ന കുടുംബശ്രീ കര്‍ഷക സംഘങ്ങളിലെ അംഗങ്ങളെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി കുടുംബശ്രീ വഴി കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്ന യൂണിറ്റുകള്‍ ആരംഭിക്കാന്‍ പത്തു കോടി രൂപയും ബജറ്റില്‍ വകയിരുത്തി. തരിശുരഹിത കേരളം ലക്ഷ്യമിട്ടും ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പു വരുത്തുന്നതിനും കാര്‍ഷിക മേഖലയില്‍ കുടുംബശ്രീ നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് ഈ തീരുമാനം.

 ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുക, തൊഴിലും വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുക എന്ന നയത്തിലൂന്നി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റില്‍ കുടുംബശ്രീയ്ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക പുനരുജ്ജീവന വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സാമ്പത്തിക വര്‍ഷം കുടുംബശ്രീ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കും. അഞ്ചു ലക്ഷം രൂപ വരെയുളള വായ്പകള്‍ക്ക് നാലു ശതമാനം പലിശയിളവ് ലഭ്യമാക്കും. കുടുംബങ്ങളിലെ യുവതികളുടെ പ്രാതിനിധ്യം കുടുംബശ്രീയില്‍ ഉറപ്പു വരുത്തുന്നതിനായി ഈ വര്‍ഷം 10,000 ഓക്‌സിലറി അയല്‍ക്കൂട്ടങ്ങളും രൂപീകരിക്കും. കെയര്‍എക്കണോമിയിലെ തൊഴിലസവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് വയോജന പരിചരണം, ഭിന്നശേഷിക്കാരുടെ പരിചരണം തുടങ്ങിയവയില്‍ പരിശീലനം നല്‍കി ഓരോ ഗ്രാമപഞ്ചായത്തിലും ആളുകളെ ലഭ്യമാക്കും.

  അതിദാരിദ്ര്യ ലഘൂകരണ പദ്ധതിക്കു വേണ്ടി പ്രാഥമികമായി 10 കോടി രൂപ വകയിരുത്തി. അതീവദരിദ്രരെ കണ്ടെത്താന്‍ വിശദമായ സര്‍വേ നടത്താനും ക്‌ളേശഘടകങ്ങള്‍ നിര്‍ണയിക്കാനും അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി കമ്മിറ്റി രൂപീകരിച്ചു. സ്ത്രീകള്‍ക്ക് ഗാര്‍ഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച 'സ്മാര്‍ട്ട് കിച്ചണ്‍' പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിന് അഞ്ചു കോടിയും ബജറ്റില്‍ വകയിരുത്തി.

  തദ്ദേശീയരായ കര്‍ഷകരില്‍ നിന്നും വിഷരഹിത നാടന്‍ പച്ചക്കറിയും പഴവര്‍ഗങ്ങളും സംഭരിച്ച് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ സ്റ്റോറുകള്‍ മുഖേന വിപണനം നടത്തും. ഇതുവഴി കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പു വരുത്താന്‍ സാധിക്കുന്നതാടൊപ്പം ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കാനും കഴിയും. ഇത്തരം സ്റ്റോറുകള്‍ ആരംഭിക്കുന്നതിനാവശ്യമായ വാഹനങ്ങള്‍, സ്റ്റോര്‍ നവീകരണം എന്നിവയ്ക്ക് കേരള ബാങ്ക് വായ്പ അനുവദിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് രണ്ടു മുതല്‍ മൂന്നു ശതമാനം വരെ സബ്‌സിഡിയും അനുവദിക്കും.

 കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍ നല്‍കുന്ന സമഗ്ര പദ്ധതി 'നോളജ് ഇക്കണോമി മിഷ'ന്റെ കര്‍മ്മമേഖല ചലിപ്പിക്കുന്നത് കുടുംബശ്രീയുടെ ഉപദൗത്യമായി പരിഗണിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. 1048 കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, പരിശീലനത്തിനായി 152 ബ്‌ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീയുടെയും കുടുംബശ്രീ സംസ്ഥാനതല ദൗത്യ സംഘത്തിന്റെയും പരിശീലനത്തിനായുള്ള 14 ജില്ലാ പ്രോഗ്രാം എക്‌സിക്യൂട്ടീവുകള്‍ എന്നിവരും ഈ പദ്ധതിയുടെ ഭാഗമാകും.


                                  

 

 

Content highlight
Kudumbashree got high consideration revised budget announcement