കോവിഡ് പോരാട്ടം; 20,000 എ.ഡി.എസുകള്‍ക്ക് 200 കോടി രൂപയുടെ പാക്കേജ്

Posted on Monday, June 28, 2021

കോവിഡ് പ്രതിസന്ധിയിലകപ്പെട്ട അയല്‍ക്കൂട്ടങ്ങളെ സഹായിക്കുന്നതിനായി കുടുംബശ്രീ എ.ഡി.എസുകള്‍ക്ക് ഓരോ ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനത്തിലെ വാര്‍ഡ്തലത്തിലുള്ള സംവിധാനമാണ് എ.ഡി.എസ് (ഏരിയ ഡെവലപ്പ്മെന്റ് സൊസൈറ്റി). കേരളത്തിലെ 20,000 എ.ഡി.എസുകള്‍ക്കായി 200 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്.  അട്ടപ്പാടിയിലെ ഊരുസമതികള്‍ക്ക് ഉള്‍പ്പെടെ ഈ സഹായം ലഭിക്കും.

  ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അര്‍ഹതാ മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ഈ എ.ഡി.എസുകള്‍, അയല്‍ക്കൂട്ടങ്ങള്‍ക്ക് തുക നല്‍കുക. കോവിഡ് മൂലം ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങളുള്ള അയല്‍ക്കൂട്ടങ്ങള്‍ക്കാണ് തുക ലഭിക്കുക. ഇത് അയല്‍ക്കൂട്ടങ്ങള്‍ റിവോള്‍വിങ് ഫണ്ടായി ഉപയോഗിക്കും. തങ്ങളുടെ അടിയന്തിര ആവശ്യങ്ങള്‍ക്കും ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കും ജീവനോപാധികള്‍ വീണ്ടെടുക്കാനും അയല്‍ക്കൂട്ടങ്ങള്‍ക്ക് ഈ തുക ഉപയോഗിക്കാനാകും.

   കേരളത്തിന്റെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീയില്‍ സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് ഭൂരിഭാഗം അംഗങ്ങളും. കോവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങായി അവര്‍ക്ക് നേരിട്ട് സഹായമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയിലൂടെ ഈ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിരിക്കുന്നത്. ഏറ്റവും മികച്ച സംഘടനാ സംവിധാനമുള്ള കുടുംബശ്രീ വഴി തുകയുടെ കൃത്യമായ വിനിയോഗം ഉറപ്പുവരുത്താനും ഇത് വഴി സര്‍ക്കാരിന് കഴിയും. ഇതിനായുള്ള പ്രൊപ്പോസലും മാതൃകാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് കുടുംബശ്രീ സമര്‍പ്പിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് തുക എ.ഡി.എസുകള്‍ക്ക് വിതരണം ചെയ്യും.

   കോവിഡ് -19 ന്റെ ഭാഗമായി വിവിധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ഏറ്റെടുത്ത് നടപ്പിലാക്കി വരികയാണ്. 2021 മേയ് 14ാം തീയതിയിലെ മുഖ്യമന്ത്രിയുടെ യോഗത്തില്‍ എ.ഡി.എസുകള്‍ക്കുള്ള ധനസഹായം കൂടാതെ കുടുംബശ്രീയെ സംബന്ധിച്ച മറ്റ് രണ്ട് തീരുമാനങ്ങള്‍ കൂടി കൈക്കൊണ്ടിരുന്നു. കോവിഡിന്റെ ഒന്നാം തരംഗ കാലയളവില്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ 2022 മാര്‍ച്ച് മാസത്തില്‍ ലഭിക്കേണ്ട പലിശ സബ്‌സിഡി (93 കോടി രൂപ) ഈ വര്‍ഷം തന്നെ മുന്‍കൂറായി ലഭ്യമാക്കും. കൂടാതെ പ്രളയകാലത്ത് പ്രഖ്യാപിച്ച് നടപ്പിലാക്കിയ റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം പ്രകാരമുള്ള മൂന്നാം വര്‍ഷത്തെ പലിശ സബ്‌സിഡിയും (76 കോടി രൂപ) മുന്‍കൂറായി ലഭ്യമാക്കും.

 മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി പ്രകാരം 2.30 ലക്ഷം അയല്‍ക്കൂട്ടങ്ങളിലെ 25.17 ലക്ഷം അയല്‍ക്കൂട്ടാംഗങ്ങള്‍ 1917.55 കോടി രൂപ പലിശരഹിത വായ്പയെടുത്തിരുന്നു. പലിശ സബ്സിഡിയുടെ ഒന്നാം ഗഡു 165 കോടി രൂപ സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കി മാര്‍ച്ച് മാസത്തില്‍ അയല്‍ക്കൂട്ടാംഗങ്ങളിലേക്കെത്തിച്ചു. മുന്‍കൂര്‍ പലിശ സബ്‌സിഡിക്ക് വേണ്ട പ്രൊപ്പോസല്‍ ധനകാര്യ വകുപ്പിലേക്ക് എത്തിക്കുകയും വകുപ്പിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു കഴിഞ്ഞു. ഉടന്‍ തന്നെ പലിശ സബ്സിഡി അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കും. റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം പ്രകാരം പ്രളയബാധിതരായ 30,267 അയല്‍ക്കൂട്ടങ്ങളിലെ 2,02,789 അംഗങ്ങള്‍ 1794.02 കോടി രൂപയാണ് പലിശരഹിത വായ്പ എടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ഈ പലിശരഹിത വായ്പയുടെ സബ്സിഡി ലഭ്യമാക്കിയത്. ആദ്യ വര്‍ഷം 131 കോടി രൂപയും രണ്ടാം വര്‍ഷം 129.87 കോടി രൂപയും കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇത്തരത്തില്‍ പലിശ സബ്സിഡിയായി ലഭ്യമാക്കിയിരുന്നു. ഇതിന്റെ മൂന്നാം വര്‍ഷത്തെ മുന്‍കൂര്‍ സബ്‌സിഡിക്കുള്ള പ്രൊപ്പോസല്‍ ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചു കഴിഞ്ഞു. അതും ലഭിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യുന്നതാണ്.

 

Content highlight
Rs 200 crores package for 20,000 ADSs for fighting back Covid-19 ml