ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലേക്കും 2024ഓടെ ശുദ്ധമായ കുടിവെള്ളം മതിയായ അളവില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയായ ജലജീവന്‍ മിഷന്റെ ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീയ്ക്ക് അവസരം. കേരളത്തില്‍ ജലവിഭവ വകുപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി 262 പഞ്ചായത്തുകളില്‍ ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് കുടുംബശ്രീയ്ക്ക് ലഭിച്ചിച്ചത്. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലജീവന്‍ മിഷന്റെ പ്രോജക്ടുകള്‍ ഇംപ്ലിമെന്റ് ചെയ്യാനുള്ള ഏജന്‍സികള്‍ (പദ്ധതി നിര്‍വ്വഹണ ഏജന്‍സികള്‍) നിലവിലുണ്ട്. ജലജീവന്‍ മിഷന്റെ ഭാഗമായി വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ടെന്‍ഡര്‍ വഴിയോ ക്വൊട്ടേഷന്‍ വഴിയോ ഏറ്റെടുത്ത് നടത്തുന്ന ഈ പദ്ധതി നിര്‍വ്വഹണ ഏജന്‍സികളെ പിന്തുണയ്ക്കുകയാണ് ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സികള്‍ ചെയ്യേണ്ടത്. നേരത്തേ വിവിധ ജില്ലകളില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി പൈപ്പ് കണക്ഷനും മറ്റും നല്‍കുന്ന രണ്ട് ലക്ഷം രൂപയില്‍ താഴെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യാനുള്ള അവസരങ്ങള്‍ കുടുംബശ്രീയുടെ എറൈസ് (അഞകടഋ) മള്‍്ടടി ടാസ്‌ക് ടീമുകള്‍ക്കും ലഭിച്ചിരുന്നു.
ജലജീവന്‍ മിഷന്റെ ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ എന്‍.ജി.ഒകള്‍ക്കും സര്‍ക്കാര്‍ മിഷനുകള്‍ക്കും അവസരുമുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് സാധ്യമായ പഞ്ചായത്തുകളിലൊക്കെ ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായി ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ കുടുംബശ്രീ പങ്കെടുത്തത്. 262 പഞ്ചായത്തുകളില്‍ അവസരവും ലഭിച്ചു. മറ്റ് പഞ്ചായത്തുകളില്‍ പ്രാദേശികമായ എന്‍.ജി.ഒകളാണ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത്.
ജലജീവന്‍ മിഷന്റെ ആവശ്യപ്രകാരം രണ്ട് രീതിയിലാണ് ഇംപ്ലിമെന്റിങ് സപ്പോര്‍ട്ടിങ് ഏജന്‍സിയുടെ പ്രവര്‍ത്തനം നടത്തേണ്ടത്. പദ്ധതി നിര്‍വ്വഹണം 7 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട സ്ഥലങ്ങളില്‍ 5 പേരെയും 18 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പഞ്ചായത്തുകളില്‍ 3 പേരെയും നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ജലജീവന്‍ മിഷന്റെ ലക്ഷ്യങ്ങളുടെ കൃത്യമായി പൂര്‍ത്തിയാക്കല്‍, പദ്ധതി നിര്‍വ്വഹണം എന്നിവയുടെ മേല്‍നോട്ടം നടത്തേണ്ടതും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിച്ച് പദ്ധതി നിര്‍വ്വഹണം സുഗമമാക്കേണ്ടതും പഞ്ചായത്തിനെയും നിര്‍വ്വഹണ ഏജന്‍സിയെയും എ്ല്ലാവിധത്തിലും പിന്തുണയ്‌ക്കേണ്ടതും ഇംപ്ലിമെന്റിങ് സപ്പോര്‍ട്ടിങ് ഏജന്‍സിയാണ്.
ഒരു പഞ്ചായത്തില്‍ ഏഴ് മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 8.30 ലക്ഷം രൂപയും 18 മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ 17.26 ലക്ഷം രൂപയുമാണ് ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിക്ക് ലഭിക്കുക. കുടുംബശ്രീയ്ക്ക് ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച പഞ്ചായത്തുകളില്‍ സി.ഡി.എസുകളെയാകും കുടുംബശ്രീ ടീമിന്റെ മേല്‍നോട്ടം എല്‍പ്പിക്കുക. ഇംപ്ലിമെന്റിങ് സപ്പോര്‍ട്ട് ഏജന്‍സിയായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചതിലൂടെ സംസ്ഥാനത്തൊട്ടാകെ 750ലേറെപ്പേര്‍ക്ക് വരുമാനം നേടിക്കൊടുക്കാനും കഴിയും.
- 715 views