ഫീച്ചറുകള്‍

തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് കുടുംബശ്രീ

Posted on Thursday, August 13, 2020

കുടുംബശ്രീ നിര്‍മ്മാണ ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ ബൃഹത്തായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി ലഭിച്ച അവസരമാണ് ഇതില്‍ ഏറ്റവും പുതിയത്. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മൂന്ന് വിധത്തിലുള്ള നിര്‍മ്മാണങ്ങളാണ് കുടുംബശ്രീ യൂണിറ്റുകള്‍ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പ്രാവശ്യം ടെന്‍ഡര്‍ നടപടികള്‍ നടത്തിയിട്ടും നിര്‍മ്മാണ ജോലി ഏറ്റെടുക്കാന്‍ തയാറായവരെ ലഭിക്കാത്തതിനാല്‍ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ കുടുംബശ്രീ നിര്‍മ്മാണ ഗ്രൂപ്പുകളുടെ സഹായം തേടുകയായിരുന്നു. ഇപ്രകാരം അനുമതി ലഭിച്ചതിന്റെ ഭാഗമായി ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ താഴെ നല്‍കുന്നു.
1. കോര്‍പ്പറേഷന്‍ പരിസരം, ഗാന്ധി പാര്‍ക്ക് എന്നിവിടങ്ങളിലെ ഇന്ററാക്ടീവ് ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകളുടെ നിര്‍മ്മാണ പൂര്‍ത്തീകരണം. (6.66 ലക്ഷം രൂപ )
2. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലെ ടോയ്ലറ്റ് നവീകരണം (7.3 ലക്ഷം രൂപ)
3. കോര്‍പ്പറേഷന്‍ പരിസരം, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവിടങ്ങളിലെ മഴവെള്ള സംഭരണികളുടെ നിര്‍മ്മാണം. (61 ലക്ഷം രൂപ )
  ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയ്ക്ക് രണ്ട് മാസം മുമ്പാണ് ലഭിച്ചത്. ആദ്യ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. രണ്ടാമത്തെ ജോലിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മഴവെള്ള സംഭരണികളുടെ ഡിസൈനും ഷെഡ്യൂളുമെല്ലാം തയാറായി കഴിഞ്ഞു. ശേഷിച്ച പ്രവര്‍ത്തനങ്ങള്‍ മികച്ച നിലവാരത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതാണ്.

 

Content highlight
ആദ്യ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. രണ്ടാമത്തെ ജോലിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കണക്ട് ടു വര്‍ക്ക്- ഉടന്‍ ആരംഭിക്കുന്നു

Posted on Thursday, August 13, 2020

റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയിലൂടെ 250 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കണക്ടു ടു വര്‍ക്ക് എന്ന പുതിയൊരു ആശയം കുടുംബശ്രീ നടപ്പാക്കുന്നു. സമൂഹത്തില്‍ അഭ്യസ്ത വിദ്യരായ ധാരാളം പേരുണ്ടെങ്കിലും ജോലി കണ്ടെത്താനായി അഥവാ ജോലിയിലേക്ക് കണക്ട് ചെയ്യാനായി നിരവധി ബുദ്ധിമുട്ടുകള്‍ ഇവര്‍ നേരിടാറുണ്ട്. സോഫ്ട് സ്‌കില്‍സ് ഇല്ലാത്തതും ഇന്റര്‍വ്യൂകള്‍ നേരിടാന്‍ വേണ്ടത്ര അറിവ് ഇല്ലാത്തതും ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളിലൂടെയും മറ്റും തൊഴിലവസരങ്ങള്‍ അറിഞ്ഞ് ഈ അവസരങ്ങളെ ജോലിയാക്കി മാറ്റാന്‍ കഴിവില്ലാത്തതുമെല്ലാം ഇവര്‍ക്ക് വെല്ലുവിളിയാകുകയും ആഗ്രഹിക്കുന്ന ജോലി ആഗ്രഹിക്കുന്ന സമയത്ത് ലഭിക്കാതെ വരാന്‍ ഇടയാകുകയും ചെയ്യുന്നു. സമൂഹത്തില്‍ ഇത്തരത്തിലൊരു അവസ്ഥ നേരിടുന്ന പലരുമുണ്ടെന്നതും അവര്‍ക്ക് സഹായം ആവശ്യമുണ്ടെന്നും കണ്ടറിഞ്ഞതോടെയാണ് ജോലി ലഭിക്കാന്‍ വേണ്ടി ഒരു ഫിനിഷിങ് സ്‌കൂള്‍ എന്ന നിലയില്‍ 'കണക്ട് ടു വര്‍ക്ക്' എന്ന ആശയം നടപ്പിലാക്കാന്‍ കുടുംബശ്രീ തീരുമാനിച്ചത്.
  ആദ്യഘട്ടത്തില്‍ കേരളത്തിലെ 152 ബ്ലോക്കുകളില്‍ നിന്നും ഓരോ പഞ്ചായത്തുകള്‍ വീതം തെരഞ്ഞെടുക്കുകയും ഓരോ പഞ്ചായത്തിലും 33 പേര്‍ക്ക് പരിശീലനം നല്‍കി അവരെ ജോലി ലഭിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇപ്രകാരം 5000ത്തോളം പേരെ ജോലിയിലേക്കെത്തിക്കാന്‍ ലക്ഷ്യമിടുന്നു. ഈ തെരഞ്ഞൈടുക്കപ്പെടുന്നവര്‍ക്ക് 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സാണ് നല്‍കുക. പേഴ്സണല്‍ സ്‌കില്‍സ്, സോഷ്യല്‍ സ്‌കില്‍സ്, ഓര്‍ഗനൈസേഷണല്‍ സ്‌കില്‍സ്, പ്രൊഫഷണല്‍ സ്‌കില്‍സ്, പ്രെസന്റേഷന്‍ സ്‌കില്‍സ്, എന്റര്‍പ്രണര്‍ഷിപ്പ് സ്‌കില്‍സ് തുടങ്ങിയവ പഠിപ്പിക്കും. ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യത ഏറെ വര്‍ദ്ധിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ആദ്യഘട്ടത്തിന്റെ വിജയം അനുസരിച്ച് പിന്നീടുള്ള ഘട്ടങ്ങള്‍ ആരംഭിക്കുന്നതാണ്.
  ഇപ്രകാരം 152 സി ഡി എസ് കളെ തെരഞ്ഞെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കണക്ട് ടു വര്‍ക്ക് പദ്ധതി നടപ്പാക്കാന്‍ ഈ സി ഡി എസ് കളോട് പഞ്ചായത്തിന്റെ സ്വന്തം സൗകര്യങ്ങള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍, പ്രോജക്ടര്‍, ബോര്‍ഡ്, മേശ, കസേര, പഠിതാക്കള്‍ക്കുള്ള യാത്രബത്ത, പരിശീലന കേന്ദ്രം ഏകോപിപ്പിക്കാനായി തെരഞ്ഞെടുത്ത റിസോഴ്‌സ് പേഴ്‌സണുള്ളള ഓണറേറിയം തുടങ്ങിയവയ്ക്കായി 2,10,000 രൂപ വീതം എല്ലാ സി ഡി സ് കള്‍ക്കും നല്‍കിക്കഴിഞ്ഞു. പഞ്ചായത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ  സി ഡി എസിലും ഓരോ റിസോഴ്‌സ് പേഴ്‌സണെ വീതവും നിയോഗിച്ചു കഴിഞ്ഞു.  ആദ്യഘട്ട പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന പ്രവര്‍ത്തനവും ആരംഭിച്ചു. ഓഗസ്റ്റ് 15നകം പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കും. കോവിഡ്- 19 പ്രതിസന്ധി അവസാനിച്ച ശേഷം സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിക്കുന്നത് അനുസരിച്ച് പരിശീലനം നല്‍കി തുടങ്ങും. പരിശീലനം നല്‍കാന്‍ അസാപുമായി (അഡീഷണല്‍ സ്‌കില്‍സ് അക്വസിഷന്‍ പ്രോഗ്രാം) കരാറിലെത്തിക്കഴിഞ്ഞു. അസാപ് പരിശീലകരാകും 152 കേന്ദ്രങ്ങളിലും ക്ലാസ്സുകള്‍ നയിക്കുക. പരിശീലന മൊഡ്യൂള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. അതാത് പ്രദേശത്തെ സിഡിഎസിന്റെ കീഴിലാകും പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുക.
  ഓരോ വ്യക്തിയുടെയും പോരായ്മകള്‍ മനസ്സിലാക്കി, അത് പരിഹരിച്ച് ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പരിശീലനം നല്‍കുന്ന ഈ പദ്ധതി ഇപ്പോള്‍ നടപ്പിലാക്കല്‍ ഘട്ടത്തിലെത്തിക്കഴിഞ്ഞിരിക്കുകയാണ്. സമൂഹത്തില്‍ വലിയൊരു മാറ്റമുണ്ടാക്കാനും സ്വയം മെച്ചപ്പെടുത്തി ഉപജീവനം കണ്ടെത്താനും ഈ പദ്ധതി ഏറെപ്പേരെ തുണയ്ക്കും. ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്ക് ഈ പരിശീലന പദ്ധതിയില്‍ പങ്കെടുക്കാനാകും. പരിശീലനാര്‍ത്ഥികളുടെ കുടുംബത്തില്‍ ആരെങ്കിലും കുടുംബശ്രീ അംഗമായിരിക്കണം അല്ലെങ്കില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബമായിരിക്കണം. പരമാവധി പ്രായം 35. താത്പര്യമുള്ളവര്‍ തൊട്ടടുത്ത സിഡിഎസില്‍ ബന്ധപ്പെടണം.

 

Content highlight
ഇപ്രകാരം 152 സി ഡി എസ് കളെ തെരഞ്ഞെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കണക്ട് ടു വര്‍ക്ക് പദ്ധതി നടപ്പാക്കാന്‍ ഈ സി ഡി എസ് കളോട് പഞ്ചായത്തിന്റെ സ്വന്തം സൗകര്യങ്ങള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഓണ്‍ലൈനായി ഭക്ഷണമെത്തിക്കാന്‍ 'അന്നശ്രീ'

Posted on Thursday, August 13, 2020

കുടുംബശ്രീയുടെ നേതൃത്വത്തില്‍ കാറ്ററിങ് മേഖലയിലുള്ളവര്‍ക്ക് പരിശീലനം നല്‍കുന്ന യുവശ്രീ ഗ്രൂപ്പായ ഐഫ്രം (AIFRHM- അദേഭാ-അതിഥി ദേവോ ഭവ- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്) അന്നശ്രീ എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചുകൊണ്ട് ആവശ്യക്കാര്‍ക്ക് ഹോം ഡെലിവറിയായി ഭക്ഷണ വിഭവങ്ങള്‍ എത്തിച്ച് നല്‍കുന്ന സേവനത്തിന് തുടക്കമിട്ടിരിക്കുന്നു.. പരീക്ഷണാടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ജില്ലയിലും എറണാകുളം ജില്ലയിലും ഇപ്പോള്‍ പദ്ധതി നടപ്പാക്കി വരികയാണ്.

    കുടുംബശ്രീയുടെ ഒരു മികച്ച സംരംഭ മാതൃകയായ ഐഫ്രം  സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവയുടെ മാതൃകയില്‍ ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവിറി സംവിധാനം എന്ന നിലയിലാണ് അന്നശ്രീ വികസിപ്പിച്ചെടുക്കുന്നത്. കുടുംബശ്രീയുടെ കീഴിലുള്ള കഫേ, ക്യാന്റീന്‍, കാറ്ററിങ് യൂണിറ്റുകള്‍ക്ക് ഈ ആപ്ലിക്കേഷന്‍ വഴി ഭക്ഷണം നല്‍കാനായി രജിസ്ട്രേഷന്‍ നടത്താം. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്ന പൊതുജനങ്ങള്‍ക്ക് കുടുംബശ്രീ സംരംഭകരില്‍ നിന്ന് ഭക്ഷണ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനാകും. മറ്റ് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളില്‍ കുടുംബശ്രീ ഹോട്ടലുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെങ്കിലും വേണ്ടവിധത്തിലുള്ള പ്രചാരം ലഭിക്കുന്നില്ലെന്ന് മനസ്സിലായി. കൂടുതല്‍ പണം നല്‍കി പ്രൊമോഷന്‍ ചെയ്താലേ ഈ ആപ്ലിക്കേഷനുകളില്‍ കുടുംബശ്രീ ഹോട്ടലുകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം ലഭിക്കൂയെന്നും കണ്ടറിഞ്ഞു. ഇതോടെയാണ് കുടുംബശ്രീയുടെ ഭക്ഷ്യവിഭവ യൂണിറ്റുകളുടെ വിശ്വാസ്യതയും തനിമയും മനസ്സിലാക്കിക്കൊണ്ട് സ്വന്തമായി ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ച് മുന്നോട്ട് പോകാന്‍ കുടുംബശ്രീ തീരുമാനിച്ചത്.
  തൃശ്ശൂര്‍ ജില്ലയില്‍ നടത്തുന്ന ഈ പരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആപ്ലിക്കേഷനില്‍ ഇതുവരെ 8 ഹോട്ടലുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. ഒരു ദിവസം ശരാശരി 30 ഹോം ഡെലിവറികള്‍ നടക്കുന്നു. പാണഞ്ചേരി പഞ്ചായത്ത് സിഡിഎസിലെ രണ്ട് കുടുംബശ്രീ അംഗങ്ങളാണ് ഭക്ഷണവിതരണം നടത്തുന്നത്. ജൂണ്‍ 29നാണ് എറണാകുളം ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കളമശ്ശേരി, ചൂര്‍ണ്ണിക്കര എന്നീ പ്രദേശങ്ങളിലെ 9 യൂണിറ്റുകളാണ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ദിവസേന 5000 മുതല്‍ 15,000 രൂപ വരെ വിറ്റുവരവ് ലഭിക്കുന്നു. ആറ് മാസത്തോളം പരീക്ഷണാടിസ്ഥാനത്തില്‍ മുന്നോട്ട് പോയശേഷം  പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാമെന്ന തീരുമാനത്തിലാണ് ഐഫ്രം.

 

 

Content highlight
ആറ് മാസത്തോളം പരീക്ഷണാടിസ്ഥാനത്തില്‍ മുന്നോട്ട് പോയശേഷം പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാമെന്ന തീരുമാനത്തിലാണ് ഐഫ്രം.

ഒരുമയ്ക്ക് ഒരു കുട അകലം' ക്യാമ്പെയ്ന്‍ മുഖേന അരക്കോടി രൂപയുടെ കുടവില്‍പ്പന

Posted on Thursday, August 13, 2020

സാമൂഹിക അകലം പാലിക്കുന്നതിന്റെ ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ ഒരുമയ്ക്ക് ഒരു കുട അകലം എന്ന ക്യാമ്പെയ്ന്‍ മുഖേന 55 ലക്ഷം രൂപയുടെ കുടവില്‍പ്പന നടന്നു. കുടുംബശ്രീ സംരംഭ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന കുടകള്‍ ഓര്‍ഡര്‍ അനുസരിച്ച് എല്ലാ സിഡിഎസുകളിലുമെത്തിക്കുകയും സിഡിഎസുകളുടെ നേതൃത്വത്തില്‍ ഈ കുടകള്‍ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടത്തിയത്. ഒരുമയ്ക്ക് ഒരു കുട അകലം എന്ന ആഹ്വാനം എല്ലാ സിഡിഎസുകളോടും നടത്തിയപ്പോള്‍ ഏറെ താത്പര്യത്തോടെ അവര്‍ മുന്നോട്ട് വരികയായിരുന്നു.
  കുടുംബശ്രീയ്ക്ക് കീഴിലുള്ള കുട നിര്‍മ്മാണ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന കുടകള്‍ ജില്ലാ ടീമുകള്‍ മുഖേന ശേഖരിക്കുകയും സിഡിഎസുകള്‍ക്ക് എത്തിക്കുകയും ചെയ്യുന്നു. സിഡിഎസുകള്‍ ആവശ്യക്കാരായ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് കുടകള്‍ നല്‍കുന്നു. 3 ഫോള്‍ഡ്, 2 ഫോള്‍ഡ്, കിഡ്സ്, ജെന്റ്സ് എന്നിങ്ങനെ നാല് വ്യത്യസ്ത തരത്തിലുള്ള കുടകളാണ് ഇങ്ങനെ നല്‍കുന്നത്. കുടയുടെ തുക 12 ആഴ്ചകൊണ്ട് അയല്‍ക്കൂട്ടാംഗം സിഡിഎസില്‍ അടച്ചാല്‍ മതിയാകും. ഈ തുക സംസ്ഥാന മിഷനിലേക്ക് ലഭ്യമാക്കുകയും അതാത് യൂണിറ്റുകള്‍ക്ക് നല്‍കുകയും ചെയ്യുന്നു.
  മേയ് മാസത്തില്‍ ആരംഭിച്ച ഈ ക്യാമ്പെയ്ന്‍ മുഖേന ഇതുവരെ 20,384 കുടകളുടെ വില്‍പ്പനയാണ് 678 സിഡിഎസുകള്‍ മുഖേന നടത്തിയത്. ആകെ 55 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. ഇത്രയും തുകയുടെ വില്‍പ്പന നടത്തി കുട നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന സംരംഭകര്‍ക്ക് പിന്തുണ നല്‍കുന്നത് കൂടാതെ കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്  ബോധവത്ക്കരണം നടത്താനും ഈ ക്യാമ്പെയ്ന്‍ മുഖേന കഴിഞ്ഞു.

 

Content highlight
കുടുംബശ്രീയ്ക്ക് കീഴിലുള്ള കുട നിര്‍മ്മാണ യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന കുടകള്‍ ജില്ലാ ടീമുകള്‍ മുഖേന ശേഖരിക്കുകയും സിഡിഎസുകള്‍ക്ക് എത്തിക്കുകയും ചെയ്യുന്നു

ഐടിഐകളില്‍ ക്യാന്റീന്‍ നടത്തിപ്പിനും കുടുംബശ്രീ

Posted on Thursday, August 13, 2020

കേരളത്തിലെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള എല്ലാ ഐടിഐകളിലും ക്യാന്റീന്‍ നടത്താനായി കുടുംബശ്രീയ്ക്ക് അനുമതി ലഭിച്ചു. സര്‍ക്കാര്‍ ഉത്തരവ് (സ.ഉ(കൈ) നം.29/2020/തൊഴില്‍) പ്രകാരമാണ് കേരളത്തിലുള്ള 96 ഐടിഐകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പോഷകാഹാര /ഉച്ചഭക്ഷണ പദ്ധതി നടത്താനുള്ള അനുമതി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിച്ചത്. ഇതുവഴി ഈ ഐടിഐകളിലെ പരിശീലനാര്‍ത്ഥികള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാനുള്ള അവസരമുണ്ടാകുകയും കാറ്ററിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് ഒരു നിശ്ചിത വരുമാനം ലഭിക്കാനുള്ള വഴി തെളിയുകയും ചെയ്തിരിക്കുകയാണ്.
  ഈ ഉത്തരവ് അനുസരിച്ച് 82 ഐടിഐകളിലെ പോഷകാഹാര പദ്ധതി നടത്തിപ്പും 14 ഐടിഐകളില്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിക്കുക. 30,000 പരിശീലനാര്‍ത്ഥികളാണ് പോഷകാഹാര പദ്ധതിയുടെ ഭാഗമാകുന്നത്. 6000ത്തോളം പരിശീലനാര്‍ത്ഥികള്‍ ഉച്ചഭക്ഷണ പദ്ധതിയുടെയും. പോഷകാഹാര പദ്ധതിയുടെ ഭാഗമായി ഒരു വിദ്യാര്‍ത്ഥിക്ക് 15 രൂപയും ഉച്ചഭക്ഷണ നടത്തിപ്പിന് 500 കുറവില്‍ പരിശീലനാര്‍ത്ഥികളുള്ള ഐടിഐകളില്‍ ഒരാഴ്ച ഒരു ട്രെയിനിക്ക് 340 രൂപയും 500ല്‍ കൂടുതല്‍ പരിശീലനാര്‍ത്ഥികളുള്ള ഐടിഐകളില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഒരാഴ്ച 325 രൂപയും നിരക്കിലാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിക്കുക.
 ഈ ഉത്തരവ് ലഭിക്കുന്നത് വഴി കാറ്ററിങ് മേഖലയില്‍ കൂടുതല്‍ ഉപജീവന അവസരം ലഭിക്കാനുള്ള വഴിയാണ് തുറന്ന് കിട്ടിയത്. 2018ല്‍ ലഭിച്ച ഉത്തരവ് (സ.ഉ.(സാധാ.)നമ്പര്‍.2143/2018/ത.സ്വ.ഭ) പ്രകാരം കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ടെന്‍ഡറില്ലാതെ കുടുംബശ്രീ ക്യാന്റീന്‍ നടത്താനുള്ള അനുമതി ലഭിച്ചത്. കേരളത്തില്‍ 4500ത്തോളം ക്യാന്റീന്‍-കാറ്ററിങ് യൂണിറ്റുകളാണ് കുടുംബശ്രീയ്ക്ക് കീഴിലുള്ളത്.

 

Content highlight
500 കുറവില്‍ പരിശീലനാര്‍ത്ഥികളുള്ള ഐടിഐകളില്‍ ഒരാഴ്ച ഒരു ട്രെയിനിക്ക് 340 രൂപയും 500ല്‍ കൂടുതല്‍ പരിശീലനാര്‍ത്ഥികളുള്ള ഐടിഐകളില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഒരാഴ്ച 325 രൂപയും നിരക്കിലാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലഭിക്കുക.

പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളില്‍ സേവനങ്ങള്‍ നല്‍കാനും കുടുംബശ്രീ

Posted on Thursday, August 13, 2020

കോവിഡിനോട് അനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രഥമഘട്ട ചികിത്സാ കേന്ദ്രങ്ങള്‍ (ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍) ആരംഭിച്ചുവരികയാണ്. കോവിഡ്-19 രോഗികളെ പ്രാഥമിക ഘട്ടത്തില്‍ ചികിത്സിക്കുന്ന കേന്ദ്രങ്ങളായാണ് ഇവ വികസിപ്പിച്ചെടുക്കുന്നത്. കേരളത്തില്‍ 09-07-2020 വരെ 30 ലധികം ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളാണ് ആരംഭിച്ചിരിക്കുന്നത്. ഈ സെന്ററുകളില്‍ ജില്ലാ കളക്ടര്‍മാരുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശ പ്രകാരം രണ്ട് വിധത്തിലുള്ള സേവനങ്ങള്‍ കുടുംബശ്രീ നല്‍കുന്നു.
  കുടുംബശ്രീ നല്‍കുന്ന സേവനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ സെന്ററുകളിലേക്ക് ആവശ്യമായ ഭക്ഷണം നല്‍കുന്നുവെന്നതാണ്. നിലവില്‍ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ 19 സെന്ററുകളില്‍ 14 ഇടങ്ങളിലും ഭക്ഷണം നല്‍കുന്നത് കുടുംബശ്രീയാണ്. പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ 3 വീതം ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും ഭക്ഷണം നല്‍കുന്നത് കുടുംബശ്രീയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ രണ്ട് വീതം കേന്ദ്രങ്ങളിലും. ഓരോ ദിവസവും പ്രതിദിനം ശരാശരി 1200ഓളം ഭക്ഷണപ്പൊതികളാണ് കുടുംബശ്രീ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളില്‍ നല്‍കുന്നത്. ഇത് സംബന്ധിച്ച ലിസ്റ്റും മറ്റും കുടുംബശ്രീ വെബ്സൈറ്റില്‍ http://www.kudumbashree.org/pages/874 എന്ന ലിങ്കില്‍ ലഭിക്കും.
  ഇത് കൂടാതെ 6 ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കാവശ്യമായ ഹൗസ്‌കീപ്പിങ് സേവനങ്ങളും നല്‍കുന്നത് കുടുംബശ്രീ അംഗങ്ങളാണ്.

 

Content highlight
കുടുംബശ്രീ നല്‍കുന്ന സേവനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ സെന്ററുകളിലേക്ക് ആവശ്യമായ ഭക്ഷണം നല്‍കുന്നുവെന്നതാണ്. നിലവില്‍ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ 19 സെന്ററുകളില്‍ 14 ഇടങ്ങളിലും ഭക്ഷണം നല്‍കുന്നത് കുടുംബശ്രീയാണ്.

എന്‍ഐഎഫ്ടിയില്‍ പരിശീലനം നേടി, ബ്രാന്‍ഡഡ് ഡിസൈനര്‍ മാസ്‌ക് തയാറാക്കി കണ്ണൂരിലെ സംരംഭകര്‍

Posted on Thursday, August 13, 2020

കോവിഡ്- 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്‌കുകള്‍ ധരിക്കുകയെന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ സംസ്ഥാനമൊട്ടാകെ നടക്കുന്ന കോട്ടണ്‍ മാസ്‌ക് നിര്‍മ്മാണം കൂടാതെ ആയുര്‍ മാസ്‌കുകളും, ഡിസൈനര്‍ മാസ്‌കുകളുമെല്ലാം നിര്‍മ്മിക്കുന്ന വേറിട്ട പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ നടത്തുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ (എന്‍ഐഎഫ്ടി) നിന്ന് പ്രത്യേക പരിശീലനം നേടി ഏറെ വ്യത്യസ്തമായ ഡിസൈനര്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുകയാണ് കണ്ണൂരിലെ കുടുംബശ്രീ സംരംഭകര്‍.  
  ഏവരും മാസ്‌കുകള്‍ ധരിക്കണമെന്ന ഉത്തരവ് വന്നതോടെ നിലവാരമില്ലാത്ത മാസ്‌കുകളും അമിത വില ഈടാക്കുന്ന മാസ്‌കുകളും വിപണിയിലെത്തുന്നത് കണ്ടറിഞ്ഞതോടെയാണ് കണ്ണൂര്‍ ജില്ലാ ടീം അപ്പാരല്‍, ടെയ്ലറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ മുഖേന വിശ്വാസ്യതയോടെ ബ്രാന്‍ഡഡ് ഡിസൈനര്‍ മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. സംരംഭകര്‍ക്ക് പരിശീലനം നല്‍കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയെ സമീപിച്ചു. ജൂണ്‍ മൂന്നാം തിയതി 30 സംരംഭകര്‍ക്ക് ഇത്തരത്തില്‍ എന്‍ഐഎഫ്ടിയുടെ ആദ്യഘട്ട പരിശീലനം ലഭിച്ചു. ഡിസൈനിങ്, നിര്‍മ്മാണം എന്നിവയിലായിരുന്നു ഈ പരിശീലനം. പിന്നീട് ജൂണ്‍ 19ന് പാക്കിങ്, ബ്രാന്‍ഡിങ്, വിലനിര്‍ണ്ണയം എന്നീ മേഖലകളിലും പ്രത്യേക പരിശീലനം നല്‍കി. നിഫ്ടിലെ അധ്യാപകരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പരിശീലനം നല്‍കിയത്. മുക്തി സുമംഗല, ഷാന്‍ഗ്രെല്ല രാജേഷ്, മനുപ്രസാദ് മാത്യു, നിഥിന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.
  നിലവില്‍ 30 യൂണിറ്റുകള്‍, കോട്ടണ്‍, ഷീഫോണ്‍ എന്നീ തുണിത്തരങ്ങള്‍ ചേര്‍ത്ത് രണ്ട്, മൂന്ന് പാളികളുടെ മാസ്‌കുകള്‍ തയാറാക്കി വരുന്നു. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ടവരുടെ ആവശ്യങ്ങളും അഭിരുചിയും തിരിച്ചറിഞ്ഞു കൊണ്ടുള്ള നിര്‍മ്മാണ തന്ത്രം അവലംബിച്ചാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം മാസ്‌കുകളുണ്ട്. 2 വയസ്സ് മുതല്‍ 7 വയസ്സുവരെയും 8  മുതല്‍  14 വരെയും പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയും വ്യത്യസ്തമായ മാസ്‌കുകള്‍ തയാറാക്കുന്നു.
 പാക്കറ്റ് ഡിസൈനിങ് പൂര്‍ത്തീകരിച്ച്  ജൂലൈ 15 ആവുമ്പോഴേക്കും ഈ മാസ്‌കുകള്‍ പൊതുവിപണിയിലിറക്കാന്‍ ലക്ഷ്യമിടുന്നു. കുടുംബശ്രീ സംഘടനാ സംവിധാനം, കടകള്‍, ഹോസ്പിറ്റലുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഗവണ്‍മെന്റ് വകുപ്പുകള്‍ എന്നിവയിലൂടെയാകും വിപണനം.

 

 

Content highlight
ഏവരും മാസ്‌കുകള്‍ ധരിക്കണമെന്ന ഉത്തരവ് വന്നതോടെ നിലവാരമില്ലാത്ത മാസ്‌കുകളും അമിത വില ഈടാക്കുന്ന മാസ്‌കുകളും വിപണിയിലെത്തുന്നത് കണ്ടറിഞ്ഞതോടെയാണ് കണ്ണൂര്‍ ജില്ലാ ടീം അപ്പാരല്‍, ടെയ്ലറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ മുഖേന വിശ്വാസ്യതയോടെ ബ്രാന്‍ഡഡ

ആയുര്‍ മാസ്‌ക് നിര്‍മ്മാണത്തിന് കുടുംബശ്രീയും

Posted on Thursday, July 2, 2020

കോവിഡ് -19 പ്രതിരോധത്തിനായി ഏവരും മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പുനരുപയോഗം സാധ്യമാകുന്ന കോട്ടണ്‍ മാസ്‌കുകളും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തുണയാകന്ന ഫേസ് ഷീല്‍ഡുകളും നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് വിവിധ കുടുംബശ്രീ യൂണിറ്റുകള്‍. ഇതിനോടൊപ്പം ആയുര്‍ മാസ്‌കുകളുടെ നിര്‍മ്മാണവും ആരംഭിച്ചിരിക്കുകയാണ് ഞങ്ങളുടെ സംരംഭകര്‍.

  സംസ്ഥാന ആയുഷ് വകുപ്പുമായി സഹകരിച്ചാണ് കുടുംബശ്രീ ആയുര്‍ മാസ്‌ക് നിര്‍മ്മാണത്തിലേക്ക് കടന്നിരിക്കുന്നത്. തിരുവനന്തപുരത്തെ ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എസ്. ആനന്ദിന്റെ നേതൃത്വത്തിലാണ് ഈ ആയുര്‍ മാസ്‌കുകള്‍ വികസിപ്പിച്ചെടുത്തത്. കൈത്തറി തുണിയിലാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. തുളസി, മഞ്ഞള്‍ തുടങ്ങി ശ്വസന പ്രക്രിയയെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന ഔഷധങ്ങള്‍ ഈ തുണിയിലേക്ക് ചായം ചേര്‍ക്കുന്നത് പോലെ കൂട്ടിച്ചേര്‍ക്കുന്നു. ഇങ്ങനെ നിര്‍മ്മിച്ചിരിക്കുന്ന ആയുര്‍ മാസ്‌കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന നടപ്പിലാക്കുന്നത്.

  പരീക്ഷണാടിസ്ഥാനത്തില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുന്നതിനായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ സിഡിഎസുകളില്‍ നിന്നുള്ള മണികണ്‌ഠേശ്വര, വന്ദന എന്നീ യൂണിറ്റുകളില്‍ നിന്നുള്ള പത്ത് കുടുംബശ്രീ വനിതകളെ തെരഞ്ഞെടുക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. പേരൂര്‍ക്കടയിലെ സ്‌നേഹിത കേന്ദ്രത്തിലാണ് ഇവര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനം നല്‍കി. ഡോ. ആനന്ദും ഫാര്‍മസിസ്റ്റായ അജുവുമാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.

 

Content highlight
പരീക്ഷണാടിസ്ഥാനത്തില്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുന്നതിനായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ സിഡിഎസുകളില്‍ നിന്നുള്ള മണികണ്‌ഠേശ്വര, വന്ദന എന്നീ യൂണിറ്റുകളില്‍ നിന്നുള്ള പത്ത് കുടുംബശ്രീ വനിതകളെ തെരഞ്ഞെടുക്കുകയും പരിശീലനം നല്‍കുകയും ചെയ്തു.

ഭക്ഷ്യസുരക്ഷയ്ക്കായി അട്ടപ്പാടിയില്‍ ഭക്ഷ്യവനം

Posted on Tuesday, June 16, 2020

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന അട്ടപ്പാടി പ്രത്യേക പദ്ധതിയുടെ ഭാഗമായി ഭക്ഷ്യവനവും. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയില്‍ പങ്കാളികളായാണ് ഭക്ഷ്യവനം തയാറാക്കുന്നത്. ആദിവാസി മേഖലയില്‍ കേരളത്തിലെ ആദ്യത്തെ ഭക്ഷ്യവനമാണ് അട്ടപ്പാടിയിലേത്.

  അട്ടപ്പാടിയിലെ 192 ഊരുകളിലും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജൈവ വൈവിധ്യവും തനത് വിളകളും സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തുടക്കമിട്ടിരിക്കുകയാണ്. ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുക. ഊരുകളിലെ മുഴുവന്‍ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി അയല്‍ക്കൂട്ട അംഗങ്ങളുടെയും വനിതാ കര്‍ഷകരുടെയും നേതൃത്തില്‍ ഫലവൃക്ഷ തൈകള്‍, ഭക്ഷ്യ വിളകള്‍, ജൈവ വേലികള്‍ എന്നിവ നട്ടുപിടിപ്പിക്കുക, ഇവ മികച്ച രീതിയില്‍ പരിപാലിക്കുക എന്നിങ്ങനെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഓരോ ഊരുകള്‍ക്കും വേണ്ട ഭക്ഷ്യധാന്യങ്ങള്‍ അതാത് പ്രദേശത്ത് തന്നെ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇതോടെ നടപ്പിലാകുന്നത്. കാര്‍ഷികാനുബന്ധ മേഖലയിലെ ഉപജീവന സാധ്യത പ്രയോജനപ്പെടുത്താനും ഇത് മുഖേന കഴിയുന്നു.

അട്ടപ്പാടി മേഖലയിലെ പ്രധാന ഭക്ഷ്യധാന്യങ്ങളായ നെല്ല്, റാഗി, ചാമ, തിന, കരിമ്പ്, വരഗ് എന്നിവയും പച്ചക്കറികളും കിഴങ്ങു വര്‍ഗ്ഗങ്ങളും സുഗന്ധവിളകളുമാണ് കൃഷി ചെയ്തിരിക്കുന്നത്. അട്ടപ്പാടി പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള 812 കൃഷി സംഘങ്ങള്‍ (ജെഎല്‍ജി- ജോയ്ന്റ് ലയബിളിറ്റി ഗ്രൂപ്പ്) വിവിധ വിളകള്‍ കൃഷി ചെയ്യുന്നു. ഭക്ഷ്യവനം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവ് ലക്ഷ്യമിട്ട് വിവിധ പരിശീലനങ്ങളും തൈ നേഴ്സറികള്‍ അടങ്ങുന്ന ഉപജീവന മാര്‍ഗ്ഗങ്ങളും അട്ടപ്പാടി മേഖലയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യും. കൃഷിയുടെ പുനരുജ്ജീവനത്തിനും മണ്ണിന്റെയും സസ്യാവരണത്തിന്റെയും പരിരക്ഷണത്തിനുമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Content highlight
അട്ടപ്പാടി മേഖലയിലെ പ്രധാന ഭക്ഷ്യധാന്യങ്ങളായ നെല്ല്, റാഗി, ചാമ, തിന, കരിമ്പ്, വരഗ് എന്നിവയും പച്ചക്കറികളും കിഴങ്ങു വര്‍ഗ്ഗങ്ങളും സുഗന്ധവിളകളുമാണ് കൃഷി ചെയ്തിരിക്കുന്നത്

കോവിഡ് 19 പ്രതിരോധത്തിന് കുടുംബശ്രീയും- 1

Posted on Sunday, April 12, 2020

കോവിഡ് 19 എന്ന മഹാമാരിയില്‍ നിന്ന് ഏവരേയും രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമായിരിക്കുകയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൈകോര്‍ത്ത് മുന്നേറുകയാണ് കുടുംബശ്രീയും. കുടുംബശ്രീ സംഘടനാ സംവിധാനത്തെയും അടിസ്ഥാന സൗകര്യങ്ങളെയും ഈ ഒരു പ്രവര്‍ത്തനത്തിന് പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ മാര്‍ച്ച് മാസം പകുതിയോടെ തന്നെ ആരംഭിച്ചിരുന്നു. ബോധവത്ക്കരണം മുതല്‍ വ്യത്യസ്തങ്ങളായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വരെ ഭാഗമായി കേരള സമൂഹത്തെ ഈ പ്രതിസന്ധിഘട്ടത്തില്‍ നിന്ന് കരകയറ്റാനുള്ള ശ്രമങ്ങളാണ് കുടുംബശ്രീ നടത്തി വരുന്നത്. കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തിനായി സംസ്ഥാന തലത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ അനുസരിച്ച് നടപ്പാക്കി വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ ഇവയാണ്.

1. ബ്രേക്ക് ദ ചെയിന്‍ സന്ദേശം 43 ലക്ഷം കുടുംബങ്ങളിലേക്ക്

കൈകള്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി വൈറസ് വ്യാപനം തടയുക എന്ന സന്ദേശം ഏവരിലേക്കും എത്തിക്കുന്നതിനായി കേരള സര്‍ക്കാര്‍ തുടക്കമിട്ട ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്‌ന്റെ സന്ദേശം താഴേത്തട്ടിലേക്ക് എത്തിക്കുകയാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ആദ്യം ചെയ്തത്. 3 ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളാണ് കുടുംബശ്രീയിലുള്ളത്. ഇതില്‍ 43 ലക്ഷത്തോളം സ്ത്രീകള്‍ അംഗങ്ങളാണ്. ഇവരിലൂടെ കേരളത്തിലെ 43 ലക്ഷം കുടുംബങ്ങളിലേക്ക് ബ്രേക്ക് ദ ചെയിന്‍ സന്ദേശവും കൈക്കൊള്ളേണ്ട കരുതല്‍ നടപടികളും ഉള്‍ക്കൊള്ളുന്ന കുറിപ്പ് തയാറാക്കി, അയല്‍ക്കൂട്ട യോഗങ്ങളിലൂടെ അംഗങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. കൂടാതെ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്‌ന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട ഹാന്‍ഡ് വാഷ് കോര്‍ണറുകളില്‍ പരമാവധി കുടുംബശ്രീ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാന്‍ കഴിഞ്ഞു.

2. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ആശയവിനിമയ ക്യാമ്പെയ്ന്‍

ഈ മഹമാറിയെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന് കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനത്തിലെ എല്ലാ തലങ്ങളിലുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങി. അതുവഴി കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള സുരക്ഷാ മാര്‍ഗ്ഗങ്ങളെയും ലോക്ഡൗണ്‍ കാലത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായുള്ള നിരവധി ആശയങ്ങള്‍ പങ്കുവച്ചു വരുന്നു. ഇത്തരത്തിലുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലായി 28 ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകര്‍ അംഗങ്ങളാണ്. അതായത് ഇങ്ങനെയുള്ള സന്ദേശങ്ങള്‍ ചുരുങ്ങിയത് കേരളത്തിലെ 28 ലക്ഷം കുടുംബങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പിക്കാന്‍ ഇതുവഴി കഴിയുന്നു. വിവിധ സന്ദേശങ്ങളും പോസ്റ്ററുകളും തയാറാക്കി സംസ്ഥാനതലത്തില്‍ നിന്ന് ഗ്രൂപ്പുകള്‍ വഴി എത്തിക്കുന്നു. ഇത് കൂടാതെ ജില്ലാ കേന്ദ്രീകൃത സന്ദേശങ്ങള്‍ അതാത് ജില്ലകളിലെ ഗ്രൂപ്പുകള്‍ വഴിയും കൈമാറ്റം ചെയ്യുന്നു.

3. മാസ്‌ക്- സാനിറ്റൈസര്‍ നിര്‍മ്മാണം

പ്രതിവിധികളൊന്നും കണ്ടെത്താത്ത പകര്‍ച്ചവ്യാധിയെന്ന നിലയില്‍ കൊറോണ വൈറസ് ഒരു പേടി സ്വപ്‌നം പോലെ വ്യാപകമായപ്പോള്‍ തന്നെ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ആരോഗ്യ വിദഗ്ധര്‍ മുന്നോട്ടുവച്ചിരുന്നു. ശുചിത്വം പാലിക്കുന്നതിനൊപ്പം വൈറസ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളുക എന്നതായിരുന്നു നിര്‍ദ്ദേശം. ഇതിന് ഏവരേയും തുണയ്ക്കുന്ന ഒന്നാണ് മുഖാവരണം (ഫേസ് മാസ്‌ക), സാനിറ്റൈസര്‍ എന്നിവ. കൊറോണ വൈറസ് ബാധയുണ്ടാകുന്നുവെന്ന സൂചന ലഭിച്ചത് മുതല്‍ പൊതുവിപണിയില്‍ മാസ്‌ക്കിനും സാനിറ്റൈസറിനും വന്‍തോതില്‍ ക്ഷാമം നേരിട്ടിരുന്നു. ഈ ഒരു ഘട്ടത്തിലാണ് മാസ്‌കിന്റെയും സാനിറ്റൈസറിന്റെയും ഉത്പാദനം കുടുംബശ്രീ സംരംഭ യൂണിറ്റുകള്‍ വഴി ആരംഭിക്കുകയും ആവശ്യാനുസരണം വിതരണം ചെയ്യുകയും ചെയ്തത്. 306 തയ്യല്‍ യൂണിറ്റുകള്‍ വഴി 14.58 ലക്ഷം കോട്ടണ്‍ മാസ്‌കുകളാണ് നിര്‍മ്മിച്ചത്. ആരോഗ്യവകുപ്പ് ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ നിന്ന് വന്ന ഓര്‍ഡറുകള്‍ അനുസരിച്ചാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതും വിതരണം ചെയ്യുന്നതും. കൂടാതെ 21 സോപ്പ്/ലോഷന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ വഴി 2170 ലിറ്റര്‍ സാനിറ്റൈസറും കുടുംബശ്രീ യൂണിറ്റുകള്‍ ഉത്പാദിപ്പിച്ച് ലഭ്യമാക്കി കഴിഞ്ഞു.

4. സാമൂഹ്യ അടുക്കള (കമ്മ്യൂണിറ്റി കിച്ചണ്‍)

വൈറസ് വ്യാപനം തടയുന്നതിനായി പൊതുജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കേണ്ടത് അനിവാര്യമായിതിനാല്‍ തന്നെ ഇന്ത്യയൊട്ടാകെ മാര്‍ച്ച് 24 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന് മുന്‍പ് തന്നെ മാര്‍ച്ച് 23ന് കേരളം ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ ഒരു പ്രത്യേക കാലത്ത് ആരും വിശന്നിരിക്കില്ലെന്ന് ഉറപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സാമൂഹ്യ അടുക്കളകള്‍ക്ക് തുടക്കമിടുന്നത്. ജില്ലാഭരണകൂടം, തദ്ദേശ സ്ഥാപനം, സിവില്‍ സപ്ലൈസ് തുടങ്ങിയ ഏവരും ചേര്‍ന്നുള്ള സംഘമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് സമൂഹ അടുക്കളകള്‍ നിലവില്‍ വരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സംയോജനത്തോടെ അവരുടെ നേതൃത്വത്തിലും പൂര്‍ണ്ണ സഹകരണത്തിലുമാണ് കുടുംബശ്രീ അംഗങ്ങള്‍ വഴി സാമൂഹ്യ അടുക്കളകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. എല്ലാ പഞ്ചായത്തിലും ജനകീയ ഹോട്ടലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഫലമായി കണ്ടെത്തിയ സംരംഭകരെ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞു. കേരളത്തില്‍ 1325 സാമൂഹ്യ അടുക്കളകളാണ് ഇപ്പോഴുള്ളത്. അതില്‍ 1096 അടുക്കളകളും കുടുംബശ്രീ സംരംഭകരാണ് നടത്തുന്നത്. ശേഷിക്കുന്നവ അതാത് തദ്ദേശ സ്ഥാപനങ്ങള്‍ നേരിട്ടോ സന്നദ്ധ സംഘടനകളോ പൊതുമേഖലാ സ്ഥാപനങ്ങളോ സഹകരണ സ്ഥാപനങ്ങളോ ആണ് നടത്തുന്നത്. ഏപ്രില്‍ 2 വരെയുള്ള കണക്ക് അനുസരിച്ച് പഞ്ചായത്ത് തലത്തിലുള്ള കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി 1.89 ലക്ഷം ഭക്ഷണപ്പൊതികളാണ് വിതരണം വിതരണം ചെയ്ത്. നഗരതല തദ്ദേശ സ്ഥാപനങ്ങളിലെ സമൂഹ അടുക്കളകള്‍ വഴി 99572 പേര്‍ക്കും ഭക്ഷണം നല്‍കി.

5. സ്‌നേഹിത കേന്ദ്രീകൃത കൗണ്‍സിലിങ് സേവനങ്ങള്‍

അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സേവനങ്ങള്‍ നല്‍കുന്നതിനും താത്ക്കാലിക അഭയമേകുന്നതുമായ കേന്ദ്രങ്ങളാണ് കുടുംബശ്രീ സ്‌നേഹിത. കേരളത്തിലെ 14 ജില്ലകളിലും സ്‌നേഹിത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ കൗണ്‍സിലിങ് സേവനങ്ങളുള്‍പ്പെടെ നല്‍കുന്നവരുണ്ട്. ഇത് കൂടാതെ ഫീല്‍ഡ് തലത്തില്‍ കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കുന്ന 350 ഓളം കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും കുടുംബശ്രീയ്ക്കുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നവര്‍ക്കായി കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ് സേവനങ്ങള്‍ ടെലിഫോണ്‍ വഴി നല്‍കുന്നു. 14 ജില്ലകളിലെയും സ്‌നേഹിത കേന്ദ്രങ്ങളുടെ നമ്പരുകളിലേക്ക് വിളിച്ച് പിന്തുണാസേവനങ്ങള്‍ നേടാനാകും. കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള സംശയനിവാരണവും ടെലി കൗണ്‍സിലിങ് മുഖേന നടത്തുന്നു. ഒറ്റപ്പെട്ട് താമസിക്കുന്നവരില്‍ പിന്തുണാ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുന്ന കോളിങ് ബെല്‍ പദ്ധതിയുടെ ഭാഗമായ ഗുണഭോക്താക്കള്‍ക്കും ഇത്തരത്തില്‍ ടെലിഫോണ്‍ വഴി സേവനം പ്രത്യേകമായി നല്‍കുന്നു.

6. 2000 കോടി വായ്പ

കേരളം നേരിട്ട മഹാപ്രളയത്തില്‍ നിന്ന് പൊതുജനങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതിനായി റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍കെഎല്‍എസ്) എന്ന പേരില്‍ കുടുംബശ്രീ മുഖേന അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ പലിശരഹിത വായ്പ നല്‍കിയിരുന്നു. കൊറോണ വൈറസ് വ്യാപനകാലഘട്ടത്തിലെ പ്രതികൂല സാഹചര്യത്തെ നേരിടാന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴി പലിശ രഹിത വായ്പ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് അനുസരിച്ച് 2000 കോടി രൂപയാണ് അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി പലിശരഹിത വായ്പയായി ഇത്തരത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. പലിശ സര്‍ക്കാര്‍ വഹിക്കും. വായ്പയ്ക്ക് അര്‍ഹര്‍ ആരൊക്കെയാണെന്ന മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചായിരിക്കും വായ്പാ വിതരണം.

7.തുണിസഞ്ചി നിര്‍മ്മാണം

പൊതുജനങ്ങള്‍ക്ക് ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി തുണിസഞ്ചികള്‍ നിര്‍മ്മിച്ച് നല്‍കുന്ന പ്രവര്‍ത്തനങ്ങളും കുടുംബശ്രീയുടെ വിവിധ തയ്യല്‍ യൂണിറ്റുകള്‍ ഇപ്പോള്‍ നടത്തി വരുന്നു. കൊല്ലം ജില്ലയില്‍ സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്നും 1 ലക്ഷം തുണിസഞ്ചിയുടെ ഓര്‍ഡറുകള്‍ ലഭിച്ചു കഴിഞ്ഞു. വരും ആഴ്ചകളില്‍ സംസ്ഥാനത്തൊട്ടാകെയുള്ള വിവിധ യൂണിറ്റുകൾ വഴി ഓർഡർ ലഭിക്കുന്നതനുസരിച്ച് തുണിസഞ്ചികൾ തയാറാക്കി നൽകും.

8. ബാലസഭാ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍

കുട്ടികളുടെ അയല്‍ക്കൂട്ടമായി വര്‍ത്തിക്കുന്ന കുടുംബശ്രീയുടെ ബാലസഭകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും അതോടൊപ്പം തന്നെ ലോക് ഡൗണ്‍ കാലം കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. ജില്ലകള്‍ കേന്ദ്രീകരിച്ച് ഓരോ ജില്ലകളും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് ബാലസഭകള്‍ വഴി നടത്തുന്നത്. ചിത്രരചനാ മത്സരങ്ങളുള്‍പ്പെടെ ബാലസഭകള്‍ കേന്ദ്രീകരിച്ച് സോഷ്യല്‍ മീഡിയ ഉപയോഗിച്ച് നടത്തുന്നു.

9.സന്നദ്ധപ്രവര്‍ത്തനത്തിനായി മുന്നോട്ട്
പ്രളയകാലത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വീടുകളില്‍ അഭയം നല്‍കുന്നതിനും സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനുമടക്കം നിരവധി കുടുംബശ്രീ വനിതകള്‍ സന്നദ്ധ പ്രവര്‍ത്തനത്തിനായി മുന്നോട്ടു വന്നിരുന്നു. ഈ പ്രതിസന്ധി കാലത്തും സന്നദ്ധ പ്രവര്‍ത്തനത്തിനായി മുന്നോട്ട് വരണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം എല്ലാ അയല്‍ക്കൂട്ട അംഗങ്ങളിലേക്കും എത്തിച്ചിട്ടുണ്ട്. ഇത് കൂടാതെ സിവില്‍ സപ്ലൈസിന്റെ ഭക്ഷ്യകിറ്റ് തയാറാക്കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി ആവശ്യാനുസരണം കുടുംബശ്രീ അംഗങ്ങള്‍ മുന്നോട്ട് വരും.

10. വയോജന/അഗതി കേന്ദ്രീകൃത പിന്തുണാ പ്രവര്‍ത്തനങ്ങള്‍

കൊറോണ വൈറസ് ബാധയേല്‍ക്കാല്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വിഭാഗത്തില്‍പ്പെട്ടവരാണ് വയോജനങ്ങള്‍. അതിനാല്‍ തന്നെ വയോജനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന രീതിയില്‍ കുടുംബശ്രീ സംഘടനാ സംവിധാനത്തെ ഉപയോഗിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. കേരളത്തില്‍ 1.5 ലക്ഷത്തോളം കുടുംബങ്ങള്‍ ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഈ കുടുംബങ്ങളിലെ വയോജനങ്ങളുടെ ക്ഷേമാന്വേഷണം പ്രത്യേകമായി നടത്തുകയും അവര്‍ക്ക് പ്രത്യേകമായ ശ്രദ്ധ നല്‍കുകയും അവരുടെ ആവശ്യങ്ങള്‍ അറിയുകയും അത് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ചെയ്യാന്‍ ലക്ഷ്യമിട്ടിരിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും. ഇത് കൂടാതെ അഗതിരഹിത കേരളം പദ്ധതിയുടെ ഗുണഭോക്താക്കളായ നിരാലംബരായവരിലേക്കും പ്രത്യേകിച്ചും ഈ വിഭാഗത്തിലെ വയോജനങ്ങളിലേക്കും എത്താനുള്ള ശ്രമങ്ങളും കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ മുഖേന ചെയ്യുന്നു.

Content highlight
ബോധവത്ക്കരണം മുതല്‍ വ്യത്യസ്തങ്ങളായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വരെ ഭാഗമായി കേരള സമൂഹത്തെ ഈ പ്രതിസന്ധിഘട്ടത്തില്‍ നിന്ന് കരകയറ്റാനുള്ള ശ്രമങ്ങളാണ് കുടുംബശ്രീ നടത്തി വരുന്നത്. കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തിനായി സംസ്ഥാന തലത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള