വാര്‍ത്തകള്‍

സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക ശാക്തീകരണത്തിൽ കുടുംബശ്രീയുടേത് മുഖ്യ പങ്ക്: മുഖ്യമന്ത്രി പിണറായി വിജയൻ

Posted on Friday, January 2, 2026

കേരളത്തിൽ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക ശാക്തീകരണത്തിൽ കുടുംബശ്രീ മുഖ്യ പങ്കു വഹിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് തൃത്താല ചാലിശ്ശേരിയിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ പതിമൂന്നാമത് ദേശീയ സരസ് -ഉൽപന്ന പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗ്രാമീണ വനിതാ സംരംഭകരുടെ സാമ്പത്തിക ശാക്തീകരണത്തിന് ഏറെ സഹായകമാകുന്നവയാണ് സരസ് ഉൽപന്ന വിപണന മേളകൾ. ദേശീയ ഗ്രാമീണ ഉപജീവന മിഷൻ അനുവദിക്കുന്ന 85 ലക്ഷം രൂപയും കേരള സർക്കാർ അനുവദിക്കുന്ന 50 ലക്ഷവും സ്പോൺസർഷിപ് മുഖേന കണ്ടെത്തുന്ന ഫണ്ടുകളും അതോടൊപ്പം മേള സംഘടിപ്പിക്കുന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ഉത്തരവിൻ പ്രകാരം ലഭിക്കുന്ന തുകയും ഉപയോഗിച്ചാണ് കുടുംബശ്രീ സരസ് മേളകൾ സംഘടിപ്പിക്കുന്നത്. ഇത് സ്ത്രീകളുടെ സാമൂഹ്യ മുന്നേത്തിനു കൂടിയുള്ള ഉപാധിയാണ്. ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളം മുന്നിലെത്തിയതിൽ കുടുംബശ്രീയുടെ ഇടപെടലുകൾക്ക് സവിശേഷ സ്ഥാനമുണ്ട്. നാടിന്റെ വികസന ചരിത്രം എന്നത് കുടുംബശ്രീയുടെ ചരിത്രമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ സ്ത്രീകളുടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അവസ്ഥയും കാരണമാണ്. സ്ത്രീസുരക്ഷാ പദ്ധതികൾക്കൊപ്പം സാമ്പത്തിക മുന്നേറ്റം കൂടി കൈവരിച്ചാൽ മാത്രമേ സ്ത്രീപുരുഷ സമത്വം ഉണ്ടാകൂ.

  ഇതിന് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തണം. വിപണി വിപുലീകരണവും സംരംഭകർക്ക് കൂടുതൽ വിപണി അവസരങ്ങളും ലഭ്യമാക്കണം. വൻകിട ചെറുകിട വികസന പ്രവർത്തനങ്ങൾ ഒരുമിച്ചു കൊണ്ടു പോകണം. എങ്കിൽ മാത്രമേ നവ കേരളം കെട്ടിപ്പടുക്കാൻ സാധ്യമാകൂ. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ഏറെ മുന്നേറ്റം കൈവരിക്കാനായിട്ടുണ്ട്. ഇതിനു കാരണം കേരളീയ സമൂഹം പുലർത്തുന്ന മതനിരപേക്ഷ ബോധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ബീന ആർ.ചന്ദ്രൻ, അജയൻ ചാലിശ്ശേരി, ഡോ.വി സേതുമാധവൻ, പെരിങ്ങോട് ചന്ദ്രൻ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
മന്ത്രി എം.ബി രാജേഷ് മുഖ്യമന്ത്രിക്ക് ഉപഹാരം നൽകി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ വനിതാ സംരംഭകർ വിവിധ ഭക്ഷ്യവിഭവങ്ങൾ മുഖ്യമന്ത്രിക്ക് നൽകി.  

മതനിരപേക്ഷമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ കുടുംബശ്രീയുടെ കഴിഞ്ഞ 27 വർഷത്തെ പ്രവർത്തനങ്ങൾ ഏറെ നിർണായക പങ്കു വഹിച്ചെന്ന്  തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 16000-ലേറെ കുടുംബശ്രീ അംഗങ്ങളാണ് മത്സരിച്ചത്. കേരളത്തിന്റെ എല്ലാ വികസന പദ്ധതികളിലും പങ്കാളിത്തം വഹിക്കുന്ന കുടുംബശ്രീ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃനിരയെ സൃഷ്ടിക്കുന്നതിലും നിർണായക പങ്കു വഹിച്ചു.
സ്ത്രീകളുടെ തിളക്കമേറിയ നേട്ടങ്ങളിലെല്ലാം കുടുംബശ്രീക്ക് മുദ്ര പതിപ്പിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളീയ സ്ത്രീ സമൂഹത്തിന്റെ സമഗ്ര മുന്നേറ്റത്തിന് കുടുംബശ്രീ വഴിതെളിച്ചെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു.

ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി.  അബ്ദുൾ സമദ് സമദാനി എം.പി, എം.എൽ.എമാരായ പി മമ്മിക്കുട്ടി, പി.പി സുമോദ്, മുഹമ്മദ് മുഹ്സിൻ, തൃത്താല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, പട്ടാമ്പി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി രാമദാസ്, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻ കുട്ടി, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ പി.കെ സൈനബ, കെ.കെ ലതിക, മരുതി മുരുകൻ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, വകുപ്പ് ഉദേ്യാഗസ്ഥർ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ,  കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതവും ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.  

ഉദ്ഘാടന സമ്മേളനത്തിന് ശേഷം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, സംഗീത സംവിധായകൻ ശരത്, പ്രകാശ് ഉളിയേരി എന്നിവരുടെ നേതൃത്വത്തിൽ "ത്രയ'-ദി മ്യൂസിക്കൽ ഫ്യൂഷൻ പരിപാടിയും പ്രധാന വേദിയിൽ അരങ്ങേറി.

Content highlight
saras mela kick starts at chalissery

നാടിന്റെ വികസനത്തിനും ജനനൻമയ്ക്കുമായി അടിയുറച്ച ശബ്ദം: ആവേശമുണർത്തി കുടുംബശ്രീ ബാലപാർലമെന്റ്

Posted on Wednesday, December 31, 2025

മതനിരപേക്ഷതയുടെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന സാമൂഹ്യബോധമുള്ള പൗരസമൂഹമാണ് തങ്ങളെന്ന് വ്യക്തമാക്കി കുടുംബശ്രീ ബാലസഭാംഗങ്ങൾ അവതരിപ്പിച്ച ബാലപാർലമെന്റ് വേറിട്ട അനുഭവമായി.  കുട്ടികളിൽ ഉന്നതമായ ജനാധിപത്യമൂല്യങ്ങളും നേതൃത്വഗുണവും സംഘടനാ ശേഷിയും പാരിസ്ഥിതിക ബോധവും വളർത്താൻ ബാലപാർലമെന്റ് സഹായകമാകുമെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ പഴയ നിയമസഭാ മന്ദിരത്തിൽ ഉയർന്നു കേട്ട  കൗമാരത്തിന്റെ ഊർജം പ്രസരിക്കുന്ന വാക്കുകൾ.              

കുടുംബശ്രീ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി സംഘടിപ്പിച്ച രണ്ടു ബാലപാർലമെന്റുകളിലാണ് അവകാശങ്ങൾക്കും രാജ്യത്തിന്റെ ബഹുമുഖ പുരോഗതിക്കുമായി കുട്ടികൾ ശബ്ദമുയർത്തിയത്. മുൻ സാമ്പത്തിക വർഷത്തെ ബാലപാർലമെന്റായിരുന്നു ആദ്യം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഡയറക്ടർ രാജേശ്വരി എസ്.എം  ബാലപാർലമെന്റ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വ്യക്തിജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ലിംഗതുല്യത കൈവരിക്കാൻ കഴിയണമെന്നും വേർതിരിവുകളില്ലാതെ എല്ലാവരേയും ഒരു പോലെ ഉൾക്കൊളളാൻ കഴിയുന്ന മനോഭാവം വളർത്തിയെടുക്കാനാകണമെന്നും രാജേശ്വരി എസ്.എം പറഞ്ഞു. മാനവിക മൂല്യങ്ങൾ സംരക്ഷിക്കുന്നിനൊപ്പം എല്ലാവരേയും ബഹുമാനിക്കാൻ കഴിയുന്നരായി കുട്ടികൾ മാറണമെന്നും അവർ പറഞ്ഞു.

ഇനി വരുന്ന തലമുറയെന്ന നിലയിൽ സമൂഹത്തെ ഒന്നാകെ പ്രചോദിപ്പിക്കാൻ കുട്ടികൾക്ക് കഴിയുമെന്നും  അവരുടെ തെളിമയുള്ള ചിന്തകളും ലക്ഷ്യബോധമുളള സ്വപ്നങ്ങളും  സമൂഹത്തിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായിരിക്കുമെന്നും  ബാലപാർലമെന്റിൽ കുട്ടികളെ അഭിസംബോധന ചെയ്തു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ പറഞ്ഞു. സിവിൽ സർവീസ് രംഗത്ത് കരിയർ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ബാലസംഭാംഗങ്ങളുടെ ചോദ്യങ്ങൾക്കും അവർ മറുപടി നൽകി.

രണ്ടു ബാലപാർലമെന്റിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം, സ്ത്രീസുരക്ഷ, വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം, സോഷ്യൽ മീഡിയ കുട്ടികളിൽ ചെലുത്തുന്ന അപകടകരമായ സ്വാധീനം,  തുടങ്ങി  വിവിധ മേഖലകളെ സംബന്ധിച്ച ചോദേ്യാത്തര വേള, അടിയന്തര പ്രമേയം അവതരിപ്പിക്കൽ, പ്രതിപക്ഷാംഗങ്ങളുടെ വാക്കൗട്ട് എന്നിവയും അരങ്ങേറി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, വർധിച്ചു വരുന്ന തൊഴിലില്ലായ്മ, കുറ്റകൃത്യങ്ങൾക്കായി ലഹരി മാഫിയ കുട്ടികളെ  ഉപയോഗിക്കുന്നത്, നദികളുടെ മലിനീകരണം എന്നിവ സംബന്ധിച്ച ചോദേ്യാത്തര വേളയിൽ മൂർച്ചയുള്ള ചോദ്യങ്ങളും അതേ നാണയത്തിലുള്ള മറുപടിയുമായി പ്രതിപക്ഷവും ഭരണപക്ഷവും കത്തിക്കയറിയത് ബാലപാർലമെന്റിനെ ശബ്ദമുഖരിതമാക്കി. പ്രതിപക്ഷത്തിന്റെ വാക്കൗട്ട് യഥാർത്ഥ പാർലമെന്റിൽ അരങ്ങേറുന്ന നടപടികളെ ഒാർമ്മിപ്പിക്കുന്നതായിരുന്നു.

രാവിലെ സംഘടിപ്പിച്ച ബാലപാർലമെന്റിൽ രാഷ്ട്രപതിയായി ഹെലൻ അന്ന സജിൻ(ആലപ്പുഴ), പ്രധാനമന്ത്രിയായി ഏയ്ഞ്ചൽ (വയനാട്), പ്രതിപക്ഷ നേതാവ് പ്രണവ് ജെ. നായർ(ആലപ്പുഴ), സ്പീക്കർ അവനിജ ടി.എം (തൃശൂർ), ഡെപ്യൂട്ടി സ്പീക്കർ അലോന (ഇടുക്കി), സെക്രട്ടറി ജനറൽ, ആരാധ്യ പ്രദീപ് (കണ്ണൂർ), സെക്രട്ടറി, തൻവീൻ ഉമർ (പാലക്കാട്), സെക്രട്ടറി, കനിഷ്ക്ക (അട്ടപ്പാടി), മാർഷൽ, അഭിനവ് കൃഷ്ണ (കൊല്ലം), എ.ഡി.സി ബിനോ (കോട്ടയം) എന്നിവർ പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച രണ്ടാമത്തെ ബാലപാർലമെന്റിൽ രാഷ്ട്രപതിയായി അനുശ്രീ(കൊല്ലം), പ്രധാനമന്ത്രി ആത്രയ്(കൊല്ലം), സ്പീക്കർ-ചന്ദന(കാസർകോട്), ഡെപ്യൂട്ടി സ്പീക്കർ ആദിത്യ ഗണേഷ്(കണ്ണൂർ), പ്രതിപക്ഷ നേതാവ് ഫാത്തിമ ഇൻഷ (മലപ്പുറം), വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് അബ്ദുള്ള (കൊല്ലം), കൃഷി വനം പരിസ്ഥിതി അർജ്ജുൻ അശോക് (ആലപ്പുഴ), സാമൂഹ്യനീതി ശിശു ക്ഷേമം, ജോവിയ ജോഷി(കണ്ണൂർ), ആഭ്യന്തരം ചൈത്ര (കോഴിക്കോട്), ആരോഗ്യം അമേയ പി.സുനിൽ (മലപ്പുറം), കായികം ആർഷ പി (പത്തനംതിട്ട), ചീഫ് മാർഷൽ അർജ്ജുൻ കൃഷ്ണ(തൃശൂർ), എ.ഡി.സി അബി ബി.എസ് (തിരുവനന്തപുരം) എന്നിവരും പങ്കെടുത്തു. ബാല പാർലമെന്റിൽ പങ്കെടുക്കനെത്തിയ കുട്ടികൾ  പുതിയ നിയമസഭാ മന്ദിരവും സന്ദർശിച്ചു.

ഉദ്ഘാടന സമ്മേളനത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

സമാപന സമ്മേളനത്തിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ മേലാത്ത് സ്വാഗതം പറഞ്ഞു. കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ അരുൺ പി.രാജൻ, ജസ്റ്റിൻ മാത്യു എന്നിവർ ബാലപാർലമെന്റിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. മുൻബാലസഭാംഗവും നിയമ വിദ്യാർത്ഥിനിയുമായ നയന അനുഭവങ്ങൾ പങ്കു വച്ചു. സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ പ്രീത ജി. നായർ നന്ദി പറഞ്ഞു.

Content highlight
bala parliament

കുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് ലക്ഷദ്വീപിലേക്കും

Posted on Wednesday, December 31, 2025

ആറ് മാസം മുതൽ മൂന്നു വയസു വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അങ്കണവാടി വഴി വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ലക്ഷദ്വീപിലേക്കും.  ഇവിടെയുള്ള പത്തു ദ്വീപുകളിൽ ഗുരുതരമായ പോഷകാഹാര കുറവ് നേരിടുന്ന സ്ത്രീകൾക്കും ഭാരക്കുറവുള്ള കുട്ടികൾക്കും വേണ്ടിയാണ്  സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് വാങ്ങുന്നത്. കിലോയ്ക്ക് നൂറു രൂപ നിരക്കിൽ ആദ്യഘട്ടത്തിൽ 392 കിലോഗ്രാം ന്യൂട്രിമിക്സ് വാങ്ങാമെന്ന് അറിയിച്ചു കൊണ്ട് ലക്ഷദ്വീപ് വനിതാ ശിശുവികസന വകുപ്പ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കത്തു നൽകിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ അളവിൽ ഉൽപന്നം ആവശ്യമാകുമെന്നാണ് കരുതുന്നത്.

ലക്ഷദ്വീപിലെ അഗാത്തി, അമിനി, ആൻഡ്രോത്ത്, ബിത്ര, ചെറ്റ്ലത്ത്, കാഡ്മത്ത്, കൽപെനി, കവരത്തി, കിൽത്താൻ, മിനികോയ് ദ്വീപുകളിലെ പോഷകാഹാക കുറവ് അനുഭവിക്കുന്ന സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് അമൃതം ന്യൂട്രിമിക്സ് വാങ്ങുന്നത്. ഒാരോ ദ്വീപിലേക്കും ആവശ്യമായ ന്യൂട്രിമിക്സിന്റെ അളവ് കുടുംബശ്രീക്ക് നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ന്യൂട്രിമിക്സ് യൂണിറ്റുകൾ മുഖേനയാണ് ലക്ഷദ്വീപിലേക്ക്  വിതരണം ചെയ്യുന്നതിനാവശ്യമായ ന്യൂട്രിമിക്സ് തയ്യാറാക്കുക. യൂണിറ്റുകൾ ഒാരോ ദ്വീപിലേക്കും ആവശ്യമായ അളവിൽ സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് പ്രതേ്യകം പായ്ക്കറ്റുകളിലാക്കി കൊച്ചിയിലെ വെല്ലിങ്ങ്ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ടേറ്റീവ് ഒാഫീസിലെത്തിക്കും. അവിടെ നിന്നും ഉൽപന്നം ലക്ഷദ്വീപിലെത്തിക്കും.

സംയോജിത ശിശുവികസന സേവന പദ്ധതി പ്രകാരം വികസിപ്പിച്ചതും ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് അംഗൻവാടികൾ വഴി വിതരണം ചെയ്യുന്ന പൂരക പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്. കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ ‘ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടി.എച്ച്.ആർ.എസ്  ) പ്രകാരം കേരള സർക്കാരിനു കീഴിൽ വനിതാ ശിശുവികസന  വകുപ്പ്, ഫുഡ് കോർപ്പറേഷൻ ഒാഫ് ഇൻഡ്യ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണിത്. നിലവിൽ സംസ്ഥാനത്താകെ 241 കുടുംബശ്രീ യൂണിറ്റുകൾ വഴി  പ്രതിവർഷം ഇരുപതിനായിരത്തിലേറെ ടൺ ഭക്ഷ്യമിശ്രിതം ഈ ഉൽപാദിപ്പിക്കുന്നു. ഇതു വഴി ഏകദേശം 150 കോടി രൂപയുടെ വിറ്റുവരവ് യൂണിറ്റ് അംഗങ്ങളായ സ്ത്രീകൾ നേടുന്നുണ്ട്.

Content highlight
amritham nutrimix to lakshadweep

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വിജയിച്ചത് 7210 കുടുംബശ്രീ വനിതകൾ

Posted on Wednesday, December 31, 2025

തദ്ദേശ ഭരണ രംഗത്ത് ഇനി കുടുംബശ്രീയുടെ മുഖശ്രീയും. ഇക്കുറി തെരഞ്ഞെടുപ്പിൽ വിജയം കൈപ്പിടിയിലാക്കിയത് 7210 കുടുംബശ്രീ വനിതകൾ. ആകെ 17082 വനിതകൾ  മത്സരിച്ചതിൽ നിന്നാണ് ഇത്രയും പേർ വിജയിച്ചത്. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കോഴിക്കോടാണ്. 709 കുടുംബശ്രീ അംഗങ്ങൾ ഇവിടെ വിജയിച്ചു. 697 വനിതകൾ വിജയിച്ച മലപ്പുറം ജില്ലയാണ് രണ്ടാമത്. 652 പേർ വിജയിച്ച തൃശൂർ ജില്ലയാണ് മൂന്നാമത്.

അയൽക്കൂട്ട അംഗങ്ങളായ 5416 പേരും ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളായ 106 പേരും വിജയിച്ചവരിൽ ഉൾപ്പെടും.നിലവിൽ സി.ഡി.എസ് അധ്യക്ഷമാർ ആയിരിക്കേ മത്സരിച്ചതിൽ വിജയിച്ചത് 111 പേരാണ്. സി.ഡി.എസ് ഉപാധ്യക്ഷമാർ മത്സരിച്ചതിൽ 67 പേരും വിജയിച്ചു.  724 സി.ഡി.എസ് അംഗങ്ങൾ, 786 എ.ഡി.എസ് ഭരണ സമിതി അംഗങ്ങളും വിജയിച്ചു. അട്ടപ്പാടിയിൽ മത്സരിച്ച 35 പേരിൽ 13 പേരും വിജയിച്ചു.

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിൽ നിന്നും ജനവിധി തേടിയവരിൽ ഗ്രാമപഞ്ചായത്തുകളിലേക്ക് 5836, ജില്ലാ പഞ്ചായത്തിലേക്ക് 88, ബ്ളോക്ക് പഞ്ചായത്തിലേക്ക് 487, കോർപ്പറേഷനിൽ 45, മുനിസിപ്പാലിറ്റിയിൽ 754 പേരും വിജയിച്ചു.

 

4.  കുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് ലക്ഷദ്വീപിലേക്കും

ആറ് മാസം മുതൽ മൂന്നു വയസു വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അങ്കണവാടി വഴി വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ലക്ഷദ്വീപിലേക്കും.  ഇവിടെയുള്ള പത്തു ദ്വീപുകളിൽ ഗുരുതരമായ പോഷകാഹാര കുറവ് നേരിടുന്ന സ്ത്രീകൾക്കും ഭാരക്കുറവുള്ള കുട്ടികൾക്കും വേണ്ടിയാണ്  സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് വാങ്ങുന്നത്. കിലോയ്ക്ക് നൂറു രൂപ നിരക്കിൽ ആദ്യഘട്ടത്തിൽ 392 കിലോഗ്രാം ന്യൂട്രിമിക്സ് വാങ്ങാമെന്ന് അറിയിച്ചു കൊണ്ട് ലക്ഷദ്വീപ് വനിതാ ശിശുവികസന വകുപ്പ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കത്തു നൽകിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ അളവിൽ ഉൽപന്നം ആവശ്യമാകുമെന്നാണ് കരുതുന്നത്.

ലക്ഷദ്വീപിലെ അഗാത്തി, അമിനി, ആൻഡ്രോത്ത്, ബിത്ര, ചെറ്റ്ലത്ത്, കാഡ്മത്ത്, കൽപെനി, കവരത്തി, കിൽത്താൻ, മിനികോയ് ദ്വീപുകളിലെ പോഷകാഹാക കുറവ് അനുഭവിക്കുന്ന സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് അമൃതം ന്യൂട്രിമിക്സ് വാങ്ങുന്നത്. ഒാരോ ദ്വീപിലേക്കും ആവശ്യമായ ന്യൂട്രിമിക്സിന്റെ അളവ് കുടുംബശ്രീക്ക് നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ന്യൂട്രിമിക്സ് യൂണിറ്റുകൾ മുഖേനയാണ് ലക്ഷദ്വീപിലേക്ക്  വിതരണം ചെയ്യുന്നതിനാവശ്യമായ ന്യൂട്രിമിക്സ് തയ്യാറാക്കുക. യൂണിറ്റുകൾ ഒാരോ ദ്വീപിലേക്കും ആവശ്യമായ അളവിൽ സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് പ്രതേ്യകം പായ്ക്കറ്റുകളിലാക്കി കൊച്ചിയിലെ വെല്ലിങ്ങ്ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ടേറ്റീവ് ഒാഫീസിലെത്തിക്കും. അവിടെ നിന്നും ഉൽപന്നം ലക്ഷദ്വീപിലെത്തിക്കും.

സംയോജിത ശിശുവികസന സേവന പദ്ധതി പ്രകാരം വികസിപ്പിച്ചതും ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് അംഗൻവാടികൾ വഴി വിതരണം ചെയ്യുന്ന പൂരക പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്. കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ ‘ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടി.എച്ച്.ആർ.എസ്  ) പ്രകാരം കേരള സർക്കാരിനു കീഴിൽ വനിതാ ശിശുവികസന  വകുപ്പ്, ഫുഡ് കോർപ്പറേഷൻ ഒാഫ് ഇൻഡ്യ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണിത്. നിലവിൽ സംസ്ഥാനത്താകെ 241 കുടുംബശ്രീ യൂണിറ്റുകൾ വഴി  പ്രതിവർഷം ഇരുപതിനായിരത്തിലേറെ ടൺ ഭക്ഷ്യമിശ്രിതം ഈ ഉൽപാദിപ്പിക്കുന്നു. ഇതു വഴി ഏകദേശം 150 കോടി രൂപയുടെ വിറ്റുവരവ് യൂണിറ്റ് അംഗങ്ങളായ സ്ത്രീകൾ നേടുന്നുണ്ട്.

Content highlight
7210 kudumbashree members elected in LSGI

കുടുംബശ്രീ ദേശീയ സരസ് മേള സമ്മാനക്കൂപ്പൺ വിപണനം: ആദ്യഘട്ട കളക്ഷൻ തുക കൈമാറി

Posted on Wednesday, December 31, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജനുവരി രണ്ടു മുതൽ 11 വരെ പാലക്കാട് തൃത്താല ചാലിശ്ശേരിയിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയോടനുബന്ധിച്ചുള്ള സമ്മാനക്കൂപ്പൺ വിപണനത്തിന്റെ ഒന്നാം ഘട്ട കളക്ഷൻ തുകയായ ~ഒമ്പതു ലക്ഷം രൂപ സി.ഡി.എസുകൾ ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണിക്കൃഷ്ണന് കൈമാറി. ജില്ലയിലെ  നെല്ലായ, വല്ലപ്പുഴ, പാലക്കാട് സൗത്ത്, പാലക്കാട് നോർത്ത്, തിരുമിറ്റക്കോട്,  അഗളി എന്നീ ആറ് സി.ഡി.എസുകൾ മുഖേന വിപണനം നടത്തിയ സമ്മാനക്കൂപ്പണുകളുടെ തുകയാണ് നൽകിയത്. ബാക്കിയുള്ള സി.ഡി.എസുകളിലും കൂപ്പൺ വിപണനം ഊർജിതമാണ്.

സമ്മാനക്കൂപ്പണുകളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തും. ഒന്നാം സമ്മാനം സ്വിഫ്റ്റ് കാർ, രണ്ടാം സമ്മാനം ബൈക്ക്, മൂന്നാം സമ്മാനം എൽ.ഇ.ഡി ടി.വി, നാലാം സമ്മാനം ഫ്രിഡ്ജ് എന്നിവയാ് സമ്മാനമായി ലഭിക്കുക. ഇതു കൂടാതെ സ്വർണ നാണയങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. സരസ് മേളയുടെ സമാപന വേദിയിൽ വച്ചാകും നറുക്കെടുപ്പ്.  

ജോബിസ് മാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ സുഭാഷ് പി.ബി, ജില്ലാ പ്രോഗ്രാം മാനേജർ സബിത സി.ഡി.എസ് അധ്യക്ഷമാർ, മെമ്പർ സെക്രട്ടറിമാർ, അക്കൗൺന്റ്മാർ, ബ്ളോക്ക് കോർഡിനേറ്റർമാർ, കമ്യൂണിറ്റി കൗൺസിലർമാർ, മറ്റു കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. 

Content highlight
saras mela coupon collection amount handed over

കുടുംബശ്രീ "ഉയരെ'- ജെൻഡർ ക്യാമ്പയിൻ: മാധ്യമ ശിൽപശാല സംഘടിപ്പിച്ചു

Posted on Wednesday, December 31, 2025

2026 ജനുവരി ഒന്നു മുതൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന "ഉയരെ'--ഉയരട്ടെ കേരളം, വളരട്ടെ പങ്കാളിത്തം' ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി മാധ്യമ ശിൽപശാല ഡിസംബര്‍ 22ന്
 സംഘടിപ്പിച്ചു. സ്റ്റേറ്റ് ജെൻഡർ കൗൺസിൽ ജെൻഡർ കൺസൾട്ടന്റ് ഡോ.ടി.കെ ആനന്ദി മാധ്യമ ശിൽപശാല ഉദ്ഘാടനം ചെയ്തു.

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തുന്നതിനൊപ്പം സുരക്ഷിത തൊഴിലിടങ്ങൾ സൃഷ്ടിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.    ആദ്യഘട്ടത്തിൽ കേരളത്തിലെ മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലും അതുവഴി 48 ലക്ഷം കുടുംബശ്രീ കുടുംബാംഗങ്ങളിലേക്കും ക്യാമ്പയിൻ സംബന്ധിച്ച വിവരങ്ങൾ എത്തിക്കും. ആദ്യത്തെ അഞ്ച് ആഴ്ചകളിലായി അഞ്ചു വ്യത്യസ്ത മൊഡ്യൂളുകളിലാകും പരിശീലനം നൽകുക.

രണ്ടാം ഘട്ടത്തിൽ കേരളത്തിലെ ഒാരോ വ്യക്തിയിലേക്കും ലിംഗസമത്വ സന്ദേശം എത്തിക്കുന്ന പ്രവർത്തനങ്ങളായിരിക്കും നടപ്പാക്കുക.  ഇതിനു മുന്നോടിയായി സംസ്ഥാന ജില്ലാ സി.ഡി.എസ്, എ.ഡി.എസ് തലത്തിൽ വിവിധ പരിശീലനങ്ങൾ പൂർത്തിയാക്കും. അയൽക്കൂട്ടതലത്തിൽ മൂന്നു ലക്ഷത്തിലേറെ ജെൻഡർ പോയിന്റ് പേഴ്സൺമാർക്കും പരിശീലനം നൽകും.  

നിലവിൽ ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുന്ന "നയി ചേതന' ദേശീയ ജെൻഡർ ക്യാമ്പയിനും കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കി വരികയാണ്. "ലിംഗവിവേചനത്തിനും  ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കുമെതിരേ' എന്നതാണ് ക്യാമ്പയിന്റെ ആശയം. സ്ത്രീകൾ, വിവിധ ലിംഗവിഭാഗത്തിലുള്ള വ്യക്തികൾ എന്നിവർക്ക് വിവേചനങ്ങളും അതിക്രമങ്ങളും നേരിടാതെ സ്വന്തം അവകാശത്തിൽ അധിഷ്ഠിതമായി നിർഭയം ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ഈ ക്യാമ്പയിന്റെയും ലക്ഷ്യം. അച്ചടി ദൃശ്യ ശ്രവ്യമാധ്യമങ്ങൾ വഴിയും സമൂഹ മാധ്യമങ്ങൾ വഴിയുള്ള വിപുലമായ പ്രചരണ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രചാരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മാധ്യമ ശിൽപശാലയിൽ മാധ്യമ പ്രവർത്തകർ നൽകിയ നിർദേശങ്ങളും ആശയങ്ങളും ഉൾപ്പെടുത്തും.

കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി.ശ്രീജിത്ത് ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ പത്ര പ്രവർത്തക യൂണിയൻ സെക്രട്ടറി അനുപമ ജി.നായർ ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ജസ്റ്റിൻ മാത്യു നന്ദി പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം നയിചേത്ന 4.0 യുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സംയോജനം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി യോഗം സംഘടിപ്പിച്ചു. ഇതിൽ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്തു.

Content highlight
uyare media workshop

പതിമൂന്നാമത് കുടുംബശ്രീ ദേശീയ സരസ് മേള തൃത്താല ചാലിശ്ശേരിയിൽ 2026 ജനുവരി രണ്ടു മുതൽ 11 വരെ

Posted on Saturday, December 20, 2025

കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി 2026 ജനുവരി രണ്ടു മുതൽ 11 വരെ പാലക്കാട് ജില്ലയിലെ തൃത്താല ചാലിശ്ശേരിയിൽ ദേശീയ സരസ് ഉൽപന്ന പ്രദർശന വിപണന മേള സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ് പാലക്കാട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിമൂന്നാമത് സരസ് മേളയാണിത്. ജനുവരി രണ്ടിന് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ സരസ് മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എം. ബി രാജേഷ് അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, എം.പിമാരായ അബ്ദുൾ സമദ് സമദാനി, വി.കെ ശ്രീകണ്ഠൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, കെ.രാജൻ, സജി ചെറിയാൻ, ആർ ബിന്ദു, പി.രാജീവ്, പി. പ്രസാദ്, അബ്ദു റഹിമാൻ എന്നിവർ വിവിധ ദിവസങ്ങളിലെ സാംസ്ക്കാരിക സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.    

ചാലിശ്ശേരി മൂലയംപറമ്പ് മൈതാനത്തും സമീപത്ത് ക്രമീകരിച്ചിട്ടുള്ള പ്രതേ്യക വേദിയിലുമാണ് മേള നടക്കുന്നത്. കേരളം ഉൾപ്പെടെ 28 സംസ്ഥാനങ്ങളിൽ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുളള 250 ഉൽപന്ന പ്രദർശന വിപണന സ്റ്റാളുകൾ മേളയിലുണ്ടാകും. കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഗ്രാമീണ വനിതാ സംരംഭകർ തയ്യാറാക്കുന്ന ഉൽപന്നങ്ങളാണ് മേളയിൽ പ്രദർശനത്തിനും വിപണനത്തിനുമായി എത്തുക. ഇതിൽ വിവിധ ഭക്ഷേ്യാൽപന്നങ്ങൾ, തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ, നിതേ്യാപയോഗ സാധനങ്ങൾ തുടങ്ങി വിവിധ ഉൽപന്നങ്ങൾ വാങ്ങാനുള്ള അവസരവും ഉണ്ടാകും.

കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും സംരംഭകരുടെ നേതൃത്വത്തിൽ രുചിവൈവിധ്യം വിളമ്പുന്ന മെഗാ ഫുഡ് കോർട്ട് സരസ് മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മുപ്പതിലേറെ ഫുഡ് സ്റ്റാളുകൾ ഇവിടെയുണ്ടാകും. പത്തു ദിവസങ്ങളിലായി നടക്കുന്ന സരസ് മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാ സന്ധ്യകളിൽ നവ്യ നായർ, റിമി ടോമി, സിതാര കൃഷ്ണകുമാർ, ഷഹബാസ് അമൻ, സ്റ്റീഫൻ ദേവസി,  ആർ.എൽ.വി രാമകൃഷ്ണൻ, മട്ടന്നൂർ ശങ്കരൻകുട്ടി, ഗംഗ ശശിധരൻ, പുഷ്പവതി എന്നിവർ പങ്കെടുക്കും. ഇതോടൊപ്പം എല്ലാ ദിവസവും കുടുംബശ്രീ അംഗങ്ങളും പ്രാദേശിക കലാകാരൻമാരും അവതരിപ്പിക്കുന്ന കലാപരിപാടികളും വേദിയിൽ അരങ്ങേറും. ഇതു കൂടാതെ പുഷ്പ മേള, വിവിധ സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. സരസ് മേളയിൽ പ്രവേശനം സൗജന്യമാണ്.

സമാപന സമ്മേളനം ജനുവരി 11 ന് ആറു മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കും. കെ.രാധാകൃഷ്ണൻ എം.പി, സിനിമാ താരം മഞ്ജു വാര്യർ എന്നിവർ മുഖ്യാതിഥികളായെത്തും.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ പി, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ അനുരാധ എസ്, നവകേരളം മിഷൻ സെയ്തലവി പി എന്നിവർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.   

 

ഭാഗ്യശാലികളെ കാത്ത് നിരവധി സമ്മാനങ്ങൾ
കുടുംബശ്രീ ദേശീയ സരസ് ഉൽപന്ന പ്രദർശന വിപണന മേള സന്ദർശിക്കുന്ന ഭാഗ്യശാലികളെ കാത്ത് നിരവധി സമ്മാനങ്ങളും. 50 രൂപയുടെ സമ്മാന കൂപ്പൺ വാങ്ങിയാൽ മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സമ്മാനം സ്വിഫ്റ്റ് കാർ, രണ്ടാം സമ്മാനം ബൈക്ക്, മൂന്നാം സമ്മാനം എൽ.ഇ.ഡി ടി.വി, നാലാം സമ്മാനമായി ഫ്രിഡ്ജ് എന്നിവയാണ് സമ്മാനമായി ലഭിക്കുക. ഇതു കൂടാതെ സ്വർണ നാണയങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. സരസ് മേളയുടെ സമാപന വേദിയിൽ വച്ചായിരിക്കും നറുക്കെടുപ്പ്. 

ഫുഡ് കോർട്ടിലേക്കുള്ള പച്ചക്കറികൾ കുടുംബശ്രീ അംഗങ്ങൾ നൽകും
പാലക്കാട് തൃത്താല ചാലിശ്ശേരിയിൽ 2026 ജനുവരി രണ്ടു മുതൽ 11 വരെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ദേശീയ സരസ് ഉൽപന്ന പ്രദർശന വിപണന മേളയിലെ ഫുഡ്കോർട്ടിലേക്കാവശ്യമായ പച്ചക്കറികൾ കുടുംബശ്രീ അംഗങ്ങൾ നൽകും. ഇതിനായി തൃത്താല മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 33 എക്കറിൽ കുടുംബശ്രീ കർഷക സംഘങ്ങൾ നേരത്തെ തന്നെ വിവിധയിനം പച്ചക്കറികളുടെ കൃഷി ആരംഭിച്ചിരുന്നു. സരസ്മേളയോടനുബന്ധിച്ച് ഇവ വിളവെടുക്കും. പച്ചക്കറികൾ ആവശ്യാനുസരണം ഫുഡ്കോർട്ടിലെത്തിക്കാനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സരസ് മേളയുടെ പ്രചരണാർത്ഥം ഡിസംബർ 20, 21, 22 തീയതികളിൽ ഗൃഹസന്ദർശനവും 28-ആംതീയതി തൃത്താല മണ്ഡലത്തിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തും. 30ന് കൂട്ടുപാത മുതൽ ചാലിശ്ശേരി വരെ  മിനി മാരത്തണും സംഘടിപ്പിക്കും.  
  

Content highlight
Kudumbashree SARAS mela at Chalissery, Thrithala set to start from 2026 January 2

ക്രിസ്തുമസ് പുതുവർഷാഘോഷങ്ങൾക്ക് മധുരമേകാൻ കുടുംബശ്രീയുടെ ജില്ലാതല കേക്ക് വിപണന മേള

Posted on Friday, December 19, 2025

ക്രിസ്തുമസ് പുതുവർഷാഘോഷങ്ങൾക്ക് മധുരമേകി  ജില്ലാതലത്തിലും സി.ഡി.എസ്തലത്തിലും കുടുംബശ്രീയുടെ കേക്ക് വിപണന മേളകൾ ആരംഭിച്ചു. സംസ്ഥാനമൊട്ടാകെ മുന്നൂറിലേറെ കേക്ക് വിപണന മേളകളാണ്  ഇക്കുറി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന മാർബിൾ, പ്ളം, ബ്ളാക്ക് ഫോറസ്റ്റ്, റെഡ് വെൽവറ്റ്, കോക്കനട്ട് കേക്ക്, ചോക്ളേറ്റ് കേക്ക്, കോഫീ കേക്ക്, ചീസ് കേക്ക്, ഫ്രൂട്ട്സ് കേക്ക്, കാരറ്റ് കേക്ക് തുടങ്ങി വിവിധ തരം കേക്കുകളാണ് ലഭ്യമാവുക. 250 രൂപ മുതൽ കേക്ക് ലഭിക്കും. കുടുംബശ്രീയുടെ കീഴിലുള്ള 850 ലേറെ യൂണിറ്റുകൾ കേക്ക് വിപണനമേളയുടെ ഭാഗമാകും. നാലായിരത്തോളം സംരംഭകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ജില്ലാതലത്തിലും നഗര ഗ്രാമതലത്തിലും സംഘടിപ്പിക്കുന്ന കേക്ക് വിപണന മേളകൾക്ക് പുറമേ കുടുംബശ്രീയുടെ പോക്കറ്റ്മാർട്ട് ആപ് വഴി കേക്കുകളുടെ ഒാൺലൈൻ  ബുക്കിങ്ങും ഊർജിതമായി. ഒാണത്തോടനുബന്ധിച്ച് കുടുംബശ്രീ അവതരിപ്പിച്ച ഗിഫ്റ്റ് ഹാമ്പറുകളുടെ വൻ വിജയത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് ഇക്കുറി കേക്കുകളുടെ ഒാൺലൈൻ വിപണനം കൂടി ആരംഭിച്ചത്. ഒാരോ ജില്ലയിലും കേക്കുകൾ തയ്യാറാക്കുന്ന യൂണിറ്റുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി പ്രതേ്യകം  കേക്ക് ഡയറക്ടറിയും തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് എപ്പോൾ വേണമെങ്കിലും പോക്കറ്റ്മാർട്ട് വഴി കേക്കുകൾ ഒാർഡർ ചെയ്തു വാങ്ങാം.

കേക്ക് ഫെസ്റ്റിൽ പങ്കെടുത്ത് വിപണനം നടത്തുന്നതു കൂടാതെ പുറമേ നിന്നു ലഭിക്കുന്ന ഒാർഡർ അനുസരിച്ചും സംരംഭകർ കേക്ക് എത്തിച്ചു നൽകും. ജില്ലാതല വിപണന മേളകൾക്കൊപ്പം ഭക്ഷ്യമേളയും ഊർജിതമാണ്. ഹരിതചട്ടം പാലിച്ചുകൊണ്ടാണ് മേളയുടെ നടത്തിപ്പ്. കേക്ക് വിപണന മേളകൾ 25 ന് അവസാനിക്കും.    

Content highlight
kudumbashree cake fests at district, block and cds level

തദ്ദേശ തെരഞ്ഞെടുപ്പ്: ജയിച്ചു കയറിയത് 219 ഹരിതകർമ സേനാംഗങ്ങൾ

Posted on Thursday, December 18, 2025

സംസ്ഥാനത്ത് 9,11, തീയതികളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഹരിതകർമ സേനാംഗങ്ങളിൽ വിജയിച്ചത് 219 പേർ. ആകെ 547 പേരാണ് മത്സരിച്ചത്. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ മത്സരിച്ച 34 സ്ഥാനാർത്ഥികൾ ജനവിധി തങ്ങൾക്കൊപ്പമാക്കി.  32 പേർ വിജയിച്ച കൊല്ലം ജില്ലയാണ് രണ്ടാമത്.

തിരുവനന്തപുരം(34)കൊല്ലം(32), പത്തനംതിട്ട(6), ആലപ്പുഴ(18), കോട്ടയം(7), ഇടുക്കി(19), എറണാകുളം(15), തൃശൂർ(14), പാലക്കാട്(24), മലപ്പുറം(11), കോഴിക്കോട്(15), വയനാട്(8),കണ്ണൂർ(12), കാസർകോട്(4) എന്നിങ്ങനെയാണ് വിജയിച്ചവരുടെ എണ്ണം. ഇതിന് മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഹരിതകർമ സേനാംഗങ്ങൾ മത്സരിച്ചു വിജയിച്ചിരുന്നു.

 

Content highlight
219 HKS members won in local self governement election

ക്രിസ്മസ് പുതുവർഷാഘോഷങ്ങൾക്ക് രുചി പകരാൻ കുടുംബശ്രീയുടെ കേക്കുകൾ - മന്ത്രി എം.ബി രാജേഷ് കേക്ക് ഡയറക്ടറി പ്രകാശനം ചെയ്തു

Posted on Thursday, December 18, 2025

ഇക്കുറി ക്രിസ്മസ് പുതുവർഷാഘോഷങ്ങൾക്ക് രുചി പകരാൻ കുടുംബശ്രീയുടെ കേക്കുകൾ. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി കുടുംബശ്രീയുടെ കീഴിലുള്ള 850 ലേറെ യൂണിറ്റുകളാണ്  രുചികരമായ വിവിധയിനം കേക്കുകളുമായി ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ആവശ്യക്കാർക്ക് കുടുംബശ്രീയുടെ പോക്കറ്റ്മാർട്ട് ആപ്ളിക്കേഷൻ വഴി ഡിസംബർ 19 മുതൽ ഒാൺലൈനായി കേക്കുകൾ ഒാർഡർ ചെയ്യാം. അവ വീടുകളിൽ എത്തിക്കുന്ന വിധമാണ് സൗകര്യം ചെയ്തിരിക്കുന്നത്. ഒാണത്തോടനുബന്ധിച്ച് കുടുംബശ്രീ അവതരിപ്പിച്ച ഗിഫ്റ്റ് ഹാമ്പറുകളുടെ വൻ വിജയത്തിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് പുതിയ കാൽവയ്പ്പ്. 
 

 ഒാരോ ജില്ലയിലും കേക്കുകൾ തയ്യാറാക്കുന്ന യൂണിറ്റുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കേക്ക് ഡയറക്ടറി തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, കുടുംബശ്രീ ചീഫ് ഒാപ്പറേറ്റിങ്ങ് ഒാഫീസർ നവീൻ സി എന്നിവർ സന്നിഹിതരായിരുന്നു.  

 

Content highlight
Kudumbashree units to prepare and deliver cakes during christmas newyear season