കുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് ലക്ഷദ്വീപിലേക്കും

Posted on Wednesday, December 31, 2025

ആറ് മാസം മുതൽ മൂന്നു വയസു വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അങ്കണവാടി വഴി വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ലക്ഷദ്വീപിലേക്കും.  ഇവിടെയുള്ള പത്തു ദ്വീപുകളിൽ ഗുരുതരമായ പോഷകാഹാര കുറവ് നേരിടുന്ന സ്ത്രീകൾക്കും ഭാരക്കുറവുള്ള കുട്ടികൾക്കും വേണ്ടിയാണ്  സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് വാങ്ങുന്നത്. കിലോയ്ക്ക് നൂറു രൂപ നിരക്കിൽ ആദ്യഘട്ടത്തിൽ 392 കിലോഗ്രാം ന്യൂട്രിമിക്സ് വാങ്ങാമെന്ന് അറിയിച്ചു കൊണ്ട് ലക്ഷദ്വീപ് വനിതാ ശിശുവികസന വകുപ്പ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കത്തു നൽകിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ അളവിൽ ഉൽപന്നം ആവശ്യമാകുമെന്നാണ് കരുതുന്നത്.

ലക്ഷദ്വീപിലെ അഗാത്തി, അമിനി, ആൻഡ്രോത്ത്, ബിത്ര, ചെറ്റ്ലത്ത്, കാഡ്മത്ത്, കൽപെനി, കവരത്തി, കിൽത്താൻ, മിനികോയ് ദ്വീപുകളിലെ പോഷകാഹാക കുറവ് അനുഭവിക്കുന്ന സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് അമൃതം ന്യൂട്രിമിക്സ് വാങ്ങുന്നത്. ഒാരോ ദ്വീപിലേക്കും ആവശ്യമായ ന്യൂട്രിമിക്സിന്റെ അളവ് കുടുംബശ്രീക്ക് നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ന്യൂട്രിമിക്സ് യൂണിറ്റുകൾ മുഖേനയാണ് ലക്ഷദ്വീപിലേക്ക്  വിതരണം ചെയ്യുന്നതിനാവശ്യമായ ന്യൂട്രിമിക്സ് തയ്യാറാക്കുക. യൂണിറ്റുകൾ ഒാരോ ദ്വീപിലേക്കും ആവശ്യമായ അളവിൽ സമ്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് പ്രതേ്യകം പായ്ക്കറ്റുകളിലാക്കി കൊച്ചിയിലെ വെല്ലിങ്ങ്ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ടേറ്റീവ് ഒാഫീസിലെത്തിക്കും. അവിടെ നിന്നും ഉൽപന്നം ലക്ഷദ്വീപിലെത്തിക്കും.

സംയോജിത ശിശുവികസന സേവന പദ്ധതി പ്രകാരം വികസിപ്പിച്ചതും ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് അംഗൻവാടികൾ വഴി വിതരണം ചെയ്യുന്ന പൂരക പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്. കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ ‘ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടി.എച്ച്.ആർ.എസ്  ) പ്രകാരം കേരള സർക്കാരിനു കീഴിൽ വനിതാ ശിശുവികസന  വകുപ്പ്, ഫുഡ് കോർപ്പറേഷൻ ഒാഫ് ഇൻഡ്യ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണിത്. നിലവിൽ സംസ്ഥാനത്താകെ 241 കുടുംബശ്രീ യൂണിറ്റുകൾ വഴി  പ്രതിവർഷം ഇരുപതിനായിരത്തിലേറെ ടൺ ഭക്ഷ്യമിശ്രിതം ഈ ഉൽപാദിപ്പിക്കുന്നു. ഇതു വഴി ഏകദേശം 150 കോടി രൂപയുടെ വിറ്റുവരവ് യൂണിറ്റ് അംഗങ്ങളായ സ്ത്രീകൾ നേടുന്നുണ്ട്.

Content highlight
amritham nutrimix to lakshadweep