സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക ശാക്തീകരണത്തിൽ കുടുംബശ്രീയുടേത് മുഖ്യ പങ്ക്: മുഖ്യമന്ത്രി പിണറായി വിജയൻ

Posted on Friday, January 2, 2026

കേരളത്തിൽ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക ശാക്തീകരണത്തിൽ കുടുംബശ്രീ മുഖ്യ പങ്കു വഹിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് തൃത്താല ചാലിശ്ശേരിയിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ പതിമൂന്നാമത് ദേശീയ സരസ് -ഉൽപന്ന പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗ്രാമീണ വനിതാ സംരംഭകരുടെ സാമ്പത്തിക ശാക്തീകരണത്തിന് ഏറെ സഹായകമാകുന്നവയാണ് സരസ് ഉൽപന്ന വിപണന മേളകൾ. ദേശീയ ഗ്രാമീണ ഉപജീവന മിഷൻ അനുവദിക്കുന്ന 85 ലക്ഷം രൂപയും കേരള സർക്കാർ അനുവദിക്കുന്ന 50 ലക്ഷവും സ്പോൺസർഷിപ് മുഖേന കണ്ടെത്തുന്ന ഫണ്ടുകളും അതോടൊപ്പം മേള സംഘടിപ്പിക്കുന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ഉത്തരവിൻ പ്രകാരം ലഭിക്കുന്ന തുകയും ഉപയോഗിച്ചാണ് കുടുംബശ്രീ സരസ് മേളകൾ സംഘടിപ്പിക്കുന്നത്. ഇത് സ്ത്രീകളുടെ സാമൂഹ്യ മുന്നേത്തിനു കൂടിയുള്ള ഉപാധിയാണ്. ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളം മുന്നിലെത്തിയതിൽ കുടുംബശ്രീയുടെ ഇടപെടലുകൾക്ക് സവിശേഷ സ്ഥാനമുണ്ട്. നാടിന്റെ വികസന ചരിത്രം എന്നത് കുടുംബശ്രീയുടെ ചരിത്രമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ സ്ത്രീകളുടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അവസ്ഥയും കാരണമാണ്. സ്ത്രീസുരക്ഷാ പദ്ധതികൾക്കൊപ്പം സാമ്പത്തിക മുന്നേറ്റം കൂടി കൈവരിച്ചാൽ മാത്രമേ സ്ത്രീപുരുഷ സമത്വം ഉണ്ടാകൂ.

  ഇതിന് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തണം. വിപണി വിപുലീകരണവും സംരംഭകർക്ക് കൂടുതൽ വിപണി അവസരങ്ങളും ലഭ്യമാക്കണം. വൻകിട ചെറുകിട വികസന പ്രവർത്തനങ്ങൾ ഒരുമിച്ചു കൊണ്ടു പോകണം. എങ്കിൽ മാത്രമേ നവ കേരളം കെട്ടിപ്പടുക്കാൻ സാധ്യമാകൂ. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ഏറെ മുന്നേറ്റം കൈവരിക്കാനായിട്ടുണ്ട്. ഇതിനു കാരണം കേരളീയ സമൂഹം പുലർത്തുന്ന മതനിരപേക്ഷ ബോധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ബീന ആർ.ചന്ദ്രൻ, അജയൻ ചാലിശ്ശേരി, ഡോ.വി സേതുമാധവൻ, പെരിങ്ങോട് ചന്ദ്രൻ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
മന്ത്രി എം.ബി രാജേഷ് മുഖ്യമന്ത്രിക്ക് ഉപഹാരം നൽകി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ വനിതാ സംരംഭകർ വിവിധ ഭക്ഷ്യവിഭവങ്ങൾ മുഖ്യമന്ത്രിക്ക് നൽകി.  

മതനിരപേക്ഷമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ കുടുംബശ്രീയുടെ കഴിഞ്ഞ 27 വർഷത്തെ പ്രവർത്തനങ്ങൾ ഏറെ നിർണായക പങ്കു വഹിച്ചെന്ന്  തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 16000-ലേറെ കുടുംബശ്രീ അംഗങ്ങളാണ് മത്സരിച്ചത്. കേരളത്തിന്റെ എല്ലാ വികസന പദ്ധതികളിലും പങ്കാളിത്തം വഹിക്കുന്ന കുടുംബശ്രീ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃനിരയെ സൃഷ്ടിക്കുന്നതിലും നിർണായക പങ്കു വഹിച്ചു.
സ്ത്രീകളുടെ തിളക്കമേറിയ നേട്ടങ്ങളിലെല്ലാം കുടുംബശ്രീക്ക് മുദ്ര പതിപ്പിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളീയ സ്ത്രീ സമൂഹത്തിന്റെ സമഗ്ര മുന്നേറ്റത്തിന് കുടുംബശ്രീ വഴിതെളിച്ചെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു.

ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി.  അബ്ദുൾ സമദ് സമദാനി എം.പി, എം.എൽ.എമാരായ പി മമ്മിക്കുട്ടി, പി.പി സുമോദ്, മുഹമ്മദ് മുഹ്സിൻ, തൃത്താല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, പട്ടാമ്പി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി രാമദാസ്, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻ കുട്ടി, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ പി.കെ സൈനബ, കെ.കെ ലതിക, മരുതി മുരുകൻ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, വകുപ്പ് ഉദേ്യാഗസ്ഥർ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ,  കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതവും ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.  

ഉദ്ഘാടന സമ്മേളനത്തിന് ശേഷം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി, സംഗീത സംവിധായകൻ ശരത്, പ്രകാശ് ഉളിയേരി എന്നിവരുടെ നേതൃത്വത്തിൽ "ത്രയ'-ദി മ്യൂസിക്കൽ ഫ്യൂഷൻ പരിപാടിയും പ്രധാന വേദിയിൽ അരങ്ങേറി.

Content highlight
saras mela kick starts at chalissery