പ്രമുഖ ദേശീയ മാധ്യമങ്ങളിലും കുടുംബശ്രീയുടെ പോക്കറ്റ്മാർട്ട്: രാജ്യത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള 'ദൈനിക് ഭാസ്ക്കറി'ലും കുടുംബശ്രീ വിശേഷം
കുടുംബശ്രീയുടെ പോക്കറ്റ് മാർട്ട് ആപ്ളിക്കേഷൻ വിശേഷങ്ങൾ രാജ്യത്തെ ഏറ്റവും കൂടുതൽ പ്രചാരമുള്ള പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറിലും. കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന ആയിരത്തിലേറെ ഉൽപന്നങ്ങൾ ഒാൺലൈൻ വ്യാപാര രംഗത്തെത്തിക്കുന്നതിനായി രൂപകൽപന്ന ചെയ്ത പോക്കറ്റ്മാർട്ട് ആപ്ളിക്കേഷനും ഇതുവഴിയുള്ള വിപണനവും സംബന്ധിച്ച വിവരങ്ങളാണ് വാർത്തയുടെ ഉള്ളടക്കം.
മധ്യപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിനപ്പത്രമാണ് ദൈനിക് ഭാസ്ക്കർ. 35 ലക്ഷത്തോളമാണ് പത്രത്തിന്റെ സർക്കുലേഷൻ. പ്രചാരത്തിൽ ലോകത്ത് നാലാം സ്ഥാനവുമുണ്ട്. ഒാൺലൈൻ വ്യാപാര രംഗത്ത് സജീവമാകുന്നതുൾപ്പെടെ കുടുംബശ്രീയുടെ വിവിധ മാതൃകാ പദ്ധതി പ്രവർത്തനങ്ങൾ രാജ്യത്തെ പ്രമുഖ ദേശീയ മാധ്യങ്ങളുടെ ശ്രദ്ധയാകർഷിച്ചു കൊണ്ട് മുന്നേറുന്നതിനിടെയാണ് ദൈനിക് ഭാസ്ക്കറിലും വാർത്ത ഇടം പിടിച്ചത്.
സ്ത്രീശാക്തീകരണവും ദാരിദ്ര്യ നിർമാർജനവും ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ ഏറ്റവും പുതിയ കാൽവയ്പ്പാണ് പോക്കറ്റ് മാർട്ട് ആപ്ളിക്കേഷൻ രൂപവൽക്കരണവും ഒാൺലൈൻ വ്യാപാരരംഗത്തേക്കുള്ള പ്രവേശനവും. ഇതു സംബന്ധിച്ച വാർത്ത ദൈനിക് ഭാസ്ക്കറിൽ ഇടം നേടിയത് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് ആഗോളതലത്തിൽ പ്രചാരം ലഭിക്കാൻ സഹായകമാകും.