കുടുംബശ്രീ "ഉയരെ'- ജെൻഡർ ക്യാമ്പയിൻ: മാധ്യമ ശിൽപശാല സംഘടിപ്പിച്ചു

Posted on Wednesday, December 31, 2025

2026 ജനുവരി ഒന്നു മുതൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന "ഉയരെ'--ഉയരട്ടെ കേരളം, വളരട്ടെ പങ്കാളിത്തം' ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി മാധ്യമ ശിൽപശാല ഡിസംബര്‍ 22ന്
 സംഘടിപ്പിച്ചു. സ്റ്റേറ്റ് ജെൻഡർ കൗൺസിൽ ജെൻഡർ കൺസൾട്ടന്റ് ഡോ.ടി.കെ ആനന്ദി മാധ്യമ ശിൽപശാല ഉദ്ഘാടനം ചെയ്തു.

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തുന്നതിനൊപ്പം സുരക്ഷിത തൊഴിലിടങ്ങൾ സൃഷ്ടിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.    ആദ്യഘട്ടത്തിൽ കേരളത്തിലെ മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലും അതുവഴി 48 ലക്ഷം കുടുംബശ്രീ കുടുംബാംഗങ്ങളിലേക്കും ക്യാമ്പയിൻ സംബന്ധിച്ച വിവരങ്ങൾ എത്തിക്കും. ആദ്യത്തെ അഞ്ച് ആഴ്ചകളിലായി അഞ്ചു വ്യത്യസ്ത മൊഡ്യൂളുകളിലാകും പരിശീലനം നൽകുക.

രണ്ടാം ഘട്ടത്തിൽ കേരളത്തിലെ ഒാരോ വ്യക്തിയിലേക്കും ലിംഗസമത്വ സന്ദേശം എത്തിക്കുന്ന പ്രവർത്തനങ്ങളായിരിക്കും നടപ്പാക്കുക.  ഇതിനു മുന്നോടിയായി സംസ്ഥാന ജില്ലാ സി.ഡി.എസ്, എ.ഡി.എസ് തലത്തിൽ വിവിധ പരിശീലനങ്ങൾ പൂർത്തിയാക്കും. അയൽക്കൂട്ടതലത്തിൽ മൂന്നു ലക്ഷത്തിലേറെ ജെൻഡർ പോയിന്റ് പേഴ്സൺമാർക്കും പരിശീലനം നൽകും.  

നിലവിൽ ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുന്ന "നയി ചേതന' ദേശീയ ജെൻഡർ ക്യാമ്പയിനും കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കി വരികയാണ്. "ലിംഗവിവേചനത്തിനും  ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കുമെതിരേ' എന്നതാണ് ക്യാമ്പയിന്റെ ആശയം. സ്ത്രീകൾ, വിവിധ ലിംഗവിഭാഗത്തിലുള്ള വ്യക്തികൾ എന്നിവർക്ക് വിവേചനങ്ങളും അതിക്രമങ്ങളും നേരിടാതെ സ്വന്തം അവകാശത്തിൽ അധിഷ്ഠിതമായി നിർഭയം ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ഈ ക്യാമ്പയിന്റെയും ലക്ഷ്യം. അച്ചടി ദൃശ്യ ശ്രവ്യമാധ്യമങ്ങൾ വഴിയും സമൂഹ മാധ്യമങ്ങൾ വഴിയുള്ള വിപുലമായ പ്രചരണ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രചാരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മാധ്യമ ശിൽപശാലയിൽ മാധ്യമ പ്രവർത്തകർ നൽകിയ നിർദേശങ്ങളും ആശയങ്ങളും ഉൾപ്പെടുത്തും.

കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണ കുമാർ സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി.ശ്രീജിത്ത് ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ പത്ര പ്രവർത്തക യൂണിയൻ സെക്രട്ടറി അനുപമ ജി.നായർ ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ജസ്റ്റിൻ മാത്യു നന്ദി പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം നയിചേത്ന 4.0 യുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സംയോജനം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി യോഗം സംഘടിപ്പിച്ചു. ഇതിൽ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്തു.

Content highlight
uyare media workshop