വാര്‍ത്തകള്‍

ഉല്‍പന്ന വിപണന രംഗത്ത് ശ്രദ്ധേയ മുന്നേറ്റം: കേരളത്തില്‍ സംഘടിപ്പിച്ച ദേശീയ സരസ് മേളകളിലൂടെ കുടുംബശ്രീ സംരംഭകര്‍ നേടിയത് 104.35 കോടി രൂപ

Posted on Tuesday, April 29, 2025

 കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്ന വിപണനത്തിന്‍റെ മുഖ്യവേദികളില്‍ ഒന്നായ ദേശീയ സരസ്മേളകള്‍ കഴിഞ്ഞ ഒമ്പത് വര്‍ഷം കേരളത്തില്‍ സംഘടിപ്പിച്ചതു വഴി കുടുംബശ്രീ സംരംഭകര്‍ നേടിയത് 104.35 കോടി രൂപ.  ഇതില്‍ ഏറ്റവും ഒടുവില്‍ ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച സരസ് മേളയില്‍ നിന്നു മാത്രം ലഭിച്ചത് 17.57 കോടി രൂപയാണ്.

ഇതര സംസ്ഥാനങ്ങളില്‍  സംഘടിപ്പിച്ച സരസ്മേളകളില്‍ പങ്കെടുത്തതു വഴി 22 കോടി രൂപയുടെ വിറ്റുവരവും ഇതിനകം നേടിയിട്ടുണ്ട്. കേരളത്തിലും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സരസ് മേളകളിലൂടെ ആകെ 126.35 കോടി രൂപയാണ് സംരംഭകര്‍ നേടിയത്.

പ്രാദേശികവും ദേശീയതലത്തിലുമുള്ള വിപണന മേളകള്‍, മാസച്ചന്തകള്‍, ഓണം, വിഷു, റംസാന്‍ വിപണന മേളകള്‍ എന്നിവ സംഘടിപ്പിച്ചുകൊണ്ട് കുടുംബശ്രീ സംരംഭകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളിലായി 10815 മാസച്ചന്തകള്‍,  916 പ്രാദേശിക ജില്ലാതല ട്രേഡ് ഫെയറുകള്‍, 426 ഭക്ഷ്യമേളകള്‍, 6859 ഓണം വിപണന മേളകളുമാണ് സംഘടിപ്പിച്ചത്. ഇതുവഴി 185.86 കോടി രൂപയുടെ വിറ്റുവരവും ലഭിച്ചു.

പരമ്പരാഗത വിപണന മാര്‍ഗങ്ങള്‍ക്കു പുറമേ ആധുനിക വിപണിക്കനുസൃതമായ നൂതന വിപണന മാര്‍ഗങ്ങളും കുടുംബശ്രീ നടപ്പാക്കുന്നുണ്ട്. സംരംഭകരുടെ വരുമാന വര്‍ധനവമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി നാനോ മാര്‍ക്കറ്റുകള്‍, മാര്‍ക്കറ്റിങ്ങ് കിയോസ്കുകള്‍, കൂടാതെ ആമസോണ്‍, ഫ്ളിപ് കാര്‍ട്ട്, മീഷോ, ഓ.എന്‍.ഡി.സി തുടങ്ങിയ ഓണ്‍ലൈന്‍ വിപണന മേഖലയിലും കുടുംബശ്രീ സജീവമാണ്.  
 

Content highlight
mela

ആ 20 പേര്‍ക്ക് സ്വപ്‌നസാഫല്യം ; ഡ്രോണ്‍ പരിശീലനം നേടി കൊറഗ ഗോത്രക്കാര്

Posted on Monday, April 28, 2025
കാസര്ഗോഡ് ജില്ലയില് കൊറഗ പട്ടികവര്ഗ്ഗ വിഭാഗത്തില്പ്പെട്ട 20 പേര് തങ്ങളുടെ സ്വപ്‌നം സാഫല്യമാകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്. ഡ്രോണ് പറത്തല് പഠിക്കണമെന്ന അവരുടെ ആഗ്രഹം കുടുംബശ്രീ ജില്ലാ മിഷന് മുന്കൈയെടുത്ത് നടത്തിക്കൊടുക്കുകയായിരുന്നു.
 
കുടുംബശ്രീ മുഖേന ജില്ലയില് നടപ്പിലാക്കി വരുന്ന കൊറഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി അസാപ് സ്‌കില് പാര്ക്കുമായി സഹകരിച്ചാണ് ഡ്രോണ് പറത്തല് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. തദ്ദേശീയമേഖലയില് ഇതാദ്യമായാണ് കുടുംബശ്രീ ഡ്രോണ് പറത്തല് പരിശീലനം സംഘടിപ്പിക്കുന്നത്.
16 ദിവസം നീണ്ടു നില്ക്കുന്ന പരിശീലന പരിപാടി ഏപ്രില് 19നാണ് ആരംഭിച്ചത്. പരിശീലനാര്ത്ഥികള്ക്കുള്ള ഭക്ഷണം, യാത്രാബത്ത എന്നിവയെല്ലാം കുടുംബശ്രീയാണ് നല്കുന്നത്. പരിശീലനം വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് ഈ മേഖലയില് തൊഴില് നേടാനുള്ള പിന്തുണയും നല്കും.
 
പരിശീലനപരിപാടിയുടെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന് കോര്ഡിനേറ്റര് (ഇന്ചാര്ജ്ജ്) സി.എച്ച് ഇക്ബാല് നിര്വഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന് കോര്ഡിനേറ്റര് കിഷോര് കുമാര് അധ്യക്ഷനായ പരിപാടിയില് അസാപ്പ് കോര്ഡിനേറ്റര്മാരായ സനല്, പ്രജിത്ത് എന്നിവര് പദ്ധതി വിശദീകരിച്ചു. അസാപ് സ്‌കില് പാര്ക്ക് സെന്റര് കോര്ഡിനേറ്റര് അഖില് സ്വാഗതവും കൊറഗ പ്രത്യേക പദ്ധതി കോര്ഡിനേറ്റര് യദുരാജ് നന്ദിയും പറഞ്ഞു.
Content highlight
Kudumbashree Kasaragod District Mission gives Drone Training to 20 people from Koraga Community

മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ക്ക് പിന്തുണ: 401 പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളുമായി കുടുംബശ്രീ

Posted on Sunday, April 27, 2025

കര്‍ഷകര്‍ക്ക് പിന്തുണയുമായി മൃഗസംരക്ഷണ മേഖലയില്‍ 401 പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളുമായി കുടുംബശ്രീ. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളുടെ പ്രാഥമിക സംഭരണം, മൂല്യവര്‍ധനവ് എന്നിവയ്ക്ക് ആവശ്യമായ വിവിധ പിന്തുണകളും പ്രോത്സാഹനവും ലഭ്യമാക്കുകയാണ് പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളിലൂടെ ലക്ഷ്യമിടുന്നത്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ സംഭരരിച്ച് പൊതുസംവിധാനത്തിലൂടെ വിപണനം ചെയ്യുന്നതിനും കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ തീറ്റകള്‍, വിത്ത്, വളം തുടങ്ങിയവ കൂട്ടായ്മയിലൂടെ ലാഭകരമായി വാങ്ങുന്നതിനും പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ സഹായകരമാകും. വിപണി കണ്ടെത്തല്‍, പുതിയ സാങ്കേതിക വിദ്യയുടെയും വിഭവങ്ങളുടെയും ഉപയോഗം, എന്നീ മേഖലകളില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളാകും നടത്തുക. ഇത് ഉപജീവന മാര്‍ഗം മെച്ചപ്പെടുത്തുന്നതിന് സഹായകമാകും.  

നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ മൃഗസംരക്ഷണ മേഖലയില്‍ 401 പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളിലായി  3131 വനിതാ കര്‍ഷകരുണ്ട്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണനവും അതുവഴി സുസ്ഥിര വരുമാനവും ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ഈ ഗ്രൂപ്പുകള്‍ വഴി നിര്‍വഹിക്കുക. ഇതിന്‍റെ ഭാഗമായി സ്വയംതൊഴില്‍ മാതൃകയില്‍ ഉല്‍പന്ന വിപണനം നടത്തുന്നതി സി.ഡി.എസില്‍ നിന്നും അംഗങ്ങളെ കണ്ടെത്തി പരിശീലനം നല്‍കി അവരെ ഉല്‍പാദകരുടെ കൂട്ടായ്മകളുമായി ബന്ധിപ്പിക്കും. വിപണനം കാര്യക്ഷമമാകുന്നതോടെ ഉല്‍പാദനക്ഷമതയും വരുമാനവര്‍ധനവും നേടാനാകും.  

ഉല്‍പന്ന സംഭരണത്തിന്‍റെ ഭാഗമായി കര്‍ഷകര്‍ക്ക് വില നല്‍കുന്നതിനാവശ്യമായ ഫണ്ട്, വിപണനം, മാര്‍ക്കറ്റിങ്ങ്, വാടക തുടങ്ങിയവ ഉള്‍പ്പെടെയുള്ള  ചെലവുകള്‍ക്കായി ഓരോ പ്രൊഡ്യൂസര്‍ ഗ്രൂപ്പിനും 10,000 രൂപയാണ് പ്രവര്‍ത്തന മൂലധനമായി നല്‍കുന്നത്. നിലവില്‍ 401 ഗ്രൂപ്പുകള്‍ക്കായി 2.3 കോടി രൂപ ഈയിനത്തില്‍ നല്‍കിയിട്ടുണ്ട്. ഗ്രൂപ്പുകള്‍ക്ക് അവയുടെ ബിസിനസ് പ്ളാന്‍ അനുസരിച്ച് പരമാവധി ഒരു ലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായി നല്‍കാനാകും. കൂടാതെ പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി ഒന്നര ലക്ഷം രൂപയും നല്‍കും. 401 ഗ്രൂപ്പുകള്‍ക്ക് ഈയിനത്തില്‍ 1.7 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം സ്കീം വഴിയാണ് പദ്ധതി നിര്‍വഹണം.    

 

Content highlight
Kudumbashree to support the farmers in Animal Husbandry Sector with 401 Producer Groups

ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി സൗജന്യതൊഴില്‍ നൈപുണ്യ പരിശീലനവും തൊഴിലും - സംസ്ഥാനത്ത് 45341 യുവജനങ്ങള്‍ക്ക് തൊഴില്‍

Posted on Saturday, April 26, 2025
ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് സൗജന്യതൊഴില്‍ നൈപുണ്യ പരിശീലനവും തൊഴിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ)-പദ്ധതി വഴി ഇതുവരെ തൊഴില്‍ ലഭ്യമാക്കിയത് 45341 യുവജനങ്ങള്‍ക്ക്.  621 പേര്‍ക്ക് വിദേശത്തും തൊഴില്‍ ലഭ്യമായി. പദ്ധതി വഴി നാളിതു വരെ 77965 പേര്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
 
 ഗ്രാമീണ മേഖലയിലെ 18-35നും ഇടയില്‍ പ്രായമുളള യുവതീ യുവാക്കളാണ് പദ്ധതി ഗുണഭോക്താക്കള്‍. നിലവില്‍  33 മേഖലകളിലായി ആകര്‍ഷകമായ നൂറിലേറെ പുതുതലമുറ കോഴ്സുകള്‍ നടത്തുന്നുണ്ട്. പദ്ധതി ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠന സാമഗ്രികള്‍, യൂണിഫോം, ഹോസ്റ്റല്‍ സൗകര്യം എന്നിവ സൗജന്യമായി ലഭിക്കുന്നതും ഉറപ്പായ തൊഴിലും ഏറെ പേരെ പദ്ധതിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി നിര്‍ദ്ധന കുടുംബങ്ങളിലെ അംഗങ്ങളായ 'ആശ്രയ' പദ്ധതി ഗുണഭോക്താക്കളില്‍ 932 പേര്‍ക്ക് തൊഴില്‍ പരിശീലനവും 457 പേര്‍ക്ക് തൊഴിലും ലഭ്യമാക്കി. കൂടാതെ പട്ടികജാതി വിഭാഗത്തില്‍ പെട്ട 19356 പേര്‍ക്ക് പരിശീലനവും 9544 പേര്‍ക്ക് തൊഴിലും നല്‍കി. പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട 4947 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഇതില്‍ 2252 പേര്‍ക്ക് തൊഴില്‍ നല്‍കാനും സാധിച്ചു.

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുമായി ബന്ധപ്പെട്ട് തീരദേശ മേഖലയിലെ യുവതീയുവാക്കള്‍ക്ക് തുറമുഖ മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകളില്‍ നൈപുണ്യ പരിശീലനം നല്‍കുന്നുണ്ട്. ഇതിനായി കേന്ദ്ര തുറമുഖ മന്ത്രാലയവുമായി സഹകരിച്ചു കൊണ്ട്   'സാഗര്‍മാല' പദ്ധതിയും നടപ്പാക്കുന്നു. ഈ പദ്ധതി വഴി  269 പേര്‍ പരിശീലനം പൂര്‍ത്തിയാക്കുകയും 159 പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു.

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം-പദ്ധതിയുടെ ഭാഗമായി മുന്‍നിര ബാങ്കുകളുമായി സഹകരിച്ച് 14 ജില്ലകളിലും റൂറല്‍ സെല്‍ഫ് എംപ്ളോയ്മെന്‍റ് സൊസൈറ്റികള്‍ സ്ഥാപിച്ചിട്ടുണ്ട്.  ഇതിന്‍റെ ചുമതലയുള്ള ലീഡ് ബാങ്കുകള്‍ വഴി കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ 3403 ബാച്ചുകളിലായി 92823 ഗുണഭോക്താക്കള്‍ക്കും ഗ്രാമീണ മേഖലയില്‍ ബി.പി.എല്‍ വിഭാഗത്തില്‍ പെട്ട 61842 പേര്‍ക്കും സ്വയംതൊഴില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇതില്‍ സ്വയംതൊഴില്‍ രംഗത്തും വേതനാധിഷ്ഠിത തൊഴില്‍ രംഗത്തുമായി 78832പേര്‍ക്കും സ്വയംതൊഴില്‍ രംഗത്തു മാത്രമായി 74555 പേര്‍ക്കുമാണ് തൊഴില്‍ ലഭ്യമാക്കിയത്.

കേരളത്തില്‍ കുടുംബശ്രീയും തൊഴിലുറപ്പ് മിഷനും സംയുക്തമായി നടപ്പാക്കുന്ന കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ 'ഉന്നതി' പദ്ധതി വഴിയും തൊഴില്‍ ലഭിച്ചവര്‍ ഏറെയാണ്.

 
Content highlight
Free Vocational Skill Training & Employment through DDUGKY Scheme: Employment for 45,341 youths in the state

കുടുംബശ്രീ സംസ്ഥാനതല അവാര്‍ഡ് 2025 : ശില്‍പ്പശാലയ്ക്ക് സമാപനം

Posted on Saturday, April 26, 2025
തൃശ്ശൂര്‍ മുളങ്കുന്നത്ത്കാവ് കിലയില്‍ ഏപ്രില്‍ 21ന് ആരംഭിച്ച കുടുംബശ്രീ അവാര്‍ഡ് നിര്‍ണ്ണയ ശില്‍പ്പശാല പരിസമാപിച്ചു. ഏപ്രില്‍ 24 വരെ  വിഷയാടിസ്ഥാനത്തിൽ രൂപീകരിച്ച ഉപസമിതികള്‍ക്ക് മുന്നിൽ  പ്രാഥമിക തെരഞ്ഞെടുപ്പിനായുള്ള മത്സരാർത്ഥികളുടെ അവതരണങ്ങളായിരുന്നു സംഘടിപ്പിച്ചത്. ഇന്നലെ അന്തിമ തെരഞ്ഞെടുപ്പും. കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി.കെ. സൈനബ,

തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ്,  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഐ.എ.എസ്,  കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്യാം കുമാർ  കെ.യു എന്നിവരുൾപ്പെട്ട പാനലാണ് അവസാനഘട്ട തെരഞ്ഞെടുപ്പ് നടത്തിയത്.

  കുടുംബശ്രീ ദിനമായ മേയ് 17ന് അവാർഡുകൾ  വിതരണം ചെയ്യും.

  ആകെ 17 വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. മികച്ച അയല്‍ക്കൂട്ടം, എ.ഡി.എസ്, ഊരുസമിതി, സംരംഭ ഗ്രൂപ്പ്, സംരംഭക, ബഡ്‌സ് സ്ഥാപനം, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, ഓക്‌സിലറി ഗ്രൂപ്പ്, ഓക്‌സിലറി സംരംഭം, സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക്, പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല, മികച്ച ജില്ലാ മിഷന്‍ എന്നീ പുരസ്‌ക്കാരങ്ങള്‍ക്കൊപ്പം മികച്ച സി.ഡി.എസ് (സംയോജന പ്രവര്‍ത്തനം, തനത് പ്രവര്‍ത്തനം, ഭരണ നിര്‍വ്വഹണം- സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍), മികച്ച സി.ഡി.എസ് (കാര്‍ഷികമേഖല, മൃഗസംരക്ഷണം), മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെന്‍ഡര്‍), മികച്ച സി.ഡി.എസ് (ട്രൈബല്‍ പ്രവര്‍ത്തനം), മികച്ച സി.ഡി.എസ് (സൂക്ഷ്മ സംരംഭം, ഡി.ഡി.യു-ജി.കെ.വൈ, കെ-ഡിസ്‌ക്) എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും നല്‍കും.

 
Content highlight
kudumashree state level awards workshop concludes

കുടുംബശ്രീ വിഷു ചന്തകളിലൂടെ 7.25 കോടി രൂപയുടെ വിറ്റുവരവ് കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച നേട്ടംڈ

Posted on Saturday, April 26, 2025

കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച വിഷു ചന്തകള്‍ വഴി 7.25 കോടി രൂപയുടെ വിറ്റുവരവ്. കുടുംബശ്രീയുടെ കീഴിലുള്ള 92442 വനിതാ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിച്ചതു വഴിയും ഭക്ഷ്യമേളകള്‍ വഴിയുമാണ് ഈ മിന്നും നേട്ടം. സൂക്ഷ്മസംരംഭ ഉല്‍പന്നങ്ങളും വിപണനത്തിന് എത്തിച്ചിരുന്നു. വിഷുച്ചന്തകളോടനുബന്ധിച്ച് സംഘടിപ്പിച്ച ഭക്ഷ്യമേളകള്‍ വഴിയും സംരംഭകര്‍ക്ക് മികച്ച വരുമാനം നേടാനായി. 54.4 ലക്ഷം രൂപയാണ് ഈയിനത്തില്‍ നേടിയത്. ഇതുള്‍പ്പെടെയാണ് 7.25  കോടി രൂപയുടെ വിറ്റുവരവ് നേടിയത്.  
 
സി.ഡി.എസ്തലത്തിലും ജില്ലാതലത്തിലുമായി സംഘടിപ്പിച്ച 1000 വിഷുച്ചന്തകള്‍ വഴി 1.36 കോടി രൂപയുടെ വിറ്റുവരവുമായി കാസര്‍കോട് ജില്ലയാണ് ഒന്നാമത്. 97 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി കണ്ണൂര്‍ ജില്ല രണ്ടാമതും 72.26 ലക്ഷം രൂപ നേടി എറണാകുളം ജില്ല മൂന്നാമതും എത്തി. 59.8 ലക്ഷം രൂപയുടെ വിറ്റുവരവുമായി കൊല്ലവും 58.3 രൂപ നേടി തൃശൂരും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.

കുടുംബശ്രീ വിഷു ചന്തകളില്‍ കുടുംബശ്രീ വനിതാ കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിച്ച വിഷവിമുക്ത പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ്  വിപണനത്തിനെത്തിച്ചത്. വിഷു വിപണിയിലേക്ക് പരമാവധി ഉല്‍പന്നങ്ങളെത്തിക്കുന്നതിനായി ഓരോ സി.ഡി.എസിലും പ്രത്യേക സംഘാടക സമിതികളും രൂപീകരിച്ചിരുന്നു.  വിപണന മേളയുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയും  സമിതിയുടെ നേതൃത്വത്തില്‍  ഉറപ്പു വരുത്തി. മേളയില്‍ എത്തുന്ന ഉല്‍പന്നങ്ങളുടെ അളവ്, കര്‍ഷകരുടെയും സംരംഭകരുടെയും പങ്കാളിത്തം എന്നിവ കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.ജില്ലാമിഷനുകളുടെയും കുടുംബശ്രീ സി.ഡി.എസിന്‍റെയും നേതൃത്വത്തില്‍ അതത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു വിഷുച്ചന്തകളുടെ സംഘാടനം.

Content highlight
7.25 crore sales through vishu

കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കായി മൈന്‍ഡ് ബ്ളോവേഴ്സ് 'ലിയോറ ഫെസ്റ്റ്' സമ്മര്‍ ക്യാമ്പ്: പരിശീലകര്‍ക്കുള്ള ത്രിദിന സംസ്ഥാനതല പരിശീലനം ആരംഭിച്ചു

Posted on Friday, April 25, 2025
കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന മൈന്‍ഡ് ബ്ളോവേഴ്സ് ലിയോറ ഫെസ്റ്റ് ' ജില്ലാതല സമ്മര്‍ ക്യാമ്പുകളുടെ ഭാഗമായി പരിശീലകര്‍ക്കുള്ള ത്രിദിന സംസ്ഥാനതല പരിശീലനം കോവളം അനിമേഷന്‍ സെന്‍ററില്‍ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ തിരഞ്ഞെടുത്ത ബാലസഭാ റിസോഴ്സ് പേഴ്സണ്‍മാര്‍, വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടെ അമ്പത് പേര്‍ക്കാണ് പരിശീലനം. ബാക്കി ജില്ലകളില്‍ നിന്നു തിരഞ്ഞെടുത്ത പരിശീലകര്‍ക്ക് എറണാകുളത്ത് കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് സെന്‍ററില്‍ 28,29,30 തീയതികളില്‍ പരിശീലനം ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രത്യേക പരിശീലന മൊഡ്യൂള്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി രാജന്‍, ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷന്‍ സീനിയര്‍ മാനേജര്‍ ടോണി ജോസ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

 കുടുംബശ്രീ ബാലസഭയിലെ അംഗങ്ങളായ കുട്ടികള്‍ക്ക് അറിവിനും സര്‍ഗാത്മകതയ്ക്കുമൊപ്പം സംരംഭകത്വത്തിന്‍റെ നൂതന പാഠങ്ങള്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ആരംഭിച്ച 'മൈന്‍ഡ് ബ്ളോവേഴ്സ്' ക്യാമ്പയിന്‍റെ തുടര്‍ച്ചയാണ് 'ലിയോറ ഫെസ്റ്റ്' സമ്മര്‍ ക്യാമ്പ്. ഇത് മെയ് ആദ്യവാരം ആരംഭിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി ഓരോ ജില്ലയില്‍ നിന്നും അമ്പത് കുട്ടികളെ വീതം  തിരഞ്ഞെടുത്തിട്ടുണ്ട്. തിയേറ്റര്‍ വര്‍ക്ക്ഷോപ്, ശാസ്ത്ര മാജിക്, കുട്ടികളും ധനകാര്യ മാനേജ്മെന്‍റും, സൈബര്‍ ക്രൈം; ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലീഡര്‍ഷിപ് തുടങ്ങി എട്ടോളം വ്യത്യസ്ത വിഷയങ്ങളിലാണ് സമ്മര്‍ ക്യാമ്പില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുക. മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് കുടുംബശ്രീയും ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷനും സംയുക്തമായി സമ്മര്‍ മണ്‍സൂണ്‍ ഫെല്ലോഷിപ്പും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന തുടര്‍ പരിശീലനങ്ങളും നല്‍കും. മികവിന്‍റെ അടിസ്ഥാനത്തില്‍ 140 കുട്ടികള്‍ക്ക് 2026-ല്‍ സംഘടിപ്പിക്കുന്ന ' ഇന്‍റര്‍നാഷണല്‍ ഇന്നവേഷന്‍ കോണ്‍ക്ളേവി'ല്‍ ആശയാവതരണം നടത്താനുളള അവസരവും കുടുംബശ്രീ ലഭ്യമാക്കും.    
 
 ഓരോ കുട്ടിയുടെയും വ്യത്യസ്ത മേഖലകളിലുള്ള  അഭിരുചികള്‍ കണ്ടെത്തി അതു വികസിപ്പിക്കുകയാണ് 'മൈന്‍ഡ് ബ്ളോവേഴ്സ് ലിയോറ ഫെസ്റ്റ് സമ്മര്‍ ക്യാമ്പിന്‍റെ ലക്ഷ്യം. ഇതോടൊപ്പം വ്യക്തിത്വ വികസനത്തിനും സമൂഹനന്‍മയ്ക്കും ഉതകുന്ന വിധത്തില്‍ നൂതന ആശയങ്ങള്‍  സ്വയം കണ്ടെത്താനും അത് പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതിനുമുള്ള പരിശീലനമായിരിക്കും  കുട്ടികള്‍ക്ക് ലഭ്യമാക്കുക.

പരിശീലന പരിപാടിയില്‍ കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ്പ്രോഗ്രാം മാനേജര്‍ സ്വാതി കൃഷ്ണന്‍ എസ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത് ആമുഖ പ്രഭാഷണം നടത്തി. അധ്യാപകരായ ബൈജു കുമാര്‍, പ്രദീപ് താനൂര്‍, വേണു കുമാരന്‍ നായര്‍, ഹാഷിദ് കെ.സി, മോട്ടിവേഷണല്‍ സ്പീക്കര്‍ അഡ്വ.സജീവ്, ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷന്‍  ഓപ്പറേഷന്‍സ് സ്പെഷലിസ്റ്റ് ശില്‍പ പി, അഖില്‍ സന്തോഷ്, ഫീല്‍ഡ് ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ആല്‍ബര്‍ട്ട് പോള്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ജിഷ്ണു ഗോപന്‍ നന്ദി പറഞ്ഞു.

Content highlight
Kudumbashree leora fest, three day workshop starts

ഒരുവര്‍ഷം; രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീയുടെ അഞ്ചു പ്രീമിയം കഫേ റെസ്റ്റൊറന്‍റുകള്‍ വഴി നേടിയത് അഞ്ചു കോടി രൂപ

Posted on Friday, April 25, 2025
രുചിവൈവിധ്യങ്ങള്‍ വിളമ്പി ഭക്ഷണപ്രേമികളുടെ മനം കവര്‍ന്ന കുടുംബശ്രീയുടെ കീഴിലുള്ള അഞ്ചു പ്രീമിയം കഫേ റെസ്റ്റൊറന്‍റുകള്‍ വഴി നേടിയത് അഞ്ചു കോടി രൂപയുടെ വരുമാനം. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് വനിതാ സംരംഭകര്‍ കൈനിറയെ നേട്ടം സ്വന്തമാക്കിയത്. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍  തൃശൂര്‍(ഗുരുവായൂര്‍), എറണാകുളം(അങ്കമാലി), വയനാട്(മേപ്പാടി), പത്തനംതിട്ട(പന്തളം), കണ്ണൂര്‍ ജില്ലകളിലായി ആരംഭിച്ച അഞ്ചു പ്രീമിയം കഫേ റെസ്റ്റൊറന്‍റുകള്‍ വഴിയാണ് ഈ മധുരിക്കുന്ന വിജയം.  ഇതില്‍ ഗുരുവായൂരില്‍ 1,74,93,028 രൂപയും അങ്കമാലിയില്‍ 1,49,39,825 രൂപയും മേപ്പാടിയില്‍ 8203485 രൂപയും വിറ്റുവരവ് ലഭിച്ചു. പത്തനംതിട്ടയില്‍ 5963620 രൂപയും കണ്ണൂരില്‍ 6160979 രൂപയുമാണ് വിറ്റുവരവ് നേടിയത്.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം ആദ്യം എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ്  പ്രീമിയം കഫേ റെസ്റ്റോറന്‍റ് ശൃംഖലയ്ക്ക് തുടക്കമിട്ടത്. പിന്നീട് വയനാട് ജില്ലയിലെ മേപ്പാടിയിലും തൃശൂരില്‍ ഗുരുവായൂരിലും ആരംഭിച്ചു. പ്രീമിയം കഫേ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം (കുറവിലങ്ങാട്),കോഴിക്കോട് (കൊയിലാണ്ടി), കാസര്‍കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലും പ്രീമിയം റെസ്റ്ററന്‍റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.  

മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും വൈവിധ്യവുമുള്ള ഭക്ഷ്യവിഭവങ്ങളും സേവനങ്ങളുമാണ് പ്രീമിയം കഫേയ്ക്ക് മികച്ച സ്വീകാര്യത നേടിക്കൊടുത്തത്. ഇതോടെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു. കാന്‍റീന്‍ കാറ്ററിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച വനിതാ സംരംഭകരുടെ നേതൃത്വത്തിലാണ് പ്രീമിയം കഫേ റെസ്റ്ററന്‍റുകളുടെ പ്രവര്‍ത്തനം. പാചകം, ഭക്ഷണ വിതരണം, ബില്ലിങ്ങ്, ക്ളീനിങ്ങ്, പാഴ്സല്‍ സര്‍വീസ് തുടങ്ങിയവയെല്ലാം വനിതകള്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.

സംരംഭങ്ങളുടെ ആധുനികവല്‍ക്കരണവും സംരംഭകര്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പു വരുത്തുകയുമാണ്  സംസ്ഥാനത്തുടനീളം പ്രീമിയം കഫേ ശൃംഖല രൂപീകരിക്കുന്നതു വഴി ലക്ഷ്യമിടുന്നത്. നിലവില്‍ ഇരുനൂറിലേറെ വനിതകള്‍ക്ക് മികച്ച തൊഴിലും വരുമാനവും ഉറപ്പു വരുത്താന്‍ പദ്ധതി സഹായകമാകുന്നുണ്ട്. പാചക വൈവിധ്യം, അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണവിതരണം, പാഴ്സല്‍ സര്‍വീസ്, കാറ്ററിങ്ങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍,  ശുചിത്വം, മികച്ച മാലിന്യസംസ്ക്കരണ ഉപാധികള്‍ എന്നിവയിലടക്കം ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങള്‍ എല്ലാ പ്രീമിയം കഫേയിലുമുണ്ട്. സംരംഭകര്‍ക്ക് കൂടുതല്‍ പ്രൊഫഷണലിസം കൈവരിക്കാനും പദ്ധതി സഹായകമാകുന്നുണ്ട്.  

 
Content highlight
cafe kudumbashree premium restrtnt

കുടുംബശ്രീ സംസ്ഥാനതല അവാർഡ് 2025 : അവതരണങ്ങൾ ഇന്ന് പൂർത്തിയാകും

Posted on Thursday, April 24, 2025
തൃശ്ശൂർ മുളങ്കുന്നത്ത്കാവ് കിലയിൽ സംഘടിപ്പിച്ചു വരുന്ന കുടുംബശ്രീ  സംസ്ഥാനതല അവാർഡ് നിർണയ ശിൽപ്പശാലയിൽ മത്സരാർത്ഥികളുടെ അവതരണം ഇന്ന് (24-04-2025) പൂർത്തിയാകും. ഏപ്രിൽ 21ന് ആരംഭിച്ച ശില്പശാലയുടെ മൂന്നാം ദിനത്തിൽ (ഏപ്രിൽ 23) മികച്ച സി.ഡി.എസ് (കാർഷിക മേഖല, മൃഗസംരക്ഷണം), മികച്ച സി.ഡി.എസ് (കാർഷികേതര ഉപജീവനം - എം.ഇ, ഡി.ഡി.യു.ജി.കെ.വൈ, കെ-ഡിസ്ക്), മികച്ച ഓക്സിലറി സംരംഭം, മികച്ച സ്നേഹിത, മികച്ച എ.ഡി.എസ് എന്നീ അവാർഡുകൾ നിർണ്ണയിക്കുന്നതിനുള്ള അവതരണങ്ങൾ നടുന്നു.

   ഇന്ന് പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ നടത്തിയ ജില്ല, മികച്ച ജില്ലാ മിഷൻ അവാർഡുകൾക്കുള്ള അവതരണങ്ങൾ നടക്കും. ഏപ്രിൽ 26 വരെയാണ് അവാർഡ് നിർണ്ണയ പ്രവർത്തനങ്ങൾ. മേയ് 17ന് കുടുംബശ്രീ ദിനത്തോട് അനുബന്ധിച്ച് അവാർഡ് വിതരണവും സംഘടിപ്പിക്കും.

  ആകെ 17 വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്. മികച്ച അയൽക്കൂട്ടം, എ.ഡി.എസ്, ഊര് സമിതി, സംരംഭ ഗ്രൂപ്പ്, സംരംഭക, ബഡ്സ് സ്ഥാപനം, ജെൻഡർ റിസോഴ്സ് സെന്റർ, ഓക്സിലറി ഗ്രൂപ്പ്, ഓക്സിലറി സംരംഭം, സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്ക്, പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ നടത്തിയ ജില്ല, മികച്ച ജില്ലാ മിഷൻ എന്നീ പുരസ്ക്കാരങ്ങൾക്കൊപ്പം മികച്ച സി.ഡി.എസ് (സംയോജന പ്രവർത്തനം, തനത് പ്രവർത്തനം, ഭരണ നിർവ്വഹണം- സൂക്ഷ്മ സാമ്പത്തിക പ്രവർത്തനങ്ങൾ), മികച്ച സി.ഡി.എസ് (കാർഷികമേഖല, മൃഗസംരക്ഷണം), മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെൻഡർ), മികച്ച സി.ഡി.എസ് (ട്രൈബൽ പ്രവർത്തനം), മികച്ച സി.ഡി.എസ് (സൂക്ഷ്മ സംരംഭം, ഡി.ഡി.യു-ജി.കെ.വൈ, കെ-ഡിസ്ക്) എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും നൽകും.
  

 
 
Content highlight
kudumashree state level awards, presentation will conclude today

കുടുംബശ്രീ കമ്യൂണിക്കോര്‍ പദ്ധതിക്ക് തുടക്കം

Posted on Thursday, April 24, 2025

തദ്ദേശീയ മേഖലയിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും  ഇംഗ്ളീഷ് ഭാഷാ നൈപുണ്യം  നല്‍കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന 'കമ്യൂണിക്കോര്‍' പദ്ധതിക്ക് തുടക്കമായി. ഇംഗ്ളീഷ് ഭാഷയില്‍ പ്രാവീണ്യം വര്‍ധിപ്പിച്ചു കൊണ്ട് ഗുണമേന്‍മയുളള ഉന്നതവിദ്യാഭ്യാസവും തൊഴില്‍ അവസരങ്ങളും ഒപ്പം ഡിജിറ്റല്‍ സാക്ഷരതയും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ജില്ലകളില്‍ തിരഞ്ഞെടുത്ത കുട്ടികള്‍ക്കായി പരിശീലന പരിപാടി ആരംഭിച്ചു. മൂന്നു ദിവസമാണ് പരിശീലനം. തുടര്‍ന്ന് എല്ലാ മാസവും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഇവര്‍ക്ക് പരിശീലനം ലഭ്യമാക്കും. പദ്ധതി ഗുണഭോക്താക്കളായ ആയിരത്തോളം കുട്ടികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

നിലവില്‍ പട്ടികവര്‍ഗ പ്രത്യേക പദ്ധതി നടപ്പാക്കുന്ന  അട്ടപ്പാടി, പറമ്പിക്കുളം(പാലക്കാട്), തിരുനെല്ലി,
നൂല്‍പ്പുഴ(വയനാട്), ആറളം ഫാം(കണ്ണൂര്‍), നിലമ്പൂര്‍(മലപ്പുറം), കോടഞ്ചേരി (കോഴിക്കോട്), കുട്ടമ്പുഴ (എറണാകുളം), മറയൂര്‍, കാന്തല്ലൂര്‍,  വട്ടവട(ഇടുക്കി) കൊറഗ പ്രത്യേക പദ്ധതി (കാസര്‍കോട്),  കാടര്‍ പ്രത്യേക പദ്ധതി(തൃശൂര്‍), മലൈപണ്ടാരം പ്രത്യേക പദ്ധതി(പത്തനംതിട്ട) എന്നിവിടങ്ങളില്‍ നിന്നും തിരഞ്ഞെടുത് കുട്ടികളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. ഒരു വര്‍ഷമാണ് പരിശീലന പരിപാടിയുടെ ദൈര്‍ഘ്യം.  നാല്‍പ്പതോളം അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം നല്‍കുക.
 
തദ്ദേശീയ മേഖലയില്‍ അധിവസിക്കുന്നവര്‍ക്ക് മലയാളം ഇംഗ്ളീഷ് ഭാഷകള്‍ മനസിലാക്കുന്നതിന് പ്രയാസം നേരിടുന്നത് വിദ്യാഭ്യാസ രംഗത്തും തൊഴില്‍മേഖലയിലും അവരുടെ മുന്നേറ്റത്തെ സാരമായി ബാധിക്കുന്നുണ്ട്. കമ്യൂണിക്കോര്‍ പരിശീലന പദ്ധതി നടപ്പാക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയും. കുടുംബശ്രീ സംസ്ഥാന മിഷനാണ് പദ്ധതി വിഭാവനം ചെയ്തു നടപ്പാക്കുന്നത്.
Content highlight
communicore starts