കുടുംബശ്രീ വിഷു ചന്തകളിലൂടെ 7.25 കോടി രൂപയുടെ വിറ്റുവരവ് കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച നേട്ടംڈ

Posted on Saturday, April 26, 2025

കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച വിഷു ചന്തകള്‍ വഴി 7.25 കോടി രൂപയുടെ വിറ്റുവരവ്. കുടുംബശ്രീയുടെ കീഴിലുള്ള 92442 വനിതാ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിച്ചതു വഴിയും ഭക്ഷ്യമേളകള്‍ വഴിയുമാണ് ഈ മിന്നും നേട്ടം. സൂക്ഷ്മസംരംഭ ഉല്‍പന്നങ്ങളും വിപണനത്തിന് എത്തിച്ചിരുന്നു. വിഷുച്ചന്തകളോടനുബന്ധിച്ച് സംഘടിപ്പിച്ച ഭക്ഷ്യമേളകള്‍ വഴിയും സംരംഭകര്‍ക്ക് മികച്ച വരുമാനം നേടാനായി. 54.4 ലക്ഷം രൂപയാണ് ഈയിനത്തില്‍ നേടിയത്. ഇതുള്‍പ്പെടെയാണ് 7.25  കോടി രൂപയുടെ വിറ്റുവരവ് നേടിയത്.  
 
സി.ഡി.എസ്തലത്തിലും ജില്ലാതലത്തിലുമായി സംഘടിപ്പിച്ച 1000 വിഷുച്ചന്തകള്‍ വഴി 1.36 കോടി രൂപയുടെ വിറ്റുവരവുമായി കാസര്‍കോട് ജില്ലയാണ് ഒന്നാമത്. 97 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി കണ്ണൂര്‍ ജില്ല രണ്ടാമതും 72.26 ലക്ഷം രൂപ നേടി എറണാകുളം ജില്ല മൂന്നാമതും എത്തി. 59.8 ലക്ഷം രൂപയുടെ വിറ്റുവരവുമായി കൊല്ലവും 58.3 രൂപ നേടി തൃശൂരും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.

കുടുംബശ്രീ വിഷു ചന്തകളില്‍ കുടുംബശ്രീ വനിതാ കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിച്ച വിഷവിമുക്ത പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ്  വിപണനത്തിനെത്തിച്ചത്. വിഷു വിപണിയിലേക്ക് പരമാവധി ഉല്‍പന്നങ്ങളെത്തിക്കുന്നതിനായി ഓരോ സി.ഡി.എസിലും പ്രത്യേക സംഘാടക സമിതികളും രൂപീകരിച്ചിരുന്നു.  വിപണന മേളയുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയും  സമിതിയുടെ നേതൃത്വത്തില്‍  ഉറപ്പു വരുത്തി. മേളയില്‍ എത്തുന്ന ഉല്‍പന്നങ്ങളുടെ അളവ്, കര്‍ഷകരുടെയും സംരംഭകരുടെയും പങ്കാളിത്തം എന്നിവ കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.ജില്ലാമിഷനുകളുടെയും കുടുംബശ്രീ സി.ഡി.എസിന്‍റെയും നേതൃത്വത്തില്‍ അതത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു വിഷുച്ചന്തകളുടെ സംഘാടനം.

Content highlight
7.25 crore sales through vishu