അയല്‍പക്ക പ്രദേശങ്ങളിലെ വിഷമതകള്‍ ആദ്യം അറിയാന്‍ കഴിയുന്നവരാണ് കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍: മന്ത്രി എ.സി.മൊയ്തീന്‍
തിരുവനന്തപുരം: അയല്‍പക്ക പ്രദേശങ്ങളില്‍ വിവിധ മാനസിക പ്രയാസങ്ങള്‍ നേരിടുന്നവരെയും ഗാര്‍ഹിക പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരേയും ഏറ്റവുമാദ്യം കണ്ടെത്താനും അവരെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും മുക്തി നേടുന്നതിന് സഹായിക്കാനാകുന്നതും കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്കാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. കാര്യവട്ടം യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗവുമായി ചേര്‍ന്ന് കുടുംബശ്രീയുടെ 350 കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച അഞ്ചു ദിവസത്തെ പരിശീലന പരിപാടിയുടെ സമാപന സമ്മേളത്തിന്‍റെയും ഇതിനോടനുബന്ധിച്ചുള്ള സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്‍റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലവിധ കാരണങ്ങളാല്‍ കടുത്ത മാനസികാഘാതങ്ങളേറ്റ് അതിന്‍റെ സംഘര്‍ഷങ്ങള്‍ ഉള്ളിലടക്കി ജീവിക്കേണ്ടി വരുന്ന ഏറ്റവും താഴെ തട്ടിലുളളവരെ കണ്ടെത്താനും അവര്‍ക്ക് മാനസികാരോഗ്യം ഉറപ്പു വരുത്താനും കുടുംബശ്രീയുടെ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കഴിയുന്നുണ്ട്. പ്രളയകാലത്ത് ഇവരുടെ സേവനസന്നദ്ധത നാം തിരിച്ചറിഞ്ഞതാണ്. ഇത്തരത്തിലുള്ള അക്കാദമിക് മികവോടെയുള്ള പരിശീലനങ്ങള്‍ ലഭിക്കുന്നതിനു മുമ്പ് തന്നെ പ്രളയദുരന്തങ്ങള്‍ക്കിരയാകേണ്ടി വന്ന സാധാരണക്കാരായ ആളുകളിലേക്ക് ഓടിയെത്തി അവര്‍ക്ക് മാനസികമായ പിന്തുണയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ധൈര്യവും നല്‍കാന്‍ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കഴിഞ്ഞു എന്നത് അഭിനന്ദനീയമാണ്. കൂട്ടുകുടുംബവ്യവസ്ഥയില്‍ തങ്ങളുടെ പ്രശ്നങ്ങളും വിഷമങ്ങളും പങ്കു വയ്ക്കാന്‍ കുടുംബത്തില്‍ ആളുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അണുകുടുംബങ്ങള്‍ വന്നതോടെ അതിനുള്ള അവസരം ഇല്ലാതായി. ഇത്തരം സാമൂഹ്യമാറ്റങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് ഏറെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകളാണ്. അവരെ തിരിച്ചറിയാനും അവര്‍ക്കാവശ്യമായ സേവനങ്ങള്‍ ഏറ്റവുമെളുപ്പത്തില്‍ നല്‍കാനും കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കഴിയും. ലോകത്തിനു മുന്നില്‍ സാമൂഹ്യസേവനത്തില്‍ അധിഷ്ഠിതമായ സ്ത്രീകൂട്ടായ്മയായി കുടുംബശ്രീയെ ചൂണ്ടിക്കാണിക്കാന്‍ നമുക്ക് കഴിയണമെന്നും അതിന് ഈ പരിശീലന പരിപാടി ഏറെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
കാര്യവട്ടം യൂണിവേഴ്സിറ്റി ഡീന്‍ ഓഫ് സയന്‍സ് ഡോ.എ.ബിജു കുമാര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ മുഖ്യപ്രഭാഷണവും റിസോഴ്സ് ബുക്കിന്‍റെ പ്രകാശനവും നിര്‍വഹിച്ചു. സൈക്കോളജി വിഭാഗം മേധാവി ഡോ.ജാസീര്‍ ജെ ആശംസാ പ്രസംഗം നടത്തി. സൈക്കോളജി വിഭാഗം അസോസിയേറ്റ് പ്രഫസറും ട്രെയിനിങ്ങ് കോ-ഓര്‍ഡിനേറ്ററുമായ ഡോ.ടിസി മറിയം തോമസ് പരിശീലന പരിപാടിയെ സംബന്ധിച്ച് വിശദീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുള്ള കമ്യൂണിറ്റി കൗണ്‍സിലര്‍ തേന്‍മൊഴി കുടുംബശ്രീ പരിശീലനങ്ങളിലൂടെ തനിക്ക് ലഭിച്ച മാനസികവും വിദ്യാഭ്യാസപരവുമായ പുരോഗതിയെ കുറിച്ച് വിശദീകരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രമോദ്.കെ.വി സ്വാഗതവും ജെന്‍ഡര്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നന്ദിയും പറഞ്ഞു.
- 120 views