തിരുവനന്തപുരം: 'ഗ്രാമീണ മേഖലയിലെ വനിതകളുടെ സംരംഭകത്വ വികസനം' എന്ന വിഷയത്തെ ആസ്പദമാക്കി ഏഷ്യയിലെയും ആഫ്രിക്കയിലെയും എട്ടു രാജ്യങ്ങളില്‍ നിന്നുള്ള 26 അംഗ വിദേശ പ്രതിനിധികള്‍ക്കായി കുടുംബശ്രീയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ മാനേജ്മെന്‍റ്- മാനേജും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഫീഡ് ദി ഫ്യൂച്ചര്‍- അന്താരാഷ്ട്ര പരിശീലന പരിപാടി സമാപിച്ചു. സമാപന സമ്മേളനം ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ലോകത്തിനു തന്നെ മാതൃകയാണ് കുടുംബശ്രീയെന്നും ഫീഡ് ദി ഫ്യൂച്ചര്‍ പോലെ അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന പരിപാടികള്‍ വിദേശരാജ്യങ്ങളിലും കുടുംബശ്രീ സംഘടനാ സംവിധാനത്തിന്‍റെ വേരുറപ്പിക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
പരിശീലനത്തില്‍ പങ്കെടുത്ത പ്രതിനിധികളുടെ രാജ്യങ്ങളില്‍ ദാരിദ്ര്യനിര്‍മാര്‍ജനവും സ്ത്രീശാക്തീകരണവും കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി 2020 നുള്ളില്‍ അവിടുത്തെ 1400 കാര്‍ഷിക വിദഗ്ധര്‍ക്ക് പരിശീലനം നല്‍കുക എന്നതിന്‍റെ ഭാഗമായാണ് അന്താരാഷ്ട്ര പരിശീലന പരിപാടി സംഘടിപ്പിച്ചത്. യുഎസ്എയ്ഡും കേന്ദ്ര ഗവണ്‍മെന്‍റും ചേര്‍ന്ന് രൂപീകരിച്ചതാണ് പരിശീലന പദ്ധതി.
തങ്ങളുടെ രാജ്യത്തും കുടുംബശ്രീ മാതൃകയില്‍ കാര്‍ഷിക സൂക്ഷമസംരംഭ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് രണ്ടാഴ്ച നീണ്ട അന്താരാഷ്ട്ര പരിശീലന പരിപാടിക്കൊടുവില്‍ ഇതില്‍ പങ്കെടുത്ത വിദേശ പഠന സംഘം പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ താഴെ തട്ടിലുള്ള സ്ത്രീകള്‍ക്ക് കൈവന്ന സാമൂഹ്യ സാമ്പത്തിക പുരോഗതി അഭിനന്ദനീയവും അതിശയകരവുമാണെന്നും കുടുംബശ്രീക്കു സമാനമായ സാമൂഹ്യ സംഘടനാധിഷ്ഠിത സംവിധാനം തങ്ങളുടെ രാജ്യത്തും തുടങ്ങുമെന്നും പഠനസംഘം വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി തങ്ങളുടെ രാജ്യത്തു നിന്നും ബന്ധപ്പെട്ട അധികാരികളെ ഇവിടേക്ക് കൊണ്ടുവരുമെന്നും പ്രതിനിധി സംഘം പറഞ്ഞു.
പരിശീലന പരിപാടിയില്‍ പങ്കെടുത്ത വിദേശ പഠന സംഘം സ്വന്തം രാജ്യത്ത് ഇതേ മാതൃകയില്‍ നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിശദമായ രൂപരേഖ തയ്യാറാക്കി കുടുംബശ്രീക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത ആറുമാസത്തിനുള്ളില്‍ കുടുംബശ്രീ പദ്ധതി മാതൃകകള്‍ അവിടങ്ങളിലും നടപ്പാക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ കുടുംബശ്രീയില്‍ നിന്നും സ്വീകരിക്കുമെന്ന് പഠന സംഘം അറിയിച്ചു.
ഈ മാസം ആറിനാണ് കമ്പോഡിയ, കെനിയ, ലൈബീരിയ, മലാവി, മംഗോളിയ, മ്യാന്‍മര്‍, നേപ്പാള്‍, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ക്ക് രണ്ടാഴ്ച ദൈര്‍ഘ്യമുള്ള പരിശീലന പരിപാടി ആരംഭിച്ചത്. കാര്‍ഷിക-സൂക്ഷ്മസംരംഭ മേഖലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ വരുമാനദായക സംരംഭങ്ങള്‍, സേവന മേഖലയില്‍ നടപ്പാക്കുന്ന നൂതന പദ്ധതികള്‍, മാര്‍ക്കറ്റിങ്ങ്, തൊഴിലും നൈപുണ്യ പരിശീലനവും, കുടുംബശ്രീയുടെ സംരംഭകത്വ പിന്തുണാ സംവിധാനങ്ങള്‍, ബിസിനസ് പ്ളാന്‍ സപ്പോര്‍ട്ട് എന്‍വയോണ്‍മെന്‍റ്, സാമൂഹ്യ സുരക്ഷാ പദ്ധതികളായ ആശ്രയ, ബഡ്സ്, സ്ത്രീപദവി സ്വയംപഠന പ്രക്രിയ, വള്‍ണറബിലിറ്റി മാപ്പിങ്ങ്, എന്നിവയെ സംബന്ധിച്ച് അതത് മേഖലയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ക്ളാസുകള്‍ സംഘടിപ്പിച്ചു.
പരിശീലന പരിപാടിയുടെ ഭാഗമായി ജില്ലയിലെ കുരിയോട്ടുമല, പള്ളിക്കല്‍, കരകുളം എന്നിവിടങ്ങളില്‍ ഫീല്‍ഡ്തല സന്ദര്‍ശനവും സംഘടിപ്പിച്ചിരുന്നു. അയല്‍ക്കൂട്ട വനിതകളുടെ സംഘക്കൃഷി, സൂക്ഷ്മസംരംഭങ്ങള്‍, മൂല്യവര്‍ദ്ധതിത ഉല്‍പന്നങ്ങളുടെ നിര്‍മാണവും വിതരണ സമ്പ്രദായങ്ങളും, അമൃതം ന്യൂട്രിമിക്സ് യൂണിറ്റുകള്‍ എന്നിവ പഠനസംഘം നേരില്‍ കണ്ടു മനസിലാക്കി. മികച്ച കാര്‍ഷിക സംരംഭങ്ങള്‍ രൂപവല്‍ക്കരിച്ച് ശ്രദ്ധേയമായ വിജയം കൈവരിച്ച അയല്‍ക്കൂട്ട വനിതകളുമായി സംവദിക്കുകയും അയല്‍ക്കൂട്ടങ്ങളിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ കണ്ടറിയുകയും ചെയ്തു. കൂടാതെ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും തമ്മിലുള്ള സംയോജിത പ്രവര്‍ത്തനങ്ങള്‍ അവയുടെ നിര്‍വഹണരീതി എന്നിവയും മനസിലാക്കി.
സാമ്പത്തിക-സാമൂഹ്യ പുരോഗതി കൈവരിക്കുന്നതിന് സഹായിക്കുന്നതിലൂടെ സ്ത്രീശാക്തീകരണവും ദാരിദ്ര്യ നിര്‍മാര്‍ജനവും നേടുന്നതിന് അവസരമൊരുക്കുന്ന കുടുംബശ്രീയുടെ ബഹുമുഖ സമീപനം പരിഗണിച്ചാണ് 'ഫീഡ് ദി ഫ്യൂച്ചര്‍ ഇന്ത്യ'-അന്താരാഷ്ട്ര പരിശീലന പരിപാടിയുടെ മുഖ്യപങ്കാളിയായി കുടുംബശ്രീയെ തിരഞ്ഞെടുത്തിട്ടുള്ളത്. ഇതു പ്രകാരം കേന്ദ്ര കാര്‍ഷിക- കര്‍ഷകക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള സ്വയം ഭരണാധികാര സംഘടനയായ 'മാനേജും' കുടുംബശ്രീയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന നാലാമത്തെ അന്താരാഷ്ട്ര പരിശീലന പരിപാടിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഇന്ത്യയിലെ തിരരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം തൃശൂര്‍ ജില്ലയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 28 അംഗ സംഘത്തിന് കുടുംബശ്രീ പരിശീലനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഉഗാണ്ടയില്‍ കുടുംബശ്രീ മാതൃക പ്രാവര്‍ത്തികമാക്കുന്നതിന്‍റെ മുന്നോടിയായി കുടുംബശ്രീക്ക് അവിടേക്ക് ക്ഷണം ലഭിക്കുകയും കുടുംബശ്രീയില്‍ നിന്നുമുള്ള പ്രതിനിധികള്‍ അവിടുത്തെ ഉന്നതതല ഉദ്യോഗസ്ഥര്‍ക്കും ഗ്രാമീണ വനിതകള്‍ക്കും പരിശീലനം നല്‍കുകയും ചെയ്തിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം പ്രതിനിധികള്‍ ഇതിനകം കുടുംബശ്രീ സന്ദര്‍ശിച്ചിട്ടുണ്ട്. ഉഗാണ്ടയില്‍ കുടുംബശ്രീ മാതൃകയില്‍ നടപ്പാക്കിവരുന്ന സൂക്ഷ്മ സംരംഭ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയവ ആരംഭിക്കുന്നതിന്‍റെയും ഭാഗമായി കുടുംബശ്രീക്ക് വീണ്ടും ഉഗാണ്ടയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന്‍റെ നേതൃത്വത്തില്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. രാഹുല്‍. കെ, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ബിപിന്‍ ജോസ്, അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ അരുണ്‍.പി.രാജന്‍ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ തീമാറ്റിക് ആങ്കര്‍ ആഷിത മോഹന്‍ദാസ്, യംഗ് പ്രഫഷണല്‍സ് അനുപാ ശര്‍മ, അനുഷാ സിങ്ങ്, ഫീഡ് ദി ഫ്യൂച്ചര്‍ പ്രോജക്ട് എക്സിക്യൂട്ടീവ് ചിന്നു ജോസഫ് എന്നിവര്‍ക്കായിരുന്നു പരിശീലന പരിപാടിയുടെ ചുമതല. സമാപന സമ്മേളനത്തില്‍ യുഎസ്എയ്ഡ് ഡെവലപ്മെന്‍റ് അസിസ്റ്റന്‍റ് സ്പെഷ്യലിസ്റ്റ് വംശീദര്‍ റെഡ്ഢി, മാനേജ്-ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ മഹന്ദീഷ് തിരൂര്‍ എന്നിവര്‍ പങ്കെടുത്തു. വിദേശ പഠന സംഘം 21ന് വൈകിട്ട് മടങ്ങി