പ്രളയക്കെടുതിയെ നേരിടാന്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍: അയല്‍ക്കൂട്ട വനിതകള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

Posted on Monday, November 26, 2018

തിരുവനന്തപുരം: കേരളം നേരിട്ട അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും മികച്ച രീതിയില്‍ പിന്തുണ നല്‍കിയ കുടുംബശ്രീ അയല്‍ക്കൂട്ട സഹോദരിമാര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. പ്രളയത്തിന്‍റെ ആദ്യദിനങ്ങളിലും തുടര്‍ന്നും കുടുംബശ്രീ സംഘടനാ സംവിധാനമൊന്നാകെ കേരളത്തിന്‍റെ പുന: സൃഷ്ടിക്കായി കൈകോര്‍ത്തുകൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചതിനാണ് അഭിനന്ദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രിയുടെ കത്ത്.
 
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകരുടെ പങ്കാളിത്തവും പിന്തുണയും മാതൃകാപരമായിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. നാലു ലക്ഷത്തിലധികം മനുഷ്യദിനങ്ങളാണ് ശുചീകരണത്തിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ വിനിയോഗിച്ചത്. ദുരിതത്തിനിരയായ 38,698 കുടുംബങ്ങളെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്വന്തം വീടുകളില്‍ സംരക്ഷിച്ചു. ദുരിതബാധിതര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനും ക്യാമ്പുകളില്‍ ധാന്യ കിറ്റുകള്‍ പായ്ക്ക് ചെയ്യുന്നതിലുമെല്ലാം കുടുംബശ്രീ പ്രവര്‍ത്തകര്‍ മുന്‍നിരയിലുണ്ടായിരുന്നു. കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിലും കുടുംബശ്രീ നല്ല നിലയിലാണ് സഹകരിച്ചത്. തങ്ങളുടെ ആഴ്ച സമ്പാദ്യത്തില്‍ നിന്നും 11.18 കോടി രൂപയാണ് കേരളത്തിന്‍റെ പുന:നിര്‍മാണത്തിനായി കുടുംബശ്രീ അംഗങ്ങള്‍ സംഭാവനയായി നല്‍കിയത്. കൂടാതെ നവകേരള ലോട്ടറി വില്‍പ്പനയിലൂടെ 9.31 കോടി രൂപയും കുടുംബശ്രീ നേടിത്തന്നു. മനുഷ്യ സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയാണിത്.

പ്രളയ നാളുകളില്‍ സ്വയം സമര്‍പ്പിതമായി നാടിനു വേണ്ടി പ്രവര്‍ത്തിച്ച കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളെയും അതിന് നേതൃത്വം കൊടുത്ത സി.ഡി.എസ് ഭാരവാഹികളെയും മുഖ്യമന്ത്രി ഹൃദയപൂര്‍വം അഭിനന്ദിച്ചു. കേരള പുന:നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഓരോ കുടുംബശ്രീ അംഗത്തിന്‍റെയും പങ്കാളിത്തവും പിന്തുണയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി കത്തില്‍ സ്നേഹപൂര്‍വം അഭ്യര്‍ത്ഥിച്ചു.

 

Content highlight
കൂടാതെ നവകേരള ലോട്ടറി വില്‍പ്പനയിലൂടെ 9.31 കോടി രൂപയും കുടുംബശ്രീ നേടിത്തന്നു. മനുഷ്യ സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയാണിത്.