കാര്‍ഷിക മേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍: കുടുംബശ്രീക്ക് ദേശീയ അവാര്‍ഡ്
കാര്‍ഷിക മേഖലയില്‍ സമഗ്രമായ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയതു വഴി കേരളത്തിലെ മൂന്നര ലക്ഷത്തോളം വരുന്ന കുടുംബശ്രീ സംഘക്കൃഷി വനിതാ കര്‍ഷകരുടെ സാമ്പത്തിക സാമൂഹിക ശാക്തീകരണം സാധ്യമാക്കിയ കുടുംബശ്രീയുടെ പ്രവര്‍ത്തന മികവിന് ദേശീയ അവാര്‍ഡ്. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി രാജ്യത്തെ ഇരുപത്തിമൂന്ന് സംസ്ഥാനങ്ങളില്‍ നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത കാര്‍ഷിക പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന (എം.കെ.എസ്.പി) ഏറ്റവും ഫലപ്രദമായ രീതിയില്‍ നിര്‍വഹിച്ചതിനാണ് കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. സെപ്റ്റംബര്‍ പതിനൊന്നിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമവികന മന്ത്രി നരേന്ദ്ര സിങ്ങ് ടോമറില്‍ നിന്നും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അവാര്‍ഡ് സ്വീകരിക്കും.
പരമ്പരാഗത കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനോടൊപ്പം നൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ശാസ്ത്രീയ കൃഷി രീതികളുടെ പ്രയോഗം, ജൈവക്കൃഷിയുടെ പ്രോത്സാഹനം, കൂടുതല്‍ വനിതാ കര്‍ഷകരെ പദ്ധതില്‍ ഉള്‍പ്പെടുത്തല്‍, ആധുനിക കൃഷി രീതികളെ കുറിച്ചുള്ള വിജ്ഞാന വ്യാപനം, തരിശുരഹിത ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വികസനവും വിപണി കണ്ടെത്തലും, കര്‍ഷകരുടെ കൂട്ടായ്മയായി പ്രൊഡ്യൂസര്‍ കമ്പനികളുടെയും സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നതിനായി കര്‍ഷക സഹായകകേന്ദ്രങ്ങളുടെയും രൂപീകരണം, അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന്‍റെ ഉപജീവനത്തിനും വരുമാന ലഭ്യതയ്ക്കുമായി പ്രത്യേക കാര്‍ഷിക പദ്ധതി എന്നിങ്ങനെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിരന്തരവും സജീവവുമായ ഇടപെടലുകളാണ് കുടുംബശ്രീ നടത്തുന്നത്. ഇതോടൊപ്പം ജലസ്രോതസുകളും മണ്ണും സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളും കാര്‍ഷിക സംസ്കാരം വീണ്ടെടുക്കുന്നതിനുള്ള ശ്രദ്ധേയമായ പരിശ്രമങ്ങളും പരിഗണിച്ചാണ് അവാര്‍ഡ്.
രാജ്യമൊട്ടാകെ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിയുടെ ഉപപദ്ധതിയാണ് എം.കെ.എസ്.പി. ഗ്രാമീണ മേഖലയിലെ വനിതകള്‍ക്ക് കാര്‍ഷിക മേഖലയില്‍ മെച്ചപ്പെട്ട ഉപജീവന മാര്‍ഗവും തൊഴിലും ലഭ്യമാക്കുന്നതിലൂടെ അവരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2011 മുതലാണ് പദ്ധതി കേരളത്തില്‍ നടപ്പാക്കിയത്. മൂന്നു വര്‍ഷം കാലാവധിയുള്ള പദ്ധതിയ്ക്ക് 79 കോടി രൂപയാണ് അടങ്കല്‍ തുക. ഈ കാലയളവില്‍ ഒന്നര ലക്ഷം അയല്‍ക്കൂട്ട വനിതാ കര്‍ഷകരെ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തി 24000 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ഫലപ്രദമായ ആസൂത്രണം വഴി 2012ല്‍ തന്നെ ഈ ലക്ഷ്യം മറി കടക്കാന്‍ കുടുംബശ്രീക്ക് സാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് പദ്ധതി ദീര്‍ഘിപ്പിക്കുന്നതിന് കേന്ദ്രാനുമതി ലഭിച്ചു. നിലവില്‍ 53000 ഹെക്ടര്‍ സ്ഥലത്താണ് കുടുംബശ്രീയുടെ കൃഷി. ഇതിലൂടെ പദ്ധതി ലക്ഷ്യത്തിന്‍റെ ഇരട്ടിയിലധികം സ്ഥലത്തേക്ക് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ കുടുംബശ്രീക്കായിട്ടുണ്ട്.
തരിശുരഹിത ഗ്രാമങ്ങള്‍ ലക്ഷ്യമിട്ടു കുടുംബശ്രീ നടപ്പാക്കുന്ന സംഘക്കൃഷിയിലൂടെ കൂടുതല്‍ തരിശുനിലങ്ങള്‍ കണ്ടെത്തി കൃഷിക്ക് ഉപയുക്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ട് അഞ്ച് പ്രൊഡ്യൂസര്‍ കമ്പനികളും ഇതിനകം രൂപീകരിച്ചു. കൂടാതെ കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനത്ത് 140 നഴ്സറികള്‍, അഞ്ച് ജില്ലകളില്‍ 250 ഹെക്ടര്‍ സ്ഥലത്ത് ഔഷധ സസ്യക്കൃഷി എന്നിവയ്ക്കും തുടക്കമിട്ടു. സാമൂഹിക വികസനരംഗത്ത് സംഘക്കൃഷിയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളില്‍ മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി നടത്തുന്ന 'സഞ്ജീവനി' അഗ്രി തെറാപ്പി പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ജൈവക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷക വനിതകള്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ പൂര്‍ണമായും ജൈവക്കൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്നവയാണെന്ന് വ്യക്തമാക്കുന്ന പാര്‍ട്ടിസിപ്പേറ്ററി ഗാരണ്ടി സിസ്റ്റം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വരികയാണ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ കേന്ദ്രം 2020 വരെ പദ്ധതിയുടെ കാലയളവ് ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നൂതനമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് സംഘക്കൃഷി ഗ്രൂപ്പിലെ വനിതകള്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കുന്നതോടൊപ്പം കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുകയുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
- 814 views