പദ്ധതികളുടെ മികവുറ്റ നടപ്പാക്കല്‍: കുടുംബശ്രീക്ക് ഏഴ് സ്കൊച്ച് അവാര്‍ഡ്
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പാക്കിയതിന് കുടുംബശ്രീക്ക് 2018 ലെ ഏഴ് സ്കൊച്ച് (skoch) അവാര്‍ഡുകള്‍ ലഭിച്ചു. സംസ്ഥാനത്ത് ഏറ്റവും ഫലപ്രദവും മാതൃകാപരവുമായ രീതിയില്‍ പദ്ധതികള്‍ നടപ്പാക്കിയതിനാണ് അവാര്‍ഡ്.
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികളായ അമൃതം ന്യൂട്രിമിക്സ്, വിമന്‍ കണ്‍സ്ട്രക്ഷന്‍ ടീം, ഹോംഷോപ്പ്, ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍റര്‍ കൊച്ചി മെട്രോ, കുടുംബശ്രീ സ്കൂള്‍, കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന(ഡി.ഡി.യു.ജി.കൈ.വൈ) എന്നീ പദ്ധതികള്‍ക്കാണ് ഓഡര്‍ ഓഫ് മെറിറ്റ് അംഗീകാരം ലഭിച്ചത്. ഇതില്‍ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ പ്രവര്‍ത്തന മികവിന് ഓഡര്‍ ഓഫ് മെറിറ്റിനു പുറമേ ബ്രോണ്‍സ് അവാര്‍ഡും ലഭിച്ചു.
അസാധാരണായ നേതൃപാടവം വഴി പദ്ധതി നിര്‍വഹണത്തിലും സമൂഹത്തിലും ഗുണപരമായ ചലനങ്ങള്‍ സൃഷ്ടിക്കാനും അതിലൂടെ സാമ്പത്തിക സാമൂഹിക രംഗത്ത് ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാനും സാധിച്ചതിനാണ് കുടുംബശ്രീക്ക് അവാര്‍ഡ്. ഡല്‍ഹിയില്‍ റാഫി മാര്‍ഗില്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബ് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജയന്‍ കെ.ആര്‍, അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ നിഷാന്ത് ജി.എസ് എന്നിവര്‍ സ്കൊച്ച് ചെയര്‍മാന്‍ സമീര്‍ കൊച്ചറില്‍ നിന്നും അവാര്‍ഡുകള്‍ സ്വീകരിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നഗരസഭകള്‍, ജില്ലാ ഭരണകൂടം എന്നിവടങ്ങളില്‍ നിന്നെല്ലാം സ്കൊച്ച് അവാര്‍ഡിനായി എന്‍ട്രികള്‍ ക്ഷണിച്ചിരുന്നു. ഇതു പ്രകാരം ആദ്യഘട്ടത്തില്‍ പദ്ധതിയെ സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തി. അതില്‍ നിന്നും മികവുറ്റ രീതിയില്‍ നടപ്പാക്കുന്ന പദ്ധതികളെയാണ് രണ്ടാം ഘട്ടത്തില്‍ ജൂറി പാനലിനു മുമ്പാകെ അവതരണത്തിനായി തിരഞ്ഞെടുത്തത്. ഈ രണ്ടു ഘട്ടങ്ങളിലും വിജയിച്ച പദ്ധതികള്‍ക്കായി വോട്ടു രേഖപ്പെടുത്തുന്നതിനുള്ള അവസരം പൊതു ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇപ്രകാരം വിവിധ ഘട്ടങ്ങളിലെ മികവിന്‍റെയും വോട്ടിന്‍റെയും അടിസ്ഥാനത്തിലാണ് കുടുംബശ്രീക്ക് അവാര്‍ഡ് നല്‍കിയത്.
ഭരണ നിര്‍വഹണം, ഫിനാന്‍സ്, ബാങ്കിങ്ങ്, ടെക്നോളജി, കോര്‍പ്പറേറ്റ് സിറ്റിസണ്‍ഷിപ്, ഇക്കണോമിക്സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രശംസനീയമായ മാതൃകകള്‍ കാഴ്ച വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് സ്കൊച്ച് അവാര്‍ഡ് നല്‍കുന്നത്.
- 43 views