വരുന്നൂ സംസ്ഥാനമൊട്ടാകെ കുടുംബശ്രീ ജൈവിക പ്ലാന്റ് നേഴ്‌സറികള്‍

Posted on Thursday, July 12, 2018

മികച്ച ഇനം വിത്തുകളും സസ്യത്തൈകളും കേരളമൊട്ടാകെ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പ്ലാന്റ് നേഴ്‌സറികള്‍ ആരംഭിക്കുന്നു. ജൈവിക പ്ലാന്റ് നേഴ്‌സറിയെന്ന പേരില്‍ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നേഴ്‌സറികള്‍ ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക് അവരുടെ ആവശ്യം അനുസരിച്ച് ഗുണനിലവാരമുള്ള വിത്തുകളും തൈകളും ലഭ്യമാക്കുന്നത് കൂടാതെ സംസ്ഥാനമൊട്ടാകെ മിതമായ നിരക്കില്‍ വിലനിലവാരത്തില്‍ മാറ്റമില്ലാതെ ഇവയെല്ലാം പൊതുജനങ്ങള്‍ക്കും നല്‍കുക എന്നീ ലക്ഷ്യവും ജൈവിക പ്ലാന്റ് നേഴ്‌സറിക്കുണ്ട്. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള (വിഎഫ്പിസികെ)യില്‍ നിന്നും കൃഷി വിജ്ഞാന്‍ കേന്ദ്ര (കെവികെ)യില്‍ നിന്നുമായിരുന്നു ഇതുവരെ ഇവര്‍ വിത്തുകളും തൈകളും വാങ്ങിയിരുന്നത്.  ഇപ്പോള്‍ കുടുംബശ്രീയ്ക്ക് കീഴില്‍ സംസ്ഥാനത്താകെ 159 പ്ലാന്റ് നേഴ്‌സറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ ഓരോ ജില്ലയിലും പത്ത് നേഴ്‌സറികള്‍ വീതം ഉടന്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിവിധ ഇനം പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍, അലങ്കാരച്ചെടികള്‍ തുടങ്ങിയവയുടെ തൈകളും വിത്തുകളും നൂതന മാര്‍ഗ്ഗങ്ങളുപയോഗിച്ച് വികസിപ്പിച്ചെടുത്ത വൃക്ഷത്തൈകളുമെല്ലാം ഈ നേഴ്‌സറി വഴി ലഭ്യമാകും.

  ഗതാഗത സൗകര്യം, അടിസ്ഥാന സൗകര്യ ലഭ്യത എന്നിവ അനുസരിച്ച് നിശ്ചിത അളവില്‍ സ്ഥലം ലഭിക്കുന്ന മുറയ്ക്കാകും ഓരോ ജില്ലയിലും നേഴ്‌സറികള്‍ ആരംഭിക്കാനുള്ള പ്രദേശങ്ങള്‍ തീരുമാനിക്കുന്നത്. നേഴ്‌സറിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ചുമതല കുടുംബശ്രീ വനിതകള്‍ക്കാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും നല്‍കും. നേഴ്‌സറി ആരംഭിക്കുന്നതിനായി ഒാരോ സംഘത്തിനും റിവോള്‍വിങ് ഫണ്ടും നല്‍കും. നിലവിലുള്ള നേഴ്‌സറികളെ ജൈവിക ബ്രാന്‍ഡിന് കീഴില്‍ കൊണ്ടു വരുന്നതിനും വിപുലപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും ഇതിനൊപ്പം നടത്തി വരുന്നു. എല്ലാ നേഴ്‌സറികളുടെയും വിറ്റുവരവും സ്റ്റോക്ക് പരിശോധനയുമെല്ലാം ഓണ്‍ലൈന്‍ വഴിയാക്കി ഈ സംരംഭങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും ഭാവിയില്‍ ഏര്‍പ്പെടുത്തും.

 

Content highlight
Presently, Kudumbashree have 159 existing plant nurseries in hand

ഗവിയില്‍ വിനോദ സഞ്ചാര പദ്ധതിയുമായി കുടുംബശ്രീ

Posted on Thursday, July 12, 2018

വിനോദ സഞ്ചാര മേഖലയിലും കുടുംബശ്രീ ശക്ത സാന്നിധ്യമാകാനൊരുങ്ങുന്നു. പത്തനംതിട്ട ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗവിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കും. പട്ടികജാതി വികസന വകുപ്പ്, വനം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് മിനി ബസ്സുകള്‍ വാങ്ങി സര്‍വ്വീസ് നടത്തുകയും ആധുനിക സൗകര്യങ്ങളുള്ള മൂന്ന് മിനി റെസ്‌റ്റോറന്റുകള്‍ ആരംഭിക്കുകയും ചെയ്യും. ഓഗസ്റ്റ് അവസാനത്തോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. 37 അയല്‍ക്കൂട്ട അംഗങ്ങളായ സ്ത്രീകള്‍ക്ക് ഈ പദ്ധതി വഴി തൊഴില്‍ ലഭിക്കും. 75 ശതമാനം സംവരണം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ്.

  ഈ വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി രണ്ട് പാക്കേജുകളുണ്ട്. ഭക്ഷണവും താമസവും (രണ്ട് ദിന പാക്കേജ്) ഉള്‍പ്പെടെയാണ് പാക്കേജുകള്‍. അടൂരില്‍ നിന്ന് ഗവിയിലെത്തി സന്ദര്‍ശനം നടത്തി തിരികെ അടൂരില്‍ തന്നെ എത്തുന്ന ഏകദിന ടൂര്‍ പാക്കേജും അടൂരില്‍ നിന്ന് ഗവിയും കുമരകവും സന്ദര്‍ശിച്ച് തിരികെ അടൂരിലെത്തുന്ന രണ്ട് ദിന പാക്കേജും. ഏകദിന പാക്കേജിന്റെ ഭാഗമായുള്ള ബസ് സര്‍വീസ് അടൂരില്‍ നിന്ന് കൊടുമണ്‍, അംഗമൂഴി, കൊച്ചു പമ്പ വഴി ഗവിയിലെത്തും. വണ്ടിപ്പെരിയാര്‍, മുണ്ടക്കയം വഴി തിരികെ അടൂരും എത്തും. ട്രക്കിങ്, ജംഗിള്‍ സഫാരി, വന്യമൃഗ നിരീക്ഷണം, പക്ഷി നിരീക്ഷണം എന്നിവയും പാക്കേജിന്റെ ഭാഗമാണ്. ഒരു ദിന പാക്കേജിന് ഒരാള്‍ക്ക് 2000 രൂപയാണ് തുക. രണ്ട് ദിനത്തെ പാക്കേജിനായി 4000 രൂപ നല്‍കണം. 24 സീറ്റുകളുള്ള മിനി ബസിനായി ജില്ലാ മിഷന്‍ ടെന്‍ഡര്‍ നല്‍കി കഴിഞ്ഞു.

  കൊടുമണ്‍, അംഗമൂഴി, കൊച്ചു പമ്പ എന്നിവിടങ്ങളിലാണ് റെസ്റ്റോറന്റുകള്‍ ആരംഭിക്കുക. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൊടുമണ്ണിലെ റെസ്റ്റോറന്റിനുള്ള സ്ഥലം ഗ്രാമ പഞ്ചായത്താണ് നല്‍കിയിട്ടുള്ളത്. ആങ്ങമൂഴിയില്‍ കുട്ടവഞ്ചി സവാരി കേന്ദ്രത്തോട് ചേര്‍ന്നാണ് റെസ്‌റ്റോറന്റ്. സീതത്തോട് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഇവിടെ റെസ്‌റ്റോറന്റ് സജ്ജീകരിക്കുന്നത്. കെഎസ്ഇബിയുടെ സ്ഥലത്താണ് കൊച്ചുപമ്പയിലെ റെസ്റ്റോറന്റ് നിര്‍മ്മിക്കുന്നത്.

 

Content highlight
ഭക്ഷണവും താമസവും (രണ്ട് ദിന പാക്കേജ്) ഉള്‍പ്പെടെ രണ്ട് പാക്കേജുകളുണ്ട്

റൊഹിങ്ക്യ അഭയാര്‍ത്ഥികള്‍ക്ക് സഹായഹസ്തമേകി കുടുംബശ്രീ

Posted on Thursday, July 12, 2018

സമൂഹത്തിന്റെ നാനാതുറകളില്‍ മുദ്ര പതിപ്പിച്ച കുടുംബശ്രീ, റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കും സഹായഹസ്തം നീട്ടി. കോഴിക്കോട് നിന്നുള്ള കുടുംബശ്രീ സംഘം ഡല്‍ഹിയിലെ റൊഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ സന്ദര്‍ശനം നടത്തി, 500 ജോടി വസ്ത്രങ്ങളും 30 ചാക്ക് ഭക്ഷ്യ ധാന്യങ്ങളുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളും വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ ഇവര്‍ക്ക് നൈപുണ്യ പരിശീലന പരിപാടിയും ഉടന്‍ ആരംഭിക്കും. കുടുംബശ്രീയുടെ എക്‌സാഥ് ട്രെയ്‌നിങ് ടീം തയ്യല്‍, സോപ്പ് നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, തുണി- പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നിവയിലാണ് പരിശീലനം നല്‍കുക.

  കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ മെമ്പര്‍ സെക്രട്ടറിയായ റംസി ഇസ്‌മൈലിന്റെ നേതൃത്വത്തില്‍ 13 അംഗ സംഘമാണ് ജൂണ്‍ 28 മുതല്‍ ജൂലൈ രണ്ട് വരെയുള്ള ദിവസങ്ങളില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയത്.  കാളിന്ദി കുഞ്ജിലെ 54, ഫരീദാബാദിലെ 38, മജൂദിഗാവിലെ 42, മിര്‍സാപുരിലെ 17 വീതം കുടുംബങ്ങളെയാണ് സംഘം സന്ദര്‍ശിച്ചത്. സിഡിഎസ് അധ്യക്ഷമാരും എക്‌സാഥ് ട്രെയിനിങ് സെന്റര്‍ അംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.

  കോഴിക്കോട് കോര്‍പ്പറേഷനും കുടുംബശ്രീ ജില്ലാ മിഷനും ചേര്‍ന്ന് സംയുക്തമായി ആരംഭിക്കുന്ന മഹിളാ മാള്‍ വഴിയാകും നൈപുണ്യ പരിശീലനം വഴി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കുക. അഭയാര്‍ത്ഥി ക്യാമ്പില്‍ കുടിവെള്ളം, ശൗചാലയ സംവിധാനങ്ങള്‍, മെഡിക്കല്‍ ക്യാമ്പ് എന്നിവ നടത്തുന്നതിനെക്കുറിച്ചും അഭയാര്‍ത്ഥി കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കേണ്ടതിനെക്കുറിച്ചും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കുടുംബശ്രീ സംഘം നിവേദനവും നല്‍കി.

 

Content highlight
ഇവര്‍ക്ക് നൈപുണ്യ പരിശീലന പരിപാടിയും ഉടന്‍ ആരംഭിക്കും

25 കുടുംബശ്രീ വനിതകള്‍ക്ക് കെല്‍ട്രോണില്‍ ജോലി

Posted on Thursday, July 12, 2018

കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (കെല്‍ട്രോണ്‍) 25 കുടുംബശ്രീ വനിതകള്‍ക്ക് ജോലി നല്‍കും. 24 കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരുടെയും ഒരു ക്ലീനിങ് സ്റ്റാഫിന്റെയും ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയായിരുന്നു. 39 പേര്‍ അപേക്ഷ നല്‍കി. അവരില്‍ നിന്ന് അഭിമുഖം വഴി 25 പേരെ തെരഞ്ഞെടുക്കുകയും ഓഗസ്റ്റ് ഒന്നോട് നിയമനം പൂര്‍ത്തിയാക്കുകയും ചെയ്യും. എറണാകുളം കാക്കനാട്ടെ കെല്‍ട്രോണിന്റെ ഓട്ടോമേറ്റഡ് എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലാകും നിയമനം.

  25 ഒഴിവുകളുണ്ടെന്ന കാര്യം കെല്‍ട്രോണില്‍ നിന്ന് കുടുംബശ്രീയില്‍ അറിയിക്കുകയായിരുന്നു. എസ്എസ്എല്‍സി യോഗ്യതയുള്ള ടൈപ്പ്‌റൈറ്റിങ് അറിയാവുന്ന കുറഞ്ഞത് ആറ് മാസമെങ്കിലും ഡേറ്റ എന്‍ട്രി ജോലി ചെയ്ത് പരിചയമുള്ളവരില്‍ നിന്നാണ് കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ജോലിക്കായി അപേക്ഷ ക്ഷണിച്ചത്. ഇതനുസരിച്ചുള്ള 39 പേരുടെ ലിസ്റ്റാണ് കുടുംബശ്രീ കെല്‍ട്രോണിന് നല്‍കിയത്. രാവിലെ 6 മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെയും ഉച്ചകഴിഞ്ഞ് 2 മുതല്‍ രാത്രി പത്ത് വരെയുമുള്ള രണ്ട് ഷിഫ്റ്റുകളിലാണ് ജോലി. കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ക്ക് 13979 രൂപയും ക്ലീനിങ് സ്റ്റാഫിന് 12318 രൂപയുമാണ് ശമ്പളം. കൂടാതെ ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങളും നല്‍കും.

  ഐടി മേഖലയില്‍ ഡേറ്റ എന്‍ട്രി വിഭാഗത്തില്‍ നിരവധി പേര്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കിയിരുന്നു. നോര്‍ക്ക, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഇന്‍ഷ്വറന്‍സ്, രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ ഈ പരിശീലനം നേടിയ നിരവധി കുടുംബശ്രീ വനിതകള്‍ ജോലി ചെയ്യുന്നുണ്ട്.

 

Content highlight
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ക്ക് 13979 രൂപയും ക്ലീനിങ് സ്റ്റാഫിന് 12318 രൂപയുമാണ് ശമ്പളം

തൊഴില്‍ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍ററിന് കഴിയും: മന്ത്രി ഡോ. കെ.ടി. ജലീല്‍

Posted on Wednesday, July 11, 2018

ډ    ഡിഡിയുജികെവൈ സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍റര്‍ മന്ത്രി ഉദ്ഘാടനം ചെയ്തു
ډ    വിദ്യാര്‍ത്ഥികള്‍ക്ക് മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍റര്‍, ജോബ് പോര്‍ട്ടല്‍, കോള്‍ സെന്‍റര്‍ സേവനങ്ങള്‍ ലഭ്യമാകും
ډ    കോള്‍ സെന്‍റര്‍ നമ്പര്‍: 0484 2301212

തിരുവനന്തപുരം:  തൊഴില്‍ മേഖലയിലെ എല്ലാത്തരത്തിലുമുള്ള ചൂഷണം അവസാനിപ്പിക്കുന്നതി നുള്ള ഉത്തമ ഉപാധിയാണ് സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍ററെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന നൈപുണ്യ പരിശീലന പരിപാടി യായ ഡിഡിയുജികെവൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന)യുടെ സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍റര്‍ തിരുവനന്തപുരം കനകക്കുന്ന് പാലസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു മന്ത്രി. മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍റര്‍, ജോബ് പോര്‍ട്ടല്‍, കോള്‍ സെന്‍റര്‍ എന്നിവ ഉള്‍പ്പെട്ട സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സെന്‍റര്‍ വഴി കേരളത്തിലെ ഡിഡിയുജികെവൈ പദ്ധതി ദേശീയ തലത്തിലാകെ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാള്‍ക്ക് ഏത് മേഖലയിലാണോ താത്പര്യമുള്ളത് ആ മേഖലയില്‍ പ്രത്യേക നൈപുണ്യ പരിശീലനം നല്‍കി അതേ മേഖലയില്‍ തന്നെ തൊഴില്‍ നേടിക്കൊടുക്കുകയാണ് ഡിഡിയുജികെവൈ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു .   തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷനായ ചടങ്ങില്‍ കോള്‍ സെന്‍റര്‍ നമ്പരിലേക്ക് വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു കൊണ്ടാണ് ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

  നാട്ടിലുള്ള തൊഴിലവസരങ്ങളെക്കുറിച്ച് തൊഴിലന്വേഷകര്‍ക്ക് വ്യക്തമായ ധാരണയുണ്ടാക്കുന്നതി നും തൊഴില്‍ ദാതാക്കള്‍ക്ക് വേണ്ട യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിനും ജോബ് പോര്‍ട്ടല്‍ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി. 15നും 35നും ഇടയില്‍ പ്രായമുള്ള ഗ്രാമീണ യുവതീ യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനവും തൊഴിലും ലഭ്യമാക്കുന്ന ഡിഡിയുജികെവൈ പദ്ധതി വഴി നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ ഇതുവരെ 35568 പേര്‍ക്ക് പരിശീലനം നല്‍കി. അതില്‍ 20564 പേര്‍ക്ക് ജോലി ലഭിച്ചു. പദ്ധതിയുടെ മികച്ച നടത്തിപ്പിന് 2016-17 കാലഘട്ടത്തില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനവും 2017-18 വര്‍ഷത്തില്‍ രണ്ടാം സ്ഥാനവും കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു. കൂടാതെ 20000 പേര്‍ക്ക് കൂടി നൈപുണ്യ പരിശീലനം നല്‍കുന്നതിന് 200 കോടി രൂപ കൂടി അധികമായും കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീയ്ക്ക് അനുവദിക്കുകയും ചെയ്തിരുന്നു.

   ഡിഡിയുജികെവൈ പദ്ധതി വഴി കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമായിട്ടുള്ളത് എറണാകുളത്താണ്. അതിനാല്‍ തന്നെ എറണാകുളത്താണ് മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍റര്‍ ആരംഭിച്ചിരിക്കുന്നതും. കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നും എറണാകുളത്ത് ജോലി ലഭ്യമായെത്തുന്നവര്‍ക്ക് താമസ സൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍, കൗണ്‍സിലിങ്, തുടര്‍ പരിശീലനം, ഒത്തുചേരാനുള്ള പൊതു ഇടം, വിവിധ പിന്തുണാ സഹായങ്ങള്‍ എന്നിവ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍റര്‍ വഴി ലഭിക്കും. ഡിഡിയുജികെവൈ പദ്ധതിയുടെ വിശദവിവങ്ങള്‍ ലഭ്യമാക്കുന്ന തിനും കോഴ്സുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും നിലവില്‍ ജോലി ലഭിച്ചവര്‍ക്ക് പിന്തുണ സംവിധാനങ്ങളെ പ്പറ്റിയുള്ള വിശദ വിവരങ്ങള്‍ നല്‍കുന്നതിനുമെല്ലാമാണ് കോള്‍ സെന്‍റര്‍. പൂര്‍ണ്ണമാ യും ഓണ്‍ലൈന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജോബ് പോര്‍ട്ടലില്‍ തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ ദായകര്‍ക്കും രജിസ്ട്രര്‍ ചെയ്യാനാകും. പദ്ധതിയിലൂടെ പരിശീലനം ലഭിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ ക്കും പോര്‍ട്ടലില്‍ രജിസ്ട്രര്‍ ചെയ്യാനാകും.  

   മികച്ച പ്രകടനം കാഴ്ചവച്ച പ്രൊജക്ട് ഇംപ്ലിമെന്‍റിങ് ഏജന്‍സികള്‍ക്ക് (പിഐഎ) മന്ത്രി ഡോ. കെ.ടി. ജലീല്‍ ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഒന്നാം സ്ഥാനവും മൂവാറ്റുപുഴയിലെ ഡെന്‍റ്കെയര്‍ ഡെന്‍റല്‍ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് രണ്ടാം സ്ഥാനവും തൃശൂരിലെ മെഗാ ഇന്‍ഡസ്ട്രീസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. കൂടാതെ പദ്ധതിക്ക് പ്രചാരം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ തയാറാക്കിയ മൂന്ന് പ്രൊമോഷണല്‍ വീഡിയോകളുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. ഡിഡിയുജികെവൈ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. സി.എസ്. പ്രവീണ്‍ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ ബിനു ഫ്രാന്‍സിസ്, ഡോ. നികേഷ് കിരണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ കെ.ആര്‍. ജയന്‍ നന്ദി പറഞ്ഞു.

Minister Dr. K.T.Jaleel Inagurating DDUGKY student support centre

 

Content highlight
മികച്ച പ്രകടനം കാഴ്ചവച്ച പ്രൊജക്ട് ഇംപ്ലിമെന്‍റിങ് ഏജന്‍സികള്‍ക്ക് (പിഐഎ) മന്ത്രി ഡോ. കെ.ടി. ജലീല്‍ ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു

കൊച്ചി മെട്രോ പ്രവര്‍ത്തന മികവ്: കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍ററിന് കെ.എം.എ എക്സലന്‍സ് അവാര്‍ഡ്

Posted on Monday, July 9, 2018

തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ നൂതനവും ക്രിയാത്മകവുമായ രീതിയില്‍ മാനവവിഭവശേഷി ഉപയോഗിച്ചതിലൂടെ അറുനൂറിലേറെ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുകയും അതു വഴി ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ മെട്രോ എന്ന ഖ്യാതി നേടുകയും ചെയ്ത കുടുംബശ്രീയുടെ ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍ററിന് കേരള മാനേജ്മെന്‍റ് അസോസിയേഷന്‍ (കെ.എം.എ) നല്‍കുന്ന 2018 ലെ 'ഇന്നവേറ്റീവ് എച്ച്.ആര്‍. ഇനിഷ്യേറ്റീവ്' വിഭാഗത്തിലെ എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു. കൊച്ചി ലേ മെറീഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെ.എം.എ സംസ്ഥാന പ്രസിഡന്‍റ് വിവേക് ഗോവിന്ദില്‍ നിന്നും കുടുംബശ്രീ  ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍റര്‍ പ്രോജക്ട് മാനേജര്‍ ദില്‍രാജ് കെ.ആര്‍ അവാര്‍ഡ് സ്വീകരിച്ചു. ശില്‍പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

കൊച്ചി മെട്രോയോടനുബന്ധിച്ചുള്ള പതിനാറു സ്റ്റേഷനുകളില്‍ ഓഫീസ് നിര്‍വഹണം മുതല്‍ പാര്‍ക്കിങ്ങ് വരെയുള്ള ജോലികള്‍ ചെയ്യുന്നത് കുടുംബശ്രീ വനിതകളാണ്. ഇതോടൊപ്പം തന്നെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട പതിമൂന്നു പേര്‍ക്കും കൊച്ചി മെട്രോയില്‍ ജോലി നല്‍കിയിരുന്നു.  ഇപ്രകാരം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സാമൂഹിക അംഗീകാരം നേടിക്കൊടുക്കുന്നതില്‍ മാതൃകയായതിനും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ ജോലി ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ മെട്രോ എന്നതും കൂടി പരിഗണിച്ചാണ് അവാര്‍ഡ്. ഹൗസ് കീപ്പിങ്ങ്, ടിക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍ സര്‍വീസ്, ഹെല്‍പ് ഡെസ്ക്, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സര്‍വീസ്, പൂന്തോട്ടം-പച്ചക്കറി തോട്ട നിര്‍മാണം, കിച്ചണ്‍, കാന്‍റീന്‍, പാര്‍ക്കിങ്ങ് എന്നീ വിഭാഗങ്ങളില്‍ പുലര്‍ത്തുന്ന അന്താരാഷ്ട്ര നിലവാരമുള്ള മികവും പരാതിരഹിതമായ സേവനസന്നദ്ധതയും അവാര്‍ഡ് ലഭിക്കുന്നതില്‍ ഗണ്യമായ പങ്കു വഹിച്ചു.

2017 ജൂണിലാണ് കൊച്ചി മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത്. ആലുവ, പുളിഞ്ചുവട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ, പാലാരിവട്ടം, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കലൂര്‍, ലിസി, മഹാരാജാസ് വരെയുള്ള പതിനാറു മെട്രോ സ്റ്റേഷനുകളിലെ വിവിധ വിഭാഗങ്ങളില്‍ ഇപ്പോള്‍ അറുനൂറ്റി ഏഴ് കുടുംബശ്രീ വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. കുടുംബശ്രീ രൂപീകരിച്ച ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍റര്‍ വഴി ഏറ്റവും യോഗ്യരായ കുടുംബശ്രീ കുടുംബാംഗങ്ങളെ തിരഞ്ഞെടുത്ത് മികച്ച പരിശീലനം നല്‍കിയാണ് കൊച്ചി മെട്രോയില്‍ ജോലിക്കു നിയോഗിച്ചത്.

 

FMC project manager Dilraj K.R recieves KMA award for excellence

 

Content highlight
കൊച്ചി മെട്രോയോടനുബന്ധിച്ചുള്ള പതിനാറു സ്റ്റേഷനുകളില്‍ ഓഫീസ് നിര്‍വഹണം മുതല്‍ പാര്‍ക്കിങ്ങ് വരെയുള്ള ജോലികള്‍ ചെയ്യുന്നത് കുടുംബശ്രീ വനിതകളാണ്.

കുടുംബശ്രീയുടെ 'ഹര്‍ഷം' ജെറിയാട്രിക് കെയര്‍ പദ്ധതി വന്‍ വിജയമാകുന്നു

Posted on Saturday, July 7, 2018

തിരുവനന്തപുരം: പരിചരിക്കാന്‍ ആരുമില്ലാത്തവര്‍ക്ക് സാന്ത്വനം ഉറപ്പാക്കുന്ന 'ഹര്‍ഷം' ഹാപ്പിനെസ് റീഡിഫൈന്‍ഡ് എന്ന കുടുംബശ്രീയുടെ പുതിയ പദ്ധതി വന്‍ വിജയമാകുന്നു. വയോജന പരിചരണ മേഖലയില്‍ സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരുടെ ആവശ്യകത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുടുംബശ്രീ മുഖേന സംസ്ഥാനമൊട്ടാകെ പരിശീലനം ലഭിച്ച വനിതകള്‍ക്കാണ് തുടക്കത്തില്‍ തന്നെ പ്രതിമാസം ഇരുപതിനായിരം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത് വിവിധ ഏജന്‍സികള്‍ രംഗത്തെത്തിയത്. ഈ രംഗത്തെ സേവനദാതക്കളായ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിങ്ങ് ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍, ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍(ഹാപ്),  എന്നിവയുമായി ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വയോജന പരിചരണ മേഖലയില്‍ ഈ വര്‍ഷം ആയിരം വനിതകള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം.

'ഹര്‍ഷം' ജെറിയാട്രിക് കെയര്‍ പദ്ധതിയിലൂടെ മുതിര്‍ന്ന തലമുറയ്ക്ക്  ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള ആവശ്യമായ സേവനങ്ങള്‍ തികച്ചും പ്രഫഷണല്‍ രീതിയില്‍  ആശുപത്രികളിലോ വീടുകളിലോ ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.  ആശുപത്രികളിലും വീടുകളിലും രോഗികള്‍ക്ക് കൂട്ടിരുപ്പ് പരിചരണം, കൃത്യമായ ഇടവേളകളില്‍ ആഹാരം, മരുന്ന് നല്‍കല്‍, വീടുകളില്‍ ഷുഗര്‍, രക്തസമ്മര്‍ദം എന്നിവയുടെ പരിശോധന, കൂടാതെ കിടപ്പു രോഗികള്‍ക്ക്  കിടക്ക വൃത്തിയാക്കല്‍, കുളിപ്പിക്കല്‍, മരുന്നു നല്‍കല്‍ എന്നിവ ഉള്‍പ്പെടെ ആവശ്യാധിഷ്ഠിത സേവനങ്ങള്‍, ബില്‍ കൊടുക്കല്‍, വൈദ്യ പരിശോധന എന്നിവയ്ക്ക് കൂട്ടു പോകല്‍ തുടങ്ങിയവയാണ് പദ്ധതി വഴി ലഭ്യമാകുന്ന സേവനങ്ങള്‍.

വയോജനങ്ങള്‍ക്ക് അവര്‍ക്കാവശ്യമുള്ള പരിചരണം അവശ്യസമയത്ത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ നിന്നും തിരഞ്ഞെടുത്ത 69 പേര്‍  ഇതിനകം റെസിഡന്‍ഷ്യല്‍ പരിശീലനം  പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിങ്ങ് ആന്‍ഡ് പ്രമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നിംസ് മെഡിസിറ്റിയുമായി ചേര്‍ന്ന് ജില്ലയില്‍ പരിശീലനം നല്‍കിയ പതിനേഴ് വനിതകള്‍ക്കാണ്  'ആശ' ജെറിയാട്രിക് കെയര്‍, ഫാമിലി പ്ളാനിങ്ങ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ എന്നിവിടങ്ങളിലായി  പതിനേഴായിരം രൂപ ശമ്പളത്തോടെ ജോലി വാഗ്ദാനം ലഭിച്ചത്.  പരിശീലന പരിപാടി പൂര്‍ത്തിയാകും മുമ്പു തന്നെ വിവിധ ജില്ലകളില്‍ നിന്നും നിരവധി ആശുപത്രികളും ജെറിയാട്രിക് കെയര്‍ സ്ഥാപനങ്ങളും വ്യക്തികളും വയോജന പരിചരണത്തിനും രോഗീപരിചരണത്തിനും സേവനദാതാക്കളെ ലഭിക്കുന്നതിനായി കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്.     

പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം നെയ്യാറ്റിന്‍കര നഗരസഭാ അധ്യക്ഷ ഡബ്ളിയു.ആര്‍ ഹീബ നിര്‍വഹിച്ചു. നിംസ് മെഡിസിറ്റി മാനേജിങ്ങ് ഡയറക്ടര്‍ എം.എസ്.ഫൈസല്‍ ഖാന്‍ അധ്യക്ഷത വഹിച്ചു.  സര്‍ട്ടിഫിക്കറ്റ് വിതരണവും മുഖ്യപ്രഭാഷണവും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ നിര്‍വഹിച്ചു. 'ആശ' ജെറിയാട്രിക് കെയര്‍ മാനേജിങ്ങ് ഡയറക്ടര്‍ സതി, ഫാമിലി പ്ളാനിങ്ങ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ ഉപാധ്യക്ഷന്‍ കെ.കെ.ഷിബു എന്നിവര്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ജോബ് ഓഫര്‍  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിനു കൈമാറി. നിംസ് മെഡിസിറ്റി ജനറല്‍ മാനേജര്‍ ഡോ.സജു സ്വാഗതം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിങ്ങ് ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ വിമല്‍ രവി ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.ആര്‍.ഷൈജു നന്ദി പറഞ്ഞു.

Content highlight
ജില്ലയില്‍ പരിശീലനം ലഭിച്ച എല്ലാവര്‍ക്കും മികച്ച ശമ്പളത്തോടെ തൊഴില്‍

മുസോറി ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് കുടുംബശ്രീയ്ക്ക് ഹാന്‍ഡ്‌മെയ്ഡ് സോപ്പിന്റെ ഓഡര്‍

Posted on Wednesday, July 4, 2018

Kudumbashree received work order from Lal Bahadur Shastri National Academy of Administration, Mussorie, India’s premier institution dedicated to train Officers of the country’s higher civil services. The order is received for supplying 2300 handmade toilet soaps. Kudumbashree had sent toilet soap samples of different fragrances to Lal Bahadur Shastri National Academy of Administration, Mussorie. It is after that they placed the order for 2300 handmade toilet soaps. The orders are placed Turmeric, Pappaya, Rose and Sandal fragrances.

As per the order Kudumbashree will supply toilet soap bars of 40 gm weight. The Eladi Soap Unit from Elambakappally, Perumbavoor, Ernakulam would supply the soaps. Eladi Soap Unit had participated in several trade fairs inside and outside Kerala and their product had received wide acceptance among the customers. The soap is also available at kudumbashreebazaar.com, Kudumbashree's online portal. Kudumbashree would deliver the order to the Lal Bahadur Shastri National Academy of Administration, Mussorie by August 2018.

Content highlight
Kudumbashree receives work order from Lal Bahadur Shastri National Academy of Administration for handmade soap

മുറ്റത്തെ മുല്ല, ലഘുവായ്പ പദ്ധതിക്ക് തുടക്കം

Posted on Tuesday, July 3, 2018

കൊള്ളപ്പലിശക്കാരില്‍ നിന്നും പാവപ്പെട്ടവരെയും സാാധാരണക്കാരെയും രക്ഷിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ലഘു ഗ്രാമീണ വായ്പാ പദ്ധതിയായ മുറ്റത്തെ മുല്ലയ്ക്ക് പാലക്കാട് തുടക്കമായി. സഹകരണ സംഘങ്ങളും കുടുംബശ്രീയും സംയുക്തമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ സര്‍ക്കാര്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 26ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പാലക്കാട് നിര്‍വ്വഹിച്ചു. 24 മുതല്‍ 30 ശതമാനം വരെയുള്ള കഴുത്തറപ്പന്‍ പലിശ നിരക്ക് ഈടാക്കുന്നവരില്‍ നിന്ന് വായ്പയെടുത്ത് നട്ടംതിരിയുന്ന സാധാരണക്കാര്‍ക്ക് ഈ പദ്ധതി ഏറെ ആശ്വാസമാകും. വായ്പ്പ ആവശ്യമുള്ളവരുടെ വീട്ട് മുറ്റത്ത് തുക എത്തിച്ചു നല്‍കുന്നുവെന്നതാണ് പദ്ധതിയുടെ പ്രത്യേകത. പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാടാണ് പദ്ധതി നടപ്പാക്കുന്നത്.

  സ്ത്രീകള്‍ക്ക് ലഘുവായ്പകള്‍ കുറഞ്ഞ പലിശ നിരക്കില്‍ നല്‍കുന്ന പദ്ധതിയാണിത്. തിരിച്ചടവ് ആഴ്ച തോറും നടത്താം. പദ്ധതി അനുസരിച്ച് 1000 മുതല്‍ 25000 രൂപവരെയാണ് വായ്പ്പയായി നല്‍കുന്നത്. 12 ശതമാനമാണ് പലിശ, അതായത് 100 രൂപയ്ക്ക് 1 രൂപ പലിശ. ഒരു വര്‍ഷം കൊണ്ട് പണം ഗഡുക്കളായി തിരിച്ചടയ്ക്കണം. 1000 രൂപയാണ് വായ്പയെടുക്കുന്നതെങ്കില്‍ ഒരു വര്‍ഷം കൊണ്ട് 1120 രൂപ തിരിച്ചടയ്ക്കണം. പത്ത് ആഴ്ചകൊണ്ട് തിരിച്ചടവ് നടത്താന്‍ കഴിയുന്ന വായ്പയും പദ്ധതി അനുസരിച്ച് ലഭ്യമാണ്. ബ്ലേഡ് പലിശയ്‌ക്കെടുത്തിരിക്കുന്ന ലോണ്‍ ഒറ്റത്തവണയായി തിരിച്ചടയ്ക്കുന്നതിന് നിശ്ചിത തുകയും പദ്ധതി അനുസരിച്ച് വായ്പ്പയായി നല്‍കും.

  മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതും വിശ്വാസ യോഗ്യവുമായ മൂന്ന് കുടുംബശ്രീ യൂണിറ്റുകള്‍ വഴിയാണ് ഓരോ വാര്‍ഡിലും പദ്ധതി നടപ്പാക്കുന്നത്. വായ്പ നല്‍കാനുള്ള പണം കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കുന്നത് പ്രദേശത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളാണ്.  വായ്പ നല്‍കുന്നതിനായി ഓരോ കുടുംബശ്രീ യൂണിറ്റിനും ഒമ്പത് ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെയാണ് സഹകരണ സംഘങ്ങള്‍ നല്‍കുക. ദുര്‍ബലമായതോ ഈ പദ്ധതി നടപ്പാക്കാന്‍ താത്പര്യക്കുറവോ ലഘുവായ്പ ആവശ്യമുള്ള കുടുംബശ്രീ വീടുകളിലേക്ക് ചെന്ന് ആവശ്യമായ തുക നല്‍കുന്ന രീതിയാകും പിന്തുടരുക. ആഴ്ച തോറും വീടുകളിലെത്തി തിരിച്ചടവ് സ്വീകരിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ പേര് സൂചിപ്പിക്കുന്നത് പോലെ മുറ്റത്തെ മുല്ലപോലെ വീട്ട് മുറ്റത്ത് എ്ത്തി വായ്പാ സേവനം പദ്ധതി വഴി നല്‍കും.

   സഹകരണ പ്രസ്ഥാനത്തിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുകയും ഈ പ്രസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുകയും ചെയ്യുക, ജനങ്ങളെ കൂടുതലായി സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലേക്ക് നയിക്കുകയും അവരില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളും മുറ്റത്തെ മുല്ല പദ്ധതിക്കുണ്ട്. ആദ്യഘട്ടത്തില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതി പിന്നീട് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.

 സാധാരണക്കാരന്റെ ദുരവസ്ഥ തിരിച്ചറിഞ്ഞ് പരിഹാരം തേടി നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള ആദ്യ ക്യാഷ് ക്രെഡിറ്റ് വിതരണവും ആദ്യ വ്യക്തിഗത വായ്പാ വിതരണവും എം.ബി. രാജേഷ് എംപി നിര്‍വ്വഹിച്ചു. എന്‍. ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനായി. പി.കെ. ശശി എംഎല്‍എ മുഖ്യാതിഥിയായി. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ത് ബാബു പദ്ധതി വിശദീകരണം നടത്തി. സഹകരണ സംഘം ജോയ്ന്റ് രജിസ്ട്രാര്‍ എം.കെ. ബാബു, തെങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ. സാവിത്രി, പഞ്ചായത്തംഗം സി. സലീന, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ പി. ഉദയന്‍, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ സംഘം സെക്രട്ടറി എം. പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Content highlight
Kudumbashree join hands with Department of Co-operation for Muttathe Mulla Scheme in Palakkad