വാര്‍ത്തകള്‍

വരുന്നൂ 'നേച്ചേഴ്‌സ് ഫ്രഷ്': വിഷരഹിത ഉല്‍പന്നങ്ങളുമായി കുടുംബശ്രീയുടെ കാര്‍ഷിക ഔട്ട്‌ലെറ്റുകള്‍

Posted on Wednesday, January 24, 2024

വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും കേരളത്തിലെമ്പാടും വിപണനത്തിന് സജ്ജമാക്കി കുടുംബശ്രീയുടെ കാര്‍ഷിക ഔട്ട്‌ലെറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു. കഫേ കുടുംബശ്രീ മാതൃകയില്‍  'നേച്ചേഴ്‌സ് ഫ്രഷ്' എന്ന ബ്രാന്‍ഡിലാണ് കുടുംബശ്രീ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കിയോസ്‌കുകളുടെ ശൃംഖല വരുന്നത്. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് കാര്‍ഷിക ഔട്ട്‌ലെറ്റുകളുടെ  തുടക്കം.
 
സംസ്ഥാനത്തെ  എല്ലാ ബ്‌ളോക്കിലും ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആദ്യഘട്ടമായി നൂറ് 'നേച്ചേഴ്‌സ് ഫ്രഷ്' കിയോസ്‌കുകള്‍ പ്രവര്‍ത്തനമാരംഭിക്കും. ഇവയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ജനുവരി 25ന് ഉച്ചയ്ക്ക് മൂന്നിന് വര്‍ക്കല ചെറിന്നിയൂരില്‍ നിര്‍വഹിക്കും.  

കുടുംബശ്രീയുടെ കാര്‍ഷിക സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും പൊതുജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കികള്‍ ലഭ്യമാക്കാനും നേച്ചേഴ്‌സ് ഫ്രഷ് ഔട്ട്‌ലെറ്റുകള്‍ പ്രയോജനപ്പെടും. സംസ്ഥാനത്ത് കുടുംബശ്രീയുടെ 81034 കര്‍ഷക സംഘങ്ങളിലായി 3,78,138 വനിതാ കര്‍ഷകര്‍ വിവിധയിനം പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തു വരുന്നുണ്ട്. ആകെ 12819.71 ഹെക്ടറില്‍ കൃഷി ചെയ്യുന്നതു വഴി ലഭിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനത്തിന് ഇതു വരെ പ്രധാനമായും നാട്ടുചന്തകളെയാണ് ആശ്രയിച്ചിരുന്നത്. ഏകീകൃത സ്വഭാവത്തോടെ നേച്ചേഴ്‌സ് ഫ്രഷ് കിയോസ്‌കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കടക്കം കൂടുതല്‍ പ്രചാരണവും മൂല്യവും ഉറപ്പാക്കാനാകും. ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാകുന്നതു വഴി ഉപഭോക്താക്കള്‍ക്കും പദ്ധതി ഗുണകരമാകും.

അതത് സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് നേച്ചേഴ്‌സ് ഫ്രഷ് കിയോസ്‌കുകളുടെ പ്രവര്‍ത്തനം വിഭാവനം ചെയ്തിരിക്കുന്നത്. കുടുംബശ്രീ മിഷന്‍ ഓരോ കിയോസ്‌കിനും രണ്ട് ലക്ഷം രൂപ വീതം സി.ഡി.എസുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഒരു കുടുംബശ്രീ അംഗത്തിന് ഓരോ കിയോസ്‌കിലും വിപണന ചുമതലയുണ്ടായിരിക്കും. ഇവര്‍ക്ക് പ്രതിമാസം 3600 രൂപ ഓണറേറിയവും വിറ്റുവരവിന്റെ ലാഭത്തിന്റെ മൂന്നു ശതമാനവും വേതനമായി ആദ്യ ഒരു വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തിട്ടുള്ള കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ വഴിയാണ് ഉല്‍പന്ന സംഭരണം. കെട്ടിടങ്ങള്‍ നിലവിലുള്ള ബ്‌ളോക്കുകളില്‍ കുറഞ്ഞത് 150 ചതുരശ്ര അടിയും കെട്ടിട സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ 100 ചതരശ്ര അടിയും ആണ് കെട്ടിടങ്ങളുടെ വിസ്തീര്‍ണം നിശ്ചയിച്ചിരിക്കുന്നത്.    

പദ്ധതി പ്രകാരം തിരുവനന്തപുരം(9),കൊല്ലം(8), പത്തനംതിട്ട(5), ആലപ്പുഴ(5), ഇടുക്കി(8), കോട്ടയം(8), എറണാകുളം(6), തൃശൂര്‍(8), പാലക്കാട്(4), മലപ്പുറം(8), കോഴിക്കോട്(8), കണ്ണൂര്‍(8), വയനാട്(5), കാസര്‍കോട്(10) എന്നിങ്ങനെ ജില്ലകളില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുക. ഉല്‍പന്നങ്ങള്‍ക്ക് സ്ഥിര വിപണി ലഭ്യമാകുന്നതോടെ ഉല്‍പാദനവും വിപണനവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിടുന്നു.

ഉദ്ഘാടന ചടങ്ങില്‍ അഡ്വ.വി.ജോയ് ആദ്യവില്‍പന നിര്‍വഹിക്കും. ഒ.എസ് അംബിക എം.എല്‍.എ അധ്യക്ഷത വഹിക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, പദ്ധതി വിശദീകരിക്കും. തദ്ദേശഭരണ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.

 

Content highlight
Kudumbashree to start natures frsh agri kosk to sell agri products

ബഡ്സ് സംസ്ഥാന കലോത്സവം 'തില്ലാന' - കലാകിരീടം ചൂടി വയനാട്

Posted on Tuesday, January 23, 2024

പരിമിതികളില്ലാത്ത കലാ വിരുന്നൊരുക്കി  ആര്‍ദ്രമായ രണ്ടു രാപ്പകലുകള്‍ കലയുടെ ഉത്സവം തീര്‍ത്ത കുടുംബശ്രീ ബഡ്സ് കലാമേളയില്‍ വയനാട് ജില്ല കിരീടം ചൂടി. മാറി മറിഞ്ഞ പോയിന്റുകള്‍ക്കിടെ ഫോട്ടോഫിനിഷിലാണ് 43 പോയിന്റോടെ വയനാട് ജില്ല കലാകിരീടത്തിന് മുത്തമിട്ടത്. ഞായറാഴ്ച ഉച്ചവരെ വയനാട് ജില്ല തന്നെയായിരുന്നു മുന്നില്‍. അവസാനം നിമിഷങ്ങളില്‍ തൃശൂര്‍ ജില്ല മുന്നേറ്റം നടത്തിയതോടെയാണ് കലോത്സവം ആവേശത്തേരിലേറിയത്. അവസാന ഇനമായ സംഘനൃത്തത്തില്‍ ഒന്നാംസ്ഥാനം നേടിയതോടെ കലാകിരീടം വയനാട് ഉറപ്പിച്ചു. 37 പോയിന്റോടെ തൃശൂര്‍ ജില്ല രണ്ടാംസ്ഥാനവും 27 പോയിന്റോടെ എറണാകുളം ജില്ല മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പുരസ്‌കാരം സമ്മാനിച്ചു.

  വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാര്, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. 18 ഇനങ്ങളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 300 ഓളം കലാപ്രതിഭകളാണ് മാറ്റുരച്ചത്. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ കലാപ്രതിഭകളായി വയനാട് ജില്ലയിലെ വി ജെ അജവിനെയൂം അമയ അശോകനെയും തെരഞ്ഞെടുത്തു. ബഡ്സ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉല്‍പ്പന്ന പ്രദര്‍ശന സ്റ്റാളുകളില്‍ ഏറ്റവും മിക്ച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്‌കാരം നേടിയ ആലപ്പുഴ, എറണാകളം, കണ്ണൂര്‍, കൊല്ലം ജില്ലകള്‍ക്കുള്ള സമ്മാനവും സ്പീക്കര്‍ വിതരണം ചെയ്തു.

  തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നടന്ന കലോത്സവ സമാപനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ജാഫര്‍ മാലിക് മുഖ്യാതിഥിയായി. കോര്‍പ്പറേഷന്‍ മേയര്‍ ഇന്‍ചാര്‍ജ് കെ ഷബീന, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു പി ശോഭ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി സി ഗംഗാധരന്‍, ധര്‍മടം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി സീമ, ബൈജു നങ്ങാറത്ത്, കുടുംബശ്രീ ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്, അഞ്ചരക്കണ്ടി ബിആര്‍സി വിദ്യാര്‍ഥി പിപി ആദിഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

  ബഡ്സ് വിദ്യാര്‍ഥികള്‍ അരിക് വല്‍കരിക്കപ്പെട്ടവരല്ലെന്നും ഇച്ഛാശക്തിയുടെ പ്രതീകങ്ങളാണെന്നും നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍. കുടുംബശ്രീ സംഘടിപ്പിച്ച ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഡ്സ് സ്ഥാപനങ്ങളില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ സര്‍ഗവാസനകള്‍ കണ്ടെത്തി പരിപോഷിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടത്തുന്നത്. ബഡ്സ് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനാണ്. പ്രതിഭാശാലികളായ കുട്ടികളാണ് ബഡ്സ് സ്ഥാപനങ്ങളിലുള്ളത്. ബഡ്സ് സ്‌കൂളുകളിലെഅധ്യാപകരുടെ കഠിനാധ്വാനവും സമര്‍പ്പണവും വിലമതിക്കാനാകാത്തതാണ്. ബഡ്സ് സ്ഥാപനങ്ങളില്‍ ആവശ്യമായ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കേണ്ട ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുണ്ടെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

 

 

Content highlight
wayanad won the overall championship in the state buds fest

കുടുംബശ്രീ ബഡ്സ് സംസ്ഥാന കലോത്സവം 'തില്ലാന-2024'ന് വര്‍ണ്ണാഭ തുടക്കം - മന്ത്രി ശ്രീ എം.ബി രാജേഷ് കലോത്സവത്തിന് തിരി തെളിയിച്ചു

Posted on Saturday, January 20, 2024

സര്‍ഗാത്മകതയുടെ കരുത്തുകൊണ്ട് കലയുടെ വസന്തമൊരുക്കി കുടുംബശ്രീ ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവം 'തില്ലാന-2024'ന് ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജിലെ സൂര്യകാന്തിയില്‍ തുടക്കമായി. സദസില്‍ നിറഞ്ഞ മത്സരാര്‍ത്ഥികളെയും രക്ഷിതാക്കളെയും സാക്ഷി നിര്‍ത്തി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് കലോത്സവത്തിന് തിരി തെളിയിച്ചു.

 ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലോത്സവം സംഘടിപ്പിക്കുന്നതു പോലെ അടുത്ത വര്‍ഷം മുതല്‍ കായിക മേളയും സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നിരന്തരമായ പരിശീലനത്തിലൂടെ അഞ്ചു വര്‍ഷം കൊണ്ട് കലാരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാന്‍ സാധാരണ കുട്ടികളെ പോലെ ബഡ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും സാധിച്ചിട്ടുണ്ട്. കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളില്‍ കായിക മികവുള്ള നിരവധി കുട്ടികളുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കായികരംഗത്തേക്ക് കൊണ്ടു വരുന്നതിലൂടെ മികച്ച പ്രതിഭകളെ കണ്ടെത്താനാകും.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാമൂഹിക മുന്നേറ്റത്തിനൊപ്പം സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടി ലഭ്യമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. അതിനായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും സ്വന്തമായി ഉപജീവനമാര്‍ഗമൊരുക്കാനും അതുവഴി അവരെ സമഗ്രവികാസം കൈവരിക്കാന്‍ സഹായിക്കുന്നതിനുമാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍. ഇതിനായി കുട്ടികള്‍ തയ്യാറാക്കുന്ന വിവിധ ഉല്‍പന്നങ്ങള്‍ 'ഇതള്‍' എന്ന പേരില്‍ ഏകീകൃത ബ്രാന്‍ഡിങ്ങ് നടത്തി വിപണിയിലിറക്കുന്നതിനായി ആവിഷ്ക്കരിച്ച  പരിപാടികള്‍ അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്ത് നിലവില്‍ 359 ബഡ്സ് സ്ഥാപനങ്ങളുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് കൂടുതല്‍ ബഡ്സ് സ്കൂളുകള്‍ ആരംഭിക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കുടുംബശ്രീ നിര്‍വഹിക്കുന്ന ഏറ്റവും മികച്ച സാമൂഹ്യ ഉത്തരവാദിത്വമാണ് ബഡ്സ് സ്ഥാപനങ്ങള്‍.  കാല്‍നൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ കാലത്തിനനുസൃതമായി നവീകരിച്ചു കൊണ്ട് പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന വര്‍ഷമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.  ബഡ്സ് സ്ഥാപനങ്ങളുടെ 20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന തീം സ്റ്റാളിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരണം നടത്തി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍ ബഡ്സ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന സ്റ്റാളിന്‍റെ ഉദ്ഘാനം നിര്‍വഹിച്ചു.  കൊളശ്ശേരി ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥിയായ ശ്യാമള സ്വന്തമായി ചെയ്ത എംബോസ് പെയിന്‍റിങ്ങ് മന്ത്രി എം.ബി രാജേഷിനു സമ്മാനിച്ചു.

കല്യാശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ഷാജിന്‍, തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ രാജീവന്‍, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.ക രവി, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രന്‍, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് അംഗം അഭിലാഷ് വേലാണ്ടി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ അരുണ്‍ ടി.ജെ, ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.വാസന്തി ജെ, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി.ബിജു, ധര്‍മ്മടം സി.ഡി.എസ് അധ്യക്ഷ എമിലി ജെയിംസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് സ്വാഗതവും കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത് നന്ദിയും പറഞ്ഞു. രാവിലെ മട്ടന്നൂര്‍ ബഡ്സ് സ്കൂള്‍ ജീവനക്കാര്‍ അവതരിപ്പിച്ച 'അമ്മ' സംഗീതശില്‍പം, തുടര്‍ന്ന് ഓക്സിലറി ഗ്രൂപ്പ് അംഗമായ സ്നിയ അനീഷ് കുടുംബശ്രീ മുദ്രഗീതത്തിന്‍റെ നൃത്താവിഷ്കാരം എന്നിവയും വേദിയില്‍ അരങ്ങേറി.

hm

 

Content highlight
kudumbashree buds festival starts

സംസ്ഥാന ബഡ്‌സ് കലോത്സവം കണ്ണൂരില്‍, ലോഗോ പ്രകാശനം ചെയ്തു

Posted on Tuesday, January 16, 2024
ജനുവരി 20,21 തീയതികളില് കണ്ണൂര് ആതിഥ്യമരുന്ന സംസ്ഥാന ബഡ്‌സ് കലോത്സവം 'തില്ലാന'യുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിര്വഹിച്ചു. തലശ്ശേരി ബ്രണ്ണന് കോളേജില് സംഘടിപ്പിക്കുന്ന കലോത്സവത്തില് ജില്ലാതല വിജയികളായ 300ലേറെ ബഡ്‌സ് പരിശീലനാര്ത്ഥികള് പങ്കെടുക്കും. 18 ഇനം മത്സരങ്ങളാണുണ്ടാകുക.
 
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്ക്കായി കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്ന്ന് പ്രവര്ത്തിപ്പിക്കുന്ന 359 ബഡ്‌സ് സ്ഥാപനങ്ങളാണ് (ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷന് സെന്ററുകളും -ബി.ആര്.സി) സംസ്ഥാനത്തുള്ളത്. ഈ സ്ഥാപനങ്ങളിലെ പരിശീലനാര്ത്ഥികളുടെ മാനസിക ഉന്മേഷത്തിനും അവര്ക്ക് കലാപരമായ കഴിവുകള് പ്രകടിപ്പിക്കുന്നതിനുമുള്ള വേദി ഒരുക്കുന്നതിനായാണ് എല്ലാവര്ഷവും കുടുംബശ്രീ ജില്ലാ, സംസ്ഥാനതല ബഡ്സ് കലോത്സവങ്ങള് സംഘടിപ്പിക്കുന്നത്.
 
ജനുവരി 11ന്  ജില്ലാ പഞ്ചായത്തില് സംഘടിപ്പിച്ച ലോഗോ പ്രകാശന ചടങ്ങില് കുടുംബശ്രീ കണ്ണൂര് ജില്ലാ മിഷന് കോര്ഡിനേറ്റര് ഡോ. എം സുര്ജിത്, ഇ.വി. വിജയന് മാസ്റ്റര്, ജില്ലാ പഞ്ചായത്ത് എഫ്.ഒ മുകുന്ദന്, സീനിയര് സൂപ്രണ്ട് സന്തോഷ് കുമാര്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്മാരായ ആര്യ, വിനേഷ്. പി, ബ്ലോക്ക് കോര്ഡിനേറ്റര്മാരായ അഞ്ജന, ആഹ്ലാദ് ടി എന്നിവര് പങ്കെടുത്തു.
 
നിലവില് ബഡ്‌സ് സ്ഥാപങ്ങളിലൂടെ 11,642 പരിശീലനാര്ത്ഥികള്ക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം, തൊഴില് പരിശീലനം എന്നിവയ്ക്ക് പിന്തുണ നല്കിവരുന്നു.
Content highlight
buds fest to be conducted at Kannur, logo released

കുടുംബശ്രീ ഉത്പന്ന ബ്രാൻഡിങ് : സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശ്രീ. എം.ബി. രാജേഷ് നിർവഹിച്ചു

Posted on Tuesday, January 16, 2024
കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന കറിപൗഡർ, മസാലപ്പൊടികൾ, ധാന്യപ്പൊടികൾ, എന്നിങ്ങനെ 15 ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് ഏകീകൃത സ്വഭാവത്തോടെ വിപണിയിലിറക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം  മലപ്പുറത്ത് ജനുവരി 12ന് സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂരിൽ ആരംഭിച്ച പദ്ധതി മലപ്പുറം, കോട്ടയം, തൃശൂർ ജില്ലകളിലേക്ക് കൂടി ഇതോടെ വ്യാപിപ്പിച്ചു. ഉടൻ തന്നെ രണ്ട് ജില്ലകളിൽ പദ്ധതി ആരംഭിക്കും.
 
റോസ് ലോഞ്ച് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ കളക്ടര് വി.ആര് വിനോദ് ഐ.എ.എസ് മുഖ്യാതിഥിയായി.
 
മലപ്പുറം ജില്ലാ മിഷന്റെ നൂതന തനത് പദ്ധതികൾ മലപ്പുറം ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ.കെ.കക്കൂത്ത് മന്ത്രിക്ക് സമർപ്പിച്ചു.കൂടാതെ മലപ്പുറം ജില്ലയുടെ മാതൃകം ഡിജിറ്റൽ മാഗസിന്റെ മൂന്നാം ലക്കം അദ്ദേഹം പ്രകാശനവും ചെയ്തു.
കോഡൂര് പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്, വാര്ഡംഗം കെ.എന് ഷാനവാസ്, കുടുംബശ്രീ
ഗവേണിംഗ് ബോഡി അംഗം പി.കെ സൈനബ, സി.ഡി.എസ് ചെയര്പേഴ്‌സണ് ഷബ്‌ന റാഫി, ജില്ലാ കറിപൗഡര് കണ്സോര്ഷ്യം പ്രസിഡന്റ് വി. ബിന്ദു, കുടുംബശ്രീ തൃശൂര് ജില്ലാ മിഷന് കോര്ഡിനേറ്റര് ഡോ. എസ്. കവിത, കോട്ടയം ജില്ലാ മിഷന് കോര്ഡിനേറ്റര് പ്രശാന്ത് ബാബു, കുടുംബശ്രീ പ്രോഗ്രാം ഓഫീസര് എ.എസ്. ശ്രീകാന്ത് നന്ദി പറഞ്ഞു.
 
dsd

 

Content highlight
minister shri MB Rajesh launched kudumbashree branded products

'ഞാനുമുണ്ട് പരിചരണത്തിന്' - പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കുടുംബശ്രീയും

Posted on Tuesday, January 16, 2024

സംസ്ഥാനത്ത് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ തുടക്കമായ സംസ്ഥാനതല ക്യാമ്പെയ്‌ന്റെ ഭാഗമായി കുടുംബശ്രീയും. ജനുവരി 21 വരെയാണ് ക്യാമ്പെയിന്‍. 'ഞാനുമുണ്ട് പരിചരണത്തിന്' എന്നതാണ് ഈ വര്‍ഷത്തെ പാലിയേറ്റീവ് ദിനാചരണ സന്ദേശം. കിടപ്പുരോഗികള്‍ക്കും കുടുംബത്തിനും ആശ്വാസമേകാന്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ക്യാമ്പെയ്‌ന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജനുവരി 21ന് സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളില്‍  പാലിയേറ്റീവ് കെയര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി പ്രത്യേക യോഗം സംഘടിപ്പിക്കും.

 ക്യാമ്പെയ്‌ന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപന പരിധിയിലുമുള്ള കിടപ്പുരോഗികള്‍ക്ക് ആവശ്യമായ പരിചരണവും മറ്റു പിന്തുണകളും ഉറപ്പു വരുത്താന്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് കുടുംബശ്രീയുടെ ചുമതല. ഇതിനായി അയല്‍ക്കൂട്ടങ്ങളിലെ മൂന്നു ലക്ഷത്തിലേറെ വരുന്ന സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍മാര്‍ പാലിയേറ്റീവ് കെയര്‍ രംഗത്ത് സജീവമാകും. ഇവര്‍ മുഖേന ഓരോ അയല്‍ക്കൂട്ട പരിധിയിലും പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ള മുഴുവന്‍ രോഗികളുടെയും രജിസ്ട്രേഷന്‍ ഉറപ്പു വരുത്തും. കൂടാതെ ആശാ വര്‍ക്കര്‍മാരും പാലിയേറ്റീവ് കെയര്‍ യൂണിറ്റുമായി ബന്ധപ്പെട്ട് പരിചരണം ആവശ്യമായ എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണം ലഭ്യമാക്കും. ഇതിനായി കിടപ്പുരോഗികളെ അതത് പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകരുമായി ബന്ധപ്പെടുത്തും.

 കിടപ്പു രോഗികള്‍ ഉളളതിനാല്‍ തൊഴില്‍ ചെയ്യുന്നതിനായി പുറത്തു പോകാന്‍ കഴിയാത്തവരും സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരുമായ അനേകം നിര്‍ദ്ധന കുടുംബങ്ങള്‍ക്കും പദ്ധതി ആശ്വാസമേകും.  ഇതിനായി തൊഴില്‍പരമായി പുനരധിവസിപ്പിക്കാന്‍ കഴിയുന്ന രോഗികളെ പ്രത്യേകം രജിസ്റ്റര്‍ ചെയ്യും. പരിചരണസേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനു വേണ്ടി ആഴ്ച തോറും ഭവന സന്ദര്‍ശനവും നടത്തും.

ക്യാമ്പെയ്‌ന്റെ ഭാഗമായി ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുമായും നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വിഭാഗം, ഹോമിയോപ്പതി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, പാലിയേറ്റീവ് കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍  എന്നിവയ്ക്കും ഒപ്പമായിരിക്കും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍.  

 

Content highlight
kudumbashree is being a part of palliative care campaign

കുടുംബശ്രീ അര്‍ബന്‍ ലേണിങ്ങ് ഇന്റേണ്‍ഷിപ് പ്രോഗ്രാം: ആദ്യബാച്ചിന് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

Posted on Wednesday, January 10, 2024

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി  അര്‍ബന്‍ ലേണിങ്ങ് ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ ആദ്യബാച്ചിനുള്ള ഏകദിന ഓറിയന്റേഷന്‍ പ്രോഗ്രാം തൈക്കാട് കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ തിങ്കളാഴ്ച (ജനുവരി 8) സംഘടിപ്പിച്ചു. എന്‍.യു.എല്‍.എം പദ്ധതി വഴി സംസ്ഥാനത്തെ നഗരമേഖലയിലുണ്ടായ പുരോഗതിയും നേട്ടങ്ങളും വിലയിരുത്തുന്നതിനൊപ്പം പദ്ധതിപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.  കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പരിപാടി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ 93 നഗരസഭകളിലും നടത്തുന്ന ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ ആദ്യബാച്ചില്‍ 29 പേരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇവരില്‍ മൂന്നു പേര്‍ മൂന്നു മാസം സംസ്ഥാനമിഷനിലും ബാക്കിയുള്ള 26 പേര്‍ രണ്ടു മാസം സംസ്ഥാനത്തെ വിവിധ നഗരസഭകളിലും ഇന്റേണ്‍ഷിപ് ചെയ്യും. ഈ മാസം 25നകം ബാക്കി പരിശീലനാര്‍ത്ഥികളെ കൂടി തിരഞ്ഞെടുത്തു കൊണ്ട് 93 നഗരസഭകളിലും ഇന്റേണ്‍ഷിപ് പ്രോഗ്രാം പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ നല്‍കുന്ന മൂന്നു പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കി ഇവര്‍ മുഖേന തയ്യാറാക്കുന്ന റിപ്പോര്‍ട്ട്  കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദേശീയനഗരം ഉപജീവന പദ്ധതി നഗരദരിദ്രര്‍ക്ക് എപ്രകാരം പ്രയോജനപ്പെടുന്നു എന്നതാണ് ആദ്യത്തേത്. ഉല്‍പാദന സേവന മേഖലകളിലെ സംരംഭ സാധ്യതകള്‍  എന്നതാണ് രണ്ടാമത്തെ വിഷയം. 2022-23, 2023-24, സാമ്പത്തിക വര്‍ഷങ്ങളില്‍ നഗര തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ട് നടപ്പാക്കിയ നഗരദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ വിലയിരുത്തലും 2024-25 ലെ നഗരദാരിദ്ര്യ ലഘൂകരണ പദ്ധതി തയ്യാറാക്കലുമാണ് മൂന്നാമത്തെ വിഷയം. നഗരസഭകളില്‍ ഇന്റേണ്‍ഷിപ്പിനെത്തുന്നവര്‍ ഈ മൂന്നു വിഷയങ്ങളിലും ആവശ്യമായ പഠനങ്ങള്‍ നടത്തി സ്ഥിതി വിവര കണക്കുകള്‍ ശേഖരിക്കും. നഗരസഭകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പദ്ധതി നിര്‍വഹണ ഉദ്യാഗസ്ഥര്‍, പദ്ധതി ഗുണഭോക്താക്കള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയാകും വിവരശേഖരണം.

നഗരസഭാതലത്തില്‍ ഇന്റേണ്‍ഷിപ് ചെയ്യുന്നവര്‍ നല്‍കുന്ന വിവരങ്ങള്‍ വിലയിരുത്തുകയും ക്രോഡീകരിക്കുകയും ചെയ്ത് അന്തിമ റിപ്പാര്‍ട്ട് തയ്യാറാക്കുകയാണ് സംസ്ഥാനമിഷനില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവരുടെ ചുമതല. പദ്ധതി നിര്‍വഹണത്തിലും അതിന്റെ ഗുണപരതയിലും ഉള്‍പ്പെടെ ഏതെല്ലാം മേഖലകളാണ് മെച്ചപ്പെടുത്തേണ്ടത് എന്ന ശുപാര്‍ശയോടെയാകും അന്തിമ റിപ്പോര്‍ട്ട് കുടുംബശ്രീക്ക് സമര്‍പ്പിക്കുക.

കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക്, പ്രോഗ്രാം ഓഫീസര്‍(അര്‍ബന്‍) ജഹാംഗീര്‍ എസ് എന്നിവര്‍ പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. എന്‍.യു.എല്‍.എം സ്റ്റേറ്റ് മിഷന്‍ മാനേജര്‍മാരായ സുധീര്‍ കെ.ബി, മേഘ്‌ന എസ്, നിശാന്ത് ജി.എസ്,പൃഥ്വിരാജ്, സിറ്റി മിഷന്‍ മാനേജര്‍ ശ്യാംകൃഷ്ണ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

tulip

 

Content highlight
kudumbashree TULIP intersniship prohramme orientation for first batch completed

കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്ററുകള്‍; രണ്ടാംഘട്ട പരിശീലന പരിപാടികള്‍ പൂര്‍ത്തിയായി

Posted on Wednesday, January 10, 2024
കുടുംബശ്രീ ബ്ലോക്ക്തല മൈക്രോ എന്റര്പ്രൈസ് റിസോഴ്‌സ് സെന്ററുകളുടെ (എം.ഇ.ആര്.സി) പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട രണ്ടാംഘട്ട പരിശീലനങ്ങള് പൂര്ത്തിയായി. അയല്ക്കൂട്ട വനിതകള്ക്ക് തൊഴിലും വരുമാന സാധ്യതകളും വര്ധിപ്പിക്കുന്നതിനും സാമ്പത്തിക സഹായവും സാങ്കേതിക പരിശീലനങ്ങളുമടക്കമുള്ള പിന്തുണകള് ഉറപ്പുവരുത്തുന്നതിനുമുള്ള സംവിധാനങ്ങളായ എം.ഇ.ആര്.സികള് നിലവില് 13 ബ്ലോക്കുകളിലാണ് ആരംഭിച്ചിട്ടുള്ളത്.
ഈ ബ്ലോക്കുകളിലെ കുടുംബശ്രീ മൈക്രോ എന്റര്പ്രൈസ് കണ്സള്ട്ടന്റുമാര്, സി.ഡി.എസ് ചെയര്പേഴ്‌സണമാര്, അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര്മാര്, ഉപജീവന സമിതി കണ്വീനര്മാര്, ജില്ലാ പ്രോഗ്രാം മാനേജര്മാര്, ബ്ലോക്ക് കോര്ഡിനേറ്റര്മാര് എന്നിവരുള്പ്പെടെ 253 പേര്ക്കാണ് പരിശീലനം നല്കിയത്. ഡിസംബര് ഏഴ് മുതല് ജനുവരി 5 വരെ ആറ് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിച്ചത്.
 
ബ്‌ളോക്ക്തലത്തില് ഉപജീവന പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമുള്ള ഏകജാലക സംവിധാനമാണ് എം.ഇ.ആര്.സികള്. കോള് സെന്റര്, ഹെല്പ് ഡെസ്‌ക് എന്നിവയും എം.ഇ.ആര്.സികളോട് അനുബന്ധിച്ചുണ്ട്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് 2023 മാര്ച്ചില് ആദ്യ എം.ഇ.ആര്.സിക്ക് കുടുംബശ്രീ തുടക്കമിട്ടത്. അന്ന് തന്നെ ഇടുക്കി (അഴുത), കോട്ടയം (പള്ളം), കാസര്കോട് (കാസര്ഗോഡ്) ജില്ലകളിലും എം.ഇ.ആര്.സി പ്രവര്ത്തനങ്ങള് ആരംഭിച്ചിരുന്നു.
 
നിലവില് ചടയമംഗംലം (കൊല്ലം), കോന്നി (പത്തനംതിട്ട), മുതുകുളം (ആലപ്പുഴ), കോതമംഗംലം (എറണാകുളം), ഒല്ലൂക്കര (തൃശ്ശൂര്), ആലത്തൂര് (പാലക്കാട്), വണ്ടൂര് (മലപ്പുറം), വടകര (കാസര്ഗോഡ്), തലശ്ശേരി (കണ്ണൂര്) എന്നീ ബ്ലോക്കുകളിലും എം.ഇ.ആര്.സികള് പ്രവര്ത്തിക്കുന്നു. ഈ സാമ്പത്തിക വര്ഷം 30 ബ്ലോക്കുകളില് കൂടി എം.ഇ.ആര്.സികള് സ്ഥാപിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.
 
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ് പരിശീലന പരിപാടിയില് പങ്കെടുത്തവരുമായി സംവദിച്ചു. സംരംഭ രൂപീകരണം, സംരംഭ വികസനം, മാര്ക്കറ്റിങ് എന്നീ വിഷയങ്ങളില് കോര്പ്പറേറ്റ് ട്രെയിനര് രഞ്ജിത്ത് കേശവ് വിദഗ്ധ പരിശീലനം നല്കി. എം.ഇ.ആര്.സികളെക്കുറിച്ച് കുടുംബശ്രീ പ്രോഗ്രാം ഓഫീസര് എ.എസ്. ശ്രീകാന്ത്, പ്രോഗ്രാം മാനേജര് സുചിത്ര. എസ് എന്നിവരും ക്ലാസ്സുകള് നല്കി. കുടുംബശ്രീ മൈക്രോ എന്റര്പ്രൈസ് ടീം പരിശീലന പരിപാടിക്ക് നേതൃത്വം നല്കി.
 
merc

 

Content highlight
merc; 2nd phase training conducted

കുടുംബശ്രീ ഡി.ഡി.യു - ജി.കെ.വൈ 'ടാലന്റോ 24' സംഘടിപ്പിച്ചു

Posted on Tuesday, January 9, 2024

ഏറ്റവും മികച്ച മനുഷ്യവിഭവശേഷിയുള്ള സംസ്ഥാനമാണ് കേരളമെന്നും അതുകൊണ്ടാണ് ലോകത്തെ ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ നേടാന്‍ മലയാളികള്‍ക്ക് സാധിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി ജനുവരി ഏഴിന് സംഘടിപ്പിച്ച'ടാലന്റോ 24' തൊഴില്‍ദാന ചടങ്ങും പൂര്‍വവിദ്യാര്‍ത്ഥി സംഗമവും ജനുവരി ഏഴിന്‌ കാര്യവട്ടം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 വിജ്ഞാന സമ്പത്തില്‍ അധിഷ്ഠിതമായ ഒരു വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കുകയും അതുവഴി മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസത്തിലും തൊഴില്‍ നൈപുണ്യശേഷിയിലും കേരളത്തിലെ യുവസമൂഹം ഏറെ മുന്നിലാണ്. അതുകൊണ്ടാണ് ലോകത്തെവിടെയുമുള്ള തൊഴില്‍രംഗത്തേക്ക് കടന്നു ചെല്ലാനും മികവ് തെളിയിക്കാനും അവര്‍ക്ക് സാധിക്കുന്നത്. രാജ്യത്ത് പ്രതിശീര്‍ഷ വരുമാനത്തില്‍ ഏറ്റവും മുന്നിലും നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം ദാരിദ്ര്യത്തിന്റെ തോത് ഏറ്റവും കുറവുളള സംസ്ഥാനവും കേരളമാണ്. വൈവിധ്യമാര്‍ന്ന തൊഴില്‍ അവസരങ്ങള്‍ നേടിയെടുത്തുകൊണ്ട് ജീവിതാഭിവൃദ്ധി കൈവരിക്കാന്‍ കേരളീയ സമൂഹത്തിന് സാധിച്ചതു വഴിയാണ് ഈ നേട്ടം.

  ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് മെച്ചപ്പെട്ട തൊഴിലും ജീവിത പുരോഗതിയും കൈവരിക്കാന്‍ സഹായിക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി കേരളത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഇതുവരെ 73759 പേര്‍ക്ക് വിവിധ കോഴ്‌സുകളില്‍ പരിശീലനം നല്‍കി. 52880 പേര്‍ക്ക് തൊഴിലും ലഭ്യമാക്കി. യു.എ.ഇ, യു.കെ, ജര്‍മ്മനി, ഓസ്‌ട്രേലിയ, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ലഭിച്ചവരുമുണ്ട്. നൈപുണ്യപരിശീലനം നല്‍കി ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന പ്രസ്ഥാനമെന്ന ലോക റെക്കോഡും കുടുംബശ്രീയെ തേടി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

  ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി പരിശീലനം നേടിയ ആയിരം പേര്‍ക്കുളള ഓഫര്‍ ലെറ്റര്‍ വിതരണവും ടാലന്റോ കണക്ട് വെബ് പോര്‍ട്ടലിന്റെ ലോഞ്ചിങ്ങും അദ്ദേഹം ചടങ്ങില്‍ നിര്‍വഹിച്ചു.  മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച പരിശീലക ഏജന്‍സികള്‍, ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ പരിശീലക ഏജന്‍സികള്‍, ഡി.ഡി.യു.ജി.കെ.വൈ പദ്ധതി പ്രവര്‍ത്തനം ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കുന്ന കുടുംബശ്രീ ജില്ലാമിഷനുകള്‍, ഏറ്റവും മികച്ച തൊഴില്‍ദാതാവ് എന്നിവര്‍ക്കുള്ള പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു.

ദാരിദ്ര്യത്തെയും അതില്‍ നിന്നുണ്ടാകുന്ന സാമൂഹിക വിപത്തുകളെയും ഇല്ലായ്മചെയ്യുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമായി നടപ്പാക്കുന്ന ഡി.ഡി.യു.ജെ.കെ.വൈ പദ്ധതി സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെ ഏറെ കരുത്തുറ്റതാക്കുമെന്ന്  കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

തൊഴില്‍ ദാതാവിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാന്‍ കഴിയുന്നതാണ് പദ്ധതിയുടെ മികവെന്നും അസാപ്, കെഡിസ്‌ക് പോലുള്ള സര്‍ക്കാര്‍ പദ്ധതികളും ഇതേ ലക്ഷ്യത്തിനായി നടപ്പാക്കുന്നുവെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ് മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.

'ഡി.ഡി.യു.ജി.കെ.വൈ-ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തെ അധികരിച്ച്  കേന്ദ്ര ഗ്രാമവികന മന്ത്രാലയം ജോയിന്റ് സെക്രട്ടറി കര്‍മ സിംപ ഭൂട്ടിയ സംസാരിച്ചു. മികച്ച രീതിയില്‍ നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതു വഴി വ്യക്തികളുടെ മാത്രമല്ല, സമൂഹത്തിന്റെയാകെ രൂപാന്തരത്തിന് പദ്ധതി വഴിയൊരുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി വഴി നൈപുണ്യപരിശീലനവും തൊഴിലും ലഭിച്ച 200 പേരുടെ വിജയകഥകള്‍ ഉള്‍പ്പെടുത്തിയ 'ട്രയില്‍ബ്‌ളേസേഴ്‌സ്' എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യാതിഥിയായി.  കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്ധ്യ ഗോപകുമാരന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ അരുണ്‍ സി.അഡാട്ട്, കുടുംബശ്രീ ഭരണസമിതി അംഗം സ്മിത സുരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍. ആര്‍ നന്ദിയും പറഞ്ഞു.  
 
  രാവിലെ പത്തു മണി മുതല്‍ 11.30 വരെ ഡോ.മാണി പോളിന്റെ മോട്ടിവേഷണല്‍ സെഷന്‍ സംഘടിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം  2.30 മുതല്‍ വൈകുന്നേരം നാലു മണിവരെ  വിദ്യാര്‍ത്ഥികള്‍ അനുഭവങ്ങള്‍ പങ്കുവച്ചു. തൊഴില്‍ദാതാക്കള്‍, നൈപുണ്യ വികസന ഏജന്‍സി പ്രതിനിധികള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവരും ഈ സെഷനില്‍ പങ്കെടുത്തു.

  തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാ സാംസ്‌കാരിക പരിപാടികളും പ്രയാന്‍ മ്യൂസിക് ബ്രാന്‍ഡ് അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.
സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും ലഭ്യമാക്കി സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ യുവജനങ്ങളുടെ ശാക്തീകരണം സാധ്യമാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായാണ് 'ടാലന്റോ 24' സംഘടിപ്പിച്ചത്.
 

Content highlight
kudumbashree talento24 held

ദേശീയ സരസ് മേള: കുടുംബശ്രീക്ക് പുതുവര്‍ഷ സമ്മാനമായി 11.84 കോടി രൂപയുടെ വിറ്റുവരവ്

Posted on Thursday, January 4, 2024

രാജ്യമൊട്ടാകെയുള്ള ഗ്രാമീണ സംരംഭകരെ പങ്കെടുപ്പിച്ചു കൊണ്ട് കഴിഞ്ഞ ഡിസംബര്‍ 21 മുതല്‍ ജനുവരി രണ്ടു വരെ എറണാകുളം കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ദേശീയ സരസ് മേള വഴി കുടുംബശ്രീ നേടിയത് 11.84 കോടി രൂപയുടെ വിറ്റുവരവ്. ഇതില്‍ 10,45,34,130 രൂപ ഉല്‍പന്ന വിപണനം വഴിയും 1,39,20,816 രൂപ ഫുഡ് കോര്‍ട്ടുവഴിയുമാണ്. മേളയില്‍ പങ്കെടുത്ത അഞ്ഞൂറിലേറെ സംരംഭകര്‍ക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.

 ഉല്‍പന്നങ്ങളുടെ വൈവിധ്യം, ക്രമീകരണം, വിറ്റുവരവ് എന്നിവയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ്, ഗോവ, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. കേരളത്തില്‍ നിന്നും വയനാട് ജില്ലയാണ് ഒന്നാമത്. കോഴിക്കോട്,എറണാകുളം ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.

സരസ് മേള വഴി ഇത്തവണ കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് സംരംഭകര്‍ക്കും മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. ഫുഡ് കോര്‍ട്ടിലേക്കാവശ്യമായ മുഴുവന്‍ കോഴിയിറച്ചിയും വിതരണം ചെയ്തത് കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ വഴിയാണ്. അരക്കോടിയിലേറെ രൂപയാണ് ഈയിനത്തില്‍ വരുമാനം. ആകെ 4817 കിലോ ചിക്കന്‍ ഈയിനത്തില്‍ വിതരണം ചെയ്തു.  

പതിമൂന്നു നാള്‍ നീണ്ട ദേശീയ സരസ് മേളയോടനുബന്ധിച്ച് കുടുംബശ്രീക്ക് രണ്ട് ലോകറെക്കോഡുകളും സ്വന്തമായി. പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട വനിതകള്‍ ചേര്‍ന്ന് ചെറുധാന്യങ്ങള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ വൈവിധ്യാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കിയതിനുള്ള ബെസ്റ്റ് ഇന്‍ഡ്യാ ലോക റെക്കോഡ്, 504 വനിതകളെ അണിനിരത്തി അവതരിപ്പിച്ച ചവിട്ടു നാടകത്തിനുള്ള ടാലന്റ് വേള്‍ഡ് റെക്കോഡുമാണ് കുടുംബശ്രീയെ തേടിയെത്തിയത്.

സരസ് മേളയുടെ ഭാഗമായി കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും രുചി വൈവിധ്യങ്ങള്‍ ഒരുക്കി പതിനാറ് സ്റ്റാളുകള്‍ അണിനിരന്ന ഇന്ത്യന്‍ ഫുഡ് കോര്‍ട്ടും ഏറെ ജനകീയമായി. ഇതില്‍ കേരളം കൂടാതെ രാജസ്ഥാന്‍, തെലുങ്കാന, സിക്കിം, ഉത്തര്‍പ്രദേശ്. ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളും പങ്കെടുത്തു.

ഇന്ത്യയിലെ ഗ്രാമീണ വനിതകളുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഗ്രാമീണ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുന്നതിന്റെയും ഭാഗമായാണ് സരസ് മേള സംഘടിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഇതരസംസ്ഥാനങ്ങളുടെയും സംരംഭകരുടെയും എണ്ണത്തിലും പങ്കാളിത്തത്തിലും  ഉല്‍പന്നങ്ങളുടെ വൈവിധ്യത്തിലും ഏറെ പുതുമകള്‍ നിറഞ്ഞ മേളയാണ് എറണാകുളത്ത് അരങ്ങേറിയത്. കേരളം ഉള്‍പ്പെടെ 25 സംസ്ഥാനങ്ങള്‍, ഒരു കേന്ദ്രഭരണ പ്രദേശം എന്നിവിടങ്ങളില്‍ നിന്നായി അഞ്ഞൂറിലേറെ സംരംഭകരാണ് മേളയില്‍ പങ്കെടുത്തത്.

Content highlight
Sales turn over of 11.84 crore at kudumbashree saras mela