കുടുംബശ്രീ ബഡ്സ് സംസ്ഥാന കലോത്സവം 'തില്ലാന-2024'ന് വര്‍ണ്ണാഭ തുടക്കം - മന്ത്രി ശ്രീ എം.ബി രാജേഷ് കലോത്സവത്തിന് തിരി തെളിയിച്ചു

Posted on Saturday, January 20, 2024

സര്‍ഗാത്മകതയുടെ കരുത്തുകൊണ്ട് കലയുടെ വസന്തമൊരുക്കി കുടുംബശ്രീ ബഡ്സ് അഞ്ചാമത് സംസ്ഥാന കലോത്സവം 'തില്ലാന-2024'ന് ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജിലെ സൂര്യകാന്തിയില്‍ തുടക്കമായി. സദസില്‍ നിറഞ്ഞ മത്സരാര്‍ത്ഥികളെയും രക്ഷിതാക്കളെയും സാക്ഷി നിര്‍ത്തി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് കലോത്സവത്തിന് തിരി തെളിയിച്ചു.

 ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കലോത്സവം സംഘടിപ്പിക്കുന്നതു പോലെ അടുത്ത വര്‍ഷം മുതല്‍ കായിക മേളയും സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നിരന്തരമായ പരിശീലനത്തിലൂടെ അഞ്ചു വര്‍ഷം കൊണ്ട് കലാരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാന്‍ സാധാരണ കുട്ടികളെ പോലെ ബഡ്സ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും സാധിച്ചിട്ടുണ്ട്. കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളില്‍ കായിക മികവുള്ള നിരവധി കുട്ടികളുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കായികരംഗത്തേക്ക് കൊണ്ടു വരുന്നതിലൂടെ മികച്ച പ്രതിഭകളെ കണ്ടെത്താനാകും.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാമൂഹിക മുന്നേറ്റത്തിനൊപ്പം സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടി ലഭ്യമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. അതിനായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും സ്വന്തമായി ഉപജീവനമാര്‍ഗമൊരുക്കാനും അതുവഴി അവരെ സമഗ്രവികാസം കൈവരിക്കാന്‍ സഹായിക്കുന്നതിനുമാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍. ഇതിനായി കുട്ടികള്‍ തയ്യാറാക്കുന്ന വിവിധ ഉല്‍പന്നങ്ങള്‍ 'ഇതള്‍' എന്ന പേരില്‍ ഏകീകൃത ബ്രാന്‍ഡിങ്ങ് നടത്തി വിപണിയിലിറക്കുന്നതിനായി ആവിഷ്ക്കരിച്ച  പരിപാടികള്‍ അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്ത് നിലവില്‍ 359 ബഡ്സ് സ്ഥാപനങ്ങളുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് കൂടുതല്‍ ബഡ്സ് സ്കൂളുകള്‍ ആരംഭിക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കുടുംബശ്രീ നിര്‍വഹിക്കുന്ന ഏറ്റവും മികച്ച സാമൂഹ്യ ഉത്തരവാദിത്വമാണ് ബഡ്സ് സ്ഥാപനങ്ങള്‍.  കാല്‍നൂറ്റാണ്ട് പിന്നിട്ട കുടുംബശ്രീ കാലത്തിനനുസൃതമായി നവീകരിച്ചു കൊണ്ട് പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന വര്‍ഷമായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.  ബഡ്സ് സ്ഥാപനങ്ങളുടെ 20 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന തീം സ്റ്റാളിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരണം നടത്തി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍ ബഡ്സ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന സ്റ്റാളിന്‍റെ ഉദ്ഘാനം നിര്‍വഹിച്ചു.  കൊളശ്ശേരി ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥിയായ ശ്യാമള സ്വന്തമായി ചെയ്ത എംബോസ് പെയിന്‍റിങ്ങ് മന്ത്രി എം.ബി രാജേഷിനു സമ്മാനിച്ചു.

കല്യാശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ഷാജിന്‍, തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ രാജീവന്‍, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.ക രവി, ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രന്‍, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് അംഗം അഭിലാഷ് വേലാണ്ടി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ അരുണ്‍ ടി.ജെ, ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.വാസന്തി ജെ, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി.ബിജു, ധര്‍മ്മടം സി.ഡി.എസ് അധ്യക്ഷ എമിലി ജെയിംസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത് സ്വാഗതവും കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത് നന്ദിയും പറഞ്ഞു. രാവിലെ മട്ടന്നൂര്‍ ബഡ്സ് സ്കൂള്‍ ജീവനക്കാര്‍ അവതരിപ്പിച്ച 'അമ്മ' സംഗീതശില്‍പം, തുടര്‍ന്ന് ഓക്സിലറി ഗ്രൂപ്പ് അംഗമായ സ്നിയ അനീഷ് കുടുംബശ്രീ മുദ്രഗീതത്തിന്‍റെ നൃത്താവിഷ്കാരം എന്നിവയും വേദിയില്‍ അരങ്ങേറി.

hm

 

Content highlight
kudumbashree buds festival starts