ദേശീയ സരസ് മേള: കുടുംബശ്രീക്ക് പുതുവര്‍ഷ സമ്മാനമായി 11.84 കോടി രൂപയുടെ വിറ്റുവരവ്

Posted on Thursday, January 4, 2024

രാജ്യമൊട്ടാകെയുള്ള ഗ്രാമീണ സംരംഭകരെ പങ്കെടുപ്പിച്ചു കൊണ്ട് കഴിഞ്ഞ ഡിസംബര്‍ 21 മുതല്‍ ജനുവരി രണ്ടു വരെ എറണാകുളം കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ദേശീയ സരസ് മേള വഴി കുടുംബശ്രീ നേടിയത് 11.84 കോടി രൂപയുടെ വിറ്റുവരവ്. ഇതില്‍ 10,45,34,130 രൂപ ഉല്‍പന്ന വിപണനം വഴിയും 1,39,20,816 രൂപ ഫുഡ് കോര്‍ട്ടുവഴിയുമാണ്. മേളയില്‍ പങ്കെടുത്ത അഞ്ഞൂറിലേറെ സംരംഭകര്‍ക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.

 ഉല്‍പന്നങ്ങളുടെ വൈവിധ്യം, ക്രമീകരണം, വിറ്റുവരവ് എന്നിവയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ്, ഗോവ, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. കേരളത്തില്‍ നിന്നും വയനാട് ജില്ലയാണ് ഒന്നാമത്. കോഴിക്കോട്,എറണാകുളം ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.

സരസ് മേള വഴി ഇത്തവണ കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് സംരംഭകര്‍ക്കും മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. ഫുഡ് കോര്‍ട്ടിലേക്കാവശ്യമായ മുഴുവന്‍ കോഴിയിറച്ചിയും വിതരണം ചെയ്തത് കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ വഴിയാണ്. അരക്കോടിയിലേറെ രൂപയാണ് ഈയിനത്തില്‍ വരുമാനം. ആകെ 4817 കിലോ ചിക്കന്‍ ഈയിനത്തില്‍ വിതരണം ചെയ്തു.  

പതിമൂന്നു നാള്‍ നീണ്ട ദേശീയ സരസ് മേളയോടനുബന്ധിച്ച് കുടുംബശ്രീക്ക് രണ്ട് ലോകറെക്കോഡുകളും സ്വന്തമായി. പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട വനിതകള്‍ ചേര്‍ന്ന് ചെറുധാന്യങ്ങള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ വൈവിധ്യാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കിയതിനുള്ള ബെസ്റ്റ് ഇന്‍ഡ്യാ ലോക റെക്കോഡ്, 504 വനിതകളെ അണിനിരത്തി അവതരിപ്പിച്ച ചവിട്ടു നാടകത്തിനുള്ള ടാലന്റ് വേള്‍ഡ് റെക്കോഡുമാണ് കുടുംബശ്രീയെ തേടിയെത്തിയത്.

സരസ് മേളയുടെ ഭാഗമായി കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും രുചി വൈവിധ്യങ്ങള്‍ ഒരുക്കി പതിനാറ് സ്റ്റാളുകള്‍ അണിനിരന്ന ഇന്ത്യന്‍ ഫുഡ് കോര്‍ട്ടും ഏറെ ജനകീയമായി. ഇതില്‍ കേരളം കൂടാതെ രാജസ്ഥാന്‍, തെലുങ്കാന, സിക്കിം, ഉത്തര്‍പ്രദേശ്. ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളും പങ്കെടുത്തു.

ഇന്ത്യയിലെ ഗ്രാമീണ വനിതകളുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഗ്രാമീണ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുന്നതിന്റെയും ഭാഗമായാണ് സരസ് മേള സംഘടിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഇതരസംസ്ഥാനങ്ങളുടെയും സംരംഭകരുടെയും എണ്ണത്തിലും പങ്കാളിത്തത്തിലും  ഉല്‍പന്നങ്ങളുടെ വൈവിധ്യത്തിലും ഏറെ പുതുമകള്‍ നിറഞ്ഞ മേളയാണ് എറണാകുളത്ത് അരങ്ങേറിയത്. കേരളം ഉള്‍പ്പെടെ 25 സംസ്ഥാനങ്ങള്‍, ഒരു കേന്ദ്രഭരണ പ്രദേശം എന്നിവിടങ്ങളില്‍ നിന്നായി അഞ്ഞൂറിലേറെ സംരംഭകരാണ് മേളയില്‍ പങ്കെടുത്തത്.

Content highlight
Sales turn over of 11.84 crore at kudumbashree saras mela