പുഴയൊഴുകും മാണിക്കല്‍' സംസ്ഥാനത്തെ മാതൃകാപദ്ധതിയാക്കും: മന്ത്രി ജി.ആര്‍.അനില്‍

Posted on Wednesday, January 12, 2022

പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.
15 ലക്ഷം രൂപ എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ചു


തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച പുഴയൊഴുകും മാണിക്കല്‍ പദ്ധതി വന്‍ ജനപങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. പുഴ മാലിന്യ രഹിതമാക്കല്‍, കൃഷി വീണ്ടെടുക്കല്‍, ഗ്രാമീണ ടൂറിസം നടപ്പാക്കല്‍, പ്രഭാത സായാഹ്ന സവാരി പാതകള്‍ സൃഷ്ടിക്കല്‍, നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതികള്‍ നടപ്പിലാക്കല്‍ തുടങ്ങി വ്യത്യസ്ത ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര പദ്ധതിയായ പുഴയൊഴുകും മാണിക്കലിനെ സംസ്ഥാനത്തെ മാതൃകാപദ്ധതിയായി മാറ്റും. പദ്ധതി അവലോകനത്തിനായി സെക്രട്ടേറിയേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ തടസ്സങ്ങളില്ലാത്ത സ്ഥലങ്ങളില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആദ്യം പൂര്‍ത്തിയാക്കണമെന്നും പ്രദേശത്ത് നേരിട്ടെത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും യോഗത്തില്‍ പങ്കെടുത്ത ജലവിഭവം, വനം, ടൂറിസം, മണ്ണ്‌സംരക്ഷണം, തൊഴിലുറപ്പ് പദ്ധതി തുടങ്ങി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പദ്ധതി നടത്തിപ്പിനായി എം.എല്‍.എ. ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അിറയിച്ചു. പുഴവീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സുസ്ഥിരമായി അത് നിലനിര്‍ത്താനുള്ള പദ്ധതികളും തുടക്കത്തിലേ തന്നെ ആസൂത്രണം ചെയ്യുമെന്ന് പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് നവകേരള കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ പറഞ്ഞു. ഗ്രാമീണ ടൂറിസത്തിന് മികച്ച ഉദാഹരണമായി പദ്ധതി മാറുമെന്നും  ഡോ.ടി.എന്‍. സീമ അഭിപ്രായപ്പെട്ടു. യോഗത്തില്‍ വിവിധ വകുപ്പുകള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുമെന്നും യോഗത്തില്‍ സംബന്ധിച്ച മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ പറഞ്ഞു. പുഴയൊഴുകും മാണിക്കല്‍ പദ്ധതി കോര്‍ഡിനേറ്റര്‍ ജി.രാജേന്ദ്രന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖ കുമാരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സുരേഷ്‌കുമാര്‍, അനില്‍കുമാര്‍, സഹീറത്ത് ബീവി, പഞ്ചായത്ത് സെക്രട്ടറി, ഹരിതകേരളം മിഷനിലേയും വിവിധ വകുപ്പുകളിലേയും സംസ്ഥാനതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


മാണിക്കല്‍ പ്രദേശത്ത് വേളാവൂര്‍ തോട് എന്നറിയപ്പെടുന്ന പുഴയുമായി ബന്ധിപ്പിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര പദ്ധതിയാണ് പുഴയൊഴുകും മാണിക്കല്‍. മാണിക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. നിലവില്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഈ പുഴയും അനുബന്ധ ഭൂപ്രദേശങ്ങളും വീണ്ടെടുക്കുകയും പ്രദേശവാസികളുടെ സാമ്പത്തിക വികസനവും തൊഴില്‍ സാധ്യതകളും വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിതകേരളം മിഷന്റെ ജനകീയ നീര്‍ച്ചാല്‍ വീണ്ടെടുപ്പ് യജ്ഞമായ ഇനി ഞാനൊഴുകട്ടെയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.