ഫീച്ചറുകള്‍

കാസര്‍ഗോഡിന്റെ ദത്തുപുത്രന് ഡി.ഡി.യു-ജി.കെ.വൈ വഴി പരിശീലനവും തൊഴിലും

Posted on Tuesday, November 30, 2021

കാസര്‍ഗോഡിന്റെ ദത്തുപുത്രനായ അനൂപ് കൃഷ്ണന്‍ എന്ന അക്ബറിന് ഡി.ഡി.യു-ജി.കെ.വൈ നൈപുണ്യ പരിശീലന പദ്ധതിയിലൂടെ തൊഴില്‍ നേടിയെടുക്കാനുള്ള സഹായ ഹസ്തം നീട്ടിയിരിക്കുകയാണ് കുടുംബശ്രീ. അമ്മയുടെയും രണ്ട് സഹോദരങ്ങളുടെയും മരണശേഷമാണ് ഉത്തര്‍പ്രദേശുകാരനായ അനൂപ് കാസര്‍ഗോഡിന്റെ ദത്തുമകനായി മാറിയത്. സന്തോഷകരവും സുരക്ഷിതവുമായ ഒരു ജീവിതമെന്ന അനൂപിന്റെ സ്വപ്‌നത്തിന് കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷനും യുവകേരളം പദ്ധതിയുടെ ജില്ലയിലെ പരിശീലന കേന്ദ്രവുമായ ഹിര ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് എല്ലാവിധ പിന്തുണയുമേകിയത്.

  അമ്മയുടെയും രണ്ട് സഹോദങ്ങളുടെയും മരണ ശേഷം അനൂപിന് ജീവിതം വലിയൊരു ചോദ്യചിഹ്നമായിരുന്നു.   അനൂപിനെ ബാലവേലയ്ക്ക് നിര്‍ത്തി അച്ഛന്‍ നാട് വിട്ടു. 13ാം വയസ്സില്‍ അനൂപിനെ ബാലവേലയില്‍ നിന്ന് രക്ഷപ്പെടുത്തി. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടുകയും പരവനടുക്കം ഒബ്സര്‍വേഷന്‍ ഹോമില്‍ താമസ, പഠന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്തു. ഇവിടെ താമസിച്ച് പഠിച്ച അനൂപ് പത്താം ക്ലാസ്സ് വിജയിച്ചു. ഇതിന് ശേഷം എട്ടു വര്‍ഷത്തിലധികമായി സ്വന്തമായൊരു പേരിനും മേല്‍വിലാസത്തിനും വേണ്ടിയുള്ള നിരന്തരമായ നിയമ പോരാട്ടത്തിലായിരുന്നു അനൂപ്. ഇതേക്കുറിച്ച് അറിഞ്ഞ ജില്ലാ ഭരണകൂടം അനൂപിന് ആവശ്യമുള്ള രേഖകള്‍ നേടിയെടുക്കാനുള്ള സംവിധാനങ്ങളുമൊരുക്കി.

  ഒരു ജോലി എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ യുവ കേരളം പദ്ധതിയുടെ മൊബിലൈസേഷന്‍ ക്യാമ്പിലെത്തുകയും ഉദുമയില്‍ പ്രവര്‍ത്തിക്കുന്ന ഹിര ചാരിറ്റബിള്‍ ട്രസ്റ്റില്‍ അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ കോഴ്സിലേക്ക് പ്രവേശനം നേടുകയും ചെയ്തു.   പരിശീലനത്തിന് ശേഷം സ്‌കൈല ഇലക്ട്രിക്കല്‍സില്‍ ജോലിയിലും പ്രവേശിച്ചു.

  പ്രതിസന്ധി കാലത്തും ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കണ്ട അനൂപ് യുവതലമുറയ്ക്ക് പ്രചോദനമായിത്തീരുകയായിരുന്നു. നിശ്ചയ ദാര്‍ഢ്യത്തിനും കഴിവിനുമുള്ള അംഗീകാരമായി അനൂപിനെ കുടുംബശ്രീ ജില്ലാമിഷന്‍ ആദരിച്ചു. ഒക്ടോബര്‍ 26ന് കാസര്‍ഗോഡ് കളക്ടറേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.  സുരേന്ദ്രന്‍, അനൂപിന് ഉപഹാരം കൈമാറി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ പ്രകാശന്‍ പാലായി, ഇക്ബാല്‍ സി.എച്ച്, ജില്ലാ പ്രോഗ്രാം മാനേജര്‍ രേഷ്മ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, പരിശീലന ഏജന്‍സി പ്രതിനിധികള്‍, കമ്മ്യൂണിറ്റി വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Content highlight
Kudumbashree extends helping hand to the adopted son of Kasaragod to secure job placement through DDU-GKY Skill Training Programme

വയനാടിന്റെ ചരിത്രമറിയാം, കുടുംബശ്രീ ബാലസഭാംഗങ്ങള്‍ തയാറാക്കിയ 'ചരിത്രമുറങ്ങുന്ന വയനാട്' പുസ്തകത്തിലൂടെ...

Posted on Saturday, November 6, 2021

വയനാട് ജില്ലയുടെ വിശദമായ ചരിത്രം പുസ്തക രൂപത്തില്‍ തയാറാക്കി ജില്ലയിലെ കുടുംബശ്രീ ബാലസഭാംഗങ്ങള്‍. 'ചരിത്രമുറങ്ങുന്ന വയനാട്' എന്ന പേരില്‍ രണ്ട് വോള്യങ്ങളിലായി തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം, നവംബര്‍ രണ്ടിന് കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍, ചരിത്രകാരന്‍ ഒ.കെ. ജോണിക്ക് നല്‍കി നിര്‍വഹിച്ചു.

  2017ല്‍ ബാലസഭാംഗങ്ങള്‍ക്കായി നടത്തിയ 'നാടറിയാന്‍' ക്യാമ്പെയ്‌ന് ശേഷമാണ് വയനാടിന്റെ ചരിത്രം ഉള്‍പ്പെടുന്ന ഒരു പുസ്തകം തയാറാക്കണമെന്ന തീരുമാനം ജില്ലാ മിഷന്‍ കൈക്കൊണ്ടത്. ഇതിനായി പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടുന്ന അഞ്ചംഗ ഉപദേശക സമിതിയും നാല് ബാലസഭാംഗങ്ങളും ഒമ്പത് മുന്‍ അധ്യാപകരും ഉള്‍പ്പെടുന്ന എഡിറ്റോറിയല്‍ ബോര്‍ഡും രൂപീകരിച്ചു. ബാലസഭ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ജില്ലയിലെ ഓരോ പ്രദേശങ്ങളുടെയും ചരിത്രം പ്രമുഖ വ്യക്തികളുടെയും, പുസ്തകങ്ങളുടെയും സഹായത്തോടെ ശേഖരിക്കുകയായിരുന്നു.

  ആകെ 970 പേജുകളുള്ള പുസ്തകത്തില്‍ 20 വിഷയങ്ങളിലായി 20 അധ്യായങ്ങളാണുള്ളത്. ആദ്യ വോള്യത്തില്‍ പാരിസ്ഥിതിക ചരിത്രം, ഭരണചരിത്രം, വയനാട്ടിലേക്കുള്ള കുടിയേറ്റങ്ങള്‍, ജനങ്ങളും ജീവിതവും, കാര്‍ഷിക ഭൂമിക, വാണിജ്യപാതകളുടെ വികാസം, വ്യാപാര വാണിജ്യ വികസന വഴികള്‍, സമ്പദ്ഘടനയുടെ വളര്‍ച്ചാ പടവുകള്‍, വയനാടിന്റെ പൈതൃക സമ്പന്നത, സാംസ്‌ക്കാരിക സ്ഥാപനങ്ങളുടെ ചരിത്രവഴികള്‍ എന്നീ അധ്യായങ്ങളാണുള്ളത്.

wynd

 

വയനാട്ടിലെ സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റങ്ങള്‍, തോട്ടം തൊഴിലാളികളുടെ ഇന്നലെകള്‍, വയനാടിന്റെ സാംസ്‌ക്കാരിക ചരിത്ര പടവുകള്‍, ഗോത്രഭൂമികളിലെ സാംസ്‌ക്കാരിക തനിമകള്‍, വയനാടന്‍ തനിമകള്‍, ഗോത്രപ്പെരുമയുടെ പെരുമ്പറ മുഴക്കങ്ങള്‍- കലാ- സാഹിത്യ മണ്ഡലങ്ങളിലൂടെ, വയനാടന്‍ ചരിത്രത്തില്‍ അടയാളം കുറിച്ചവര്‍, വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നാള്‍വഴികള്‍, സ്ഥലനാമോല്‍പ്പത്തി ചരിത്രം, കുടുംബശ്രീയുടെ ചരിത്രം എന്നീ അധ്യായങ്ങള്‍ രണ്ടാമത്തെ വോള്യത്തിലും.

  കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിതയാണ് പുസ്തകത്തിന്റെ മാനേജിങ് എഡിറ്റര്‍. സംസ്ഥാന റിസോഴ്‌സ് പേഴ്സണ്‍ സി.കെ. പവിത്രനും വയനാട് ജില്ലാ പ്രോഗാം മാനേജര്‍ കെ.ജെ. ബിജോയിയുമാണ് ചീഫ് എഡിറ്റര്‍മാര്‍. വാസു പ്രദീപ് (വയനാട് കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍), സി.എസ്. ശ്രീജിത്ത്, ഡോ. കെ. രമേശന്‍, കെ. അശോക് കുമാര്‍ എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍. ഡോ. സുമ വിഷ്ണുദാസ്, പി.സി. മാത്യു, എ. ശിവദാസന്‍, വി.വി. പാര്‍വതി, ശിവന്‍ പളളിപ്പാട്, സി.എം. സുമേഷ്, ഷാജി പുല്‍പ്പള്ളി, ബാലസഭാംഗങ്ങളായ പി.എസ് സാനിയ, ആഭാ ലക്ഷ്മി, സാന്ദ്ര സജീവന്‍, റാണി പൗലോസ് എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളും.

 

Content highlight
Balasabha members from Wayanad prepare a book on the history of Wayanadml

ഡി.ഡി.യു-ജി.കെ.വൈ : 47 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി വിദേശജോലി

Posted on Friday, October 29, 2021

കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത നൈപുണ്യ പരിശീലന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ)യിലൂടെ പഠിച്ചിറങ്ങിയ 47 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി വിദേശ ജോലി ലഭിച്ചു. ഒരേ പരിശീലന കേന്ദ്രത്തില്‍ നിന്ന് ഒരേ കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ് ഇവര്‍ എന്നതാണ് പ്രധാന പ്രത്യേകത.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് ഈ രണ്ട് മാസങ്ങളില്‍ ഇത്രയും പേര്‍ക്ക് വിദേശ ജോലി ലഭ്യമായത് എന്നതും ശ്രദ്ധേയം. ഇതോട് കൂടി കുടുംബശ്രീ നടപ്പിലാക്കുന്ന ഡി.ഡി.യു-ജി.കെ.വൈ പദ്ധതി വഴി വിദേശ ജോലി നേടുന്നവരുടെ എണ്ണം 350 ആയി.

പാലക്കാടുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോക്കമിക്കല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (CIPET) യില്‍ നിന്ന് ഇന്‍ജെക്ഷന്‍ മോള്‍ഡിങ് മെഷീന്‍ ഓപ്പറേഷന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് മലേഷ്യയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലുമായി രണ്ട് മാസങ്ങളിലായി ജോലി ലഭിച്ചത്. ഇവര്‍ക്കേവര്‍ക്കുമുള്ള വിസയും വിതരണം ചെയ്തു.

18 മുതല്‍ 35 വയസ്സ് വരെ പ്രായമുള്ള ഗ്രാമീണമേഖലയിലെ നിര്‍ദ്ധനരായ യുവതീയുവാക്കള്‍ക്ക് ടൂറിസം ഹോസ്പിറ്റാലിറ്റി, ഇലക്ട്രോണിക്‌സ്, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ 26 മേഖലകളിലായി സൗജന്യ നൈപുണ്യ പരിശീലനം നല്‍കുന്ന പദ്ധതിയാണ് ഡി.ഡി.യു- ജി.കെ.വൈ. പദ്ധതിയുടെ ഭാഗമായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ദുബായ്, അബുദാബി, ബഹറിന്‍, സൗദി അറേബ്യ, ഖത്തര്‍, സ്‌പെയിന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ജോലി ലഭിച്ചിട്ടുണ്ട്.

Content highlight
47 DDU-GKY students off to Malaysia & Middle East countries after securing Foreign Placement

കോവിഡ് പ്രതിരോധം- അക്ഷീണ പരിശ്രമം തുടര്‍ന്ന് വയനാട്

Posted on Wednesday, October 13, 2021

കോവിഡ് -19 രോഗ നിയന്ത്രണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ അക്ഷീണം തുടരുകയാണ് വയനാട് ജില്ല. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ ക്വാറന്റൈന്‍ ലംഘനം നടത്തുന്നത് കണ്ടെത്താനുള്ള സഹായം ജില്ലാ ഭരണകൂടത്തിന് ഇപ്പോള്‍ കുടുംബശ്രീ സംഘടനാ സംവിധാനം മുഖേന ചെയ്തു നല്‍കി വരുന്നു. ജില്ലയില്‍ ക്വാറന്റൈന്‍ ലംഘനം വ്യാപകമാകുകയും അത് ഒരു പ്രധാന പ്രശ്‌നമായിത്തീരുകയും ചെയ്തിരുന്നു. കാവിഡ് പോസിറ്റീവായ രോഗികളും അവരുടെ സമ്പര്‍ക്കത്തിലുള്ളവരും നടത്തുന്ന ക്വാറന്റൈന്‍ ലംഘനവും ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ് നടത്തിയതിന് ശേഷം റിസല്‍റ്റ് വരുന്നതിനിടയില്‍ നടത്തുന്ന ക്വാറന്റൈന്‍ ലംഘനവുമാണ് വര്‍ദ്ധിച്ചുവന്നത്. ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കുകയും അത് ലംഘിക്കുന്നവരുടെ വിശദാംശങ്ങള്‍ പോലീസിന് കൈമാറുകയുമാണ് കുടുംബശ്രീ സംവിധാനം മുഖേന ചെയ്യുന്നത്.

   ക്വാറന്റൈന്‍ ലംഘനം വര്‍ദ്ധിച്ചുവരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി മീറ്റിങ്ങില്‍ ഉയര്‍ന്നുവന്നപ്പോഴാണ് കുടുംബശ്രീയുടെ അയല്‍ക്കൂട്ടം മുതലുള്ള സംഘടനാ സംവിധാനത്തിന് പോലീസിനെ ക്വാറന്റൈന്‍ ലംഘനം നടത്തുന്നത് കണ്ടെത്താന്‍ സഹായിക്കാനാകുമെന്ന് വയനാട് കുടുംബശ്രീ ടീം അറിയിച്ചത്. എല്ലാ സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് കഴിഞ്ഞവരുടെ വിശദാംശങ്ങള്‍ സി.ഡി.എസ് ചെയര്‍പേഴ്സണ് ലഭിക്കുന്നു. വാര്‍ഡ് അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ വേര്‍തിരിച്ച്, ബന്ധപ്പെട്ട എ.ഡി.എസി-ന് നല്‍കുന്നു. അവിടെ നിന്ന് അയല്‍ക്കൂട്ട സെക്രട്ടറിമാരെ വിശദാംശങ്ങള്‍ അറിയിക്കുന്നു. ടെസ്റ്റ് നടത്തിയവര്‍ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടോയെന്ന് അവര്‍ ഉറപ്പുവരുത്തുന്നു, ലംഘനം നടന്നാല്‍ ഗൂഗിള്‍ ഫോം വഴി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി ക്വാറന്റൈന്‍ ലംഘിക്കുന്നവരുടെ വിശദാംശങ്ങള്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പോലീസ് സ്റ്റേഷനിലേക്ക് അറിയിക്കുന്നു. പോലീസ് നിയമനടപടികളും കൈക്കൊള്ളുന്നു.  

  കൂടാതെ ക്വാറന്റൈനില്‍ ഇരിക്കുന്നവര്‍ക്ക് എല്ലാവിധത്തിലുമുള്ള സഹായങ്ങളും കുടുംബശ്രീ അംഗങ്ങള്‍ നല്‍കി വരുന്നു. ജില്ലയിലെ ആദിവാസി കോളനികള്‍ ആനിമേറ്റര്‍മാരുടെയും എ.ഡി.എസിന്റെയും പ്രത്യേക നിരീക്ഷണത്തിലുമാണ്. കൂടാതെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളിലും സജീവം. എല്ലാ ദിവസവും വൈകുന്നേരം 7 മുതല്‍ 8 വരെ എ.ഡി.എം, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് പ്രതിനിധി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് അവലോകന യോഗവും നടത്തുന്നു.

  കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് നിരവധിയായ മുന്‍കരുതലുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിത്തുടങ്ങിയ കാലം മുതല്‍ തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടപ്പിലാക്കി വരുന്നത്. ബോധവത്ക്കരണ പരിപാടികള്‍, മാസ്‌ക്- സാനിറ്റൈസര്‍ നിര്‍മ്മാണം, കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തിപ്പ്, വായ്പാ വിതരണം… എന്നിങ്ങനെ നീളുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ചത്.

  അതേസമയം ഓരോ ജില്ലകളും വ്യത്യസ്തങ്ങളായ ആവശ്യകതകള്‍ അനുസരിച്ച് പ്രാദേശിക ഭരണകൂടവുമായി ചേര്‍ന്ന് ഒട്ടനവധി പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. ഇപ്പോഴും ആ പ്രവര്‍ത്തനങ്ങളില്‍ പലതും തുടര്‍ന്ന് വരികയും ചെയ്യുന്നു. ഇത്തരത്തില്‍ വയനാട് കുടുംബശ്രീ ടീമും മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

Content highlight
Kudumbashree Wayanad team continues their relentless efforts in controlling covid-19 pandemicML

എന്‍.യു.എല്‍.എം, പി.എം.എ.വൈ : ഉത്തരമേഖലാ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Tuesday, October 12, 2021

വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മേയര്‍മാര്‍, നഗരസഭാ അധ്യക്ഷന്മാര്‍ എന്നിവര്‍ക്കുവേണ്ടി കുടുംബശ്രീ ഉത്തരമേഖലാ ഏകദിന ശില്‍പ്പശാല ഇന്ന് (ഒക്ടോബര്‍ 8) സംഘടിപ്പിച്ചു. കുടുംബശ്രീ മുഖേന കേരളത്തിലെ നഗരങ്ങളില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍- എന്‍.യു.എല്‍.എം), പ്രധാനമന്ത്രി ആവാസ് യോജന (നഗരം)- ലൈഫ് (പി.എം.എ.വൈ) എന്നീ പദ്ധതികള്‍ സംബന്ധിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിച്ചു.

  കോഴിക്കോട് ഹൈസണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ചെയര്‍മാന്‍ ചേംബര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണുമായ ടി.വി. ശാന്ത അധ്യക്ഷയായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എസ്. ജഹാംഗീര്‍ നന്ദിയും പറഞ്ഞു.

  കുടുംബശ്രീയും നഗരസഭകളും, അഫോര്‍ഡബിള്‍ റെന്റല്‍ ഹൗസിങ് കോംപ്ലക്‌സ് (എ.ആര്‍.എച്ച്.സി), നഗരങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതികള്‍, തെരുവുകച്ചവടക്കാര്‍ക്കുള്ള സഹായ പദ്ധതി, തെരുവുകച്ചവട ആക്ട്, സ്‌കീം റൂള്‍സ് തുടങ്ങീ വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകളും ശില്‍പ്പശാലയുടെ ഭാഗമായി സംഘടിപ്പിച്ചു.

 

Content highlight
nulmpmaycnorthzoneonedayworkshopconductedml

ഇഷ്ട സമ്മാനങ്ങള്‍ കൈകൊണ്ട് നെയ്ത് നല്‍കി വരുമാനം കണ്ടെത്തി കാസര്‍ഗോഡുള്ള ഡി.ഡി.യു-ജി.കെ.വൈ വിദ്യാര്‍ത്ഥിനികള്‍

Posted on Tuesday, October 12, 2021

സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ സമ്മാനിക്കാന്‍ അതിമനോഹരമായ സമ്മാനങ്ങള്‍ അന്വേഷിച്ചു നടക്കുന്നവര്‍ക്ക് അത് തയാറാക്കി നല്‍കി കോവിഡ്-19 പ്രതിസന്ധിക്കിടെ മികച്ച വരുമാനം നേടുകയാണ് കാസര്‍ഗോഡ് ജില്ലയിലെ ഡി.ഡി.യു-ജി.കെ.വൈ വിദ്യാര്‍ത്ഥികള്‍.
കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത നൈപുണ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു- ജി.കെ.വൈ യിലെ ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്, പെരിയ എസ്.എന്‍ കോളേജില്‍ നിന്ന് പൂര്‍ത്തിയാക്കിവയരാണ് ഈ വിദ്യാര്‍ത്ഥികള്‍. ഹാന്‍ഡ് എംബ്രോയിഡറിയാണ് ഇവര്‍ ചെയ്ത് നല്‍കുന്നത്. ജന്മദിനത്തിനും വിവാഹത്തിനും നല്‍കുന്നതിനായുള്ള ഓര്‍ഡറുകളാണ് ഇവര്‍ക്ക് പ്രധാനമായും ലഭിക്കുന്നത്. ലോക്ഡൗണ്‍ കാലയളവില്‍ കോളേജ് അടച്ചപ്പോള്‍ ലഭിച്ച ഒഴിവ്കാലത്ത് നടത്തിയ ഈ പ്രവര്‍ത്തനങ്ങള്‍ മുഖേന ശരാശരി 10,000 രൂപയാണ് മാസവരുമാനമായി ഇവര്‍ നേടിയത്.

കാസര്‍ഗോഡ് ജില്ലയിലെ  ഗ്രാമീണ മേഖലയില്‍ നിന്നുള്ള 24 പെണ്‍കുട്ടികളാണ് ഈ ടീമിലുള്ളത്. അസിരിഫ പി.എ, അതുല്യ. സി, അതുല്യ കെ.എം. അയിഷ ത്രുമൈസ, ദേവിക. കെ, ഫാത്തിമത്ത് ഷാല സിരിന്‍ ടി.എച്ച്, ഹരിപ്രിയ. പി, കൈറുന്നിസ എം.എ, കാവ്യ. കെ, മറിയമത്ത് തസ്‌നിയ, മിഷ്വാന മുഹമ്മദ്, നജുമുന്നിസ, സഫൂറ മുനീസ നസ്രീന, ഫരീന ടി.എ, രജില പി.കെ, രഞ്ജിത എസ്, റീജ. ടി, രേഷ്മ പി.എന്‍, ഷമീര ഫഹിം, സീമ. കെ, ശ്രീമോള്‍. വി, ശ്രീശാന്തി. സി, സുജാത ഒ.എസ്, സുജിത്ര പി എന്നിവരാണിവര്‍. കോളേജിലെ പരിശീലകരാണ് കൈകൊണ്ട് ഇത്തരത്തിലുള്ള സമ്മാനങ്ങള്‍ തയാറാക്കി നല്‍കുകയെന്ന ആശയം മുന്നോട്ടുവച്ചത്. 400 രൂപ മുതലാണ് എംബ്രോയിഡറി ഹൂപ്പിന്റെ വില. ഓര്‍ഡര്‍ പൂര്‍ത്തിയാക്കാനായി ചെലവഴിക്കേണ്ടി വരുന്ന സമയവും പ്രയത്‌നവും അനുസരിച്ചാണ് വില നിശ്ചയിക്കുക. സാധാരണയായി സിംഗിള്‍ ഹൂപ്പ് പൂര്‍ത്തിയാക്കാന്‍ ഒന്നരദിവസമാണ് എടുക്കുക.

  ഒരു മാസത്തെ ഓണ്‍ ദ ജോബ് പരിശീലനത്തിന് ശേഷം നവംബര്‍ മാസത്തോടെ ഫാഷന്‍ ഡിസൈനിങ്ങ് മേഖലയില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഇവര്‍ക്ക് ഇത് ഒരു അധിക വരുമാനമാണ്. ഓര്‍ഡറുകള്‍ നേടുന്നതിനായി ഇന്‍സ്റ്റാഗ്രാം പ്രൊഫൈലുകളും ഇവരില്‍ ചിലര്‍ ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഓര്‍ഡറുകള്‍ ലഭിക്കുന്നു. എംബ്രോയിഡറി ഉത്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഇവരെ നേരിട്ട് വിളിക്കാനുമാകും. ചില മേളകളിലും ഈ ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. ഇതോടെ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുകകയും ചെയ്തു. ചിലര്‍ ബോട്ടില്‍ ആര്‍ട്ടും ചിലര്‍ വിവാഹത്തിനുള്ള ബ്ലൗസ് തയ്ച്ച് നല്‍കുകയും ചെയ്യുന്നു.

 

Content highlight
DDU-GKY students from Kasaragod earning income by making customised handmade giftsml

എന്‍.യു.എല്‍.എം, പി.എം.എ.വൈ പദ്ധതികള്‍ സംബന്ധിച്ച് മധ്യമേഖലാ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Thursday, September 30, 2021

കുടുംബശ്രീ മുഖേന കേരളത്തിലെ നഗരങ്ങളില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍- എന്‍.യു.എല്‍.എം), പ്രധാനമന്ത്രി ആവാസ് യോജന (നഗരം)- ലൈഫ് (പി.എം.എ.വൈ) എന്നീ പദ്ധതികള്‍ സംബന്ധിച്ച് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ മേയര്‍മാര്‍ക്കും നഗരസഭാ അധ്യക്ഷന്മാര്‍ക്കുമായി മധ്യമേഖലാ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.

  എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇന്ന് (സെപ്റ്റംബര്‍ 29) സംഘടിപ്പിച്ച ശില്‍പ്പശാലയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ചെയര്‍മാന്‍, ചേംബര്‍ ഓഫ് ചെയര്‍മാന്‍ എം. കൃഷ്ണദാസ് (ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍) അധ്യക്ഷനായി. മേയേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എം. അനില്‍ കുമാര്‍ (കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍) സമ്മേളനം ഉദ്ഘാടനം ചെയ്തു.

  കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എസ്. ജഹാംഗീര്‍ നന്ദിയും പറഞ്ഞു.

  കുടുംബശ്രീയും നഗരസഭകളും, അഫോര്‍ഡബിള്‍ റെന്റല്‍ ഹൗസിങ് കോംപ്ലക്‌സ് (എ.ആര്‍.എച്ച്.സി), നഗരങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതികള്‍, തെരുവുകച്ചവടക്കാര്‍ക്കുള്ള സഹായ പദ്ധതി, തെരുവുകച്ചവട ആക്ട്, സ്‌കീം റൂള്‍സ് തുടങ്ങീ വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകള്‍ ശില്‍പ്പശാലയുടെ ഭാഗമായി സംഘടിപ്പിച്ചു.

nulmpmayworkshop

 

Content highlight
nulmpmaycentralzoneonedayworkshopconductedml

ഡി.ഡി.യു-ജി.കെ.വൈ ഹുനര്‍ബാസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

Posted on Wednesday, September 29, 2021

കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ) സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി പരിശീലനം നേടുകയും ജോലി സ്വന്തമാക്കുകയും ചെയ്ത ഭിന്നശേഷിക്കാര്‍ക്ക് 'ഹുനര്‍ബാസ്' അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡി.ഡി.യു-ജി.കെ.വൈ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ അനുസരിച്ച് പരിശീലനം നേടിയ ശേഷം ഒരു വര്‍ഷമോ, അതില്‍ കൂടുതലോ കാലം ജോലിയില്‍ തുടരുന്ന 12 ഭിന്നശേഷിക്കാരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. അന്ത്യോദയ ദിനമായ സെപ്റ്റംബര്‍ 25ന് കുടുംബശ്രീ എറണാകുളം കളക്ടറേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

HUNARBAAZ

 

   ആസാദി കാ അമൃത് മഹോത്സവ് ഇന്ത്യ@75  നോടനുബന്ധിച്ചാണ് അവാര്‍ഡുകള്‍ നല്‍കിയത്. അമീന്‍ സിദ്ദിഖ്, ടി. അബ്ദുള്‍ വാജിദ്, മിഥുന്‍.കെ (ജെ.എസ്.എസ്), മഞ്ജു ജോര്‍ജ്, അഹമ്മദ് സവദ് എം (ക്വെസ്), സല്‍മാന്‍ അര്‍ഷാദ് (എം.ഇ.ടി), മെറീന ഡാനിയേല്‍, സജീഷ് ജോര്‍ജ് (വിമലഗിരി), സാന്റോ ജോസഫ് (യു.എല്‍.സി.സി), ജോര്‍ജ് എന്‍. ജോണ്‍, സ്‌നേഹ സെബാസ്റ്റിയന്‍ (ഇസാഫ്), നവീന്‍ സൂര്യ (ഹോളിക്രോസ്) എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ ലഭിച്ചത്.

   ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഓര്‍മയ്ക്കായി ഇന്ത്യാ ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ പരമ്പരയാണ് ആസാദി കാ അമൃത് മഹോത്സവ്. ജന പങ്കാളിത്തോടെ ജനകീയ ഉത്സവമായിട്ടാണ് ആസാദി കാ മഹോത്സവ് ആഘോഷിക്കുന്നത്. 2021 മാര്‍ച്ച് 12ന് ആരംഭിച്ച ആഘോഷം 2023 ഓഗസ്റ്റ് 15 വരെ തുടരും.

 

Content highlight
DDU-GKY Hunarbaaz Awards presented to the differently abledML

കേരള ആർസെറ്റികളുടെ 2020 -21 വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്തു

Posted on Tuesday, September 28, 2021

ഗ്രാമീണ മേഖലയിലെ നിർധനരായ യുവജനങ്ങളുടെ തൊഴിലില്ലായ്മയ്ക്ക്  പരിഹാരം കാണുന്നതിനായി നൈപുണ്യ പരിശീലനമേകി അവരെ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് പ്രാപ്തരാക്കാനും സംരംഭകത്വ വികസനം സാധ്യമാക്കാനുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ആർസെറ്റികൾ (റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്). കേരളത്തിലെ ആർസെറ്റികളുടെ 2020-21 വാർഷിക റിപ്പോർട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്റ്റർ പി.ഐ. ശ്രീവിദ്യ ഐ.എ.എസ്, (സെപ്റ്റംബർ 20) ന് നടന്ന ചടങ്ങിൽ പ്രകാശനം  ചെയ്തു. 

rseti

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ആർസെറ്റികൾ, അതാത് സംസ്ഥാനങ്ങളിലെ ഗ്രാമീണ ഉപജീവന ദൗത്യങ്ങളുമായി സഹകരിച്ചാണ്  പ്രവർത്തിക്കുന്നത്. ഓരോ ജില്ലയിലെയും ലീഡ് ബാങ്കുകൾക്കാണ്  ആർസെറ്റികളുടെ നടത്തിപ്പ് ചുമതല. കേരളത്തിൽ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ നിർവഹണ ഏജൻസി കൂടിയായ കുടുംബശ്രീയുമായി സഹകരിച്ചാണ് ആർസെറ്റികൾ  പ്രവർത്തിക്കുന്നത്. 
ഓരോ ആർസെറ്റികളും 56ലേറെ നൈപുണ്യ പരിശീലന പദ്ധതികളാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. 

  സുസജ്ജമായ പരിശീലന കേന്ദ്രങ്ങളും ഇതിനായുണ്ട്. വാർഷിക റിപ്പോർട്ട്  പ്രകാശന ചടങ്ങിൽ എൻ.എ. ആർ (നാഷണൽ അക്കാഡമി ഓഫ് റുഡ്സെറ്റി – RUDSETI) കേരള അസിസ്റ്റന്റ് കൺട്രോളർ ആർ. സരിത, ആർസെറ്റി സ്റ്റേറ്റ് ഡയറക്ടർ കെ.ആർ. ജയപ്രകാശ്, ഇന്ത്യൻ ഓവർസീസ് ബാങ്ക് ഡയറക്ടർ പ്രേം ജീവൻ,  കുടുംബശ്രീ പ്രോഗ്രാം ഓഫീസർ എസ്. ജഹാംഗീർ, പ്രോഗ്രാം മാനേജർമാരായ എൻ.പി. ഷിബു, ബിപിൻ ജോസ്, ദാസ് വിൻസന്റ്, ടി. ലിയോ പോൾ, കെ.ആർ.ജയൻ, ജി. ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.

Content highlight
rseti annual report published

ദേശീയ നഗര ഉപജീവന പദ്ധതി: ആലപ്പുഴ നഗരസഭയിലെ മഹിളാ മന്ദിര അന്തേവാസികളുടെ 'മഹിളാ- ശ്രേയസ്' അച്ചാര്‍ യൂണിറ്റിന് തുടക്കം

Posted on Thursday, August 26, 2021

ദേശീയ നഗര ഉപജീവന പദ്ധതിക്ക് (എന്‍.യു.എല്‍.എം) കീഴില്‍ ആലപ്പുഴ നഗരസഭയിലെ മഹിളാ മന്ദിരത്തിലെ അന്തേവാസികളുടെ മഹിളാ- ശ്രേയസ് അച്ചാര്‍ യൂണിറ്റിന് തുടക്കമായി. നേരത്തേ എന്‍.യു.എല്‍.എം ന്റെ ഭാഗമായി മഹിളാ മന്ദിരത്തിലെ അന്തേവാസികളെ ചേര്‍ത്ത് 'മഹിളാശക്തി ' അയല്‍ക്കൂട്ടം രൂപീകരിച്ചിരുന്നു. പോക്സോ കേസ് ഇരകള്‍, വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ഒറ്റപ്പെട്ടുപോയവര്‍, പല ഇടങ്ങളില്‍ നിന്ന് അക്രമങ്ങള്‍ നേരിടേണ്ടി വന്നവര്‍, ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍, അല്ലെങ്കില്‍ അതിജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തവര്‍ എന്നിങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യവും അതുവഴി നിലനില്‍പ്പും ഉറാപ്പാക്കുക എന്നത് ആലപ്പുഴ നഗരസഭയിലെ എന്‍.യു.എല്‍.എം ടീമിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു.  

mahila

  ഇതിന്റെ ഭാഗമായാണ് മഹിളാ മന്ദിര അന്തേവാസികള്‍ക്ക് ഭക്ഷ്യ സംസ്‌ക്കരണത്തില്‍ പരിശീലനം ലഭ്യമാക്കി, അച്ചാര്‍ യൂണിറ്റ് ആരംഭിച്ചത്. സംരംഭത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യാരാജ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. ഷാനവാസ്, നഗരസഭാ സെക്രട്ടറി നീതു ലാല്‍, വാര്‍ഡ് കൗണ്‍സിലര്‍ നിസാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുജാത, സിറ്റി പ്രോജക്ട് ഓഫീസര്‍ വര്‍ഗീസ് കെ.പി,  എന്‍.യു.എല്‍.എം മാനേജര്‍ ശ്രീജിത്ത്, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ ആശ, മള്‍ട്ടി ടാസ്‌ക് പേഴ്‌സണ്‍ സൂര്യ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
 

Content highlight
'Mahila- Shreyas' Pickle Unit of the women of Mahila mandiram launched under NULM Scheme in Alappuzha Municipalityml