ഫീച്ചറുകള്‍

ദേശീയ സരസ് മേള 2022 തിരുവനന്തപുരം കനകക്കുന്നിൽ പുരോഗമിക്കുന്നു

Posted on Thursday, April 7, 2022

ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഉത്പന്ന-വിപണനമേളയായ ദേശീയ സരസ് മേള 2022 തിരുവനന്തപുരം കനകക്കുന്നിൽ പുരോഗമിക്കുന്നു. മാർച്ച് 30ന് തുടക്കമായ മേളയിൽ  28 സംസ്ഥാനങ്ങളിലേയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംരംഭകരുടെ ഉൽപ്പന്നങ്ങൾ പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കിയിരിക്കുന്ന 250 സ്റ്റാളുകളുണ്ട്. 60,000 ചതുരശ്ര അടിയുടെ പവലിയൻ. കൂടാതെ 15 സംസ്ഥാനങ്ങളിലെ രുചി വൈവിധ്യം രുചിച്ചറിയാൻ അവസരമൊരുക്കി 25 സ്റ്റാളുകൾ അടങ്ങുന്ന ഫുഡ് കോർട്ടും. 15,000 ചതുരശ്ര അടിയിലാണ് ഫുഡ് കോർട്ട്.

 കേരളം, ആന്ധ്രാപ്രദേശ്, ആസാം, ബീഹാർ, ഛത്തീസ്ഘട്ട്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, പഞ്ചാബ്, സിക്കിം, തമിഴ്നാട്, തെലുങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 600 ഓളം സംരംഭകർ  കരകൗശല ഉത്പന്നങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ വിവിധ ഉത്പന്നങ്ങൾ മേളയ്ക്ക് എത്തിച്ചിട്ടുണ്ട്.

  കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷന്റെ ചുമതലയിലൊരുക്കുന്ന ഫുഡ്കോർട്ടിൽ കർണ്ണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, അരുണാചൽ പ്രദേശ്, അസം, ഉത്തർപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളുടെ ഭക്ഷണ വൈവിധ്യങ്ങൾ വിളമ്പുന്നു. കൂടെ കേരളത്തിലെ വിഭവങ്ങൾ ലഭിക്കുന്ന ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, വയനാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളുടെ സ്റ്റാളുകളുമുണ്ട്.

  ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കലാകാരന്മാരുടെ കലാപ്രകടനങ്ങളും കുടുംബശ്രീ അംഗങ്ങളുടെയും ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെയും ഉൾപ്പെടെയുള്ള കലാപ്രകടനങ്ങളും സെമിനാറുകളും ദിവസേന നടന്നുവരുന്നു. പ്രമുഖ ഗായിക സിതാര കൃഷ്ണകുമാർ, പുഷ്പവതി എന്നിവരുടെ സംഗീതനിശകളും രാജസ്ഥാൻ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തനത് കലാ രൂപങ്ങളും ശിങ്കാരിമേളവും നാടൻപാട്ടും മൺപാട്ടും എല്ലാം ഇക്കഴിഞ്ഞ ഏഴ് നാളുകളിലായി അരങ്ങേറി. ഏപ്രിൽ പത്തിന് മേള സമാപിക്കും.

Content highlight
600 ഓളം സംരംഭകർ കരകൗശല ഉത്പന്നങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയ വിവിധ ഉത്പന്നങ്ങൾ മേളയ്ക്ക് എത്തിച്ചിട്ടുണ്ട്

കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ഇന്നു തുടക്കം

Posted on Wednesday, March 30, 2022

ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഉൽപന്നങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്ക് ഇന്ന് (30/3/2022) തിരി തെളിയും. വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സരസ് മേള ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, അഡ്വ.ആന്റണി രാജു എന്നിവർ മുഖ്യാതിഥികളായിരിക്കും. മേയർ ആര്യാ രാജേന്ദ്രൻ സ്വാഗതം പറയും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ വിഷയാവതരണം നടത്തും.

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഏഴാമത് സരസ് മേളയാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്. കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങൾ ഇതിൽ പങ്കെടുക്കും. ആന്ധ്രാപ്രദേശ്, ആസാം, ബീഹാർ, ഛത്തീസ്ഘട്ട്, ഗോവ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, പഞ്ചാബ്, സിക്കിം, തമിഴ്നാട്, തെലുങ്കാന, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. സന്ദർശകരെ വരവേൽക്കാൻ 60000 ചതുരശ്ര അടിയിലുള്ള പവിലിയനും അതിൽ 237 സ്റ്റാളുകളും സജ്ജീകരിച്ചു. ഇതിൽ 62 എണ്ണം ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സംരംഭകർക്കും ബാക്കി 175 എണ്ണം കേരളത്തിനുമാണ്. അറുനൂറിലേറെ സംരംഭകരാണ് മേളയിൽ പങ്കെടുക്കുക.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംസ്കാരവും പാരമ്പര്യത്തനിമയും ഒത്തിണങ്ങുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് സരസ് മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത്. പൗരാണിക ഭംഗി തുളുമ്പുന്ന കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, തുകൽ ഉൽപന്നങ്ങൾ തുടങ്ങി ഗൃഹോപകരണങ്ങൾ വരെ സംരംഭകരിൽ നിന്നും ഇടനിലക്കാരില്ലാതെ നേരിട്ടു വാങ്ങാനുള്ള അവസരമാണ് സരസ് മേളയിൽ ലഭിക്കുക.

15000 ചതുരശ്ര അടിയിൽ തീർത്തിട്ടുള്ള ഇന്ത്യാ ഫുഡ് കോർട്ടാണ് സരസ് മേളയുടെ മറ്റൊരാകർഷണം. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ വനിതാ കാറ്ററിങ്ങ് സംരംഭകരും കഫേ കുടുംബശ്രീ വനിതകളും ചേർന്ന് മുന്നൂറിലേറെ വൈവിധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളൊരുക്കും. കുടുംബശ്രീയുടെ കീഴിലുള്ള ട്രാൻസ്ജെൻഡർ ഗ്രൂപ്പുകളും ഫുഡ് കോർട്ടിൽ പങ്കെടുക്കും. നാഷണൽ റിസോഴ്സ് ഓർഗനൈസേഷനാണ് ഇതിന്റെ ചുമതല. കൂടാതെ കുടുംബശ്രീ പ്രവർത്തകരും കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെ കലാകാരൻമാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സെമിനാറുകളും ചർച്ചകളും എല്ലാ ദിവസവും വേദിയിൽ അരങ്ങേറും.

ഹരിതചട്ടം പാലിച്ചു സംഘടിപ്പിക്കുന്ന മേളയിൽ പ്ളാസ്റ്റിക് ഒഴിവാക്കും. മേളയുടെ സുരക്ഷയ്ക്കായി പോലീസ്, ഫയർഫോഴ്സ്, മെഡിക്കൽ ടീം ഉൾപ്പെടെയുള്ള സേവനങ്ങൾ ഉറപ്പു വരുത്തിയിട്ടുണ്ട്. ഉദ്ഘാടനത്തിനു മുന്നോടിയായി ദീപശിഖാ പ്രയാണം സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സ്ത്രീശക്തി കലാജാഥയുടെ ഭാഗമായി 28 കലാകാരികൾ ചേർന്നവതരിപ്പിക്കുന്ന രണ്ടു സംഗീത ശിൽപ്പങ്ങളും മൂന്നു നാടകവും കൂടാതെ സരസ് മേളയുടെ തീം സോങ്ങിന്റെ ദൃശ്യാവിഷ്കാരവും നിശാഗന്ധിയിൽ അരങ്ങേറും. പരിപാടിയിൽ എം.പിമാർ, എം.എൽ.എമാർ, കുടുംബശ്രീ ഭരണ നിർവഹണ സമിതി അംഗങ്ങൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ.കെ.ആർ ഷൈജു നന്ദി പറയും.

Content highlight
National Saras Mela 2022 from today onwards

കലാവസന്തത്തിന് തുടക്കം...

Posted on Monday, March 21, 2022

കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക്  തിരികെയെത്തിക്കൊണ്ടിരിക്കുകയാണ് ലോകം. കലയിലൂടെ ആഘോഷമായൊരു തിരിച്ചുവരവ് നടത്തി ഏവര്‍ക്കുമൊപ്പം ചേര്‍ന്നിരിക്കുകയാണ് കുടുംബശ്രീ ബഡ്സ് സ്ഥാപന കുട്ടികളും. ബഡ്സ് ഫെസ്റ്റിവലിലൂടെ..

   ആദ്യ ജില്ലാതല ബഡ്‌സ് ഫെസ്റ്റ് വയനാട് ജില്ലയില്‍ മാര്‍ച്ച് 17, 19 തീയതികളില്‍ നടന്നു. 'മിഴി 2022' എന്ന മേളയില്‍ ജില്ലയിലെ 11 സ്ഥാപനങ്ങളില്‍ നിന്നായി 249 കുട്ടികള്‍ പങ്കെടുത്തു.

  പെയിന്റിങ്, എംബോസ് പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ് എന്നിങ്ങനെയുള്ള സ്റ്റേജിതര മത്സരങ്ങള്‍ 17നും ലളിതഗാനം, നാടന്‍പാട്ട്, പ്രച്ഛന്നവേഷം, നാടോടിനൃത്തം തുടങ്ങിയ സ്റ്റേജിന മത്സരങ്ങള്‍ 19നും സംഘടിപ്പിച്ചു.

   83 പോയിന്റോടെ തിരുനെല്ലി ബഡ്സ് സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. 29 പോയിന്റോടെ കല്‍പ്പറ്റ സ്‌കൂള്‍ രണ്ടാമതെത്തി. നൂല്‍പ്പുഴ ബി.ആര്‍.സി മൂന്നാമതും.

  ഏപ്രില്‍ മാസത്തോടെ ജില്ലാതല ബഡ്സ് ഫെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയശേഷം സംസ്ഥാനതല കലോത്സവവും സംഘടിപ്പിക്കും. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി  342 ബഡ്‌സ് സ്ഥാപനങ്ങള്‍ ഇപ്പോള്‍ കുടുംബശ്രീയ്ക്ക് കീഴിലുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവയുടെ പ്രവര്‍ത്തനം.
 

Content highlight
ആദ്യ ജില്ലാതല ബഡ്‌സ് ഫെസ്റ്റ് വയനാട് ജില്ലയില്‍ മാര്‍ച്ച് 17, 19 തീയതികളില്‍ നടന്നു. 'മിഴി 2022' എന്ന മേളയില്‍ ജില്ലയിലെ 11 സ്ഥാപനങ്ങളില്‍ നിന്നായി 249 കുട്ടികള്‍ പങ്കെടുത്തു

കുടുംബശ്രീയെക്കുറിച്ച് പഠിക്കാന്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ കേരളത്തില്‍

Posted on Saturday, March 5, 2022

കുടുംബശ്രീ മാതൃക പകര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡല്‍ഹി വനിതാ കമ്മീഷന്‍ അംഗങ്ങള്‍ കേരളത്തിലെത്തി വിശദമായ പഠന സന്ദര്‍ശനം നടത്തി. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മലിവാള്‍, അംഗങ്ങളായ ഫിര്‍ദോസ്, വന്ദന സിങ്, റിസര്‍ച്ച് അസോസിയേറ്റ് സാക്ഷി സൗരഭ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ദീപിക സിങ്, റിസര്‍ച്ച് ഓഫീസര്‍ സൗരഭ് സിങ് എന്നീ ആറംഗ സംഘമാണ് പഠനം നടത്തുന്നത്.

  മാര്‍ച്ച് രണ്ട് മുതല്‍ നാല് വരെ തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളില്‍ കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ കണ്ടറിഞ്ഞു.

DWC

  തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസ് , കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് എന്നിവരുമായി സംഘം സംവദിച്ചു.

  തിരുവനന്തപുരത്തും കൊല്ലത്തുമായി അയല്‍ക്കൂട്ടം, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, പിങ്ക് കഫെ, അപ്പാരല്‍ പാര്‍ക്ക്, ഷീ ലോഡ്ജ്, ആര്‍.ഒ പ്ലാന്റ്, എറണാകുളത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടം, കൊച്ചി മെട്രോ, സമൃദ്ധി ജനകീയ ഹോട്ടല്‍ എന്നിവിടങ്ങളിലുമെല്ലാം സംഘം സന്ദര്‍ശനം നടത്തി.
Content highlight
DWC studied about kudumbashree

അട്ടപ്പാടിയില്‍ ഉപജീവന അവസരങ്ങളൊരുക്കി മില്ലറ്റ് കഫേയും വൈഗയും

Posted on Saturday, February 26, 2022

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഹില്‍ വാല്യു ബ്രാന്‍ഡില്‍ രണ്ട് കാര്‍ഷിക ഉപജീവന സംരംഭങ്ങള്‍ക്ക് കുടുംബശ്രീ തുടക്കം കുറിച്ചു. ചെറുധാന്യങ്ങളുടെ ഉപയോഗവും കൃഷിയും പ്രോത്സാഹിപ്പിക്കുക, നല്ലഭക്ഷണം പ്രാദേശികമായി ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മില്ലറ്റ് കഫേ ആരംഭിച്ചത്. ചിത്രശലഭം കാര്‍ഷിക ഗ്രൂപ്പിലെ രേശി, ലക്ഷ്മി വെള്ളിങ്കിരി, ലക്ഷ്മി ബാലന്‍ എന്നിവരാണ് പുതൂരിലുള്ള ഈ കഫേയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.

  ചെറുധാന്യങ്ങളുപയോഗിച്ച് തയ്യാറാക്കുന്ന റാഗി അട, പുട്ട്, ചാമ പായസം, ചാമ ബിരിയാണി, വരഗ് ദോശ...തുടങ്ങിയ വിഭവങ്ങള്‍ ഇവിടെ ലഭിക്കും.

  അഗളി പഞ്ചായത്ത് സമിതിയ്ക്ക് കീഴിലാണ് വൈഗ എന്ന സംരംഭം ആരംഭിച്ചിരിക്കുന്നത്. ചെല്ലി, ലക്ഷ്മി നഞ്ചന്‍, പാപ്പ കക്കി, ആശ, രാധ എന്നീ സംരംഭകര്‍ ചേര്‍ന്നാണ് ദോശമാവും മസാലപ്പൊടികളും മറ്റും ഉത്പാദിപ്പിക്കുന്ന ഈ സംരംഭം നടത്തുന്നത്. ഹില്‍ വാല്യു എന്ന  കുടുംബശ്രീയുടെ കാര്‍ഷിക ഉത്പന്ന ബ്രാന്‍ഡിന്റെ കീഴിലാണ് ഈ രണ്ട് സംരംഭങ്ങളും ആരംഭിച്ചിരിക്കുന്നത്.   കാര്‍ഷിക മേഖലയില്‍ ഹില്‍ വാല്യു ബ്രാന്‍ഡില്‍ ആരംഭിക്കുന്ന 13ാം സംരംഭമാണ് മില്ലറ്റ് കഫേ.

 കുടുംബശ്രീയുടെ ഭാഗമായി 1037 ജെ എല്‍ജികളിലായി 4606  കര്‍ഷകര്‍ വിവിധ വിളകള്‍ അട്ടപ്പാടിയില്‍ കൃഷി ചെയ്യുന്നുണ്ട്. 606.5 ഏക്കറില്‍ ചെറു ധാന്യങ്ങളായ റാഗി ,ചാമ, ചോളം, വരഗ്, തിന, കുതിര വാലി എന്നിവ കൃഷി ചെയ്ത് വരുന്നു.

 

Content highlight
kudumbashree starts millet cafe at attappadyml

കോഴിക്കോട് എന്‍.സി.സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ കുടുംബശ്രീയുടെ 'രസോയി' നാടന്‍ ഭക്ഷണശാലയ്ക്ക് തുടക്കം

Posted on Friday, February 25, 2022

കോഴിക്കോടുള്ള നാഷണല്‍ കേഡറ്റ് കോര്‍ (എന്‍.സി.സി) ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ കുടുംബശ്രീയുടെ നാടന്‍ ഭക്ഷണശാല പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ (24/02/22) നടന്ന ചടങ്ങില്‍ എന്‍.സി.സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഇ. ഗോവിന്ദ് ഭക്ഷണശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഡിഫന്‍സീവ് സര്‍വീസ് സ്ഥാപനത്തില്‍ ഇത്തരത്തിലൊരു അവസരം കുടുംബശ്രീയ്ക്ക് ലഭിച്ചത് ഏറെ ശ്രദ്ധേയമായി.

  കോഴിക്കോട് കോര്‍പ്പറേഷന്‍ നോര്‍ത്ത് സി.ഡി.എസിന് കീഴിലുള്ള രസോയി എന്ന സംരംഭത്തിലെ അഞ്ച് പേര്‍ ചേര്‍ന്നാണ് ഭക്ഷണ ശാല നടത്തുക. കെട്ടിടത്തിന് വാടക നല്‍കേണ്ടതില്ല. പാത്രങ്ങള്‍, ഉപകരണങ്ങള്‍, സ്റ്റൗ മുതലായവ  സംരംഭകര്‍ക്ക് സൗജന്യമായി  നല്‍കുകയും ചെയ്തിട്ടുണ്ട്.

rasoi

  ഭക്ഷണശാലയിലേക്ക് ആവശ്യമുള്ള പലവ്യഞ്ജനങ്ങള്‍ എന്‍.സി.സി ക്യാന്റീനില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. വാങ്ങുന്ന സാധനങ്ങളുടെ തുക നല്‍കാന്‍ ഒരു മാസ കാലാവധിയും അനുവദിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കേണ്ടതുമില്ല. എന്‍.സി.സി ക്യാമ്പിനെത്തുന്ന കുട്ടികള്‍ക്കും മറ്റുമുള്ള ഭക്ഷണം തയാറാക്കി നല്‍കുന്നതിനുള്ള വലിയ ഓര്‍ഡറുകള്‍ സ്ഥിരമായി ലഭിക്കുകയും ചെയ്യും.
 
   ഉദ്ഘാടന ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ പി. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രൊജക്റ്റ് ഓഫീസര്‍ ടി.കെ. പ്രകാശന്‍, കുടുംബശ്രീ നോര്‍ത്ത് സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ യമുന, എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍മാരായ ബിന്‍സി ഇ.കെ, നിഖില്‍ ചന്ദ്രന്‍, ജൈസണ്‍ ടി.ജെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

Content highlight
Rasoi

ദേശീയ സരസ് മേള 22 - ലോഗോ ക്ഷണിക്കുന്നു

Posted on Tuesday, February 22, 2022

മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 10 വരെ തിരുവനന്തപുരത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയതലത്തിലുള്ള ഉത്പന്ന വിപണനമേളയായ സരസ് മേള 2022നായുള്ള ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 5000 രൂപയാണ് സമ്മാനം.

  തിരുവനന്തപുരത്തിന്റെ സാമൂഹ്യ, സാംസ്‌ക്കാരിക തനിമയും സ്ത്രീശാക്തീകരണ രംഗത്ത് കുടുംബശ്രീയുടെ ഇടപെടലുകളും പ്രതിഫലിക്കുന്ന ലോഗോയാണ് തയാറാക്കേണ്ടത്. ലോഗോകള്‍ tvmsaras2022@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ അയയ്ക്കാം. അവസാനതീയതി ഫെബ്രുവരി 28. ലോഗോയുടെ ഒറിജനല്‍ വര്‍ക്ക് ഫയല്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അയച്ച് നല്‍കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഉപയോഗിക്കാനുള്ള പൂര്‍ണ്ണമായ അവകാശം കുടുംബശ്രീയ്ക്ക് മാത്രമായിരിക്കും.

   തിരുവനന്തപുരം കനകക്കുന്ന് പാലസ് ഗ്രൗണ്ടിലാണ് മേള സംഘടിപ്പിക്കുന്നത്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (എന്‍.ആര്‍.എല്‍.എം) ഭാഗമായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന സരസ് മേളകളില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണനത്തിനായി എത്തിക്കുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യങ്ങള്‍ ലഭിക്കുന്ന ഇന്ത്യ ഫുഡ് കോര്‍ട്ടും മേളയുടെ ഭാഗമായുണ്ടാകും.
 
  മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് - 0471 2447552.

 

Content highlight
National Saras Mela 2022- Invites logoen

ഡി.ഡി.യു - ജി.കെ.വൈ: എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കി ജോലിയും നേടി വിദ്യാര്‍ത്ഥികള്‍

Posted on Tuesday, February 22, 2022

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു-ജി.കെ.വൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന)യുടെ ഭാഗമായി എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കി പരിശീലനാര്‍ത്ഥികള്‍.

  കുടുംബശ്രീയുടെ ഡി.ഡി.യു-ജി.കെ.വൈ പ്രോജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സിയായ (പി.ഐ.എ) വയനാട് ജില്ലയിലെ കല്‍പ്പറ്റ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലവ് ഗ്രീന്‍ അസോസിയേഷന്‍ മുഖേന രണ്ട് ബാച്ചുകളിലായി ഈ കോഴ്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 70 വിദ്യാര്‍ത്ഥികള്‍ എയറോസ്‌പേസ് ആന്‍ഡ് ഏവിയേഷന്‍ സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ (എ.എ.എസ്.എസ്.സി) നടത്തുന്ന അസസ്‌മെന്റിലും മികച്ച സ്‌കോര്‍ നേടി വിജയം കൈവരിച്ചിരുന്നു. ഇവരില്‍ 44 പേര്‍ ഇതിനോടകം ജോലിയും നേടിക്കഴിഞ്ഞു.

എയര്‍ ഇന്ത്യ സാറ്റ്‌സ്, ബംഗളൂരു, ചെന്നൈ, കൊച്ചി എയര്‍പോര്‍ട്ടുകള്‍, ഗ്രൗണ്ട് ഗ്ലോബ് ഇന്ത്യ, സ്പീഡ്വിങ്‌സ് സര്‍വീസസ് എന്നിവിടങ്ങളിലായി കാര്‍ഗോ, റാമ്പ്, സെക്യൂരിറ്റി ഏജന്റ് തുടങ്ങിയ വിവിധ തസ്തികകളിലാണ് ഇവര്‍ ജോലി സ്വന്തമാക്കിയത്.

ഗ്രാമീണ മേഖലയിലെ 18നും 35നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്കാണ് ഡി.ഡി.യു-ജി.കെ.വൈയുടെ ഭാഗമായി നൈപുണ്യ പരിശീലനം നേടാനാകുന്നത്. സ്ത്രീകള്‍, പ്രാക്തന ഗോത്രവിഭാഗക്കാര്‍, വൈകല്യമുള്ളവര്‍ എന്നിവരുടെ പ്രായപരിധി 45 വയസ്സുവരെയാണ്. ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ഇലക്ട്രോണിക്‌സ്, ഹെല്‍ത്ത്‌കെയര്‍, ക്യാപ്പിറ്റല്‍, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നേടാന്‍ കഴിയും. ഡി.ഡി.യു-ജി.കെ.വൈ കോഴ്‌സുകളെക്കുറിച്ചും മറ്റുമുള്ള വിശദാംശങ്ങള്‍ അറിയാന്‍ അതാത് കുടുംബശ്രീ ജില്ലാ മിഷനുകളില്‍ ബന്ധപ്പെടുക.
 
Content highlight
DDU-GKY beneficiaries successfully complete Airline Customer Service Executive Course and secure placementsen

ജലജീവന്‍ മിഷന്റെ ഭാഗമായി സൗജന്യ നൈപുണ്യ പരിശീലനം നേടാന്‍ അവസരം

Posted on Saturday, February 19, 2022
2024ഓടെ പ്രത്യേക ഗാര്ഹിക കുടിവെള്ള കണക്ഷനുകള് മുഖേന ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവന് മിഷന്. ജലജീവന് മിഷന് പ്രവര്ത്തനങ്ങളുടെ ഭാഗമാകുന്നതിനായി കുടുംബശ്രീ അംഗങ്ങള്ക്കോ അവരുടെ കുടുംബാംഗങ്ങള്ക്കോ സൗജന്യ നൈപുണ്യ പരിശീലനം നേടാനുള്ള അവസരം ഇപ്പോള് ഒരുക്കിയിരിക്കുന്നു.
 
സംസ്ഥാന ജല അതോറിറ്റി, കേരള അക്കാഡമി ഫോര് സ്‌കില് എക്സലന്സ് (KASE) എന്നിവയുമായി സഹകരിച്ചാണ് നൈപുണ്യ പരിശീലനം നല്കുന്നത്. പ്ലംബര്, പൈപ്പ് ഫിറ്റര്, മേസണ്, ഇലക്ട്രീഷ്യന് തുടങ്ങിയ ജോലികള് ഏറ്റെടുത്ത് നിര്വഹിക്കാനാവും വിധത്തില്, ഈ നാല് മേഖലകളില് വ്യക്തമായ സിലബസ് അടിസ്ഥാനമാക്കിയുള്ള പരിശീലനമാണിത്.
 
ആയിരത്തോളം പേര്ക്ക് പത്ത് ദിവസം നീളുന്ന പരിശീലനം നല്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കേരള അക്കാഡമി ഫോര് സ്‌കില് എക്സലന്സ് കേന്ദ്രങ്ങള്, സര്ക്കാര് ഐ.ടി.ഐകള് എന്നിവിടങ്ങളാണ് പരിശീലന കേന്ദ്രങ്ങള്. പരിശീലനം വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് വാട്ടര് അതോറിറ്റി പ്രത്യേക ലൈസന്സും നല്കും. ജലജീവന് മിഷന്റെ ഭാഗമായി കുടിവെള്ള പൈപ്പ് കണക്ഷന് നല്കല്, നിര്മ്മാണ പ്രവര്ത്തനങ്ങള്, അറ്റകുറ്റ പണികള്, പരിപാലന പ്രവര്ത്തനങ്ങള് എന്നിവ നടത്തുന്നതിനുള്ള അവസരവും പരിശീലനം പൂര്ത്തിയാക്കുന്നവര്ക്ക് ലഭിക്കും.
 
ജലജീവന് മിഷന്റെ ഭാഗമായി നല്കുന്ന സൗജന്യ നൈപുണ്യ പരിശീലനത്തില് പങ്കെടുക്കാന് താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങള്ക്ക് അതാത് സി.ഡി.എസുകളിലോ ജില്ലാ മിഷന് ഓഫീസുകളിലോ ബന്ധപ്പെടാം.
വയനാട്, കാസര്ഗോഡ്, കോട്ടയം, ഇടുക്കി, തൃശ്ശൂര് എന്നീ ജില്ലകളില് ജലജീവന് മിഷന്റെ ഭാഗമായി പൈപ്പ് കണക്ഷന് നല്കലുള്പ്പെടെയുള്ള വിവിധ പ്രവര്ത്തനങ്ങള് കുടുംബശ്രീയുടെ മള്ട്ടി ടാസ്‌ക് ടീം (എറൈസ്) അംഗങ്ങള് ഏറ്റെടുത്ത് നടപ്പിലാക്കിയിരുന്നു. 258 പഞ്ചായത്തുകളില് ജലജീവന് മിഷന്റെ പദ്ധതി നിര്വ്വഹണ ഏജന്സികള്ക്ക് പിന്തുണ നല്കുന്ന ഇംപ്ലിമെന്റിങ് സപ്പോര്ട്ട് ഏജന്സിയായി പ്രവര്ത്തിക്കാനുള്ള അവസരവും കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു. പത്ത് ജില്ലകളില് നിന്നുള്ള 162 പേര്ക്ക് ഒരാഴ്ച്ച നീളുന്ന ആദ്യഘട്ട പരിശീലനങ്ങളും ലഭ്യമാക്കിയിരുന്നു.
Content highlight
Opportunity to avail free skill training as part of Jal Jeevan Mission

ആറളത്തെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി കുടുംബശ്രീ വനിതാ നിര്‍മ്മാണ സംഘങ്ങള്‍

Posted on Wednesday, February 2, 2022

കണ്ണൂര്‍ ജില്ലയിലെ ആറളം ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി ശ്രദ്ധ നേടിയിരിക്കുകയാണ് കുടുംബശ്രീയുടെ വനിതാ നിര്‍മ്മാണ സംഘങ്ങള്‍. ആറളം ഫാമിലെ ഒമ്പതാം ബ്ലോക്കിലെ ലക്ഷ്മി, ബിന്ദു, ശാന്ത എന്നിവര്‍ക്ക് വേണ്ടിയാണ് രണ്ട് വനിതാ നിര്‍മ്മാണ സംഘങ്ങള്‍ ചേര്‍ന്ന് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ പദ്ധതിയിലുള്‍പ്പെടുത്തി തയാറാക്കിയ ഈ ആദ്യ മൂന്ന് വീടുകളുടെ താക്കോല്‍ദാനം ജനുവരി 27ന് നടന്ന ചടങ്ങില്‍ ഡോ. വി. ശിവദാസന്‍ എം.പി നിര്‍വഹിച്ചു.

    560 മുതല്‍ 580 വരെ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 20 വീടുകള്‍ നിര്‍മ്മിക്കാനുള്ള അവസരമാണ് കുടുംബശ്രീയ്ക്ക് ലഭിച്ചിട്ടുള്ളത്. അടുത്ത ആറ് മാസത്തിനുള്ളില്‍ പത്ത് വീടുകളുടെ കൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഒരു വീടിനായി ആറ് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രണ്ട് മുറികളും അടുക്കളയും ഹാളുമെല്ലാം ഉള്‍പ്പെടുന്നതാണ് ഒരു വീട്.

   ജ്വാല, കനല്‍ എന്നീ കുടുംബശ്രീ വനിതാ നിര്‍മ്മാണ സംഘങ്ങളാണ് വീട് നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. സിസിലി ജോസഫ് (പ്രസിഡന്റ്), നിഷ ജയപ്രകാശ് (സെക്രട്ടറി), ബിന്ദു ഷിബിനന്‍, വിമല ചന്ദ്രന്‍, കുമാരി സുബ്രഹ്മണ്യന്‍, നസീമ റഷീദ്, പാത്തുമ്മ എന്‍.എം എന്നിവരാണ് ജ്വാലയിലെ അംഗങ്ങള്‍. അശ്വതി ബാബു (പ്രസിഡന്റ്), കെ. പങ്കജാക്ഷി (സെക്രട്ടറി), സഫീറ, കെ. ലീല, ഷൈജ, ശ്രീജ, സെഫിയ, സക്കീന, ഷാഹിന എന്നിവര്‍ കനലിലെ അംഗങ്ങളും.

  സ്ട്രക്ചറല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദധാരിയും കുടുംബശ്രീ കുടുംബാംഗവുമായ നിതിഷയുടെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലായിരുന്നു വീടുകളുടെ നിര്‍മ്മാണം. ആറളം പുനരധിവാസ പദ്ധതി പ്രദശത്തെ ഭവന നിര്‍മ്മാണ രംഗത്ത് നീണ്ട കാലമായി നിലനില്‍ക്കുന്ന ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും പട്ടിക വര്‍ഗ്ഗ കുടുംബങ്ങളെ സംരംക്ഷിച്ച് അവര്‍ക്ക് ഉന്നത ഗുണനിലവാരമുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

 ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അധ്യക്ഷനായ താക്കോല്‍ദാന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോള്‍ വാഴപ്പിള്ളി, വാര്‍ഡ് അംഗം മിനി ദിനേശന്‍, ആറളം ഫാം എം.ഡി എസ്. ബിമല്‍ഘോഷ്, പി.പി. ഗിരീഷ്, കെ.വി. സന്തോഷ്, വി.വി അജിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുമാ ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.

 

 

Content highlight
Houses constructed by Kudumbashree Women Construction Groups for ST Families of Aralam Farm handed over to the beneficiariesml