ഫീച്ചറുകള്‍

മുസോറിയില്‍ താരമായി കുടുംബശ്രീ

Posted on Saturday, July 2, 2022

മുസോറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷനിലെ വിപണന മേളയില്‍ താരമായി മാറി കുടുംബശ്രീ. കേരള സാരിയും മുണ്ടും കരകൗശല വസ്തുക്കളുമെല്ലാമായി പതിനാറോളം ഉത്പന്നങ്ങളാണ് ജൂണ്‍ 26, 27 തീയതികളിലായി ഐ.എ.എസ് അക്കാഡമിയില്‍ സംഘടിപ്പിച്ച മേളയില്‍ കുടുംബശ്രീ വിപണനത്തിനായി എത്തിച്ചത്.

പാലക്കാട് ജില്ലയില്‍ നിന്നുള്ള കുടുംബശ്രീ ന്യൂട്രിമിക്‌സ് സംരംഭക ഭാഗീരഥി, തൃശ്ശൂര്‍ ജില്ലയിലെ കൊടകര ബ്ലോക്കില്‍ കുടുംബശ്രീ മുഖേന നടത്തിവരുന്ന സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ (എസ്.വി.ഇ.പി) ഭാഗമായി പ്രവര്‍ത്തിക്കുന്ന മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരായ ശാരി ഹരി, വിനീത, സംരംഭകയായ ശ്യാമ സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് മേളയിലെ കുടുംബശ്രീ സ്റ്റാള്‍ നടത്തിയത്. രണ്ട് ദിനങ്ങളായി നടന്നമേളയില്‍ 48,070 രൂപയുടെ വിറ്റുവരവും നേടാന്‍ കഴിഞ്ഞു.

വിപണനമേളയിലെ പങ്കാളിത്തത്തിനുപരിയായി അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള കുടുംബശ്രീയുടെ സംരംഭ രൂപീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് സിവില്‍ സര്‍വീസ് ട്രെയിനികളുമായി ഇവര്‍ സംവദിക്കുകയും ചെയ്തു. തൃശ്ശൂര്‍, പാലക്കാട് ജില്ലയിലെ സംരംഭകരുടെ ഉത്പന്നങ്ങളാണ് മേളയില്‍ ലഭ്യമാക്കിയത്.

 

 

Content highlight
Kudumbashree excels at Mussoorie

അട്ടപ്പാടിയില്‍ കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Friday, June 24, 2022

2022 അധ്യയന വര്‍ഷത്തില്‍ വര്‍ഷത്തില്‍ പത്ത്, പ്ലസ് ടു പരീക്ഷ എഴുതി വിജയിച്ച അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല സംഘടിപ്പിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള ചിറ്റൂര്‍ കരിയര്‍ ഡെവലപ്പെമെന്റ് സെന്ററുമായി ചേര്‍ന്ന് അഗളി കിലയിലെ കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 22നായിരുന്നു ശില്‍പ്പശാല.

  പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്ക് ഉന്നത പഠനത്തിനും തൊഴില്‍ സാധ്യതകള്‍ക്കും വ്യക്തമായ ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ 560 പേര്‍ പങ്കെടുത്തു. ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററിലെ എംപ്ലോയ്‌മെന്റ് ഓഫീസറും സെന്റര്‍ മാനേജരുമായ ഹേമ നേതൃത്വം നല്‍കിയ ടീം ക്ലാസ്സുകള്‍ നയിച്ചു. പിന്നാക്ക ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ വി.എസ്. മുഹമ്മദ് ഇബ്രാഹിം ഉന്നതപഠന സാധ്യതകളെ കുറിച്ച് കുട്ടികളോട് വിശദീകരിച്ചു.

  പത്താം ക്ലാസ്സിനും പ്ലസ് ടു വിനും ശേഷം കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിവിധങ്ങളായ കോഴ്‌സുകളെ കുറിച്ചും ഈ കോഴ്‌സുകളുടെ ജോലി സാധ്യതകളെക്കുറിച്ചും ശില്‍പ്പശാലയിലൂടെ വിശദമാക്കി. അട്ടപ്പാടിയിലെ കുടുംബശ്രീ പഞ്ചായത്ത് സമിതികള്‍ വഴി ആനിമേറ്റര്‍മാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ബ്രിഡ്ജ് കോഴ്‌സ് അധ്യാപകര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ വിവരശേഖരണം നടത്തി. കുടുംബശ്രീ അസ്സിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ബി.എസ്. മനോജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

atpdy cr

 

atpdy crr

 

Content highlight
career guidance workshop at attappady

കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ്സ്, അഭിമാനാര്‍ഹമായ നേട്ടവുമായി കുടുംബശ്രീയും

Posted on Tuesday, June 21, 2022

കേരളത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചിട്ട് ഇന്ന് അഞ്ച് വര്‍ഷം തികഞ്ഞിരിക്കുന്നു. ഒരു അത്യപൂര്‍വ്വ നേട്ടവും കൂടി കൈവരിച്ചാണ് 2017 ജൂണ്‍ 17ന് കൊച്ചി മെട്രോ സര്‍വീസ് തുടങ്ങിയത്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ത്രീ പങ്കാളിത്തത്തോടെ നടത്തുന്ന മെട്രോയെന്നതായിരുന്നു ആ ഖ്യാതി. ആ നേട്ടത്തിന് ഹേതുവായത് കുടുംബശ്രീയും.

  ജൂണ്‍ 17ന് മെട്രോയ്ക്ക് അഞ്ച് വയസ്സ് തികയുമ്പോള്‍, കുടുംബശ്രീയുടെ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായി മാറിയ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായുള്ള (കെ.എം.ആര്‍.എല്‍) വിജയകരമായ സംയോജനത്തില്‍ ഏറെ അഭിമാനിക്കുകയാണ് കുടുംബശ്രീ. ടിക്കറ്റ് നല്‍കല്‍, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍, ഹൗസ് കീപ്പിങ്, ഗാര്‍ഡനിങ് എന്നിങ്ങനെയുള്ള ചുമതലകള്‍ ഏറ്റവും മികച്ച രീതിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ നിര്‍വഹിച്ചു വരികയാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇവിടെ വിവിധ തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു.

 കൊച്ചി മെട്രോയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്റ് സെന്റര്‍ മുഖേനയാണ്. നിലവില്‍ 613 പേരാണ് എഫ്.എം.സി മുഖേന കൊച്ചി മെട്രോയില്‍ വിവിധ ജോലികള്‍ ചെയ്യുന്നത്. ഇതില്‍ 9 പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സാണ്. മള്‍ട്ടി ടാസ്‌ക് സര്‍വീസസ് മേഖലയില്‍ ജോലി ചെയ്യുന്നത് കുടുംബശ്രീ കുടുംബാംഗങ്ങളായ 14 പുരുഷന്മാരും.

 

Content highlight
Kochi Metro turns 'Five'; Proud Achievement for Kudumbashreeml

കുടുംബശ്രീയില്‍ പഠനസന്ദര്‍ശനം നടത്തി മേഘാലയ സംഘം

Posted on Saturday, June 18, 2022

കേരളത്തിലെ ആരോഗ്യ മേഖലയില്‍ കുടുംബശ്രീ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് പഠിക്കാന്‍ മേഘാലയ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥര്‍ കുടുംബശ്രീ സന്ദര്‍ശിച്ചു. മിഷന്‍ ഡയറക്ടര്‍ എസ്. രാം കുമാര്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ ജൂണ്‍ 10നാണ് കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫീസില്‍ സംഘം എത്തിയത്. മേഘാലയ സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് സൊസൈറ്റി (എം.എസ്.ആര്‍.എല്‍.എസ്) ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.

  പി.ആര്‍.ഐ- സി.ബി.ഒ സംയോജന പദ്ധതി നടപ്പിലാക്കുന്നതിന് കുടുംബശ്രീ എന്‍.ആര്‍.ഒയും മേഘാലയയുമായി നേരത്തേ കരാറിലെത്തിയിരുന്നു. കുടുംബശ്രീയുടെ ആരോഗ്യ മേഖലയിലുള്ള ഇടപെടലുകളെക്കുറിച്ചുള്ള അവതരണം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് നടത്തി.  

  അംഗന്‍വാടികള്‍ വഴി വിതരണം ചെയ്യുന്ന കുട്ടികള്‍ക്കുള്ള പൂരക പോഷകാഹാരമായ അമൃതം ന്യൂട്രിമിക്‌സ് കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചും ആരോഗ്യ മേഖലയയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി നടത്തുന്ന ഇടപെടലുകളെക്കുറിച്ചും പഞ്ചായത്തുകളിലുള്ള വാര്‍ഡ് തല ആരോഗ്യ-ശുചിത്വ കമ്മിറ്റികളെക്കുറിച്ചുമെല്ലാം വിശദമാക്കി. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഭാഗമായുള്ള സ്വയം സഹായ സംഘങ്ങള്‍ മുഖേന ആരോഗ്യ, പോഷണ മേഖലയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ മേഘാലയ്ക്ക് എല്ലാവിധത്തിലുള്ള പിന്തുണയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വാഗ്ദ്വാനം ചെയ്തു.

  മേഘാലയ സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലിഹുഡ് മിഷനുമായി ചേര്‍ന്ന് കുടുംബശ്രീ എന്‍.ആര്‍.ഒ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രെസന്റേഷനില്‍ വിശദമാക്കി. ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും അംഗന്‍വാടി തലത്തിലുള്ള മോണിറ്ററിങ് സംവിധാനവും പിന്തുണാ സമിതിയും സജീവമാക്കുന്നതിനും ന്യൂട്രിഗാര്‍ഡനുകള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കുന്നതിനെക്കുറിച്ചുമെല്ലാം വ്യക്തമാക്കി. കൊല്ലം, എറണാകുളം ജില്ലകളില്‍ സംഘം ഫീല്‍ഡ് സന്ദര്‍ശനം നടത്തി.

Content highlight
Meghalaya Delegation visits Kudumbashree National Resource Organisation

എന്‍ ഊരില്‍ ശ്രദ്ധേയമായി ഗോത്രശ്രീ

Posted on Saturday, June 18, 2022

ഗോത്ര സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വയനാട്ടിലെ പൂക്കോട് ഒരുക്കിയ ‘എന്‍ ഊര്’ പൈതൃക ഗ്രാമത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് കുടുംബശ്രീയുടെ ‘ഗോത്രശ്രീ’ ട്രൈബല്‍ കഫറ്റീരിയ.

ജില്ലയിലെ ഗോത്രജനതയുടെ തനത് പാരമ്പര്യം, ജീവിതരീതി, ആചാരാനുഷ്ഠാനങ്ങള്‍, കലകള്‍ എന്നിവ പുറംലോകത്തിന് പരിചയപ്പെടുത്താനും അതുവഴി അവര്‍ക്ക് മെച്ചപ്പെട്ട ഉപജീവനമാര്‍ഗ്ഗം ഒരുക്കി നല്‍കാനും വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഈ പൈതൃക ഗ്രാമം. വൈത്തിരി താലൂക്കിലെ കുന്നത്തിടവക വില്ലേജില്‍ 25 ഏക്കര്‍ സ്ഥലത്താണ് പൈതൃക ഗ്രാമം ഒരുക്കിയിരിക്കുന്നത്.

പ്രത്യേക പരിശീലനം ലഭിച്ച പട്ടികവര്‍ഗ്ഗ യുവതീയുവാക്കളുടെ സംഘമാണ് കുടുംബശ്രീയുടെ ഗോത്രശ്രീ കഫറ്റീരിയ നടത്തുന്നത്. ഒരു യുവതി ഉള്‍പ്പെടെ 12 പേരാണ് സംഘത്തിലുള്ളത്. തനത് വയനാടന്‍ വിഭവങ്ങള്‍ക്കൊപ്പം, ഊണ്, വനസുന്ദരി സ്‌പെഷ്യല്‍ ചിക്കന്‍, വിവിധ ഇലക്കറികള്‍, പുഴുക്ക്, കുമ്പിളപ്പം എന്നിങ്ങനെ വിവിധ വിഭവങ്ങള്‍ ഇവിടെ ലഭിക്കും. പത്ത് ദിവസം കൊണ്ട് ഗോത്രശ്രീ സംരംഭകര്‍ നേടിയത് രണ്ടരലക്ഷം രൂപയുടെ വരുമാനമാണ്!

‘ഗോത്രശ്രീ’ കഫറ്റീരിയ കൂടാതെ ഗോത്രശ്രീ കാര്‍ഷിക നേഴ്‌സറി, ഗോത്രശ്രീ ഔഷധ നേഴ്‌സറി, മസാലപ്പൊടികള്‍, അച്ചാറുകള്‍, കാപ്പിപ്പൊടി തുടങ്ങിയ വിവിധ ഉത്പന്നങ്ങള്‍ തയാറാക്കി വിപണനം നടത്തുന്ന ഗോത്രശ്രീ ഫുഡ് പ്രോസസിങ് യൂണിറ്റ് എന്നിങ്ങനെ മൂന്ന് കുടുംബശ്രീ സംരംഭങ്ങള്‍ കൂടി ഈ പൈതൃക ഗ്രാമത്തിലുണ്ട്.

 

gothrashree

 

Content highlight
Kudumbashree's 'Gothrashree' Tribal Cafeteria becomes the focal point of 'Ente Ooru' Tribal Heritage Village

ഒരേ ഒരു ഭൂമി'ക്കായി ഒന്ന് ചേര്‍ന്ന് കുടുംബശ്രീ

Posted on Wednesday, June 8, 2022
വൃക്ഷത്തൈ നടീല്, ക്യാമ്പെയ്നുകള്, സെമിനാറുകള്, മുന്കാല പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നട്ട മരങ്ങള്ക്കൊപ്പമുള്ള ഫോട്ടോ മത്സരം, പാഴ് വസ്തുക്കള് കൊണ്ട് കൗതുക വസ്തു നിര്മ്മാണ മത്സരം, പരിസര ശുചീകരണ പരിപാടികള് എന്നിങ്ങനെയുള്ള വിവിധ പ്രവര്ത്തനങ്ങളിലൂടെ ജൂണ് അഞ്ചിലെ ലോക പരസ്ഥിതിദിനം കുടുംബശ്രീ അംഗങ്ങള് ആഘോഷമാക്കി.
 
'ഒരേ ഒരു ഭൂമി' എന്നതായിരുന്നു ഈ വര്ഷത്തെ ലോക പരസ്ഥിതിദിനത്തിന്റെ ആപ്തവാക്യം. ഹരിതം ഹരിതാഭം (മലപ്പുറം), കാവല് മരം (ഇടുക്കി), വീട്ടിലൊരു ചെറു നാരകം (കണ്ണൂര്), ഒരു തൈ (പത്തനംതിട്ട) എന്നിങ്ങനെയുള്ള ക്യാമ്പെയ്‌നുകളാണ് വിവിധ ജില്ലകള് പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച സംഘടിപ്പിച്ചത്.
 
അയല്ക്കൂട്ടാംഗങ്ങള് പരിസ്ഥിതിദിനാചരണ പ്രതിജ്ഞയെടുത്തു. ബാലസഭകളും ഓക്‌സിലറി ഗ്രൂപ്പുകളും ജെന്ഡര് റിസോഴ്‌സ് സെന്ററുകളുമെല്ലാം കേന്ദ്രീകരിച്ച് വിവിധ പരിപാടികള് ആസൂത്രണം ചെയ്ത് നടപ്പിലാക്കി.
envenv2

 

Content highlight
Kudumbashree members unite for 'Only One Earth'

യു.എഫ്.സി പൊട്ടിക്കൽ ചാമ്പ്യന്മാര്‍

Posted on Tuesday, May 31, 2022

മൂന്ന് ദിനങ്ങൾ മുപ്പത്തെട്ട് മത്സരങ്ങള്‍ അട്ടപ്പാടിയിലെ യുവാക്കളെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച പ്രഥമ അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗില്‍ യു.എഫ്.സി പൊട്ടിക്കൽ ചാമ്പ്യന്മാര്‍. മേയ് 25ന് നടന്ന ഫൈനലില്‍ ന്യൂ മില്ലേനിയം എഫ്.സി ആനവായെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 ന്  കീഴടക്കിയാണ് അവർ ചാമ്പ്യന്‍  പട്ടം സ്വന്തമാക്കിയത്. 

വിജയികള്‍ക്കുള്ള ട്രോഫിയും മെഡലും 5000 രൂപ ക്യാഷ് അവാര്‍ഡും  സമാപനച്ചടങ്ങിൽ പാലക്കാട് ജില്ലാ കളക്ടര്‍  മൃണ്‍മയി ജോഷി ഐ.എ.എസ് വിതരണം ചെയ്തു. രണ്ടാം സ്ഥാനം നേടിയ ന്യൂ മില്ലേനിയം ക്ലബ്ബിന് ട്രോഫിയും 3000 രൂപ ക്യാഷ് അവാര്‍ഡും മൂന്നാം സ്ഥാനത്തെത്തിയ അനശ്വര എഫ്.സി അബ്ബന്നൂരിന് 2000 രൂപ ക്യാഷ് അവാര്‍ഡും കളക്ടർ സമ്മാനിച്ചു.

കുടുംബശ്രീ മുഖേന അട്ടപ്പാടിയില്‍ നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ലീഗ് മേയ് 23നാണ് ആരംഭിച്ചത്. അട്ടപ്പാടിയിലെ ആദിവാസി യുവാക്കള്‍ക്കിടയിലെ കായിക പ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനുള്ള മികച്ച അവസരമേകിയ ലീഗില്‍ 38 ടീമുകള്‍ പങ്കെടുത്തു. മദ്യത്തിനും ലഹരിക്കും അടിമപ്പെടാൻ അനുവദിക്കാതെ കായികശേഷിയും മികവും ലഭ്യമാക്കി ആരോഗ്യമുള്ള യുവസമൂഹത്തെ വാർ‍ത്തെടുക്കുക എന്ന ലക്ഷ്യം നടപ്പിലാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ലീഗ് സംഘടിപ്പിച്ചത്. അട്ടപ്പാടിയിൽ പട്ടികവർഗ്ഗ മേഖലയിലെ യുവാക്കൾക്കായി ഇത്തരത്തിൽ ഫുട്ബോള്‍ ലീഗ് സംഘടിപ്പിക്കുന്നതും ഇതാദ്യമാണ്. 
ലീഗിലെ ബെസ്റ്റ് പ്ലെയർ, ബെസ്റ്റ് ഗോൾ കീപ്പർ, ബെസ്റ്റ് ഡിഫൻഡർ, ടോപ്പ് ഗോൾ സ്കോറർ, ഫൈനലിലെ ബെസ്റ്റ് പ്ലെയർ, എമർജിംഗ് പ്ലെയർ ഓഫ് ദ ലീഗ് എന്നീ അവാർഡുകൾ കളക്ടറും ജനപ്രതിനിധികളും ഉദയോഗസ്ഥരും ചേർന്ന് സമ്മാനിച്ചു.

‍ അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് മരുതി മുരുകന്‍, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി പഞ്ചായത്ത് സമിതി പ്രസിഡന്‍ റ്മാർ‍, സെക്രട്ടറിമാർ‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ‍ എന്നിവര്‍ പങ്കെടുത്തു.

Content highlight
UFC Pottikkal become the winner of the first season of Attappady Tribal Football League

അട്ടപ്പാടിയില്‍ ‘വേനല്‍ പറവകള്‍’ ക്യാമ്പ് സംഘടിപ്പിച്ചു

Posted on Tuesday, May 31, 2022

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബാല വിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബാലഗോത്രസഭാംഗങ്ങളായ കുട്ടികള്‍ക്ക് വേണ്ടി വേനല്‍ പറവകള്‍’ വേനല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്ന് പഞ്ചായത്തുകളിലെ വിവിധ ഊരുകളിലെ ബാല ഗോത്രസഭകളില്‍ അംഗങ്ങളായ 400 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കക്കുപടി ബി.ആര്‍. അംബേദ്കര്‍ ട്രെയിനിങ് സെന്ററിലായിരുന്നു എട്ട് ദിനം നീണ്ടുനിന്ന ക്യാമ്പ്.

ആശയ വിനിമയ കല, നേതൃത്വ പാടവം, പഴമയുടെ പാട്ടുകള്‍, എന്നി വിഷയങ്ങളില്‍ നിഖില്‍, ജോസ്‌ന, അരുണ്‍ ചന്ദ്രന്‍ തുടങ്ങിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ജനപ്രതിനിധികള്‍, പഞ്ചായത്ത് സമിതി, ഊരുസമിതി ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിവര്‍ പങ്കെടുത്തു.

മേയ് 9 ന് നടന്ന ചടങ്ങിൽ പഞ്ചായത്ത് സമിതി പ്രസിഡന്റ് ചന്ദ്ര ഏലച്ചുവഴി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അട്ടപ്പാടി പ്രത്യേക പദ്ധതി പ്രോജക്ട് ഓഫീസര്‍ ശ്രീ. മനോജ് ബി.എസ് മുഖ്യാതിഥിയായി. ബിനില്‍ കുമാര്‍ സ്വാഗതവും സുധീഷ് മരുതലം നന്ദിയും പറഞ്ഞു.

Content highlight
Venal Paravakal' Summer Camp organized at Attappadyen

തിരുനെല്ലിയില്‍ ‘നൂറാങ്കി’ന് തുടക്കം

Posted on Wednesday, May 25, 2022

കുടുംബശ്രീയുടെ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിലെ ഇരുമ്പുപാലം ഊരില്‍ കിഴങ്ങുവര്‍ഗ്ഗങ്ങളുടെ നടീല്‍ ഉത്സവം മേയ് 10ന് സംഘടിപ്പിച്ചു. കിഴങ്ങുവര്‍ഗ്ഗങ്ങളുടെ സംരക്ഷണവും വിത്ത് ഉത്പാദനവും വിതരണവും കൂടാതെ പുതു തലമുറയ്ക്ക് കിഴങ്ങ് വര്‍ഗ്ഗങ്ങളെക്കുറിച്ച് അറിവ് പകരലും ലക്ഷ്യമിട്ട് ആവിഷ്‌ക്കരിച്ച ‘നൂറാങ്ക്’ പദ്ധതിയുടെ ഭാഗമായാണ് കിഴങ്ങുവര്‍ഗ്ഗ കൃഷി നടത്തുന്നത്. 300ല്‍ പരം കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നു.

  ഇരുമ്പുപാലം ഊരിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ ചേര്‍ന്നാണ് കൃഷി ചെയ്യുന്നത്. സി.ഡി.എസ് ചെയര്‍ പേഴ്‌സണല്‍ സൗമിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹുമാനപെട്ട പഞ്ചായത്ത് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ റുക്കിയ സ്വാഗതം ആശംസിച്ചു. വത്സല, ടി.സി. ജോസഫ്, ഷഫ്ന എം.എസ്, പി. ജെ. മാനുവല്‍ എന്നിവര്‍ ആശംസ അറിയിച്ചു. തിരുനെല്ലി സ്‌പെഷ്യല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.

trnlly

 

Content highlight
'Noorang' Programme starts at Thirunellyml

അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗിന് തുടക്കം

Posted on Tuesday, May 24, 2022

അട്ടപ്പാടിയിലെ ആദിവാസി യുവാക്കള്‍ക്കിടയിലെ മെസ്സിമാര്‍ക്കും റൊണാള്‍ഡോമാര്‍ക്കുമെല്ലാം തങ്ങളുടെ ഫുട്‌ബോള്‍ പ്രതിഭ തെളിയിക്കാനുള്ള അവസരം നല്‍കി അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗുമായി കുടുംബശ്രീ.

അട്ടപ്പാടി ആദിവാസി സമഗ്ര പദ്ധതിയുടെ ഭാഗമായുള്ള സെവന്‍സ് ഫുട്‌ബോള്‍ ലീഗ് 23ന് കിക്കോഫ് ചെയ്തു. അഗളി പഞ്ചായത്ത് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. ഫൈനല്‍ 25ന് നടക്കും.

ലീഗിന്റെ ലോഗോ പ്രകാശനം മേയ് 19ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചിരുന്നു. യുവജനക്ഷേമ ബോര്‍ഡ്, പട്ടികവര്‍ഗ്ഗ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനം, കുടുംബശ്രീ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പട്ടികവര്‍ഗ്ഗ യുവജന ക്ലബ്ബുകള്‍ക്കും യുവശ്രീ ഗ്രൂപ്പുകള്‍ക്കുമാണ് ഫുട്‌ബോള്‍ ലീഗില്‍ മത്സരിക്കുന്നതിന് അവസരമുള്ളത്.

attappadi

 

Content highlight
atfl kick satarted