ഉന്നത വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ തദ്ദേശീയ ജനവിഭാഗത്തിന് അവസരങ്ങള്‍ ഉറപ്പുവരുത്താന്‍ കുടുംബശ്രീ കമ്മ്യൂണിക്കോര്‍ പദ്ധതി സഹായകമാകും: മന്ത്രി എം.ബി രാജേഷ്
ഉന്നതവിദ്യാഭ്യാസ മേഖലകളിലും പുതിയ തൊഴില്‍ മേഖലകളിലും തദ്ദേശീയ ജനവിഭാഗത്തെ വളര്‍ത്തിക്കൊണ്ടു വരുന്നതിനും അവര്‍ക്ക് അവസരങ്ങള്‍ ഉറപ്പാക്കുന്നതിനും കുടുംബശ്രീ മുഖേന നടപ്പാക്കുന്ന 'കമ്മ്യൂണിക്കോര്‍' ഇംഗ്ളീഷ് ഭാഷാനൈപുണ്യ പരിശീലന പദ്ധതി സഹായകമാകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഇംഗ്ളീഷ് ഭാഷാ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന കമ്മ്യൂണിക്കോര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ മേഖലയില്‍ കേരളം ഗുണപരമായി ഏറെ മുന്നേറുമ്പോഴും അവശേഷിച്ചിരുന്ന വെല്ലുവിളികളില്‍ ഒന്നാണ് തദ്ദേശീയ വിദ്യാര്‍ത്ഥികളുടെ ഭാഷാപരമായ പ്രശ്നം. പഠനമാധ്യമം മലയാളവും ഇംഗ്ളീഷുമാകുന്നതും ~ഒപ്പം ഇംഗ്ളീഷ് പഠനവും ആശയ വിനിമയവും അവര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇതിനെയാണ് കമ്മ്യൂണിക്കോര്‍ പദ്ധതി അഭിസംബോധന ചെയ്യുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പട്ടികവര്‍ഗ പദ്ധതിയും പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയും നടപ്പാക്കുന്ന ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കമ്മ്യൂണിക്കോര്‍ പദ്ധതി നടപ്പാക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന ഓരോ കുട്ടിക്കും അവരുടെ ഭാഷാശേഷി പരമാവധി വര്‍ധിപ്പിക്കുന്നതിന് സഹായകമാകുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം. ലോക ആംഗലേയ ദിനമായ ഏപ്രില്‍ 23-ന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ആരാധ്യനായ പോപ്പിന്‍റെ നിര്യാണത്തെ തുടര്‍ന്നുള്ള ദു:ഖാചരണത്തിന്‍റെയും കാശ്മീര്‍ ഭീകരാക്രമണത്തിന്‍റെയും പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം ട്രൈബല്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്ന ജില്ലകളില്‍ ജില്ലാതല ഉദ്ഘാടന പരിപാടികളും സംഘടിപ്പിച്ചു. മലപ്പുറത്ത് രാജ്യസഭാ എം.പി പി.വി അബ്ദുള്‍ വഹാബ്, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ലക്ഷ്മി, വയനാട് മാനന്തവാടി സബ് ക്ളക്ടര്‍ മിസല്‍ സാഗര്‍ ഭരത് എന്നിവര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
നിലവില്‍ പട്ടികവര്‍ഗ പ്രത്യേക പദ്ധതി നടപ്പാക്കുന്ന അട്ടപ്പാടി, പറമ്പിക്കുളം(പാലക്കാട്), തിരുനെല്ലി,
നൂല്‍പ്പുഴ(വയനാട്), ആറളം ഫാം(കണ്ണൂര്‍), നിലമ്പൂര്‍(മലപ്പുറം), കോടഞ്ചേരി (കോഴിക്കോട്), കുട്ടമ്പുഴ (എറണാകുളം), മറയൂര്‍, കാന്തല്ലൂര്‍, വട്ടവട(ഇടുക്കി) കൊറഗ പ്രത്യേക പദ്ധതി (കാസര്‍കോട്), കാടര്‍ പ്രത്യേക പദ്ധതി(തൃശൂര്‍), മലൈപണ്ടാരം പ്രത്യേക പദ്ധതി(പത്തനംതിട്ട) എന്നിവിടങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 12 നും 18 നും ഇടയില്‍ പ്രായമുളള കുട്ടികളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. അവധിക്കാലത്ത് റെസിഡന്‍ഷ്യല്‍ പരിശീലനം ഉള്‍പ്പെടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന തുടര്‍ പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. 30 മുതല്‍ 50 കുട്ടികള്‍ വരെ ഉള്‍പ്പെടുന്ന വിവിധ ബാച്ചുകള്‍ ഉണ്ടാകും.
- 14 views