വാര്‍ത്തകള്‍

സി.ഡി.എസുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാന്‍ 'റൈസ്' സംസ്ഥാനതല ക്യാമ്പയിനുമായി കുടുംബശ്രീ

Posted on Thursday, December 19, 2024
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'റൈസ്' -റീവിറ്റലൈസിങ്ങ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ആന്‍ഡ് സ്ട്രെങ്ങ്തനിങ്ങ് എക്സലന്‍സ് -സംസ്ഥാനതല ക്യാമ്പയിന് ജനുവരിയില്‍ തുടക്കം. കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളുടെയും പ്രവര്‍ത്തനക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്തിക്കൊണ്ട് ത്രിതല സംഘടനാ സംവിധാനത്തെ ഒന്നാകെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

'എന്‍റെ സി.ഡി.എസ്' എന്ന പേരില്‍ സി.ഡി.എസുകളുടെ പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കുന്നതിനായി ചുമതല നല്‍കിയിട്ടുള്ള ജീവനക്കാര്‍ക്കും മിഷന്‍ ഉദ്യോഗസ്ഥര്‍ക്കുമാണ് ഇതിന്‍റെ ചുമതല. ഇവരുടെ നേതൃത്വത്തില്‍ ഓരോ സി.ഡി.എസിലും പദ്ധതി പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പും പുരോഗതിയും അനുബന്ധ വിഷയങ്ങളും ഉള്‍പ്പെടെ കൃത്യമായി വിലയിരുത്തും. ക്യാമ്പയിനുമായി ബന്ധപ്പെട്ട് ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

ക്യാമ്പയിന്‍റെ ഭാഗമായി ഒരു ബ്ളോക്കിന് കീഴിലുള്ള വിവിധ സി.ഡി.എസുകള്‍ നാല് ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ക്കായി വീതിച്ചു നല്‍കും. മൂന്നു മാസമാണ് കാലാവധി. ഈ കാലയളവില്‍ ഓരോ മാസവും ഏഴാം തീയതിക്ക് മുമ്പായി സി.ഡി.എസുകളുടെ പ്രവര്‍ത്തനങ്ങളും പുരോഗതിയും വിലയിരുത്തണം.  കുടുംബശ്രീ ബൈലാ പ്രകാരം നിഷ്ക്കര്‍ഷിച്ചിട്ടുള്ള രജിസ്റ്ററുകളുടെ സൂക്ഷിപ്പും കൃത്യതയും,  വായ്പകള്‍, തിരിച്ചടവ്, ജില്ലാ മിഷനില്‍ നിന്നു ലഭ്യമാകുന്ന വിവിധ ഫണ്ടുകളുടെ വിനിയോഗം, സോഫ്റ്റ് വെയര്‍ എന്‍ട്രി, വിവിധ യോഗങ്ങള്‍ ചേരുന്നതിന്‍റെ മിനുട്ട്സ് എന്നിവയാണ് സി.ഡി.എസ് സന്ദര്‍ശിച്ച് പരിശോധിക്കുക.  തുടര്‍ന്ന് നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ക്കും പകര്‍പ്പ്  സി.ഡി.എസ് അധ്യക്ഷയ്ക്കും നല്‍കും.  ഈ റിപ്പോര്‍ട്ട് തൊട്ടടുത്ത സി.ഡി.എസ് യോഗത്തില്‍ പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്ത് അപാകതകള്‍ പരിഹരിക്കാനാണ് നിര്‍ദേശം. മൂന്നു മാസത്തിന് ശേഷം ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ക്ക് സി.ഡി.എസിന്‍റെ ചുമതല മാറ്റി നല്‍കും.  എല്ലാ സി.ഡി.എസിലും പൊതുമാതൃകയില്‍ പരിശോധനാ രജിസ്റ്ററും സൂക്ഷിക്കും.

സി.ഡി.എസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ബ്ളോക്ക് കോര്‍ഡിനേറ്റര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാമിഷനുകള്‍ സി.ഡി.എസുകളെ എ.ബി.സി.ഡി എന്നിങ്ങനെ തരം തിരിക്കും. തുടര്‍ന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരും റിപ്പോര്‍ട്ട് പരിശോധിക്കും. സി.ഡി.എസുകളും സന്ദര്‍ശിക്കും. ജില്ലാ പദ്ധതി അവലോകന യോഗങ്ങളിലും സി.ഡി.എസുകളുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ട് പ്രധാന അജണ്ടയായി ഉള്‍പ്പെടുത്തുന്നുണ്ട്. താഴ്ന്ന ഗ്രേഡുകള്‍ ലഭിച്ച സി.ഡി.എസുകളുടെ നിലവിലെ അപാകതകള്‍ പരിഹരിച്ച് എല്ലാ സി.ഡി.എസുകളെയും മികവിലേക്കുയര്‍ത്തുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ ആവിഷ്ക്കരിച്ച് നടപ്പാക്കും.  സംസ്ഥാന മിഷനായിരിക്കും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കുക.
Content highlight
Kudumbashree RISE State Level Campaign to start in January

'നയി ചേതന' 3.0 ദേശീയ ക്യാമ്പയിന്‍ സമാപനം: സംസ്ഥാനത്ത് 1070 സി.ഡി.എസിലും കുടുംബശ്രീയുടെ ജെന്‍ഡര്‍ കാര്‍ണിവല്‍ ഡിസംബര്‍ 23ന്

Posted on Wednesday, December 18, 2024

ഡിസംബര്‍ 23ന് സംസ്ഥാനത്ത് 1070 കുടുംബശ്രീ സി.ഡി.എസുകളിലും ജെന്‍ഡര്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ ഇന്ത്യയൊട്ടാകെ സംഘടിപ്പിച്ചു വരുന്ന 'നയി ചേതന' ദേശീയ ജെന്‍ഡര്‍ ക്യാമ്പയിന്‍റെ സമാപനത്തോടനുബന്ധിച്ചാണിത്. 'സ്ത്രീധനവും സ്ത്രീകളുടെ അവകാശവും' എന്ന വിഷയത്തില്‍ വിവിധ മേഖകളിലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് ഓപ്പണ്‍ ഫോറത്തോടു കൂടിയാകും ഓരോ സി.ഡി.എസിലും കാര്‍ണിവല്‍ ആരംഭിക്കുക. ഇതു കൂടാതെ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ഒരുമാസമായി സി.ഡി.എസുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരണം, ജെന്‍ഡര്‍ ചാമ്പ്യന്‍മാരെ ആദരിക്കല്‍, പോഷകാഹാര ഭക്ഷ്യമേള എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളും കാര്‍ണിവലില്‍ അരങ്ങേറും. കാര്‍ണിവല്‍ വന്‍ വിജയമാക്കുന്നതിന് കുടുംബശ്രീ അയല്‍ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ്, ബാലസഭാംഗങ്ങള്‍ എന്നിവര്‍ക്കു പുറമേ, ജനപ്രതിനിധികള്‍, വിവിധ മേഖലകളിലെ വിദഗ്ധര്‍, സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പങ്കാളിത്തം  കൂടി  ഉറപ്പു വരുത്തും.

ജെന്‍ഡര്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പ്രധാനമായും ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്ന് ആഴ്ചകളിലായി അയല്‍ക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ്, ഓക്സിലറി ഗ്രൂപ്പുകള്‍, 854 ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍, വിജിലന്‍റ് ഗ്രൂപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചു വരുന്നത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് മാന്യവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പു വരുത്തുന്ന പോഷ് ആക്ട് സംബന്ധിച്ച ക്ളാസുകള്‍, എല്ലാ സ്ഥാപനങ്ങളിലും ഇന്‍റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നതിനായി സംഘടിപ്പിച്ച  പരിശീലനങ്ങള്‍ എന്നിവ ഇതില്‍ മുഖ്യമാണ്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരേ പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കല്‍,  പുരുഷന്‍മാര്‍, ആണ്‍കുട്ടികള്‍, പ്രാദേശിക നേതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചര്‍ച്ചകള്‍, ജെന്‍ഡര്‍ ക്വിസ്, ഗ്രൂപ്പ് ചര്‍ച്ചകള്‍,  പോസ്റ്റര്‍-ഹാഷ്ടാഗ്-ചുവര്‍ചിത്ര ക്യാമ്പെയ്നുകള്‍, പ്രതിജ്ഞയെടുക്കല്‍, തെരുവു നാടകങ്ങള്‍, ഫ്ളാഷ് മോബ്, ഹ്രസ്വചിത്ര പ്രദര്‍ശനം പോലുള്ള പരിപാടികളും അരങ്ങേറി. പലയിടത്തും സ്ത്രീകള്‍ക്കൊപ്പം പുരുഷന്‍മാരുടെയും ആണ്‍കുട്ടികളുടെയും സജീവ പങ്കാളിത്തവും ദൃശ്യമായി. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊതു ഇടങ്ങളില്‍ ശ്രദ്ധ നേടാന്‍ കഴിഞ്ഞതായാണ് വിലയിരുത്തല്‍.  

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ  ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുന്ന ദേശീയതല ക്യാമ്പയിനാണ്  'നയി ചേതന'.  'ലിംഗവിവേചനത്തിനും  ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കുമെതിരേ' എന്നതാണ് ഈ വര്‍ഷത്തെ ആശയം. സ്ത്രീകള്‍, വിവിധ ലിംഗവിഭാഗത്തിലുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് വിവേചനങ്ങളും അതിക്രമങ്ങളും നേരിടാതെ സ്വന്തം അവകാശത്തില്‍ അധിഷ്ഠിതമായി നിര്‍ഭയം ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ക്യാമ്പയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും 'നയി ചേതന'. ക്യാമ്പെയിന്‍ ഏറ്റെടുത്തു കൊണ്ട് ദേശീയതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിരുന്നു. ഈ വര്‍ഷവും അയല്‍ക്കൂട്ട എ,ഡി.എസ്, സി.ഡി.എസ്, ജില്ലാതലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പയിന്‍ പൂര്‍ത്തിയാകുമ്പോള്‍ 46ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ ഇതിന്‍റെ ഭാഗമാകും.

Content highlight
kudumbashree to conduct gender carnival as part of nayi chetana 3.0 gender campaign on 23rd

വയനാട് മൈക്രോപ്ലാന്‍ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു

Posted on Monday, December 16, 2024

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസം വേഗത്തില്‍ നടപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി.രാജേഷ്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കുടുബശ്രീ തയ്യാറാക്കിയ മൈക്രോ പ്ലാനിന്റെ പ്രവര്‍ത്തനോദ്ഘാടനം ഡിസംബര്‍ 12ന്‌ മേപ്പാടി എം.എസ്.എ ഹാളില്‍ അദ്ദേഹം നിര്‍വഹിച്ചു.

ദുരന്തബാധിതരുടെ ആവശ്യങ്ങളും അത്യാവശ്യങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ച് സമഗ്രമായി തയ്യാറാക്കിയ മൈക്രോ പ്ളാന്‍ അതിജീവനത്തിന്റെ സുപ്രധാന മുന്നേറ്റമാണെന്നും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി കര്‍മ്മ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന കുടുംബശ്രീക്ക് സമയബന്ധിതമായി ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായുള്ള മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിലും നേട്ടം കൈവരിക്കാനായെന്നും അദ്ദേഹം പറഞ്ഞു. ജനകീയ ഇടപെടലുകളുടെ മുഖമുദ്രയായ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ജനകീയ പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അണിനിരന്നാണ് മൈക്രോ പ്ലാനുകള്‍ ഏകോപിപ്പിച്ചത്. വ്യവസായ വകുപ്പ് എം.എം.ജി, പി.എം.ഇ.ജി.പി ധനസഹായ വിതരണവും മന്ത്രി നിര്‍വ്വഹിച്ചു.

പട്ടികജാതി, പട്ടിക വര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കുടുബശ്രീ പ്രത്യാശ ആര്‍.എഫ് ധനസഹായ വിതരണം അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സാമൂഹ്യ നീതി വകുപ്പ് സ്വാശ്രയ ധനസഹായം വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി.അനുപമ ഐ.എ.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ കര്‍മ്മ പദ്ധതി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എസ്. സീറാം സാംബശിവറാവു ഐ.എ.എസ്, കുടുംബശ്രീ ആക്ഷന്‍ പ്ലാന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഐ.എ.എസ് എന്നിവര്‍ അവതരിപ്പിച്ചു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഏകോപനം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബി. നാസര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാഡി, ബ്ലോക്ക് പഞ്ചായത്തംഗം സി.രാഘവന്‍, കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ.ബാലസുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മൈക്രോ പ്ലാന്‍

ദുരന്തത്തിനിരയായ 1084 കുടുംബങ്ങളിലെ 4636 പേരെയും ഉള്‍പ്പെടുത്തി ഇവരുടെ ആവശ്യങ്ങളെ സമഗ്രമായി വിലയിരുത്തി പരിഹാരം കണ്ടെത്താനുതകുന്ന രീതിയിലാണ് ആറ് മേഖലകള്‍ കേന്ദ്രീകരിച്ചുള്ള മൈക്രോ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുളളത്. ജില്ലാ ആസൂത്രണ സമിതിയുടെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും അംഗീകാരം ലഭിച്ച മൈക്രോ പ്ളാന്‍ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരന്തബാധിത കുടുംബങ്ങള്‍ നിലവില്‍ അധിവസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന് മൈക്രോ പ്ളാനിലെ വിവരങ്ങളും ഭാവി പരിപാടികളും വിശദീകരിക്കും. അതിജീവിതര്‍ക്ക് എത്രയും വേഗം ഉപജീവന മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അടിയന്തര പ്രാധാന്യം നല്‍കുന്നത്. ഇതിനായി വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നിലവിലുള്ള ഹ്രസ്വകാല പദ്ധതികള്‍ പ്രയോജനപ്പെടുത്തും. ആവശ്യമെങ്കില്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതിന് വകുപ്പുകള്‍ക്ക് നിര്‍ദേശവും നല്‍കും. സമയബന്ധിതമായി പദ്ധതി നടത്തിപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും പദ്ധതി നിര്‍വ്വഹണ യൂണിറ്റും തുടങ്ങും.

അയല്‍ക്കൂട്ടങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സമഗ്ര കര്‍മ്മ പദ്ധതിയും

ഇത് കൂടാതെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളെയും പുനരുജ്ജീവിപ്പിക്കാന്‍ കുടുംബശ്രീ സമഗ്ര കര്‍മ്മ പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ടൗണ്‍ഷിപ്പ് പൂര്‍ത്തിയാകുന്നത് വരെ ഓണ്‍ലൈനായും ഓഫ് ലൈനായും അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരും. എല്ലാ മാസത്തിലും എ.ഡി.എസ് തലത്തില്‍ ക്ലസ്റ്റര്‍ സംഗമം നടത്തും. മുഴുവന്‍ അംഗങ്ങളെയും അയല്‍ക്കൂട്ടത്തില്‍ ചേര്‍ക്കും. സാമൂഹിക മാനസിക കൗണ്‍സിലിങ്ങ് ജെന്‍ഡര്‍ ടീം സഹായത്തോടെ തുടരും. അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പ്രത്യേക വായ്പാ പദ്ധതി ഏര്‍പ്പെടുത്തും. ജീവന്‍ ദീപം, ഒരുമ ഇന്‍ഷൂറന്‍സ് അനുവദിച്ച് നല്‍കല്‍, മുണ്ടക്കൈ വാര്‍ഡിലെ അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ ദുരന്തലഘൂകരണ ഫണ്ട് നല്‍കല്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് കുടുംബശ്രീ ദുരന്തബാധിതര്‍ക്കായി കര്‍മ്മ പദ്ധതി തയ്യാറാക്കിയത്.

ബാങ്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ബാങ്കിങ്ങ് സഖിമാരെ നിയോഗിക്കും. 

കാര്‍ഷികാനുബന്ധപദ്ധതികള്‍, കാര്‍ഷിക യന്ത്രത്തിനുള്ള ധനസസഹായം, കാര്‍ഷിക അനുബന്ധ കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങാനുള്ള ധനസഹായം, വിവിധ കൃഷിയിലുള്ള പരിശീലനം, മൃഗ സംരക്ഷണമേഖലയിലുള്ള പദ്ധതികള്‍ ധനസഹായങ്ങള്‍ എന്നിവയെല്ലാം കര്‍മ്മ പദ്ധതിയിലുണ്ട്. സൂക്ഷ്മസംരംഭ മേഖലയില്‍ തൊഴില്‍ ആവശ്യമുള്ള 568 പേരെ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്കെല്ലാം പ്രാപ്യമായ പദ്ധതികളും പരിഗണനയിലുണ്ട്. വിവിധ സ്വയം തൊഴില്‍ സംരംഭങ്ങള്‍, അപ്പാരല്‍ പാര്‍ക്ക് തുടങ്ങിയവയെല്ലാം ദുരന്തബാധിതരുടെ അതിജീവനത്തിനും ഉപജീവനത്തിനുമായി കുടുംബശ്രീ തയ്യാറാക്കിയ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

asd

 

Content highlight
Wayanad Micro Plan Inaugurated sd

വയനാടിന്‍റെ അതിജീവനത്തിന് വീണ്ടും പെണ്‍കരുത്തിന്‍റെ കൈത്താങ്ങ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 53 ലക്ഷം രൂപ കൂടി നല്‍കി കുടുംബശ്രീ

Posted on Thursday, December 12, 2024
ഉരുള്‍പൊട്ടലില്‍ നിന്നും അതിജീവനത്തിന്‍റെ വഴികളില്‍ മുന്നേറുന്ന വയനാടിന്‍റെ സമഗ്ര പുനരധിവാസത്തിന് കരുത്തേകാന്‍ വീണ്ടും കൈത്താങ്ങുമായി കുടുംബശ്രീയുടെ പെണ്‍കൂട്ടായ്മ. അയല്‍ക്കൂട്ട അംഗങ്ങള്‍ രണ്ടാം ഘട്ടത്തില്‍ സമാഹരിച്ച 53,19,706 ലക്ഷം രൂപയുടെ ചെക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്‍റെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഇന്നലെ (11-12-2024) മുഖ്യമന്ത്രിക്ക് കൈമാറി. 
 
 ആദ്യഘട്ടത്തില്‍ അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്നും 20,05,00,682 കോടി രൂപയും കുടുംബശ്രീയുടെ കീഴിലുള്ള വിവിധ നൈപുണ്യ ഏജന്‍സികള്‍ വഴി 2,05,000 രൂപയും ചേര്‍ത്ത് 20,07,05,682 രൂപ സമാഹരിച്ചു ദുരിതശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ഇതു കൂടി ചേര്‍ത്ത് ആകെ 20,60,25,388 രൂപയാണ് കുടുംബശ്രീയുടെ സംഭാവന.  
 
വയനാടിന്‍റെ പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി അയല്‍ക്കൂട്ട അംഗങ്ങള്‍ ഒന്നടങ്കം മുന്നോട്ടു വന്നതാണ് ഇത്രയും തുക സമാഹരിക്കാന്‍ വഴിയൊരുക്കിയത്.  
 
DFS

 

Content highlight
Kudumbashree handsover Rs. 53 lakh as second phase installement to CMDRF

ഉപഭോക്താക്കള്‍ക്ക് ഇനി കുടുംബശ്രീ കേരള ചിക്കന്‍റെ ബ്രാന്‍ഡഡ് മൂല്യ വര്‍ധിത ഉല്‍പന്നങ്ങളും മന്ത്രി എം.ബി രാജേഷ് ഉല്‍പന്നങ്ങളുടെ ലോഞ്ചിങ്ങ് നിര്‍വഹിച്ചു

Posted on Wednesday, December 11, 2024

ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ കുടുംബശ്രീയുടെ കേരള ചിക്കന്‍ പദ്ധതി വഴി ഫ്രോസണ്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തി. 'കുടുംബശ്രീ കേരള ചിക്കന്‍' എന്ന ബ്രാന്‍ഡില്‍ ചിക്കന്‍ ഡ്രം സ്റ്റിക്സ്, ബോണ്‍ലെസ് ബ്രീസ്റ്റ്, ചിക്കന്‍ ബിരിയാണി കട്ട്, ചിക്കന്‍ കറി കട്ട്, ഫുള്‍ ചിക്കന്‍ എന്നീ ഉല്‍പന്നങ്ങളാണ് വിപണിയിലെത്തിയത്. ആദ്യഘട്ടത്തില്‍ തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാകും ഉല്‍പന്നങ്ങള്‍ ലഭ്യമാവുക. ഇന്നലെ(10-12-2024) സെക്രട്ടേറിയറ്റ് അനക്സിലെ നവകൈരളി ഹാളില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവിക്ക് ഉല്‍പന്നങ്ങള്‍  കൈമാറി ലോഞ്ചിങ്ങ് നിര്‍വഹിച്ചു.

 കുടുംബശ്രീ കേരള ചിക്കന്‍ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് കമ്പനിയുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ ഫാമില്‍ വളര്‍ത്തുന്ന ഇറച്ചിക്കോഴികളെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് പ്രവര്‍ത്തിക്കുന്ന മീറ്റ് പ്രോഡ്കട്സ് ഓഫ് ഇന്‍ഡ്യയുടെ പ്ളാന്‍റിലെത്തിച്ച് സംസ്ക്കരിച്ച് പായ്ക്ക് ചെയ്യും.  എല്ലാ ഉല്‍പന്നങ്ങളും 450, 900, അളവിലായിരിക്കും  ലഭിക്കുക. കവറില്‍  ഉള്‍പ്പെടുത്തിയിരിക്കുന്ന ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ഏതു ഫാമില്‍ വളര്‍ത്തിയ ചിക്കനാണെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കാനും കഴിയും. നിലവിലെ വിപണന മാര്‍ഗങ്ങള്‍ക്ക് പുറമേ ഭാവിയില്‍ 'മീറ്റ് ഓണ്‍ വീല്‍' എന്ന പേരില്‍ ഓരോ ജില്ലയിലും വാഹനങ്ങളില്‍ ശീതീകരിച്ച ചിക്കന്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും ലക്ഷ്യമിടുന്നു. ഇതുവഴി നഗര ഗ്രാമ പ്രദേശങ്ങളിലും കുടുംബശ്രീ കേരള ചിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക്  വിപണി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ വളരെ  വിപുലമായ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തതിന്‍റെ ഭാഗമായാണ് ചിക്കന്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിനും വിപണനത്തിനും തുടക്കമിടുന്നത്. ആഭ്യന്തര വിപണിയില്‍ ആവശ്യമായതിന്‍റെ പകുതിയെങ്കിലും ഉല്‍പാദിപ്പിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് വരുമാനവര്‍ധനവും ഈ ഘട്ടത്തില്‍ പ്രധാനമായും ലക്ഷ്യമിടുന്നു.

ഉപഭോക്താവിന് ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019 ല്‍ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിയാണ് കേരള ചിക്കന്‍. നിലവില്‍ 11 ജില്ലകളിലായി 431 ബ്രോയ്ലര്‍ ഫാമുകളും 139 ഔട്ട്ലെറ്റുകളും പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണവും വിപണനവും ഊര്‍ജിതമാകുന്നതോടെ കൂടുതല്‍ വനിതകള്‍ക്ക് തൊഴില്‍ അവസരം കൈവരുമെന്നാണ് പ്രതീക്ഷ.

പരിപാടിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍, കുടുംബശ്രീ ഭരണ നിര്‍വഹണ സമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

fs

 

Content highlight
kudumbashree kerala chickens value added products launched

മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുമായി കുടുംബശ്രീ കേരള ചിക്കന്‍: ഉദ്ഘാടനം നാളെ മന്ത്രി ശ്രീ. എം.ബി രാജേഷ് നിര്‍വഹിക്കും

Posted on Monday, December 9, 2024

ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കിക്കൊണ്ട് 2019 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീ കേരള ചിക്കന്‍റെ ഫ്രോസണ്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലേക്ക്. 'കുടുംബശ്രീ കേരള ചിക്കന്‍' എന്ന ബ്രാന്‍ഡില്‍ ചിക്കന്‍ ഡ്രം സ്റ്റിക്സ്, ബോണ്‍ലെസ് ബ്രീസ്റ്റ്, ചിക്കന്‍ ബിരിയാണി കട്ട്, ചിക്കന്‍ കറി കട്ട്, ഫുള്‍ ചിക്കന്‍ എന്നിങ്ങനെ വിവിധ ഉല്‍പന്നങ്ങളാണ് വിപണിയിലിറക്കുക.

തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാളെ സെക്രട്ടേറിയറ്റ് അനക്സ് 2-ല്‍ ഏഴാം നിലയിലെ നവകൈരളി ഹാളില്‍  വൈകുന്നേരം നാല് മണിക്ക് ഉല്‍പന്നങ്ങളുടെ ലോഞ്ചിങ്ങ് നിര്‍വഹിക്കും. കുടുംബശ്രീ ഭരണ നിര്‍വഹണ സമിതി അംഗങ്ങള്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആദ്യഘട്ടത്തില്‍ തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉല്‍പന്നങ്ങള്‍ ലഭിക്കുക.  

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ആഭ്യന്തര വിപണിയില്‍ ആവശ്യമായതിന്‍റെ പകുതിയെങ്കിലും ഉല്‍പാദിപ്പിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് വരുമാനവര്‍ധനവും ലക്ഷ്യമിടുന്നു. ഇതിന്‍റെ ഭാഗമായാണ് ചിക്കന്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിനും വിപണനത്തിനും തുടക്കമിടുന്നത്. നിലവില്‍ 11 ജില്ലകളിലായി 431 ബ്രോയ്ലര്‍ ഫാമുകളും 139 ഔട്ട്ലെറ്റുകളും പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

Content highlight
Kudumbashree kerala chicken frozen value added products will be launched tomorrow

അവകാശങ്ങള്‍ക്കായി അടിയുറച്ച ശബ്ദം: ജില്ലകളില്‍ ആവേശമായി കുടുംബശ്രീ ബാലസഭാംഗങ്ങളുടെ ബാലപാര്‍ലമെന്‍റ്

Posted on Monday, December 9, 2024
കുട്ടികള്‍ക്ക് ജനാധിപത്യ സംവിധാനത്തിന്‍റെ പ്രാധാന്യവും വ്യാപ്തിയും മനസിലാക്കുന്നതിനുള്ള അവസരം ലഭ്യമാക്കി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ജില്ലകള്‍ തോറും ബാലസഭാംഗങ്ങള്‍ പങ്കെടുക്കുന്ന ബാലപാര്‍ലമെന്‍റ് പുരോഗമിക്കുന്നു. കുട്ടികളില്‍ ജനാധിപത്യ അവബോധം വളര്‍ത്തുക, പാര്‍ലമെന്‍റ് നടപടിക്രമങ്ങള്‍, നിയമ നിര്‍മാണം, ഭരണ സംവിധാനങ്ങള്‍, ഭരണഘടനാ മൂല്യം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നിവയാണ് ബാലപാര്‍ലമെന്‍റിന്‍റെ ലക്ഷ്യങ്ങള്‍.

നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, ആലപ്പുഴ ജില്ലകളിലും അട്ടപ്പാടിയിലും ബാലപാര്‍ലമെന്‍റ് സംഘടിപ്പിച്ചു. ബാക്കി ജില്ലകളില്‍ ഡിസംബര്‍ 25നു മുമ്പായി സംഘടിപ്പിക്കും. ജില്ലാതല ബാലപാര്‍ലമെന്‍റില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരെ ഉള്‍പ്പെടുത്തി ഈ മാസം 28,29,30 തീയതികളില്‍ തിരുവനന്തപുരത്ത്  സംസ്ഥാനതല ബാലപാര്‍മെന്‍റും സംഘടിപ്പിക്കും. ഇതിനായി ഓരോ ജില്ലയില്‍ നിന്നും അട്ടപ്പാടി മേഖലയില്‍ നിന്നും പതിനൊന്ന് കുട്ടികളെ വീതം 165 പേരെ തിരഞ്ഞെടുക്കും. ഇവര്‍ക്ക് നിയമസഭ സന്ദര്‍ശിക്കാനും നടപടിക്രമങ്ങള്‍ മനസിലാക്കാനും അവസരമൊരുക്കി കൊണ്ട് വിദഗ്ധ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.

ഓരോ സി.ഡി.എസിലുമുളള ബാലപഞ്ചായത്തുകളില്‍ നിന്നും പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്ത് വിദഗ്ധ പരിശീലനം നല്‍കിയ ശേഷമാണ് അവരെ ബാലപാര്‍ലമെന്‍റില്‍ പങ്കെടുപ്പിക്കുന്നത്. ഇതുവഴി കുട്ടികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവകാശ സംരക്ഷണവും ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനുളള അറിവും ആര്‍ജവത്വവും അവരില്‍ വളര്‍ത്തിയെടുക്കുന്നതിന് സാധിച്ചിട്ടുണ്ട്. ഇതുവരെ പൂര്‍ത്തിയായ ബാലപാര്‍ലമെന്‍റുകളില്‍ കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങള്‍, പ്രാദേശികമായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്നിങ്ങനെ നിരവധി പ്രസക്തമായ വിഷയങ്ങളാണ് കുട്ടികള്‍ ഉയര്‍ത്തിയത്. രാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കര്‍, ആറ് വകുപ്പ് മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, ചീഫ് മാര്‍ഷല്‍, എ.ഡി.സി  എന്നിവരായി എത്തുന്ന കുട്ടികളുടെ പ്രകടനവും ഏറെ ശ്രദ്ധേയമാണ്.  
Content highlight
District Level Kudumbashree Bala Parliaments Progressing ml

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കുടുംബശ്രീ സംസ്ഥാനതല ഉപന്യാസ രചനാ മത്സരം: അഭിരാം പവിത്രന് ഒന്നാം സ്ഥാനം

Posted on Saturday, December 7, 2024

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 2024 മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഉപന്യാസ രചനാ മത്സരത്തില്‍ മലപ്പുറം പാലക്കോട് വരമ്പൂര്‍ സ്വദേശിയും ചെന്നൈ ഐ.ഐ.ടിയിലെ അഞ്ചാം വര്‍ഷ ഇന്‍റഗ്രേറ്റഡ് എം.എ വിദ്യാര്‍ത്ഥിയുമായ അഭിരാം പവിത്രന് ഒന്നാം സ്ഥാനം.

കോട്ടയം തോട്ടക്കാട് കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനില്‍ സെന്‍റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ് സ്റ്റഡീസ് വിദ്യാര്‍ത്ഥി അലന്‍ ആന്‍റണിക്കാണ് രണ്ടാം സ്ഥാനം. തിരുവനന്തപുരം പട്ടം സ്വദേശിയും ഹൈദരബാദ് സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ സോഷ്യോളജി വിഭാഗം ഗവേഷക വിദ്യാര്‍ത്ഥിയായ അല്‍ അമീന്‍ ജെ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും.

കാസര്‍കോട് കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബി. എ മലയാളം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി നന്ദന എം, തിരുവനന്തപുരം ഗവണ്‍മെന്‍റ് വിമന്‍സ് കോളേജിലെ ബി.എ ഇക്കണോമിക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി അമിത് ജ്യോതി യു.പി എന്നിവര്‍ 5000 രൂപ വീതം പ്രോത്സാഹന സമ്മാനവും നേടി. എല്ലാ വിജയികള്‍ക്കും ക്യാഷ് അവാര്‍ഡിനൊപ്പം മെമന്‍റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

മത്സരത്തിന്‍റെ ഭാഗമായി ലഭിച്ച എഴുപതോളം എന്‍ട്രികളില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്. പി.എസ്.സി മുന്‍ അംഗവും കുടുംബശ്രീ മുന്‍ പി.ആര്‍.ഓയും മാധ്യമ പ്രവര്‍ത്തകയുമായ ആര്‍.പാര്‍വതീ ദേവി, ശുചിത്വ മിഷന്‍ കണ്‍സള്‍ട്ടന്‍റും കുടുംബശ്രീ മുന്‍ പ്രോഗ്രാം ഓഫീസറുമായ എന്‍.ജഗജീവന്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.

 

sdfer

 

Content highlight
kudumbashree essay writing competition- winners announced

'ഹരിതസമൃദ്ധി' ക്യാമ്പയിന്‍: സംസ്ഥാനത്തുടനീളം 1981.04 ഹെക്ടറിലായി കുടുംബശ്രീയുടെ ശീതകാല പച്ചക്കറി കൃഷി

Posted on Monday, December 2, 2024
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒക്ടോബറില്‍ ആരംഭിച്ച 'ഹരിതസമൃദ്ധി' ശീതകാല പച്ചക്കറി കൃഷി ക്യാമ്പയിന്‍ സംസ്ഥാനത്തുടനീളം ഊര്‍ജിതമാകുന്നു. നിലവില്‍ 1981.04 ഹെക്ടറിലാണ് ക്യാമ്പയിന്‍റെ ഭാഗമായി കൃഷി പുരോഗമിക്കുന്നത്. പ്രാദേശികതലത്തില്‍ ശീതകാല പച്ചക്കറി കൃഷിയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനൊപ്പം കര്‍ഷകരുടെ വരുമാന വര്‍ധനവും പോഷകാഹാര ലഭ്യതയും ഇതിലൂടെ ലക്ഷ്യമിടുന്നു. ജനുവരി വരെയാണ് ക്യാമ്പയിന്‍.  
 
നിലവില്‍ എല്ലാ ജില്ലകളിലുമായി 6073 വാര്‍ഡുകളില്‍ ശീതകാല പച്ചക്കറി കൃഷി സജീവമാണ്. ക്യാരറ്റ്, മുള്ളങ്കി, കോളി ഫ്ളവര്‍, കാബേജ് തുടങ്ങിയ ശീതകാല വിളകള്‍ക്കൊപ്പം വിവിധ വെളളരിവര്‍ഗങ്ങള്‍, പയര്‍, വെണ്ട, തക്കാളി, വഴുതന, ചീര, മുളക്, തണ്ണിമത്തന്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വലിയ മുതല്‍മുടക്കില്ലാതെ ആദായകരമായി ചെയ്യാവുന്ന ഹ്രസ്വകാല വിളകള്‍ എന്നതാണ് കര്‍ഷകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. നിലവില്‍ 14977 വനിതാ കര്‍ഷക സംഘങ്ങളിലായി 68474 വനിതകള്‍ ശീതകാല പച്ചക്കറി കൃഷി വിജയകരമായി നടത്തുന്നു.

 പദ്ധതിയുടെ ഭാഗമായി വിപണി ലഭ്യതയും ഉറപ്പു വരുത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി വിളവെടുക്കുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ കുടുംബശ്രീയുടെ തന്നെ നാട്ടുചന്ത, അഗ്രി കിയോസ്കുകള്‍, വിവിധ മേളകള്‍ എന്നിവ വഴിയാകും വിറ്റഴിക്കുക. കൂടാതെ ഉപഭോക്താക്കള്‍ക്ക് നേരിട്ടും വിപണനം നടത്തും.

ഹരിതസമൃദ്ധി ക്യാമ്പയിന്‍റെ ഭാഗമായി കര്‍ഷകര്‍ക്കാവശ്യമായ വിവിധ പിന്തുണകളും കുടുംബശ്രീ  ലഭ്യമാക്കുന്നുണ്ട്. പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവനുകള്‍ മുഖേന കൃഷി ചെയ്യാന്‍ ആവശ്യമായ പച്ചക്കറി തൈകള്‍ ലഭ്യമാക്കുന്നു. കൂടാതെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍-കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്ര സ്ഥാപനവുമായി സഹകരിച്ചു കൊണ്ട് നടീല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ എല്ലാ പരിശീലനങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു. ഇതുവരെ 152 ബ്ളോക്കുകളിലായി 5631 പരിശീലന പരിപാടികളാണ് കര്‍ഷകര്‍ക്കായി സംഘടിപ്പിച്ചത്. ശീതകാല പച്ചക്കറി കൃഷിക്ക് തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണവും ലഭിക്കുന്നുണ്ട്. ക്യാമ്പയിന് ലഭിച്ച മികച്ച സ്വീകാര്യത കണക്കിലെടുത്ത് അടുത്ത വര്‍ഷം കൂടുതല്‍ സ്ഥലത്ത് ശീതകാല പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും കുടുംബശ്രീ ലക്ഷ്യമിടുന്നു.
 
 
gj

 

Content highlight
haritha samrudhi progressing

കുടുംബശ്രീ സര്‍ഗ്ഗം ചെറുകഥ രചനാ മത്സരം: രചനകള്‍ ക്ഷണിച്ചു

Posted on Friday, November 29, 2024

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി  'സര്‍ഗ്ഗം-2024' സംസ്ഥാനതല കഥാരചന മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. സമ്മാനാര്‍ഹമായ ആദ്യ മൂന്ന് രചനകള്‍ക്ക് യഥാക്രമം 20,000, 15,000, 10,000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും മെമന്‍റോയും സര്‍ട്ടിഫിക്കറ്റും  ലഭിക്കും. 2500 രൂപ വീതം മൂന്ന് പ്രോത്സാഹന സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച രചനകള്‍ അയയ്ക്കുന്ന 40 പേര്‍ക്ക്  കുടുംബശ്രീ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യ ശില്‍പശാലയില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

സാഹിത്യ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന ജൂറിയായിരിക്കും സമ്മാനാര്‍ഹരെ കണ്ടെത്തുക. രചയിതാവിന്‍റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സി.ഡി.എസ് ചെയര്‍പേഴ്സന്‍റെ സാക്ഷ്യപത്രം എന്നിവ സഹിതം കഥകള്‍ തപാല്‍ വഴിയോ കൊറിയര്‍ വഴിയോ നേരിട്ടോ ഡിസംബര്‍ 24 വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ ചുവടെ കാണുന്ന വിലാസത്തില്‍ ലഭ്യമാക്കണം.

പബ്ളിക് റിലേഷന്‍സ് ഓഫീസര്‍
കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍
ട്രിഡ ബില്‍ഡിങ്ങ്-രണ്ടാം നില
മെഡിക്കല്‍ കോളേജ്.പി.ഓ  
തിരുവനന്തപുരം-695 011    
 
ഇമെയില്‍, വാട്ട്സാപ് എന്നിവ മുഖേന അയക്കുന്ന രചനകള്‍ മത്സരത്തിന് പരിഗണിക്കുന്നതല്ല. വിശദാംശങ്ങള്‍ക്ക് കുടുംബശ്രീ വെബ്സൈറ്റ് www.kudumbashree.org/sargam2024 സന്ദര്‍ശിക്കുക.

Content highlight
sargam 2024