വാര്‍ത്തകള്‍

നവകേരള നിർമിതിയിൽ കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പുകൾക്ക് മുഖ്യപങ്ക്: മന്ത്രി എം.ബി രാജേഷ്

Posted on Thursday, October 30, 2025

നവകേരള നിർമിതിയിലും തുല്യതയും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളും അടുത്ത ഘട്ടത്തിലെത്തിക്കുന്നതിലും  കുടുംബശ്രീയുടെ യുവനിരയായ ഒാക്സിലറി ഗ്രൂപ്പുകൾക്ക് മുഖ്യ പങ്കു വഹിക്കാനാകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ചു വരുന്ന  ഒാക്സെല്ലോ ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംസ്ഥാനതല സംഗമം "ജെൻനെക്സ്റ്റ് സമ്മിറ്റ് 2025' 29ന് തിരുവനന്തപുരം നിശാഗന്ധി ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ഇരുപത്തിയേഴ് വർഷങ്ങളിലൂടെ കേരളം കൈവരിച്ച നേട്ടങ്ങളിലും അഭിമുഖീകരിച്ച പ്രതിസന്ധികളിലും കുടുംബശ്രീയുടെ കരുത്തുറ്റ പിന്തുണയുണ്ടെന്ന് മന്ത്രി പറഞ്ഞു. നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും കൊണ്ട്  ആദ്യകാല കുടുംബശ്രീ പ്രവർത്തകർ ഒരുക്കിയ വഴികളിലൂടെയാണ് പുതിയ ഒാക്സിലറി അംഗങ്ങൾ കടന്നു വരുന്നത്. സമ്പൂർണ സാക്ഷരത, സമ്പൂർണ ഡിജിറ്റൽ സാക്ഷരത, ജനകീയാസൂത്രണം എന്നിവയ്ക്ക് ശേഷം അതിദാരിദ്ര്യ നിർമാർജന പ്രക്രിയയിൽ പുതിയ മാതൃക സൃഷ്ടിച്ചു കൊണ്ട് ഇന്ത്യയിൽ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമെന്ന ഖ്യാതിയും കൈവരിക്കാൻ കേരളം ഒരുങ്ങുകയാണ്. ഇതിലും കുടുംബശ്രീയുടെ വലിയ സംഭാവനയുണ്ട്. കുടുംബശ്രീയുടെയും കേരളത്തിന്റെയും അടുത്ത തലമുറയായ ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾ ഉന്നതവിദ്യാഭ്യാസം നേടിയിട്ടുള്ളവരും സമൂഹമായും വിവിധ വിഭാഗങ്ങളിലെ ജനവിഭാഗങ്ങളുമായും നവമാധ്യമങ്ങളുമായും നിരന്തരമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നവരുമാണ്. അവരുടെ ഊർജവും ചിന്താശേഷിയും ഭാവനാപൂർണമായ ആശയങ്ങളും നവകേരള നിർമിതിക്കായി പ്രയോജനപ്പെടുത്തണം. വിജ്ഞാന കേരളം പദ്ധതിയുടെ മുഖ്യലക്ഷ്യമായ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം അമ്പത് ശതമാനമാക്കി ഉയർത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ഒാക്സിലറി അംഗങ്ങൾക്ക് മുഖ്യ പങ്കു വഹിക്കാനാകും. 2026 മാർച്ചിനുളളിൽ മൂന്നു ലക്ഷം പേർക്ക് തൊഴിൽ നൽകാനാണ് ലക്ഷ്യമിടുന്നത്. അതിൽ ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾനേടാൻ കഴിയുന്നത് ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കാണെന്നു പറഞ്ഞ മന്ത്രി ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളുമായി സംവദിക്കുകയും ചെയ്ത ശേഷമാണ് വേദി വിട്ടത്.

തരിശു നിലങ്ങൾ കണ്ടെത്തി അവിടങ്ങളിൽ കുടുംബശ്രീ വനിതകൾ മുഖേന കൃഷി ചെയ്യുന്ന പുതിയ പദ്ധതി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഭൂവിനിയോഗ വകുപ്പ് കമ്മീഷണർ യാസ്മിൻ എൽ റഷീദ് എന്നിവർ മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തിൽ ധാരണാ പത്രം കൈമാറി.

കോഴിക്കോട് ജില്ലയിൽ നിന്നുളള ഒാക്സിലറി ഗ്രൂപ്പ് അംഗം ഒലീന അധ്യക്ഷത വഹിച്ചു. വയനാട് ജില്ലയിൽ നിന്നുളള കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പ് അംഗവും സിനിമാ പിന്നണി ഗായികയുമായ ശ്രുതി കെ.എസ് മുഖ്യാതിഥിയായി. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, കൊല്ലം ജില്ലകളിൽ നിന്നുളള വൈഭവം, വിങ്ങ്സ് ഒാഫ് ഫയർ, പുനർജ്ജനി, സൗഹൃദം എന്നീ ഒാക്സിലറി ഗ്രൂപ്പുകൾ നടത്തി വരുന്ന മികച്ച പ്രവർത്തനങ്ങൾ സമ്മിറ്റിൽ അവതരിപ്പിച്ചു. കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.എസ് ഷാനവാസ് കുടംബശ്രീ മുഖേന നടത്തി വരുന്ന കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം-കെ-ടാപ് പദ്ധതി സംബന്ധിച്ച് അവതരണം നടത്തി.

വിവിധ ജില്ലകളിൽ നിന്നുള്ള ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളായ ആർദ്ര, ജേ്യാതി, ശ്യാമിലി, രസിക, ശ്രീജി എം, ബിസ്മി, അശ്വതി റൂബി, സൂര്യ, അഞ്ജു പി പിള്ള, സുനിത ഡി എന്നിവർ പങ്കെടുത്തു. ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളായ ആര്യ സ്വാഗതവും ഗായത്രി നന്ദിയും പറഞ്ഞു.

വയനാട് ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിലുളള ടീം ഗ്രാമം, ശ്രീചിത്ര പുവർ ഹോമിലെ ഹോം ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾ സംഘനൃത്തം അവതരിപ്പിച്ചു. സംസ്ഥാനത്തെ 1070 കുടുംബശ്രീ സി.ഡി.എസുകളിലും പ്രവർത്തിക്കുന്ന ഒാക്സിലറി ഗ്രൂപ്പുകളിൽ നിന്നും ഒാരോ അംഗവും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നും അഞ്ഞൂറ് അംഗങ്ങൾ വീതവും ഉൾപ്പെടെ രണ്ടായിരത്തോളം അംഗങ്ങൾ സമ്മിറ്റിൽ പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച ഒാപ്പൺ ഫോറത്തിൽ "കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പുകളും നൂതന സംരംഭ ബിസിനസ് സാധ്യതകളും' എന്ന വിഷയത്തിൽ പ്ളാനിങ്ങ് ബോർഡ് അംഗം ജിജു പി.അലക്സ്, സ്റ്റാർട്ടപ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ അനൂപ് അംബിക, യുവ സംരംഭകരായ  അനു അഷോക്, ഷാന നസ്റിൻ എന്നിവർ പങ്കെടുത്തു. ഒാക്സിലറി ഗ്രൂപ്പുകളുടെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ മുനീറ കെ സംസാരിച്ചു. തുടർന്ന് ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

Content highlight
kudumbashree gennextsummit2025 held

കുടുംബശ്രീ ജെൻ നെക്സ്റ്റ് സമ്മിറ്റ്-2025 ; നൂതന സംരംഭ ആശയങ്ങളും സാധ്യതകളും പങ്കു വച്ച് ഒാപ്പൺ ഫോറം

Posted on Thursday, October 30, 2025

നിലവിലെ സംരംഭകർക്കും സംരംഭ മേഖലയിലേക്ക് കടന്നുചെല്ലാൻ ആഗ്രഹിക്കുന്ന പുതിയ ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും ആവേശം പകർന്ന് കുടുംബശ്രീ ജെൻ നെക്സ്റ്റ് സമ്മിറ്റ്-2025 ഒാപ്പൺ ഫോറം ശ്രദ്ധേയമായി. "കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പുകളും നൂതന സംരംഭ ബിസിനസ് സാധ്യതകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഒാപ്പൺ ഫോറത്തിലാണ് വിവിധ സംരംഭ ആശയങ്ങളും സാധ്യതകളും ഉയർന്നത്.

പ്ളാനിങ്ങ് ബോർഡ് അംഗം ജിജു പി.അലക്സ്, സ്റ്റാർട്ടപ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ അനൂപ് അംബിക, യുവ സംരംഭകരായ  അനു അഷോക്, ഷാന നസ്റിൻ എന്നിവരാണ് ഒാപ്പൺ ഫോറത്തിൽ പങ്കെടുത്തത്. കാർഷിക സൂക്ഷ്മസംരംഭ മേഖലയിൽ തുടങ്ങാനാകുന്ന സംരംഭങ്ങൾ, ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപന്ന നിർമാണം, ഇതരമേഖലയിലെ നൂതന സംരംഭങ്ങൾ എന്നിവ സംബന്ധിച്ച നൂതന ആശയങ്ങളും സംവാദങ്ങളും ഒാപ്പൺ ഫോറം സജീവമാക്കി. സംരംഭം തുടങ്ങുന്നതിനുള്ള ആശയ രൂപീകരണം, മുതൽ ഉൽപന്ന നിർമാണം, വിപണനം, മാർക്കറ്റിങ്ങ്, വരുമാന സുസ്ഥിരത തുടങ്ങി വിവിധ മേഖലകളിൽ  പ്രൊഫഷണലിസവും സമർപ്പണ ബോധവും പുലർത്തേണ്ട അനിവാര്യതയെ കുറിച്ച് ഒാപ്പൺഫോറത്തിൽ പങ്കെടുത്തവർ പറഞ്ഞു.  വിവിധ സർക്കാർ വകുപ്പുകൾ വഴി സ്റ്റാർട്ടപ്പുകൾക്കും മറ്റു സംരംഭങ്ങൾക്കും ലഭ്യമാകുന്ന സേവനങ്ങളും പിന്തുണകളും പരിപാടിയിൽ പങ്കു വച്ചു. 
 

  വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയാണ് വേണ്ടതെന്ന അഭിപ്രായവും ഒാപ്പൺ ഫോറത്തിൽ ഉയർന്നു. വിവിധ സംരംഭങ്ങൾ നടത്തുന്ന അംഗങ്ങളുടെ സംശയങ്ങൾക്കും പാനൽ അംഗങ്ങൾ മറുപടി പറഞ്ഞു. എറണാകുളം ജില്ലയിൽ നിന്നുള്ള ഒാക്സിലറി ഗ്രൂപ്പ് അംഗവും റിസോഴ്സ് പേഴ്സണുമായ ജേ്യാതി മോഡറേറ്റ്റായി.

 

Content highlight
gennext summit

കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പുകളുടെ സംസ്ഥാനതല സംഗമം "ജെൻ നെക്സ്റ്റ് സമ്മിറ്റ്-2025' നാളെ

Posted on Tuesday, October 28, 2025

കുടുംബശ്രീ ഒാക്സെല്ലോ ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംസ്ഥാനതല സംഗമം "ജെൻനെക്സ്റ്റ് സമ്മിറ്റ് 2025' 29ന് തിരുവനന്തപുരം നിശാഗന്ധി ഒാഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് രാവിലെ 11-ന്  ജെൻനെക്സ്റ്റ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ 1070 കുടുംബശ്രീ സി.ഡി.എസുകളിലും പ്രവർത്തിക്കുന്ന ഒാക്സിലറി ഗ്രൂപ്പുകളിൽ നിന്നും ഒാരോ അംഗവും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നായി അറുനൂറോളം അംഗങ്ങളും ഉൾപ്പെടെ രണ്ടായിരത്തോളം അംഗങ്ങൾ സമ്മിറ്റിൽ പങ്കെടുക്കും. വയനാട് ജില്ലയിൽ നിന്നുളള കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പ് അംഗവും സിനിമാ പിന്നണി ഗായികയുമായ ശ്രുതി കെ.എസ് മുഖ്യാതിഥിയാകും.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം 2.15-ന് നടക്കുന്ന ഒാപ്പൺ ഫോറത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, പ്ളാനിങ്ങ് ബോർഡ് അംഗം ജിജു പി.അലക്സ്, സ്റ്റാർട്ടപ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ അനൂപ് അംബിക, യുവ സംരംഭകരായ  അനു അശോക്, ഷാന നസ്റിൻ എന്നിവർ പങ്കെടുക്കും. കുടംബശ്രീ മുഖേന നടത്തി വരുന്ന കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം-കെ-ടാപ് പദ്ധതി സംബന്ധിച്ച് പ്രോഗ്രാം ഒാഫീസർ ഡോ.എസ് ഷാനവാസ് അവതരണം നടത്തും. ഒാക്സിലറി ഗ്രൂപ്പുകൾ നടത്തി വരുന്ന മികച്ച പ്രവർത്തനങ്ങളും സമ്മിറ്റിൽ അവതരിപ്പിക്കും.

കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പുകളുടെ വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച "ഒാക്സെല്ലോ' ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചാണ് ജെൻനെക്സ്റ്റ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി നേരത്തെ സംസ്ഥാനത്ത് 19470 വാർഡുകളിലും ഒാക്സെല്ലോ ഫെസ്റ്റും തുടർന്ന് സി.ഡി.എസ് തലത്തിൽ ജെൻസിങ്ക് മീറ്റ് @ 25 സി.ഡി.എസ് മീറ്റും സംഘടിപ്പിച്ചിരുന്നു. ഇതുവഴി ഒമ്പതിനായിരത്തിലേറെ പുതിയ ഗ്രൂപ്പുകൾ രൂപീകരിക്കുകയും ഒരു ലക്ഷത്തിലേറെ വനിതകൾ പുതുതായി അംഗത്വമെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് മികച്ച ഉപജീവന സാധ്യതകൾ തുറന്നു കൊടുക്കുക എന്നതും ക്യാമ്പയിന്റെ ലക്ഷ്യമാണ്.

Content highlight
gen next summit

കുടുംബശ്രീ ദേശീയ സരസ് മേള : സമ്മാനക്കൂപ്പൺ പ്രകാശനം ചെയ്തു

Posted on Monday, October 27, 2025

കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി 2026 ജനുവരി രണ്ടു മുതൽ 11 വരെ പാലക്കാട് തൃത്താല ചാലിശ്ശേരിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ സമ്മാനക്കൂപ്പണിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് ഹാളിൽ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടിക്ക് നൽകി നിർവഹിച്ചു.

അമ്പത് രൂപയാണ് സമ്മാനക്കൂപ്പണിന്റെ വില. ഒരാൾക്ക് എത്ര കൂപ്പണുകൾ വേണമെങ്കിലും വാങ്ങാം. വിജയികൾക്ക് ഒന്നാം സമ്മാനം സ്വിഫ്റ്റ് കാർ, രണ്ടാം സമ്മാനമായി ബൈക്ക്. മൂന്നാം സമ്മാനമായി എൽ.ഇ.ഡി ടി.വി, നാലാം സമ്മാനമായി ഫ്രിഡ്ജ് എന്നിവ ലഭിക്കും. ഇതു കൂടാതെ സ്വർണ നാണയങ്ങൾ ഉൾപ്പെടെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്. സരസ് മേളയുടെ സമാപനത്തോടനുബന്ധിച്ചാണ് നറുക്കെടുപ്പ്.

സരസ് മേളയ്ക്കു വേണ്ടി ആദ്യ സംഭാവനയായി അഞ്ചു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി എം.ബി രാജേഷിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോൾ, സെക്രട്ടറി എം. രാമൻകുട്ടി എന്നിവർ ചേർന്നു കൈമാറി.

രണ്ടര കോടി രൂപയുടെ സമ്മാനക്കൂപ്പണുകൾ വിറ്റഴിക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബി.എസ് മനോജ്, അസിസ്റ്റന്റ് കോർഡിനേറ്റർ അനുരാധ എസ്, നവകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.സെയ്തലവി, ജില്ലാ പ്രോഗ്രാം മാനേജർ സബിത മധു, കുടുംബശ്രീ ജില്ലാ മിഷൻ സ്റ്റാഫ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Content highlight
kudumbashree national saras mela at palakkad ; fest gift coupon released

മുണ്ടക്കൈ - ചൂരൽമല ഉപജീവന സംരംഭങ്ങളുടെ ധനസഹായ വിതരണം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Posted on Tuesday, October 21, 2025

ദുരന്ത ബാധിതരായ ജനതയുടെ ജീവിതം പുനർനിർമ്മിക്കാൻ സമാനതകളില്ലാത്ത ഇടപെടലാണ് സർക്കാരിന്റെ നേതൃത്വത്തിൽ കുടുംബശ്രീ നിറവേറ്റുന്നതെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ്- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഉപജീവനമാർഗം നഷ്ടപ്പെട്ട മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന  നൽകുന്ന ഉപജീവന സംരംഭങ്ങളുടെ ധനസഹായം വിതരണം ചെയ്ത് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ  സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലൂടെ ദുരന്തബാധിതരെ  അതിവേഗം തിരികെ  പിടിക്കുകയാണ് സർക്കാറെന്നും മന്ത്രി പറഞ്ഞു. മുണ്ടക്കൈ- ചൂരൽമല ദുരിത ബാധിതരെ ഉപജീവന പ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 357 കുടുംബങ്ങൾക്ക് 3.61 കോടി രൂപയാണ് കുടുംബശ്രീയ്ക്ക് അനുവദിച്ചത്. ഫേസ്‌ 1, ഫേസ് 2 എ, ഫേസ് 2 ബി വിഭാഗങ്ങളിലായി ഉപജീവനം (മൈക്രോ എന്റർപ്രൈസുകൾ) ആവശ്യപ്പെട്ട മുഴുവൻ ആളുകൾക്കും സഹായം വിതരണം ചെയ്യും.
234 കുടുംബങ്ങൾക്കാണ്  ഉപജീവന ഫണ്ട് ലഭ്യമാക്കുന്നത്.  3.61 കോടി രൂപ സി.എം.ഡി.ആർഎഫ് ഫണ്ടും 1.65 കോടി രൂപ കുടുംബശ്രീ പ്രത്യാശ ഫണ്ടുൾപ്പടെ 5.20 കോടി രൂപയാണ് 435 ഗുണഭോക്തൃ  കുടുംബങ്ങൾക്കായി കുടുംബശ്രീ വിതരണം ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. 

 

  മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കുടുംബശ്രീയും ജില്ലാഭരണകൂടവും ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മൈക്രോപ്ലാൻ രൂപീകരിച്ച് നടപ്പിലാക്കി. ദുരിതബാധിതരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സർക്കാർ, സർക്കാരിതര ഫണ്ടുകൾ ഉപയോഗിച്ച്  പദ്ധതി ഫലപ്രദമായി പുരോഗമിക്കുകയാണ്.

കുടുംബശ്രീ പ്രത്യാശ പദ്ധതിയിൽ 95 പേർക്ക് 98 ലക്ഷം രൂപയും, സിക്ക് എം.ഇ പുനരുജ്ജീവന പദ്ധതിയിൽ 6 പേർക്ക് 6 ലക്ഷം രൂപയും അനുവദിച്ചു. പ്രവാസി ഭദ്രത പദ്ധതിയിൽ 21 പേർക്ക് 28 ലക്ഷം രൂപയും ആർ.കെ.ഇ.ഡി.പി പദ്ധതിയിൽ 27 പേർക്ക് 3.3 ലക്ഷം രൂപയുടെ പലിശരഹിത വായ്പയായി നൽകി. മുണ്ടക്കൈയിലെ 27 പേർ ബെയിലി ബാഗ് നിർമ്മാണത്തിലൂടെയും 19 പേർ ബെയിലി കുട നിർമ്മാണത്തിലൂടെയും ഉപജീവനമാർഗം കണ്ടെത്തി. കുടുംബശ്രീയും ജില്ലാ ഭരണകൂടവും ചേർന്ന് വിദഗ്‌ധ പരിശീലനവും വിപണന സാധ്യതയും ഒരുക്കിയ സംരംഭങ്ങൾ ദുരന്തബാധിതർക്ക് സ്ഥിരവരുമാനവും ആത്മവിശ്വാസവും നൽകി. ബെയിലി ബ്രാൻഡ് മുണ്ടക്കൈയുടെ അതിജീവനത്തിന്റെ പ്രതീകമായി സർക്കാർ മേളകളിലും പ്രാദേശിക വിപണിയിലും ശക്തമായ സാന്നിധ്യമായി വളരുകയും ഓൺലൈൻ വിപണി സാധ്യതകൾക്കായും  ഒരുങ്ങുകയാണ്.

മൈക്രോപ്ലാനിൽ തൊഴിലന്വേഷകരുടെ പുനരധിവാസം പ്രധാന ഘടകമായി ഉൾപ്പെടുത്തി. കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്നു  തൊഴിൽമേളകളും  പ്രാദേശിക മേളകളും സംഘടിപ്പിച്ചു. 73 പേർ വൈദഗ്ധ്യ-നൈപുണി പരിശീലനം പൂർത്തിയാക്കി, 161 പേരുടെ പരിശീലനം പുരോഗമിക്കുന്നുണ്ട്.  ദുരന്തബാധിത പ്രദേശങ്ങളിലെ 21 പേർക്ക് തൊഴിൽ ലഭ്യമാക്കി. ദുരന്തബാധിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാഭരണകൂടവും കുടുംബശ്രീയും സംയുക്തമായി ദുരന്തബാധിത കുടുംബങ്ങളിൽ നിന്നുള്ള 16 പേരെ മെന്റർമാരായി നിയമിച്ചു. ഒരു വർഷത്തേക്ക് ഇവരുടെ സേവനങ്ങൾക്ക് കുടുംബശ്രീ മുഖേന 27 ലക്ഷം രൂപ ഇവരുടെ കുടുംബങ്ങളിലേക്ക് എത്തിച്ചു. മൈക്രോപ്ലാനിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ മൃഗസംരക്ഷണ ആവശ്യങ്ങൾ അടിസ്ഥാനമാക്കി സമർപ്പിച്ച പ്രോപ്പോസൽ സർക്കാർ അംഗീകരിച്ച്  ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് 90 ലക്ഷം രൂപ അനുവദിച്ചു. 74 അർഹമായ കുടുംബങ്ങൾക്ക് സഹായം എത്തിക്കാനുള്ള നടപടികൾ  പുരോഗമിക്കുകയാണ്.

ആരോഗ്യ ആവശ്യങ്ങൾ സൗജന്യമായി നിറവേറ്റാൻ ആരോഗ്യ വകുപ്പ് ഇടപെടൽ നടത്തുന്നു. 238 ദുരന്തബാധിത കുടുംബങ്ങൾക്ക് ഇതിനകം സ്മാർട്ട് കാർഡുകൾ വിതരണം ചെയ്തു. 852 കുടുംബങ്ങൾക്ക് 6 മാസത്തോളം  1000 രൂപയുടെ ഭക്ഷണ കൂപ്പൺ ലഭ്യമാക്കി. ജില്ലാഭരണകുടം നൽകുന്ന കൂപ്പണുകൾ അർഹമായ കരങ്ങളിൽ എത്തിക്കുന്നത് കുടുംബശ്രീ പ്രവർത്തകരാണ്. ദുരന്തബാധിത കുടുംബങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കായുള്ള ഇടപെടലുകളും മൈക്രോപ്ലാനിൻ്റെ അടിസ്ഥാനത്തിൽ നടത്തി.
കെ.എസ്.ഡി.എം.എ 250 ലാപ്ടോപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഏജൻസികളുടെ സഹകരണത്തോടെ ഇതിനോടകം 235 കുട്ടികൾക്ക് ലാപ്ടോപ് ലഭ്യമാക്കി. 26 കുട്ടികളുടെ ട്യൂഷൻ ഫീസും 142 കുട്ടികൾക്ക് പഠനോപകരണങ്ങളും 200ലധികം കുട്ടികൾക്കായി യാത്രാസൗകര്യങ്ങളും ലഭ്യമാക്കി.
മൈക്രോപ്ലാനിന് പുറമേ കുടുംബശ്രീ 42 അയൽകൂട്ടങ്ങൾക്ക് റിവോൾവിംഗ് ഫണ്ട്, 3 വാർഡുകൾക്ക് വൾണറബിലിറ്റി റിഡക്ഷൻ ഫണ്ട്, 21 പേർക്ക് മൃഗസംരക്ഷണ പലിശരഹിത വായ്പ എന്നിവ നൽകി.
കുടുംബങ്ങൾക്കാവശ്യമായ കൗൺസിലിങ് സപ്പോർട്ട് കുടുംബശ്രീ സ്നേഹിത മുഖേന നൽകുന്നുണ്ട്.

ടി സിദ്ദീഖ് എം.എൽ.എ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൽപ്പറ്റ നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ സരോജിനി ഓടമ്പത്ത്, കേരള കോ ഓപ്പറേറ്റീവ് ഡെവലപ്പ്മെൻ്റ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ സി.കെ ശശീന്ദ്രൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബി നാസർ, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.എം സലീന, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ.കെ അമീൻ, വി.കെ റജീന, മേപ്പാടി സി.സി.എസ് ചെയർപേഴ്സൺ ബിനി പ്രഭാകരൻ, ടി. ഹംസ എന്നിവർ സംസാരിച്ചു.  ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Content highlight
mundakkai

എൻ.ഡി.ഡി.ബി പ്രതിനിധികള്‍ കുടുംബശ്രീയിൽ പഠന സന്ദർശനം നടത്തി

Posted on Tuesday, October 21, 2025

ദേശീയ ക്ഷീര വികസന ബോർഡിലെ (എൻ.ഡി.ഡി.ബി) പ്രതിനിധികള്‍ കുടുംബശ്രീയിൽ പഠന സന്ദർശനം നടത്തി. കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ടിത സംഘടനാ സംവിധാനത്തെയും ഘടനയെയും കുറിച്ച് മനസ്സിലാക്കുന്നതിനും കുടുംബശ്രീയുടെ പഠനങ്ങളും മികച്ച മാതൃകകളും ക്ഷീര സഹകരണ വ്യവസ്ഥയിലേക്ക് പകർത്തുന്നതിനും ക്ഷീര സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സമഗ്രവും സുസ്ഥിരവുമായ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനുഉള അവസരങ്ങൾ കണ്ടെത്തുകയുമായിരുന്നു സന്ദർശന ലക്ഷ്യങ്ങൾ.

എസ്. രാജീവ് (എക്സിക്യൂട്ടീവ് ഡയറക്ടർ), വി. ശ്രീധർ (സീനിയർ ജനറൽ മാനേജർ), റോമി ജേക്കബ്, (റീജിയണൽ ഹെഡ് -സൗത്ത് റീജിയൺ) എന്നിവരുൾപ്പെടെ 10 എൻ.ഡി.ഡി.ബി ഉദ്യോഗസ്ഥരാണ് സന്ദർശനം നടത്തിയത്. 

കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ, ഭാവി സംയോജന സാധ്യത എന്നിവയെക്കുറിച്ച് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഐ.എ.എസുമായി സംഘം ചർച്ച നടത്തി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അനീഷ് കുമാർ എം.എസ് കുടുംബശ്രീ കേരള സമൂഹത്തിൽ ഉളവാക്കിയ മാറ്റങ്ങളെക്കുറിച്ച് വിശദമാക്കി.

Content highlight
nddb

കുടുംബശ്രീ 'വിമൻ പവർ'-പദ്ധതിയുടെ ലോഗോ, 'സമതയുടെ നാളേയ്ക്ക്'-സുവനീർ പ്രകാശനം ചെയ്തു

Posted on Tuesday, October 14, 2025

കുടുംബശ്രീ മുഖേന സംസ്ഥാനത്തെ കോളേജുകളിൽ നടപ്പാക്കുന്ന "വിമൻ പവർ' പദ്ധതിയുടെ ലോഗോ, സ്ത്രീശാക്തീകരണവുമയി ബന്ധപ്പെട്ട് കുടുംബശ്രീ തയ്യാറാക്കിയ "സമതയുടെ നാളേയ്ക്ക്'-സുവനീർ എന്നിവയുടെ പ്രകാശനം  തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് കോസ്മോ പൊളിറ്റൻ ക്ളബ്ബിൽ സംഘടിപ്പിച്ച "വിഷൻ 2031' സംസ്ഥാനതല സെമിനാർ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ലോഗോയുടെയും സുവനീറിന്റെയും പ്രകാശനം.

സംസ്ഥാനത്തിന്റെ കഴിഞ്ഞ കാല വളർച്ചയെ വിലയിരുത്തുന്നതിനും ഭാവിവികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും 2031ൽ കേരളം എങ്ങനെ ആയിരിക്കണമെന്നും എന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിക്കുന്നതിനും വേണ്ടിയാണ് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നത്.

ടി.ശാന്ത കുമാരി എം.എൽ.എ, കൊച്ചി മേയർ അഡ്വ. എം അനിൽ കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, മുൻ ചീഫ് സെക്രട്ടറിമാരായ ഡോ.കെ വേണു, ശാരദാ മുരളീധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, കുടുംബശ്രീ എക-്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, സന്തോഷ് ജോർജ് കുളങ്ങര, ഹരീഷ് വാസുദേവൻ, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ജസ്റ്റിൻ മാത്യു, സിനിമാ താരം സരയൂ മോഹൻ എന്നിവർ പങ്കെടുത്തു. വിവിധ കോർപ്പറേഷൻ മേയർമാർ, നഗരസഭാ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, സി.ഡി.എസ് അധ്യക്ഷമാർ, ജില്ലാ മിഷൻ കോർഡിനേറ്റർമാർ എന്നിവരും പങ്കെടുത്തു.   

Content highlight
Kudumbashree releases 'Women Power' project logo

വിഷൻ 2031 : പ്രാദേശിക സാമ്പത്തിക വികസനം, പ്രാഥമിക മേഖലയ്ക്ക് പ്രാമുഖ്യം നൽകണം

Posted on Tuesday, October 14, 2025

സംരംഭകത്വം നിലനിർത്തുന്നതിനും പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പാക്കുന്നതിനും കൃഷി പോലുള്ള പ്രാഥമിക മേഖലകൾക്ക് പ്രാമുഖ്യം നൽകണമെന്ന്  തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് കോസ്മോ പൊളിറ്റൻ ക്ലബിൽ സംഘടിപ്പിച്ച വിഷൻ 2031 - സെമിനാറിന്റെ ഭാഗമായി 'ഉപജീവനം, പ്രാദേശിക സാമ്പത്തിക വികസനം' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അഭിപ്രായമുയർന്നു.

 കുടുംബശ്രീ അടക്കമുള്ള വിവിധ ഏജൻസികളെ സംയോജിപ്പിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാൽ മാത്രമേ പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാകൂ എന്നും ചർച്ചയിൽ വിലയിരുത്തി.വിവിധ മേഖലകളിൽ നാം ഇതുവരെ നേടിയ നേട്ടങ്ങളെ സുസ്ഥിരമായി നിലനിർത്താൻ സാമ്പത്തികമായ സുസ്ഥിരത ആവശ്യമാണ്.കേരളത്തിന്റെ സാമ്പത്തിക നിലനിൽപ്പിലെ പ്രധാന വെല്ലുവിളിയാണ് വരുമാനത്തിലെ അസന്തുലിതാവസ്ഥ. സംസ്ഥാനത്തിന്റെ വരുമാനത്തിൽ 65% ശതമാനവും സേവന മേഖലയിൽ നിന്നാണ്. ഉൽപാദന മേഖലയുടെ സംഭാവന 10% ശതമാനത്തിൽ താഴെ മാത്രമാണ്. ഈ സ്ഥിതി സാമ്പത്തികമായ നിലനിൽപ്പിന് വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ തനത് വരുമാനം വർധിപ്പിക്കേണ്ടതുണ്ട്. കേന്ദ്രത്തിൽ നിന്നുള്ള ധനസഹായത്തിൽ 26 % ശതമാനത്തിന്റെ കുറവാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്.

തദ്ദേശസ്ഥാപനങ്ങൾക്ക് സാമ്പത്തിക വികസനത്തിൽ വലിയ പങ്കുണ്ട്.
നാടിന്റെ വികസനത്തിലേക്കുള്ള ചവിട്ടുപടിയായാണ് സംരംഭകത്വത്തെ കാണേണ്ടത്. സംരംഭകത്വ മനോഭാവം കുട്ടികളിൽ വളർത്തിയെടുക്കണം. കാർഷിക മേഖല 'അഗ്രി ബിസിനസ്' എന്ന രീതിയിലേക്ക് മാറിയാൽ മാത്രമേ കൃഷിയിലൂടെയുള്ള പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാവൂ. വിളവെടുപ്പ് വരെയുള്ള കാലം, വിളവെടുപ്പിന് ശേഷമുള്ള കാലം എന്നിങ്ങനെ കൃഷിയെ വേർതിരിച്ച് ശാസ്ത്രീയമായ രീതിയിൽ പ്രവർത്തനങ്ങൾ നടത്തണം. കാർഷിക ഉത്പന്നങ്ങൾ കുടുംബശ്രീ, ഫാർമേഴ്സ് പ്രൊഡ്യൂസർ യൂണിറ്റുകൾ തുടങ്ങി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പ്രാദേശികമായി സംസ-്കരിക്കണം. ഉത്പന്നങ്ങളുടെ വിപണനത്തിന് നല്ല പാക്കേജിങ് സിസ്റ്റം ആവശ്യമാണ്.

പ്രാദേശിക സാമ്പത്തിക വികസന മേഖലയിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സാധ്യതകൾ പരിശോധിക്കണം. കേവലം 100 ദിവസം തൊഴിൽ നൽകുക എന്നതിലുപരി തൊഴിലുറപ്പ് പദ്ധതിയുടെ മറ്റു മേഖലകൾക്കും പ്രാധാന്യം നൽകണം. സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ നൽകുക, സാമ്പത്തിക സാക്ഷരത നൽകൽ, മൈക്രോ ഫിനാൻസ് എന്നീ മേഖലകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകണമെന്നും ചർച്ച അഭിപ്രായപ്പെട്ടു. കുടുംബശ്രീയുടെ ആധുനികവത്കരണം, സാങ്കേതികമായി പുരോഗമിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നു വന്നു.

കുടുംബശ്രീ എക-്സിക്യുട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ വിഷയാവതരണം നടത്തിയ ചർച്ചയിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ജിജു. പി. അലക-്സ് അധ്യക്ഷത വഹിച്ചു. കെ. ഡിസ-്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ, ആര്യനാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.സി.എസ് ചെയർപേഴ്സൺ കെ. ആർ സുനിതാ കുമാരി, ഉദ്യം ലേണിങ് ഫൗണ്ടേഷൻ സീനിയർ മാനേജർ ടോണി കെ. ജോസ്, ഐ.സി.എ.ആർ- സി. ടി. സി. ആർ. ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ: എം.എസ് സജീവ്, കുടുംബശ്രീ മുൻ പ്രോഗ്രാം ഒാഫീസർ പി.ബാലചന്ദ്രൻ, നബാർഡ് മുൻ അസി. ജനറൽ മാനേജർ രമേഷ് വേണുഗോപാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 

Content highlight
vision 2031- livelihood seminar

കുടുംബശ്രീയും റിലയന്‍സ് ജിയോയുമായി കൈകോര്‍ത്ത് 10,000 വനിതകള്‍ക്ക് തൊഴില്‍

Posted on Tuesday, October 14, 2025

കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുമായി കൈകോര്‍ത്ത് 10,000 വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിക്ക് ധാരണയായെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിജ്ഞാനകേരളം- കുടുംബശ്രീ തൊഴില്‍ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയും റിലയന്‍സുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തില്‍ ഇത്രയും പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ധാരണയിലെത്തിയത്.

ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം, വര്‍ക്ക് ഫ്രം ഹോമായി കസ്റ്റമര്‍ കെയര്‍ ടെലി കോളിങ് ഉള്‍പ്പെടെയുള്ള തൊഴിലുകളിലേക്കാണ് കുടുംബശ്രീ വനിതകളെ പരിഗണിക്കുക. തൊഴിലിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എല്ലാ പരിശീലനവും ആകര്‍ഷകമായ വേതനവും റിലയൻസ് ലഭ്യമാക്കും. ഇതിനായി കുടുംബശ്രീയും റിലയന്‍സ് പ്രോജക്ട്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സര്‍വീസസ് ലിമിറ്റഡും തമ്മില്‍ ധാരണാ പത്രം ഒപ്പുവച്ചു. മന്ത്രി ശ്രീ. എം.ബി. രാജേഷിന്റെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ്, റിലയന്‍സ് പ്രോജക്ട്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സര്‍വീസസ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് റിലയന്‍സ് ജിയോ കേരള ബിസിനസ് ഹെഡ് ഹേമന്ത് അംബോര്‍ക്കര്‍ എന്നിവര്‍ ധാരണാ പത്രം കൈമാറി.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ റിലയന്‍സ് ടെലികോം ഡിവിഷനായ ജിയോയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നു ലഭ്യമാകുന്ന ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ വിപണനവും മറ്റ് ഡിജിറ്റല്‍ സേവനങ്ങളും നല്‍കുന്നതിനാണ് കുടുംബശ്രീ വനിതകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. തൊഴില്‍ അവസരങ്ങളുടെ എണ്ണത്തിന് അനുസൃതമായി യോഗ്യരായ കുടുംബശ്രീ വനിതകളുടെ പട്ടിക അതത് കുടുംബശ്രീ സി.ഡി.എസുകള്‍ വഴി റിലയന്‍സിന് ലഭ്യമാക്കും. ഫ്രീലാന്‍സ് മാതൃകയിലായിരിക്കും ഇവരുടെ ജോലി. ചെയ്യുന്ന ജോലിക്കനുസരിച്ചാണ് വേതനം. നിലവില്‍ ജിയോയില്‍ ഈ രംഗത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് പ്രതിമാസം 15,000 രൂപയിലേറെ വരുമാനം ലഭിക്കുന്നുണ്ട്.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ജിയോ കസ്റ്റമര്‍ അസോസിയേറ്റ്‌സിന്റെ കീഴില്‍ ടെലികോളിങ്ങ് മേഖലയില്‍ മുന്നൂറു പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ജോലിയും നല്‍കുന്നുണ്ട്. പുറത്തു പോയി ജോലി ചെയ്യാന്‍ താത്പര്യമില്ലാത്ത വീട്ടമ്മമാരായ കുടുംബശ്രീ വനിതകള്‍ക്ക് ഇത് ഏറെ സഹായകമാകും.

തിരുവനന്തപുരത്ത് ഒക്ടോബര്‍ 11ന്‌ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ മന്ത്രിയ്ക്കൊപ്പം ഡോ. ടി.എം തോമസ് ഐസക് (വിജ്ഞാന കേരളം, മുഖ്യ ഉപദേഷ്ടാവ്), ടിങ്കു ബിസ്വാൾ ഐ.എ.എസ് (തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി), ടി.വി അനുപമ ഐ.എ.എസ് (തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി), എച്ച്. ദിനേശൻ ഐ.എ.എസ് (കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ) എന്നിവർ പങ്കെടുത്തു

Content highlight
Kudumbashree joins hands with Reliance Jio to provide employment to 10,000 women

നാടെങ്ങും യുവതയുടെ ആഘോഷമായി കുടുംബശ്രീയുടെ ഓക്സെല്ലോ ഫെസ്റ്റ്

Posted on Tuesday, October 14, 2025

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് വാർഡുതലത്തിൽ സംഘടിപ്പിച്ച ‘ഓക്സെല്ലോ ഫെസ്റ്റ്’ യുവതയുടെ ആഘോഷമായി. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച ‘ഓക്സെല്ലോ’ ക്യാമ്പയിന്റെ ഭാഗമായാണ് ഇന്നലെ(11-10-2025) വാർഡുതലത്തിൽ ഓക്സെല്ലോ ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇതുവഴി പുതിയ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുകയും നിലവിലുള്ളവ പുന:സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ ഒട്ടേറെ യുവതികളും പുതുതായി അംഗത്വമെടുത്തവരിൽ ഉൾപ്പെടുന്നു. ഒക്ടോബർ 18, 19 തീയതികളിൽ നടക്കുന്ന ഓക്സിലറി ഗ്രൂപ്പുകളുടെ സി.ഡി.എസ്തല സംഗമത്തിനു മുന്നോടിയായിട്ടാണ് ഓക്സെല്ലോ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.  

ആദ്യഘട്ടത്തിൽ ഓരോ വാർഡിലും ഒന്നു വീതം എന്ന കണക്കിലാണ് ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചത്. പരമാവധി അമ്പത് പേർ വരെ ഉൾപ്പെടുന്നതായിരുന്നു ഓരോ ഗ്രൂപ്പും. എന്നാൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലേതു പോലെ ആഴ്ച തോറുമുളള സമ്പാദ്യവും വായ്പയും ഉൾപ്പെടുന്ന സൂക്ഷ്മ സാമ്പത്തിക പ്രവർത്തനം ഓക്സിലറി ഗ്രൂപ്പുകൾക്ക് ഉണ്ടായിരുന്നില്ല.  ഓക്സിലറി ഗ്രൂപ്പുകളുടെ ഘടനയും പ്രവർത്തനവും സംബന്ധിച്ച ബൈലോ ഭേദഗതി ചെയ്തതു പ്രകാരം രണ്ടു വിധത്തിലാണ് ഇവയുടെ പ്രവർത്തനം. സൂക്ഷ്മ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്താൻ താൽപര്യമുള്ള അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന ഗ്രൂപ്പുകളും അല്ലാത്തവയും. പുതിയ ബൈലോ പ്രകാരം ഒരു ഗ്രൂപ്പിൽ 10-20 വരെ അംഗങ്ങളെ മാത്രമാണ് ഉൾപ്പെടുത്താനാവുക. ഇതു പ്രകാരമാണ് നിലവിൽ ഇരുപത് പേരിൽ കൂടുതലുള്ള ഓക്സിലറി ഗ്രൂപ്പുകൾ പുന:സംഘടിപ്പിക്കുന്നത്.  ഇതോടെ പല വാർഡുകളിലും ഓക്സിലറി ഗ്രൂപ്പുകളുടെ എണ്ണം ഇരട്ടിയാകും എന്നാണ് പ്രതീക്ഷ. പുതിയ അംഗങ്ങളുടെ കടന്നു വരവും ഗ്രൂപ്പുകളുടെ എണ്ണം വർധിക്കാൻ സഹായകമാകും. നിലവിൽ പുതിയ കണക്കുകൾ പ്രകാരം ലഘുസമ്പാദ്യ നിക്ഷേപവും വായ്പാ സൗകര്യങ്ങളും ആവശ്യപ്പെടുന്ന അംഗങ്ങൾ ഉൾപ്പെടുന്ന ഓക്സിലറി ഗ്രൂപ്പുകളുടെ എണ്ണമാണ് കൂടുതൽ.

ഓക്സെല്ലോ ഫെസ്റ്റ് സംസ്ഥാനത്ത് 19470 വാർഡുകളിലും ഇന്നലെ(11-12-2025) സംഘടിപ്പിക്കാനായിരുന്നു നിർദേശം. എങ്കിലും പൂർത്തിയാകാത്ത വാർഡുകളിൽ ഇന്നു(12-10-2025)  കൂടി ഉണ്ടാകും. ഫെസ്റ്റിനോടനുബന്ധിച്ച് വാർഡുതലത്തിൽ യുവതീ സംഗമം, ഓപ്പൺ ഫോറം, കുടുംബശ്രീ അംഗങ്ങളും ബാലസഭാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു. കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് പ്രവർത്തകർ, ജനപ്രതിനിധികൾ, നിലവിലുള്ള ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ ഓക്സെല്ലോ ഫെസ്റ്റിന് നേതൃത്വം നൽകി.

Content highlight
ads level auxello fest was held on 11th October