വാര്‍ത്തകള്‍

കുടുംബശ്രീ ദേശീയ സരസ് മേള: ലോഗോയും ടാഗ് ലൈനും തയ്യാറാക്കി സമ്മാനം നേടാം

Posted on Saturday, October 15, 2022

ഡിസംബര്‍ രണ്ടാം വാരം കോട്ടയം നാഗമ്പടം മൈതാനിയില്‍ സംഘടിപ്പിക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് അനുയോജ്യമായ ലോഗോയും ടാഗ് ലൈനും തയ്യാറാക്കി സമ്മാനം നേടാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംസ്ഥാനതലത്തില്‍ മത്സരം സംഘടിപ്പിക്കുന്നത്.

ജില്ലയുടെ സാംസ്കാരിക തനിമയും ഗ്രാമീണ വനിതാ സംരംഭകരുടെ കൂട്ടായ്മയും സംരംഭങ്ങളുടെ വൈവിധ്യവും സ്ത്രീശാക്തീകരണ രംഗത്തെ ഇടപെടലുകളും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ലോഗോയും ടാഗ് ലൈനും തയ്യാറാക്കേണ്ടത്. അയ്യായിരം രൂപയും മെമന്‍റോയുമാണ് സമ്മാനമായി ലഭിക്കുക. വിജയിക്ക് സരസ് മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ സമ്മാനം വിതരണം ചെയ്യും.

എന്‍ട്രികള്‍ sarasmelakottayam@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. അവസാന തീയതി 2022 ഒക്ടോബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് -0481-2302049, 9400550107.  കുടുംബശ്രീ മിഷന്‍ ഓഫീസുകളിലെ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

 

sarasktm

 

Content highlight
National Saras Mela @ Kottayam - Invites logo & Tagline

'പ്രീമിയമായി കുടുംബശ്രീ' തുടക്കം മെട്രോ സ്‌റ്റേഷനില്‍

Posted on Wednesday, October 12, 2022

കുടുംബശ്രീ സംരംഭകരുടെ പ്രീമിയം ഉത്പന്നങ്ങളുടെയും കൃഷി സംഘങ്ങളുടെ കാര്‍ഷികോത്പന്നങ്ങളുടെയും വിപണനം നടത്തുന്നതിന് എറണാകുളത്ത് കുടുംബശ്രീയുടെ കഫെ കം പ്രീമിയം ഔട്ട്‌ലെറ്റ് 'പ്രീമിയം ബാസ്‌കറ്റ്ി'ന് തുടക്കം.  

   കൊച്ചി മെട്രോയുമായി സഹകരിച്ച് എസ്.എന്‍ സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്ന 'പ്രീമിയം ബാസ്‌കറ്റിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 11ന് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു. എസ്.എന്‍ മെട്രോ സ്റ്റേഷനിലെ 600 ചതുരശ്രയടി വരുന്ന സ്ഥലത്താണ് പ്രീമിയം ബാസ്‌കറ്റ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം കാക്കനാട് പ്രവര്‍ത്തിക്കുന്ന നിര്‍മ്മിതി കേന്ദ്രമാണ് ഈ ഷോപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

  സമീപ പ്രദേശങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് കുടുംബശ്രീ അംഗങ്ങള്‍ അടങ്ങുന്ന സംരംഭത്തിനാണ് കുടുംബശ്രീ പ്രീമിയം ബാസ്‌കറ്റിന്റെ നടത്തിപ്പ് ചുമതല. എറണാകുളം ജില്ലയിലെയും മറ്റ് ജില്ലകളിലെയും കുടുംബശ്രീ സംരംഭകരുടെ പ്രീമിയം ഉത്പന്നങ്ങളും കുടുംബശ്രീ കര്‍ഷകരുടെ പച്ചക്കറിയും, കട്ട് വെജിറ്റബിളും പ്രീമിയം ബാസ്‌കറ്റില്‍ ലഭിക്കും. ചായ, കോഫി, സ്‌നാക്‌സ്, കൂള്‍ ഡ്രിങ്ക്‌സ് എന്നിവ കഫെയിലുമുണ്ട്. .

  ഉദ്ഘാടന ചടങ്ങില്‍ തൃപ്പൂണിത്തുറ എം.എല്‍.എ, കെ. ബാബു, തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ വിഷ്ണു രാജ് ഐ.എ.എസ്, കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മൈന ഉമൈബാന്‍, കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രീതി എം.ബി എന്നിവരും പങ്കെടുത്തു.

prm bskt

 

 

Content highlight
kudumbashree premium basket inagurated at Ernakulam

ലഹരിക്കെതിരേ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി കുടുംബശ്രീ

Posted on Monday, October 10, 2022
യുവതലമുറയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ ജനകീയ പ്രതിരോധം തീർക്കുന്നതിനുള്ള  സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി  കുടുംബശ്രീയും. അയൽക്കൂട്ടങ്ങളും ഓക്സിലറി ഗ്രൂപ്പുകളും ബാലസഭകളും കേന്ദ്രീകരിച്ചാണ്  ഈ പ്രവർത്തനങ്ങൾ കുടുംബശ്രീ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. 
 
 അയൽക്കൂട്ടങ്ങളിലും ഓക്സിലറി ഗ്രൂപ്പുകളിലും ബോധവൽക്കരണം നടത്തുന്നതിന്റെ  ഭാഗമായി 09/10/22  പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർത്തു. സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം അയൽക്കൂട്ടങ്ങളിലും 19,000ത്തോളം ഓക്സിലറി ഗ്രൂപ്പുകളിലും ഈ പ്രവർത്തനങ്ങൾ നടന്നു. 
 
ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ഭവിഷത്തുകൾ, ലഹരി ഉപയോഗം  തടയാൻ കൈക്കൊള്ളാനാകുന്ന മാർഗങ്ങൾ,  ലഹരിക്ക്‌ അടിമപ്പെടുന്നതിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ കൈക്കൊള്ളേണ്ട മുൻകരുതലുകൾ, ചികിത്സാ സൗകര്യങ്ങൾ എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങൾ ഉൾപ്പെടുന്ന ബോധവത്ക്കരണ  കുറിപ്പ്  ഈ യോഗങ്ങളിൽ വായിക്കുകയും അത് അടിസ്ഥാനമാക്കി  ചർച്ചകൾ നടത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. 
 
  സംസ്ഥാനത്തെ എല്ലാ കുടുംബശ്രീ സി.ഡി.എസുകളിലും  ബാലസഭാംഗങ്ങളെ ഉള്‍പ്പെടുത്തി ഇക്കഴിഞ്ഞ ദിവസങ്ങളിലായി  ലഹരി ബോധവത്ക്കരണ  പരിപാടികളും  സംഘടിപ്പിച്ചിരുന്നു. ബാലസഭാംഗങ്ങള്‍ പങ്കെടുത്ത  മാരത്തണ്‍, ഇവര്‍ നല്‍കുന്ന ലഹരി വിരുദ്ധ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിഗ്നേച്ചര്‍ ട്രീ, ലഹരിക്കെതിരേയുള്ള പ്രതിജ്ഞ ചൊല്ലൽ, ഫുട്ബോൾ മത്സരങ്ങൾ ഉൾപ്പെടെയുള്ള കലാകായിക മത്സരങ്ങൾ എന്നിവയാണ് ഓരോ ജില്ലയിലും സംഘടിപ്പിച്ചത്.
 
blsbh

 

Content highlight
Kudumbashree have conduted various awareness activities against drug addiction

പി.എം.എ.വൈ (അർബൻ) - കുടുംബശ്രീയ്ക്ക് ദേശീയ പുരസ്ക്കാരങ്ങൾ

Posted on Monday, October 10, 2022
നഗരപ്രദേശത്തെ എല്ലാ ഭവനരഹിതർക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിക്ക് കീഴിൽ മികച്ച സംയോജന പ്രവർത്തനം കാഴ്ച്ചവച്ചതിനുള്ള ദേശീയ അവാർഡുകൾ സ്വന്തമാക്കി കുടുംബശ്രീ. കേരളത്തിലെ പദ്ധതിയുടെ നോഡൽ ഏജൻസി കുടുംബശ്രീയാണ്.
 
കേന്ദ്ര ഭവന- നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പി.എം.എ.വൈ (അർബൻ) അവാർഡ്സിന്റെ 2021ലെ രണ്ട് സംസ്ഥാനതല പുരസ്ക്കാരങ്ങളാണ് കുടുംബശ്രീ സ്വന്തമാക്കിയത്. കൂടാതെ നിശ്ചിത 150 ദിവസങ്ങളിലെ മികച്ച പ്രകടനം കൂടി അടിസ്ഥാനമാക്കി നഗരസഭാതല പുരസ്ക്കാരങ്ങളിൽ ദേശീയതലത്തിൽ മട്ടന്നൂർ നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരളത്തിൽ ലൈഫ് ഭവന പദ്ധതിയുമായി സംയോജിപ്പിച്ചാണ് പി.എം.എ.വൈ (അർബൻ) പദ്ധതി നടപ്പിലാക്കുന്നത്.
 
ഉപജീവന പദ്ധതികളുൾപ്പെടെയുള്ള പദ്ധതികളുമായുള്ള ഏറ്റവും മികച്ച സംയോജന മാതൃകയ്ക്കുള്ള പ്രത്യേക പുരസ്ക്കാരവും പദ്ധതിക്ക് കീഴിൽ ഏറ്റവും മികച്ച സമൂഹകേന്ദ്രീകൃത പ്രോജക്ടിനുള്ള പുരസ്ക്കാരവുമാണ് സംസ്ഥാനതലത്തിൽ കുടുംബശ്രീയിലൂടെ കേരളത്തിന് സ്വന്തമായത്. ലൈഫ് ഭവന പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മുഖേന നഗര മേഖലകളിൽ നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണൽ അർബൻ ലൈവ്ലിഹുഡ് മിഷൻ- എൻ.യു.എൽ.എം) പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾ, അതാത് നഗരസഭകളുടെ വിവിധ പദ്ധതികൾ എന്നിവയെല്ലാമായും നടത്തി വരുന്ന ഫലപ്രദമായ സംയോജന പ്രവർത്തനങ്ങളാണ് പ്രത്യേക സംയോജന മാതൃക അവാർഡിന് കുടുംബശ്രീയെ അർഹമാക്കിയത്.
 
പി.എം.എ.വൈ(അർബൻ) ഗുണഭോക്താക്തൃ കുടുംബങ്ങളെ അയൽക്കൂട്ടങ്ങളുടെ ഭാഗമാക്കുന്നതിനൊപ്പം കുടുംബാംഗങ്ങൾക്ക് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം, സ്വയംതൊഴിൽ കണ്ടെത്താനുള്ള പിന്തുണ തുടങ്ങിയവ ലഭ്യമാക്കി മെച്ചപ്പെട്ട തൊഴിലും ഉപജീവന അവസരവും കുടുംബശ്രീ സംയോജനത്തിലൂടെ ഒരുക്കി നൽകുന്നു. കൂടാതെ സൗജന്യ ഗ്യാസ് കണക്ഷനും കേന്ദ്ര പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുന്നതോടെ ഗുണഭോക്താവിന് ഭവന നിർമ്മാണത്തിന് 27,990 രൂപയുടെ അധിക ധനസഹായവും ലഭിക്കുന്നു. ഇത് കൂടാതെ 2021വരെ ഭവന നിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളെ യെല്ലാം ഭവന ഇൻഷുറൻസിൽ ചേർക്കുക, നിർധനരായ ഗുണഭോക്താക്കൾക്ക് സി.എസ്.ആർ സഹായം നേടിക്കൊടുക്കുക, ഭവന നിർമ്മാണ സാമഗ്രികൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക തുടങ്ങിയ കുടുംബശ്രീയുടെ ഇടപെടലുകളും പുരസ്ക്കാര നിർണ്ണയത്തിൽ പരിഗണിച്ചു.
 
ഈ പദ്ധതിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സഹായം നൽകുന്ന സംസ്ഥാനവും കേരളമാണ്. കേന്ദ്ര സർക്കാർ നൽകുന്ന 1.50 ലക്ഷം രൂപയ്ക്ക് പുറമേ സംസ്ഥാന സർക്കാരും നഗരസഭകളും ചേർന്ന് 2.50 ലക്ഷം രൂപയും ഗുണഭോക്താവിന് നൽകുന്നു. കൂടാതെ ലൈഫ് മിഷനുമായി സംയോജിപ്പിച്ചതിന് ശേഷം ഗുണഭോക്തൃ വിഹിതം ഈടാക്കുന്നതുമില്ല.
 
പദ്ധതി നിർവ്വഹണത്തിലുള്ള മികവ്, 150 ദിവസ ചലഞ്ചിലെ മികച്ച പ്രകടനം, അംഗീകാരം ലഭിച്ച വീടുകളുടെയെല്ലാം നിർമ്മാണം ആരംഭിക്കൽ, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (എം.ഐ.എസ്) കൃത്യമായി പിന്തുടരൽ തുടങ്ങിയവയാണ് മട്ടന്നൂരിനെ അവാർഡിന് അർഹമാക്കിയത്. ഒക്ടോബർ 17 മുതൽ 19 വരെ ഗുജറാത്തിലെ രാജ്കോട്ടിൽ നടക്കുന്ന ഇന്ത്യൻ അർബൻ ഹൗസിങ് കോൺക്ലേവിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുരസ്ക്കാരങ്ങൾ സമ്മാനിക്കും.
 
pmay

 

Content highlight
PMAY (URABAN) - National awards for kudumbashree

'സുസ്ഥിരം'- സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം കുടുംബശ്രീയിലൂടെ: ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Thursday, October 6, 2022

'സുസ്ഥിരം'-സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം കുടുംബശ്രീയിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ആശയ രൂപീകരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയും കിലയും സംയുക്തമായി ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു.  സമൂഹത്തിന്‍റെ ഏറ്റവും താഴെതട്ടിലുള്ളവരുടെ ജീവിതത്തില്‍ സര്‍വതല സ്പര്‍ശിയായ വികസനം ലഭ്യമാക്കുകയാണ് പ്രാദേശികവല്‍ക്കരണത്തിന്‍റെ മുഖ്യ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ആവിഷ്ക്കരിക്കുക. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍ തിരുവനന്തപുരം ഗ്രാന്‍ഡ് ചൈത്രം ഹോട്ടലിലായിരുന്നു ശില്‍പ്പശാല.

സുസ്ഥിര വികസന ലക്ഷ്യങ്ങളെ പത്ത് വ്യത്യസ്ത വിഷയാടിസ്ഥാനത്തില്‍ കേന്ദ്രീകരിച്ചുകൊണ്ട് കുടുംബശ്രീ സംവിധാനം വഴി ഇവ നേടിയെടുക്കുന്ന പ്രവര്‍ത്തനങ്ങളാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. ദാരിദ്ര്യരഹിതവും ഉയര്‍ന്ന ഉപജീവന മാര്‍ഗങ്ങള്‍ ഉള്ളതുമായ ഗ്രാമ നഗരങ്ങള്‍, ആരോഗ്യ, ശിശു സൗഹൃദ, ജലസമൃദ്ധ ഗ്രാമ നഗരങ്ങള്‍, ശുചിത്വവും ഹരിതാഭവുമായ ഗ്രാമ നഗരങ്ങള്‍, സ്വയംപര്യാപ്തവും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതുമായ ഗ്രാമ നഗരങ്ങള്‍, സാമൂഹിക സുരക്ഷിത ഗ്രാമനഗരങ്ങള്‍, സദ്ഭരണം, ലിംഗസമത്വ വികസനം, ഗുണമേډയുള്ള വിദ്യാഭ്യാസം എന്നിവയാണ് സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പത്തു വിഷയങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് നിശ്ചയിക്കുന്ന ലക്ഷ്യങ്ങള്‍ ഏറ്റവും താഴെതട്ടിലുള്ള അയല്‍ക്കൂട്ടങ്ങള്‍ തന്നെ നേടിയെടുക്കുന്ന രീതിയില്‍ അയല്‍ക്കൂട്ട സംവിധാനത്തിന്‍റെ കാര്യശേഷി വര്‍ധിപ്പിക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങള്‍, ഇതിനായി കുടുംബശ്രീ സംഘടനാ സംവിധാനത്തിലും പ്രവര്‍ത്തന രീതിയിലും മിഷന്‍ സംവിധാനത്തിലും വരേണ്ട മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച് ശില്‍പശാലയില്‍ ചര്‍ച്ച നടത്തി പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി.  

മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്,  കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, ഗ്രാമീണ പഠനകേന്ദ്രം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍.ജഗജീവന്‍, പ്ലാനിംഗ്ബോര്‍ഡ് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ കെ.എന്‍ വിമല്‍കുമാര്‍, സി. നന്ദകുമാര്‍, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് എന്നിവര്‍ ശില്‍പ്പശാലയില്‍ സംസാരിച്ചു.

സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാരായ വിപിന്‍ വില്‍ഫ്രഡ്, വിദ്യാ നായര്‍ എന്നിവര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി. കുടുംബശ്രീ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കൃഷ്ണപ്രിയ സ്വാഗതം പറഞ്ഞു. അക്കൗണ്ട്സ് ഓഫീസര്‍ സുരേഷ്കുമാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍, ട്രെയിനിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.മൈന ഉമൈബാന്‍ നന്ദി പറഞ്ഞു.

SDG

 

Content highlight
Kudumbashree and Kila jointly conducted two day workshop on sustainable development goals

ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്‍റി-ട്വന്‍റി : കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 10.25 ലക്ഷം രൂപയുടെ വിറ്റുവരവ്

Posted on Thursday, October 6, 2022

സെപ്റ്റംബര്‍ 28ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫുഡ് കോര്‍ട്ടുകള്‍ വഴി കുടുംബശ്രീ യൂണിറ്റുകള്‍ നേടിയത് 10.25 ലക്ഷം രൂപയുടെ വിറ്റുവരവ്. മത്സരം കാണാനെത്തിയ ക്രിക്കറ്റ് പ്രേമികള്‍ക്കും കൂടാതെ ഒഫീഷ്യല്‍സ്, ഗ്രൗണ്ട് സ്റ്റാഫ്, പോലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഭക്ഷണ വിതരണം നടത്തിയതിലൂടെയാണ് ഈ നേട്ടം. ഓര്‍ഡര്‍ ലഭിച്ചതു പ്രകാരം 3000 പേര്‍ക്കും ഇതിനു പുറമേ 5000 പേര്‍ക്കുള്ള ഭക്ഷണവുമാണ് നല്‍കിയത്.

കുടുംബശ്രീ യൂണിറ്റുകളുടേതായി സ്റ്റേഡിയത്തിന്‍റെ ടെറസ് പവിലിയനു സമീപം പന്ത്രണ്ട് ഫൂഡ് കൗണ്ടറുകളാണ് സജജ്ജീകരിച്ചത്. മത്സരം തുടങ്ങുന്നതിനു മുമ്പ് സ്റ്റേഡിയത്തിനു വെളിയില്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് ഉള്ളില്‍ പ്രവേശിച്ച കാണികള്‍ക്ക് മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും പാനീയങ്ങളും കുടുംബശ്രീ സ്റ്റാളില്‍ നിന്നു ലഭിച്ചത് ഏറെ സഹായകമായി. മത്സരത്തിനു മുമ്പും ശേഷവും കാണികള്‍ സ്റ്റാളുകളില്‍ കൂട്ടമായി എത്തിയെങ്കിലും ഭക്ഷണവിതരണം വേഗത്തിലാക്കി തിരക്കൊഴിവാക്കാന്‍ കഴിഞ്ഞതും ശ്രദ്ധേയമായി. ഭക്ഷണ വിതരണം രാത്രി പന്ത്രണ്ട് വരെ നീണ്ടു. കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ആളുകള്‍ പാഴ്സല്‍ വാങ്ങാനും എത്തി.

തിരുവനന്തപുരം ജില്ലയില്‍ കുടുംബശ്രീയുടെ കീഴിലുള്ള വിഘ്നേശ്വര, ശ്രീപാദം, ശ്രീശൈലം, സാംജീസ്. ശ്രുതി, സമുദ്ര, പ്രതീക്ഷ, ജിയാസ്, കൃഷ്ണ എന്നീ കേറ്ററിങ്ങ് യൂണിറ്റുകളും രണ്ട് കഫേശ്രീ യൂണിറ്റുകളുമാണ് ക്രിക്കറ്റ് മാമാങ്കം കണാനെത്തിയ കായിക പ്രേമികള്‍ക്കായി ഭക്ഷണമൊരുക്കിയത്. കുടുംബശ്രീ സംസ്ഥാന മിഷന്‍റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം ജില്ലാമിഷനായിരുന്നു സ്റ്റേഡിയത്തില്‍ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല.

ഇതിനു മുമ്പും ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച അവസരങ്ങളില്‍ ഭക്ഷണ വിതരണത്തിന് കുടുംബശ്രീക്ക് അവസരം ലഭിച്ചിരുന്നു. പരാതികളില്ലാതെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനായതാണ് ഈ വര്‍ഷവും കുടുംബശ്രീക്ക് ഭക്ഷണ വിതരണത്തിന് അവസരം ലഭിക്കാന്‍ കാരണം.  

 

cr

 

Content highlight
sales turnover of 10.25 lakhs for kudumbashree units during India-South Africa t20 match

സാഗര്‍മാല - ഡി.ഡി.യു.ജി.കെ സംയോജനം, ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Thursday, September 29, 2022
കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില് തുറമുഖ മേഖലാ വികസനത്തിനായി നടപ്പിലാക്കുന്ന 'സാഗര്മാല' പദ്ധതിയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സര്ക്കാരും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ നൈപുണ്യ പരിശീലന പരിപാടിയായ 'ദീന് ദയാല് ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയും (ഡി.ഡി.യു-ജി.കെ.വൈ)' തമ്മിലുള്ള സംയോജനം സാധ്യമാക്കുന്നതിനെക്കുറിച്ചുള്ള ഏകദിന ശില്പ്പശാല സംഘടിപ്പിച്ചു.
 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില് തുറമുഖ വികസനം വരുമ്പോഴുണ്ടാകുന്ന പ്രതിമാസ ശമ്പളം ലഭിക്കുന്ന നിരവധി തൊഴിലവസരങ്ങള് പ്രയോജനപ്പെടുത്താന് തീരദേശത്തെ യുവതീയുവാക്കള്ക്ക് ആവശ്യമായ നൈപുണ്യശേഷി നല്കുകയാണ് പദ്ധതി സംയോജനത്തിലൂടെ ലക്ഷ്യമിടുന്നത്.
 
കേരളത്തില് പദ്ധതി മുഖേന 3000 പേര്ക്ക് പരിശീലനം നല്കുകയാണ് ലക്ഷ്യം. ലോജിസ്റ്റിക്‌സ്, ഗ്രീന് ജോബ്‌സ്, ഓട്ടോമോട്ടീവ്, പ്ലംബിങ്, ലൈഫ് സയന്സ്, ഐ.ടി-ഐ.ടി.ഇ.എസ് എന്നീ 17 വിഭാഗങ്ങളിലായി 186-ഓളം കോഴ്സുകൾ ലഭ്യമാണ്. എറണാകുളം, കോഴിക്കോട് ജില്ലകളിലാകും പദ്ധതി നടപ്പിലാക്കുക.
 
എറണാകുളം ഇംപീരിയല് ഇന്സിഗ്നിയയില് സെപ്റ്റംബര് 26ന് സംഘടിപ്പിച്ച ശില്പ്പശാലയില് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര് പ്രദീപ് കുമാര്. ആര്, കുടുംബശ്രീ എറണാകുളം ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് പ്രീതി, അജ്മേഷ് മാഡൻകര, സുധീഷ്, പ്രദീഷ് നായര്, (അഴീക്കല് പോര്ട്ട്), സന്തോഷ് (എം.പി.ഡി.ഇ.എ) ഡോ. നീലകണ്ഠന് (സിഫ്‌നെറ്റ്), എന്നിവര് പങ്കെടുത്തു.
 
 
Content highlight
Sagarmala-DDUGKY Convergence: One Day Workshop organized

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരം, അഞ്ചാം സീസണ്‍ : ഒക്ടോബര്‍ 13 വരെ എന്‍ട്രികള്‍ അയയ്ക്കാം

Posted on Friday, September 23, 2022

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരത്തിന്റെ അഞ്ചാം സീസണിലേക്ക് എന്‍ട്രികള്‍ അയയ്ക്കാനുള്ള അവസാന തീയതി 2022 ഒക്ടോബര്‍ 13 വരെ നീട്ടി. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. അയല്‍ക്കൂട്ട യോഗം, അയല്‍ക്കൂട്ട വനിതകള്‍ നടത്തുന്ന ക്യാന്റീനുകളും കഫേകളും ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍.. തുടങ്ങീ കുടുംബശ്രീയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ആധാരമാക്കിയുള്ള ചിത്രങ്ങള്‍ മത്സരത്തിനയയ്ക്കാം.

  ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കാം. അല്ലെങ്കില്‍ ഫോട്ടോകള്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാതെ സിഡി-യിലാക്കിയോ ഫോട്ടോ പ്രിന്റുകളോ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലും അയച്ച് നല്‍കാനാകും. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഇ- മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും ഒപ്പം ചേര്‍ക്കണം.
 
   വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ മറ്റ് മികച്ച പത്ത് ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനമായി 2000 രൂപ വീതവും നല്‍കും. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണരൂപം www.kudumbashree.org/photography2022 എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.
 
photo

 

Content highlight
‘Kudumbashree Oru Nerchithram’ Photography Competition - Season 5: Date extended till 13 October 2022en

നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിക്കായി കര്‍മ്മ പദ്ധതി ആസൂത്രണം - കുടുംബശ്രീ മാസ്റ്റര്‍ പരിശീലകര്‍ക്കുള്ള ദ്വിദിന സംസ്ഥാനതല പരിശീലനം സമാപിച്ചു

Posted on Friday, September 23, 2022

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി(അര്‍ബന്‍ പോവര്‍ട്ടി റിഡക്ഷന്‍ പ്ളാന്‍-യു.പി.ആര്‍.പി) പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 151 മാസ്റ്റര്‍ പരിശീലകര്‍ക്കായി 19,20 തീയതികളില്‍ സംസ്ഥാനതല പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശീലനം. 93 നഗരസഭകളില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍, സി.ഡി.എസ് ഉപസമിതി കണ്‍വീനര്‍മാര്‍ എന്നിവരില്‍ നിന്നുമാണ് മാസ്റ്റര്‍ പരിശീലകരെ തിരഞ്ഞെടുത്തത്. ഇവര്‍ വഴി എല്ലാ നഗര സി.ഡി.എസുകളിലെയും ഭരണ സമിതി അംഗങ്ങള്‍ക്കും വാര്‍ഡുകളില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാര്‍ക്കും പരിശീലനം നല്‍കും.  

 നിലവില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയിലെ 'സാമൂഹ്യ സംഘാടനവും സ്ഥാപന വികസനവും' എന്ന ഘടകത്തിന്‍റെ ഭാഗമായി ആവിഷ്ക്കരിച്ച പുതിയ പരിപാടിയാണ് നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി. കേരളത്തിലെ നഗരപ്രദേശങ്ങളില്‍ സമഗ്ര വികസനം സാധ്യമാക്കാന്‍ ഉപകരിക്കുന്ന വിധത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനങ്ങളുടെ നേതൃത്വത്തിലായിരിക്കും ഇത്.

 കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനായി ആദ്യഘട്ടത്തില്‍ അയല്‍ക്കൂട്ടതല ചര്‍ച്ച നടത്തി ഉപജീവനം, സാമൂഹ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം, പൊതു വിഭവങ്ങള്‍, സേവനങ്ങള്‍, ഓരോ വ്യക്തിക്കും ലഭ്യമാകേണ്ട അവകാശങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി ഡിമാന്‍ഡ് പ്ളാന്‍ രൂപീകരിക്കും. പിന്നീട് ഈ ഡിമാന്‍ഡ് പ്ളാന്‍ വാര്‍ഡ്തലത്തിലും സി.ഡി.എസ്തലത്തിലും ക്രോഡീകരിച്ച് പൊതുവിഭവങ്ങള്‍, സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍  കൂടി ചേര്‍ത്ത് അന്തിമ പ്ളാന്‍ തയ്യാറാക്കും. നിലവില്‍ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വാര്‍ഷിക കര്‍മപദ്ധതികള്‍ തയ്യാറാക്കുന്നത് പ്രത്യേക മാര്‍ഗരേഖ പ്രകാരമാണ്. വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍ കരട് പ്രോജക്ടുകള്‍ തയ്യാറാക്കുമ്പോള്‍ സി.ഡി.എസ്തല നഗരദാരിദ്ര്യ ലഘൂകരണ പ്ളാനിലെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കണമെന്ന് മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്. ഇതു കൂടി കണക്കിലെടുത്തു തയ്യാറാക്കുന്ന പ്ളാനുകള്‍ നവംബര്‍ ഒന്നിന് നഗരസഭകള്‍ക്ക് കൈമാറുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

പ്രദേശിക തലത്തില്‍ ഉയരുന്ന വിവിധ ആവശ്യങ്ങളെയും സാധ്യതകളെയും കണ്ടെത്തി അവയെ ഏകോപിപ്പിച്ചു കൊണ്ടായിരിക്കും നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി പൂര്‍ത്തിയാക്കുക. പദ്ധതി നടപ്പാക്കുന്നതോടെ നഗരമേഖലയില്‍ സര്‍വതല സ്പര്‍ശിയായ വികസനം കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം പ്രോഗ്രാം ഓഫീസര്‍ എസ്.ജഹാംഗീര്‍, സ്റ്റേറ്റ് മിഷന്‍ മാനേജര്‍മാരായ ബീന.ഇ, പൃഥ്വിരാജ്, സുധീര്‍ കെ.ബി, നിഷാന്ത് ജി.എസ്, സിറ്റി മിഷന്‍ മാനേജര്‍മാരായ വിബിത ബാബു, ദീപ പ്രഭാകര്‍, മുനീര്‍ എം.പി, ഷാം കൃഷ്ണ, കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസഷന്‍ പരിശീലക ഗ്രൂപ്പ് അംഗങ്ങളായ മായ ശശിധരന്‍, ബിന്ദു സനോജ് എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.

 

up

 

Content highlight
kudumbashree condicts training for master trainers for UPRP

അയല്‍ക്കൂട്ടങ്ങള്‍ക്ക് വേഗത്തില്‍ ലിങ്കേജ് വായ്പാ വിതരണം: കുടുംബശ്രീയും യൂണിയന്‍ ബാങ്കും ധാരണാപത്രം ഒപ്പു വച്ചു

Posted on Tuesday, September 20, 2022

സംസ്ഥാനത്ത് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ലിങ്കേജ് വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതിന് യൂണിയന്‍ ബാങ്കും. പരമാവധി അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ബാങ്കുകള്‍ അതത് ജില്ലാമിഷനുകളില്‍ നിന്നും വായ്പ ആവശ്യമുള്ള അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ട് വായ്പാ വിതരണ പരിപാടി ഊര്‍ജിതമാക്കും. അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിനും ലിങ്കേജ് വായ്പ നല്‍കുന്നതിനും നിലവിലുള്ള നടപടിക്രമങ്ങളില്‍  ബാങ്ക് ഇളവ് വരുത്തും. കുടുംബശ്രീ എക്സിക്യൂട്ടീവ ഡയറക്ടര്‍ ജാഫര്‍ മാലിക്, യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ രവീന്ദ്ര ബാബു എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു.

അര്‍ഹരായ അയല്‍ക്കൂട്ടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ബാങ്കിന്‍റെ ബ്രാഞ്ച് അധികൃതര്‍ തന്നെ  കുടുംബശ്രീയില്‍ നിന്നു നേരിട്ടു വാങ്ങും. ഇതിനായി ഗ്രേഡിങ്ങ് പൂര്‍ത്തിയാക്കിയതും വായ്പ ലഭിക്കാന്‍ അര്‍ഹതയുമുള്ള അയല്‍ക്കൂട്ടങ്ങളെ കുടുംബശ്രീ കണ്ടെത്തും. വായ്പ ലഭിച്ചതിനു ശേഷം അയല്‍ക്കൂട്ടങ്ങളുടെ കൃത്യമായ തിരിച്ചടവ് ഉറപ്പാക്കുന്നതും കുടുംബശ്രീയായിരിക്കും. ലിങ്കേജ് വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതിനൊപ്പം അയല്‍ക്കൂട്ടങ്ങള്‍ക്ക് നിലവില്‍ മറ്റു ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമുള്ള വായ്പകളും യൂണിയന്‍ ബാങ്ക് ഏറ്റെടുക്കും. ബാങ്കിന്‍റെ നിര്‍ദിഷ്ട മാര്‍ഗരേഖകള്‍ക്ക് വിധേയമായിട്ടായിരിക്കും ഇത്.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലികിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അനിഷ് കുമാര്‍ എം.എസ്, യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ രവീന്ദ്ര ബാബു എന്നിവര്‍ ധാരണാപത്രം കൈമാറി. കുടുംബശ്രീ സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ ജിജി ആര്‍.എസ്., നീതു എല്‍. പ്രകാശ്, യൂണിയന്‍ ബാങ്ക് റീജ്യണല്‍ ഹെഡ് സുജിത് എസ്. തരിവാള്‍, റൂറല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സിജിന്‍ ബി.എസ്. എന്നിവര്‍ സെപ്റ്റംബര്‍ 19ന് കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

unio

 

Content highlight
Kudumbashree signs MoU with Union Bank for the disbursement of fast linkage loans to NHGsml