സംസ്ഥാന ബഡ്സ് കലോത്സവം കണ്ണൂരില്‍, ലോഗോ പ്രകാശനം ചെയ്തു
- 28 views
സംസ്ഥാനത്ത് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ തുടക്കമായ സംസ്ഥാനതല ക്യാമ്പെയ്ന്റെ ഭാഗമായി കുടുംബശ്രീയും. ജനുവരി 21 വരെയാണ് ക്യാമ്പെയിന്. 'ഞാനുമുണ്ട് പരിചരണത്തിന്' എന്നതാണ് ഈ വര്‍ഷത്തെ പാലിയേറ്റീവ് ദിനാചരണ സന്ദേശം. കിടപ്പുരോഗികള്‍ക്കും കുടുംബത്തിനും ആശ്വാസമേകാന്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ക്യാമ്പെയ്ന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജനുവരി 21ന് സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളില്‍ പാലിയേറ്റീവ് കെയര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി പ്രത്യേക യോഗം സംഘടിപ്പിക്കും.
ക്യാമ്പെയ്ന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപന പരിധിയിലുമുള്ള കിടപ്പുരോഗികള്‍ക്ക് ആവശ്യമായ പരിചരണവും മറ്റു പിന്തുണകളും ഉറപ്പു വരുത്താന്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് കുടുംബശ്രീയുടെ ചുമതല. ഇതിനായി അയല്‍ക്കൂട്ടങ്ങളിലെ മൂന്നു ലക്ഷത്തിലേറെ വരുന്ന സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍മാര്‍ പാലിയേറ്റീവ് കെയര്‍ രംഗത്ത് സജീവമാകും. ഇവര്‍ മുഖേന ഓരോ അയല്‍ക്കൂട്ട പരിധിയിലും പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ള മുഴുവന്‍ രോഗികളുടെയും രജിസ്ട്രേഷന് ഉറപ്പു വരുത്തും. കൂടാതെ ആശാ വര്‍ക്കര്‍മാരും പാലിയേറ്റീവ് കെയര്‍ യൂണിറ്റുമായി ബന്ധപ്പെട്ട് പരിചരണം ആവശ്യമായ എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണം ലഭ്യമാക്കും. ഇതിനായി കിടപ്പുരോഗികളെ അതത് പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകരുമായി ബന്ധപ്പെടുത്തും.
കിടപ്പു രോഗികള്‍ ഉളളതിനാല്‍ തൊഴില്‍ ചെയ്യുന്നതിനായി പുറത്തു പോകാന്‍ കഴിയാത്തവരും സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരുമായ അനേകം നിര്‍ദ്ധന കുടുംബങ്ങള്‍ക്കും പദ്ധതി ആശ്വാസമേകും. ഇതിനായി തൊഴില്‍പരമായി പുനരധിവസിപ്പിക്കാന്‍ കഴിയുന്ന രോഗികളെ പ്രത്യേകം രജിസ്റ്റര്‍ ചെയ്യും. പരിചരണസേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനു വേണ്ടി ആഴ്ച തോറും ഭവന സന്ദര്‍ശനവും നടത്തും.
ക്യാമ്പെയ്ന്റെ ഭാഗമായി ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുമായും നാഷണല്‍ ആയുഷ് മിഷന്, ഭാരതീയ ചികിത്സാ വിഭാഗം, ഹോമിയോപ്പതി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, പാലിയേറ്റീവ് കെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്കും ഒപ്പമായിരിക്കും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍.
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി അര്‍ബന്‍ ലേണിങ്ങ് ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ ആദ്യബാച്ചിനുള്ള ഏകദിന ഓറിയന്റേഷന്‍ പ്രോഗ്രാം തൈക്കാട് കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ തിങ്കളാഴ്ച (ജനുവരി 8) സംഘടിപ്പിച്ചു. എന്‍.യു.എല്‍.എം പദ്ധതി വഴി സംസ്ഥാനത്തെ നഗരമേഖലയിലുണ്ടായ പുരോഗതിയും നേട്ടങ്ങളും വിലയിരുത്തുന്നതിനൊപ്പം പദ്ധതിപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പരിപാടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ 93 നഗരസഭകളിലും നടത്തുന്ന ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ ആദ്യബാച്ചില്‍ 29 പേരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇവരില്‍ മൂന്നു പേര് മൂന്നു മാസം സംസ്ഥാനമിഷനിലും ബാക്കിയുള്ള 26 പേര് രണ്ടു മാസം സംസ്ഥാനത്തെ വിവിധ നഗരസഭകളിലും ഇന്റേണ്‍ഷിപ് ചെയ്യും. ഈ മാസം 25നകം ബാക്കി പരിശീലനാര്‍ത്ഥികളെ കൂടി തിരഞ്ഞെടുത്തു കൊണ്ട് 93 നഗരസഭകളിലും ഇന്റേണ്‍ഷിപ് പ്രോഗ്രാം പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ നല്കുന്ന മൂന്നു പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കി ഇവര്‍ മുഖേന തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദേശീയനഗരം ഉപജീവന പദ്ധതി നഗരദരിദ്രര്‍ക്ക് എപ്രകാരം പ്രയോജനപ്പെടുന്നു എന്നതാണ് ആദ്യത്തേത്. ഉല്പാദന സേവന മേഖലകളിലെ സംരംഭ സാധ്യതകള്‍ എന്നതാണ് രണ്ടാമത്തെ വിഷയം. 2022-23, 2023-24, സാമ്പത്തിക വര്‍ഷങ്ങളില്‍ നഗര തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു കൊണ്ട് നടപ്പാക്കിയ നഗരദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ വിലയിരുത്തലും 2024-25 ലെ നഗരദാരിദ്ര്യ ലഘൂകരണ പദ്ധതി തയ്യാറാക്കലുമാണ് മൂന്നാമത്തെ വിഷയം. നഗരസഭകളില്‍ ഇന്റേണ്‍ഷിപ്പിനെത്തുന്നവര്‍ ഈ മൂന്നു വിഷയങ്ങളിലും ആവശ്യമായ പഠനങ്ങള്‍ നടത്തി സ്ഥിതി വിവര കണക്കുകള്‍ ശേഖരിക്കും. നഗരസഭകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പദ്ധതി നിര്‍വഹണ ഉദ്യാഗസ്ഥര്‍, പദ്ധതി ഗുണഭോക്താക്കള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയാകും വിവരശേഖരണം.
നഗരസഭാതലത്തില്‍ ഇന്റേണ്‍ഷിപ് ചെയ്യുന്നവര്‍ നല്കുന്ന വിവരങ്ങള്‍ വിലയിരുത്തുകയും ക്രോഡീകരിക്കുകയും ചെയ്ത് അന്തിമ റിപ്പാര്‍ട്ട് തയ്യാറാക്കുകയാണ് സംസ്ഥാനമിഷനില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവരുടെ ചുമതല. പദ്ധതി നിര്‍വഹണത്തിലും അതിന്റെ ഗുണപരതയിലും ഉള്‍പ്പെടെ ഏതെല്ലാം മേഖലകളാണ് മെച്ചപ്പെടുത്തേണ്ടത് എന്ന ശുപാര്‍ശയോടെയാകും അന്തിമ റിപ്പോര്‍ട്ട് കുടുംബശ്രീക്ക് സമര്‍പ്പിക്കുക.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക്, പ്രോഗ്രാം ഓഫീസര്‍(അര്‍ബന്‍) ജഹാംഗീര്‍ എസ് എന്നിവര്‍ പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. എന്‍.യു.എല്‍.എം സ്റ്റേറ്റ് മിഷന് മാനേജര്‍മാരായ സുധീര്‍ കെ.ബി, മേഘ്ന എസ്, നിശാന്ത് ജി.എസ്,പൃഥ്വിരാജ്, സിറ്റി മിഷന് മാനേജര്‍ ശ്യാംകൃഷ്ണ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഏറ്റവും മികച്ച മനുഷ്യവിഭവശേഷിയുള്ള സംസ്ഥാനമാണ് കേരളമെന്നും അതുകൊണ്ടാണ് ലോകത്തെ ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ നേടാന്‍ മലയാളികള്‍ക്ക് സാധിക്കുന്നതെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി ജനുവരി ഏഴിന് സംഘടിപ്പിച്ച'ടാലന്റോ 24' തൊഴില്‍ദാന ചടങ്ങും പൂര്‍വവിദ്യാര്‍ത്ഥി സംഗമവും ജനുവരി ഏഴിന് കാര്യവട്ടം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വിജ്ഞാന സമ്പത്തില്‍ അധിഷ്ഠിതമായ ഒരു വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കുകയും അതുവഴി മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസത്തിലും തൊഴില്‍ നൈപുണ്യശേഷിയിലും കേരളത്തിലെ യുവസമൂഹം ഏറെ മുന്നിലാണ്. അതുകൊണ്ടാണ് ലോകത്തെവിടെയുമുള്ള തൊഴില്‍രംഗത്തേക്ക് കടന്നു ചെല്ലാനും മികവ് തെളിയിക്കാനും അവര്‍ക്ക് സാധിക്കുന്നത്. രാജ്യത്ത് പ്രതിശീര്‍ഷ വരുമാനത്തില്‍ ഏറ്റവും മുന്നിലും നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം ദാരിദ്ര്യത്തിന്റെ തോത് ഏറ്റവും കുറവുളള സംസ്ഥാനവും കേരളമാണ്. വൈവിധ്യമാര്‍ന്ന തൊഴില്‍ അവസരങ്ങള്‍ നേടിയെടുത്തുകൊണ്ട് ജീവിതാഭിവൃദ്ധി കൈവരിക്കാന്‍ കേരളീയ സമൂഹത്തിന് സാധിച്ചതു വഴിയാണ് ഈ നേട്ടം.
ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്ക് മെച്ചപ്പെട്ട തൊഴിലും ജീവിത പുരോഗതിയും കൈവരിക്കാന്‍ സഹായിക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി കേരളത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഇതുവരെ 73759 പേര്‍ക്ക് വിവിധ കോഴ്സുകളില്‍ പരിശീലനം നല്കി. 52880 പേര്‍ക്ക് തൊഴിലും ലഭ്യമാക്കി. യു.എ.ഇ, യു.കെ, ജര്‍മ്മനി, ഓസ്ട്രേലിയ, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി ലഭിച്ചവരുമുണ്ട്. നൈപുണ്യപരിശീലനം നല്കി ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന പ്രസ്ഥാനമെന്ന ലോക റെക്കോഡും കുടുംബശ്രീയെ തേടി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി പരിശീലനം നേടിയ ആയിരം പേര്‍ക്കുളള ഓഫര്‍ ലെറ്റര്‍ വിതരണവും ടാലന്റോ കണക്ട് വെബ് പോര്‍ട്ടലിന്റെ ലോഞ്ചിങ്ങും അദ്ദേഹം ചടങ്ങില്‍ നിര്‍വഹിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച പരിശീലക ഏജന്‍സികള്‍, ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ പരിശീലക ഏജന്‍സികള്‍, ഡി.ഡി.യു.ജി.കെ.വൈ പദ്ധതി പ്രവര്‍ത്തനം ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കുന്ന കുടുംബശ്രീ ജില്ലാമിഷനുകള്‍, ഏറ്റവും മികച്ച തൊഴില്‍ദാതാവ് എന്നിവര്‍ക്കുള്ള പുരസ്കാരവും മന്ത്രി വിതരണം ചെയ്തു.
ദാരിദ്ര്യത്തെയും അതില്‍ നിന്നുണ്ടാകുന്ന സാമൂഹിക വിപത്തുകളെയും ഇല്ലായ്മചെയ്യുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമായി നടപ്പാക്കുന്ന ഡി.ഡി.യു.ജെ.കെ.വൈ പദ്ധതി സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെ ഏറെ കരുത്തുറ്റതാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
തൊഴില്‍ ദാതാവിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം നല്കാന് കഴിയുന്നതാണ് പദ്ധതിയുടെ മികവെന്നും അസാപ്, കെഡിസ്ക് പോലുള്ള സര്‍ക്കാര്‍ പദ്ധതികളും ഇതേ ലക്ഷ്യത്തിനായി നടപ്പാക്കുന്നുവെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ് മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.
'ഡി.ഡി.യു.ജി.കെ.വൈ-ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തെ അധികരിച്ച് കേന്ദ്ര ഗ്രാമവികന മന്ത്രാലയം ജോയിന്റ് സെക്രട്ടറി കര്‍മ സിംപ ഭൂട്ടിയ സംസാരിച്ചു. മികച്ച രീതിയില്‍ നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതു വഴി വ്യക്തികളുടെ മാത്രമല്ല, സമൂഹത്തിന്റെയാകെ രൂപാന്തരത്തിന് പദ്ധതി വഴിയൊരുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി വഴി നൈപുണ്യപരിശീലനവും തൊഴിലും ലഭിച്ച 200 പേരുടെ വിജയകഥകള്‍ ഉള്‍പ്പെടുത്തിയ 'ട്രയില്‍ബ്ളേസേഴ്സ്' എന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
മേയര്‍ ആര്യാ രാജേന്ദ്രന് മുഖ്യാതിഥിയായി. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ സന്ധ്യ ഗോപകുമാരന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ അരുണ്‍ സി.അഡാട്ട്, കുടുംബശ്രീ ഭരണസമിതി അംഗം സ്മിത സുരേന്ദ്രന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍. ആര് നന്ദിയും പറഞ്ഞു.
രാവിലെ പത്തു മണി മുതല്‍ 11.30 വരെ ഡോ.മാണി പോളിന്റെ മോട്ടിവേഷണല്‍ സെഷന് സംഘടിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം 2.30 മുതല്‍ വൈകുന്നേരം നാലു മണിവരെ വിദ്യാര്‍ത്ഥികള്‍ അനുഭവങ്ങള്‍ പങ്കുവച്ചു. തൊഴില്‍ദാതാക്കള്‍, നൈപുണ്യ വികസന ഏജന്‍സി പ്രതിനിധികള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവരും ഈ സെഷനില്‍ പങ്കെടുത്തു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാ സാംസ്കാരിക പരിപാടികളും പ്രയാന്‍ മ്യൂസിക് ബ്രാന്‍ഡ് അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.
സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും ലഭ്യമാക്കി സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലെ യുവജനങ്ങളുടെ ശാക്തീകരണം സാധ്യമാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായാണ് 'ടാലന്റോ 24' സംഘടിപ്പിച്ചത്.
രാജ്യമൊട്ടാകെയുള്ള ഗ്രാമീണ സംരംഭകരെ പങ്കെടുപ്പിച്ചു കൊണ്ട് കഴിഞ്ഞ ഡിസംബര്‍ 21 മുതല്‍ ജനുവരി രണ്ടു വരെ എറണാകുളം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ദേശീയ സരസ് മേള വഴി കുടുംബശ്രീ നേടിയത് 11.84 കോടി രൂപയുടെ വിറ്റുവരവ്. ഇതില്‍ 10,45,34,130 രൂപ ഉല്പന്ന വിപണനം വഴിയും 1,39,20,816 രൂപ ഫുഡ് കോര്‍ട്ടുവഴിയുമാണ്. മേളയില്‍ പങ്കെടുത്ത അഞ്ഞൂറിലേറെ സംരംഭകര്‍ക്കാണ് ഈ വരുമാനമത്രയും ലഭിക്കുക.
ഉല്പന്നങ്ങളുടെ വൈവിധ്യം, ക്രമീകരണം, വിറ്റുവരവ് എന്നിവയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ്, ഗോവ, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. കേരളത്തില്‍ നിന്നും വയനാട് ജില്ലയാണ് ഒന്നാമത്. കോഴിക്കോട്,എറണാകുളം ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.
സരസ് മേള വഴി ഇത്തവണ കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്ലെറ്റ് സംരംഭകര്‍ക്കും മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. ഫുഡ് കോര്ട്ടിലേക്കാവശ്യമായ മുഴുവന്‍ കോഴിയിറച്ചിയും വിതരണം ചെയ്തത് കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്ലെറ്റുകള് വഴിയാണ്. അരക്കോടിയിലേറെ രൂപയാണ് ഈയിനത്തില്‍ വരുമാനം. ആകെ 4817 കിലോ ചിക്കന്‍ ഈയിനത്തില്‍ വിതരണം ചെയ്തു.
പതിമൂന്നു നാള് നീണ്ട ദേശീയ സരസ് മേളയോടനുബന്ധിച്ച് കുടുംബശ്രീക്ക് രണ്ട് ലോകറെക്കോഡുകളും സ്വന്തമായി. പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട വനിതകള്‍ ചേര്‍ന്ന് ചെറുധാന്യങ്ങള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ വൈവിധ്യാര്ന്ന ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കിയതിനുള്ള ബെസ്റ്റ് ഇന്‍ഡ്യാ ലോക റെക്കോഡ്, 504 വനിതകളെ അണിനിരത്തി അവതരിപ്പിച്ച ചവിട്ടു നാടകത്തിനുള്ള ടാലന്റ് വേള്‍ഡ് റെക്കോഡുമാണ് കുടുംബശ്രീയെ തേടിയെത്തിയത്.
സരസ് മേളയുടെ ഭാഗമായി കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും രുചി വൈവിധ്യങ്ങള്‍ ഒരുക്കി പതിനാറ് സ്റ്റാളുകള്‍ അണിനിരന്ന ഇന്ത്യന്‍ ഫുഡ് കോര്‍ട്ടും ഏറെ ജനകീയമായി. ഇതില്‍ കേരളം കൂടാതെ രാജസ്ഥാന്, തെലുങ്കാന, സിക്കിം, ഉത്തര്‍പ്രദേശ്. ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളും പങ്കെടുത്തു.
ഇന്ത്യയിലെ ഗ്രാമീണ വനിതകളുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ഗ്രാമീണ ഉല്പന്നങ്ങള്ക്ക് കൂടുതല്‍ വിപണി കണ്ടെത്തുന്നതിന്റെയും ഭാഗമായാണ് സരസ് മേള സംഘടിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഇതരസംസ്ഥാനങ്ങളുടെയും സംരംഭകരുടെയും എണ്ണത്തിലും പങ്കാളിത്തത്തിലും ഉല്പന്നങ്ങളുടെ വൈവിധ്യത്തിലും ഏറെ പുതുമകള്‍ നിറഞ്ഞ മേളയാണ് എറണാകുളത്ത് അരങ്ങേറിയത്. കേരളം ഉള്‍പ്പെടെ 25 സംസ്ഥാനങ്ങള്‍, ഒരു കേന്ദ്രഭരണ പ്രദേശം എന്നിവിടങ്ങളില്‍ നിന്നായി അഞ്ഞൂറിലേറെ സംരംഭകരാണ് മേളയില്‍ പങ്കെടുത്തത്.