കുടുംബശ്രീ ബ്ലോക്ക്തല മൈക്രോ എന്റര്പ്രൈസ് റിസോഴ്‌സ് സെന്ററുകളുടെ (എം.ഇ.ആര്.സി) പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട രണ്ടാംഘട്ട പരിശീലനങ്ങള് പൂര്ത്തിയായി. അയല്ക്കൂട്ട വനിതകള്ക്ക് തൊഴിലും വരുമാന സാധ്യതകളും വര്ധിപ്പിക്കുന്നതിനും സാമ്പത്തിക സഹായവും സാങ്കേതിക പരിശീലനങ്ങളുമടക്കമുള്ള പിന്തുണകള് ഉറപ്പുവരുത്തുന്നതിനുമുള്ള സംവിധാനങ്ങളായ എം.ഇ.ആര്.സികള് നിലവില് 13 ബ്ലോക്കുകളിലാണ് ആരംഭിച്ചിട്ടുള്ളത്.
ഈ ബ്ലോക്കുകളിലെ കുടുംബശ്രീ മൈക്രോ എന്റര്പ്രൈസ് കണ്സള്ട്ടന്റുമാര്, സി.ഡി.എസ് ചെയര്പേഴ്‌സണമാര്, അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര്മാര്, ഉപജീവന സമിതി കണ്വീനര്മാര്, ജില്ലാ പ്രോഗ്രാം മാനേജര്മാര്, ബ്ലോക്ക് കോര്ഡിനേറ്റര്മാര് എന്നിവരുള്പ്പെടെ 253 പേര്ക്കാണ് പരിശീലനം നല്കിയത്. ഡിസംബര് ഏഴ് മുതല് ജനുവരി 5 വരെ ആറ് ബാച്ചുകളിലായാണ് പരിശീലനം സംഘടിപ്പിച്ചത്.
ബ്‌ളോക്ക്തലത്തില് ഉപജീവന പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമുള്ള ഏകജാലക സംവിധാനമാണ് എം.ഇ.ആര്.സികള്. കോള് സെന്റര്, ഹെല്പ് ഡെസ്‌ക് എന്നിവയും എം.ഇ.ആര്.സികളോട് അനുബന്ധിച്ചുണ്ട്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് 2023 മാര്ച്ചില് ആദ്യ എം.ഇ.ആര്.സിക്ക് കുടുംബശ്രീ തുടക്കമിട്ടത്. അന്ന് തന്നെ ഇടുക്കി (അഴുത), കോട്ടയം (പള്ളം), കാസര്കോട് (കാസര്ഗോഡ്) ജില്ലകളിലും എം.ഇ.ആര്.സി പ്രവര്ത്തനങ്ങള് ആരംഭിച്ചിരുന്നു.
നിലവില് ചടയമംഗംലം (കൊല്ലം), കോന്നി (പത്തനംതിട്ട), മുതുകുളം (ആലപ്പുഴ), കോതമംഗംലം (എറണാകുളം), ഒല്ലൂക്കര (തൃശ്ശൂര്), ആലത്തൂര് (പാലക്കാട്), വണ്ടൂര് (മലപ്പുറം), വടകര (കാസര്ഗോഡ്), തലശ്ശേരി (കണ്ണൂര്) എന്നീ ബ്ലോക്കുകളിലും എം.ഇ.ആര്.സികള് പ്രവര്ത്തിക്കുന്നു. ഈ സാമ്പത്തിക വര്ഷം 30 ബ്ലോക്കുകളില് കൂടി എം.ഇ.ആര്.സികള് സ്ഥാപിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ് പരിശീലന പരിപാടിയില് പങ്കെടുത്തവരുമായി സംവദിച്ചു. സംരംഭ രൂപീകരണം, സംരംഭ വികസനം, മാര്ക്കറ്റിങ് എന്നീ വിഷയങ്ങളില് കോര്പ്പറേറ്റ് ട്രെയിനര് രഞ്ജിത്ത് കേശവ് വിദഗ്ധ പരിശീലനം നല്കി. എം.ഇ.ആര്.സികളെക്കുറിച്ച് കുടുംബശ്രീ പ്രോഗ്രാം ഓഫീസര് എ.എസ്. ശ്രീകാന്ത്, പ്രോഗ്രാം മാനേജര് സുചിത്ര. എസ് എന്നിവരും ക്ലാസ്സുകള് നല്കി. കുടുംബശ്രീ മൈക്രോ എന്റര്പ്രൈസ് ടീം പരിശീലന പരിപാടിക്ക് നേതൃത്വം നല്കി.
- 52 views
Content highlight
merc; 2nd phase training conducted