ദേശീയ സരസ് മേളയ്ക്ക് തുടക്കം - മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

Posted on Thursday, March 31, 2022

ദേശീയ സരസ് മേള ഇന്ത്യയുടെ സാംസ്‌ക്കാരിക പാരമ്പര്യത്തെ പ്രതിദ്ധ്വനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള 2022ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

  സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം എന്ന ആശയത്തിനുപരിയായി അവരുടെ സാമൂഹ്യ മുന്നേറ്റത്തിനു വഴി തുറക്കുന്ന ഒരു വലിയ അവസരമായി സരസ് മേള മാറും. പുതിയകാലഘട്ടത്തില്‍ വന്‍കിട സംരംഭങ്ങള്‍ക്കൊപ്പം ചെറുകിട സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സരസ് മേള.  

  സമാനകളില്ലാത്ത സംരംഭക മേളയാണ് സരസ് എന്നും വരുംദിവസങ്ങളില്‍ വര്‍ദ്ധിച്ച പൊതുജനപങ്കാളിത്തം മേളയിലുണ്ടാകുമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തൊഴില്‍-പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പങ്കെടുത്തു.

cm

 

മേയര്‍ എസ്. ആര്യാ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് വിഷയാവതരണം നടത്തി. അഡ്വ. വി.കെ പ്രശാന്ത് എം.എല്‍.എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍ എന്നിവര്‍ സ്ത്രീശക്തി കലാജാഥയില്‍ പങ്കെടുത്ത ജില്ലാ ടീമുകളെ ആദരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസ് പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ ഡോ. റീന കെ.എസ്, കോര്‍പ്പറേഷന്‍ സി.ഡി.എസ് അധ്യക്ഷ വിനിത. പി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. ഷൈജു കൃതജ്ഞത അറിയിച്ചു.

  28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗ്രാമീണ ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിനും വിപണനത്തിനും ഒരുക്കിയിരിക്കുന്ന 250 സ്റ്റാളുകളും 15 സംസ്ഥാനങ്ങളിലെ ഭക്ഷണ വൈവിധ്യമൊരുക്കുന്ന 25 സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന ഫുഡ്‌കോര്‍ട്ടുമാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

 

Content highlight
SARAS starts at Thiruvananthapuram