തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുളള മുന്നൂറോളം സാന്ത്വനം യൂണിറ്റ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഏകദിനശില്‍പശാലയുടെ ഉദ്ഘാടനവും 'സാന്ത്വനം' സൂക്ഷ്മസംരംഭ ശൃഖലയിലേക്ക് പുതുതായി എത്തിയ സംരംഭകര്‍ക്കുളള മെഡിക്കല്‍ കിറ്റും യൂണിഫോം വിതരണവും കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ നിര്‍വഹിച്ചു. 'ഹാപ്'(ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍) സെക്രട്ടറി ഡോ.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'ഹാപ്' പരിശീലനം നല്‍കിയ 60 വനിതകളില്‍ പത്തു പേര്‍ക്കാണ് ബി.പി.അപ്പാരറ്റസ്, കൊളസ്ട്രോള്‍ മീറ്റര്‍, ബോഡി ഫാറ്റ് മോണിട്ടര്‍, ഷുഗര്‍ മീറ്റര്‍ എന്നിവയടക്കമുള്ള മെഡിക്കല്‍കിറ്റും യൂണിഫോമും ശില്‍പശാലയില്‍ വിതരണം ചെയ്തത്.
കുടുംബശ്രീയുടെ കീഴില്‍ സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗത സൂക്ഷ്മസംരംഭങ്ങളാണ് സാന്ത്വനം യൂണിറ്റുകള്‍. ഹാപ് എന്ന സംഘടനയുമായി സഹകരിച്ചാണ് കുടുംബശ്രീ പദ്ധതി നടപ്പാക്കുന്നത്. ഈ യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് സംരംഭം മെച്ചപ്പെടുത്താന്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക, പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുക, തൊഴിലുമായി ബന്ധപ്പെട്ട മേഖലയില്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും അതിനു പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്.
പരിചരിക്കാന്‍ ആരുമില്ലാത്തവരും വിവിധ അസൗകര്യങ്ങളാല്‍ ആശുപത്രികളിലും മെഡിക്കല്‍ ലാബുകളിലും നേരിട്ടു പോയി ജീവിതശൈലീ രോഗ നിര്‍ണയം നടത്താന്‍ കഴിയാത്തതുമായ വ്യക്തികള്‍ക്ക് വീടുകളില്‍ ചെന്ന് രക്ത സമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, ബോഡി മാസ് ഇന്‍ഡക്സ് എന്നിവ പരിശോധിച്ച് മിതമായ നിരക്കില്‍ കൃത്യമായ പരിശോധനാ ഫലം നല്‍കുകയാണ് ഈ യൂണിറ്റുകള്‍ ചെയ്യുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടനഭവിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും യാത്ര ചെയ്യാന്‍ പ്രയാസമുളളവര്‍ക്കും ഏറെ സഹായകരമാകുന്നതാണ് കുടുംബശ്രീയുടെ സാന്ത്വനം പദ്ധതി. സംസ്ഥാനത്താകെ ഇത്തരത്തില്‍ മുന്നൂറ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീയും ഹാപ്പും സംയുക്തമായാണ് സാന്ത്വനം യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നതിന് വനിതകള്‍ക്കാവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നത്. 60 പേരുടെ പരിശീലനം പൂര്‍ത്തിയായി. സംരംഭം തുടങ്ങുന്ന വനിതകള്‍ക്ക് കുടുംബശ്രീ മുഖേന പരിശോധനാ ഉപകരണങ്ങള്‍, ടൂവീലര്‍ എന്നിവയടക്കം വാങ്ങാനുള്ള ബാങ്ക് വായ്പയും ലഭ്യമാക്കും.
ഡോ.വിജയകുമാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പള്‍മണറി മെഡിസിന്‍ അസിസ്റ്റന്‍റ് പ്രഫസറും ഹാപ് ജോയിന്‍റ് സെക്രട്ടറിയുമായ ഡോ.സഞ്ജയ് നായര്‍, ഹരിത മിഷന്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.ജഗജീവന്‍ എന്നിവര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിറ്റ് അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. 'സാന്ത്വനം' സീനിയര്‍ പ്രോജക്ട് ഓഫീസര്‍ ഗോപകുമാര്‍.കെ, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ അഖില എന്നിവര്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ നിരഞ്ജന എന്‍.എസ് കൃതജ്ഞത പറഞ്ഞു.
- 207 views