അതിജീവനത്തിന്‍റെ കരുത്തുറ്റ ശബ്ദമായി കുടുംബശ്രീ 'പ്രതിധ്വനി' ടോക് ഷോ

Posted on Thursday, March 22, 2018

Kadakampally Surendran inagurating Prathidhwani Talk showതിരുവനന്തപുരം: ദാരിദ്ര്യത്തിന്‍റെ ഇരുള്‍ക്കയങ്ങളില്‍ നിന്നും സാമൂഹ്യമായ അടിച്ചമര്‍ത്തലുകളില്‍ നിന്നും അതിജീവനത്തിന്‍റെ കരുത്തുറ്റ പോരാട്ടവുമായി ജീവിതത്തിന്‍റെ കനല്‍വഴികളില്‍ മുന്നേറിയ ഇരുപത്തിയെട്ടു സ്ത്രീകള്‍. അനുഭവങ്ങളുടെ ചൂടും ചൂരും നിറഞ്ഞ പ്രചോദനം പകരുന്ന അവരുടെ ഓരോ വാക്കുകള്‍ക്കും നിരഞ്ഞ കരഘോഷത്തോടെ സദസിന്‍റെ അനുമോദനം. കുടുംബശ്രീ മുഖേന നടത്തുന്ന ജെന്‍ഡര്‍ കാമ്പെയ്ന്‍-നീതം 2018 ന്‍റെ സംസ്ഥാനതല സമാപന പരിപാടികളുടെ ഭാഗമായി രണ്ടാം ദിവസം സംഘടിപ്പിച്ച പ്രതിധ്വനി ടോക് ഷോയിലാണ് പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കു കടന്നു വന്ന സാധാരണക്കാരായ സ്ത്രീകളുടെ വിജയനാനുഭവകഥകള്‍ അരങ്ങേറിയത്.

    സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത ഏറ്റവും മികച്ച രണ്ടു അനുഭവകഥകളാണ് വേദിയില്‍ അവതരിപ്പിച്ചത്. ഒരാള്‍ക്ക് പത്തു മിനിട്ടാണ് അനുവദിച്ചിരുന്ന സമയം. കുടുംബശ്രീയില്‍ വരുന്നതിനു മുമ്പുള്ള തങ്ങളുടെ ജീവിതവും അതിനു ശേഷം വ്യക്തിത്വവികസനവും വിദ്യാഭ്യാസവും ഉള്‍പ്പെടെ ജീവിതത്തില്‍ കൈവരിച്ച പുരോഗതിയും അതോടൊപ്പം സാമൂഹ്യവികസനവുമായി ബന്ധപ്പെട്ടു നടത്തി വരുന്ന മാതൃകാ പ്രവര്‍ത്തനങ്ങളും പച്ചയായ വാക്കുകളിലൂടെ അവര്‍ വിവരിച്ചപ്പോള്‍  പാനലിസ്റ്റുകള്‍ക്കു പോലും അത് വേറിട്ട ശബ്ദത്തിന്‍റെ പ്രതിധ്വനിയായി മാറുകയായിരുന്നു.  

    ജെ.രാധാമണി രവി, പ്രസന്നകുമാരി, അജി ബഷീര്‍, ബിന്ദു വില്‍സണ്‍, ഫറീന ഷാജഹാന്‍, എം.വി ഭാഗീരഥി, ചന്ദ്രാജനം രാധാകൃഷ്ണന്‍, പ്രസന്ന കുമാരി,  യാസ്മിന്‍, സക്കീന, ലക്ഷ്മി രാജന്‍, ഉഷാ ഉത്തമന്‍, ദീപാ നായര്‍, പത്മാവതി, അമ്പിളി ഭാസ്ക്കരന്‍, വത്സല എം, കലാമണി, കെ.താഹിറ, സിന്ധു.എസ്, ലിസി മാത്യു, മിനി കെ, സോനു എസ്.നായര്‍, പത്മിനി, അമ്പിളി നായര്‍, അനിതാ സോമന്‍, സലോമി റോബി, സ്മിതാ മോള്‍, മേഴ്സി ജോര്‍ജ്, ടി.ടി.റംല എന്നിവരാണ് കുടുംബശ്രീയിലൂടെ തങ്ങള്‍ കൈവരിച്ച സാമൂഹ്യവും സാമ്പത്തികവും ബൗദ്ധതികവുമായ വളര്‍ച്ചയുടെ കഥകള്‍ അവതരിപ്പിച്ചത്.  
 

Kadakampally Surendran


   കുടുംബശ്രീ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങളുടെ സമഗ്രത വ്യക്തമാക്കുന്നതാണ്  പ്രതിധ്വനി ടോക് ഷോയെന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് ദേവസ്വം-ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  കുടുംബശ്രീ കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യ മുന്നേറ്റത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ്. കുടുംബശ്രീ മുഖേന കേരളത്തിലെ സാധാരണ സ്ത്രീകള്‍ കൈവരിച്ച സാമൂഹ്യമുന്നേറ്റത്തെ ഇന്ന് എല്ലാവരും അംഗീകരിക്കുന്നു. ഭരണരംഗത്ത് സ്ത്രീകള്‍ നേടിയെടുത്ത വലിയ പ്രാതിനിധ്യം ഈ വിജയകരമായ മുന്നേറ്റത്തിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

      സ്ത്രീശാക്തീകരണ രംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയിലാണ് കുടുംബശ്രീ അവശ്യ ഇടപെടല്‍ നടത്തേണ്ടതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ഇ.എസ്.ബിജിമോള്‍ എം.എല്‍.എ പറഞ്ഞു. സമൂഹത്തില്‍ ഒറ്റപ്പെടും എന്ന പേടി കൊണ്ട് സ്ത്രീകള്‍ അവര്‍ അനുഭവിക്കുന്ന പല പ്രയാസങ്ങളും ഉള്ളില്‍ അടിച്ചമര്‍ത്തുകയാണ്. സ്ത്രീകള്‍ ഇത്തരം അവസ്ഥകളെ മറികടന്നു മുന്നോട്ടു വന്ന് നീതിക്കായി പോരാടണമെന്നും അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള  ആര്‍ജവത്വം നേടണമെന്നും എം.എല്‍.എ പറഞ്ഞു.

A participant of Prathidwani talk show

    കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രമോദ്.കെ.വി സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ വിഷയാവതരണം നടത്തി. കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ സി.എസ്.സുജാത, എം.കെ.രമ്യ, കേരള കാര്‍ഷിക സര്‍വകലാശാല-സ്ത്രീ പഠന കേന്ദ്രം മേധാവി പ്രഫ.ഗീതക്കുട്ടി, കോഴിക്കോട് സര്‍വകലാശാല സ്ത്രീപഠന വിഭാഗം മേധാവി മിനി സുകുമാര്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ പാനല്‍ അംഗങ്ങളായി. സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ സുജിത.ടി നന്ദി പറഞ്ഞു.