സമൂഹത്തില്‍ സര്‍വതല സ്പര്‍ശിയായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് കഴിയണം: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

Posted on Thursday, September 1, 2022

കുടുംബശ്രീയെന്ന ഊര്‍ജ്ജ സ്രോതസ് ഉപയോഗിച്ചു കൊണ്ട് സമൂഹത്തില്‍ സര്‍വതല സ്പര്‍ശിയായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് കഴിയണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തിരുവനന്തപുരം മണ്‍വിള അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  സി.ഡി.എസ് അധ്യക്ഷമാര്‍ക്കുള്ള റസിഡന്‍ഷ്യല്‍ പരിശീലനം 'ചുവട് 2022' ന്‍റെ  അവസാന ബാച്ചിന്‍റെ മൂന്നാം ദിനം സി.ഡി.എസ് അധ്യക്ഷമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം.

സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജന മേഖലയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ ജീവിതത്തില്‍ സ്ത്രീകള്‍ക്ക് അഭിമാനകരമായ സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സാക്ഷരാ പ്രവര്‍ത്തനവും ജനകീയാസൂത്രണവും പോലുള്ള വിപ്ളവകരമായ മാറ്റങ്ങളുടെ പിന്തുടര്‍ച്ചയാണ് കുടുംബശ്രീയും. കേരളം വികസനത്തിലേക്ക് നീങ്ങുന്നതിന്‍റെ പ്രധാന കാരണങ്ങള്‍ പൊതുജനാരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ കൈവരിച്ച പുരോഗതിയാണ്. തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. അതിന് കുടുംബശ്രീക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനാകും. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കെഡിസ്കുമായി ചേര്‍ന്ന് ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയണം.

പുതുതായി രൂപീകരിച്ച 19555 ഓക്സിലറി ഗ്രൂപ്പുകളെ പ്രാദേശിക തലത്തില്‍ മികച്ച സംരംഭകരാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കണം. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും വിശ്വാസ്യതയും ആഗോള വിപണിയില്‍ ഇടം നേടാന്‍ കഴിയുന്ന വിധത്തില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താനാകണം. ക്രിയാത്മക ചിന്ത കൊണ്ടും സാമൂഹ്യ പ്രതിജ്ഞാബദ്ധതയോടെയുളള പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സാമൂഹിക ജീവിതത്തിലും വ്യക്തിജീവിതത്തിലും നേട്ടങ്ങള്‍ കൈവരിക്കാന്‍ സി.ഡി.എസ് അധ്യക്ഷമാര്‍ക്ക് കഴിയണം.  നിരന്തരമായ നവീകരണത്തിലൂടെ ഈ നേട്ടങ്ങള്‍ കൈവരിക്കാനുള്ള ഇച്ഛാശക്തി കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു.    

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പുതുതായി ചുമതലയേറ്റ 1070 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ക്കുളള പരിശീലനമാണ് ഇപ്പോള്‍ നടന്നു വരുന്നത്. ജൂലൈ 29നാണ് പരിശീലനം ആരംഭിച്ചത്. ആകെ ഏഴു ബാച്ചുകള്‍ ഉള്ളതില്‍ ആറെണ്ണത്തിന്‍റെ പരിശീലനം പൂര്‍ത്തിയായി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സ്വാഗതവും  സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ വിപിന്‍ വില്‍ഫ്രഡ് നന്ദിയും പറഞ്ഞു. കുടുംബശ്രീയുടെ പത്തൊമ്പത് പരിശീലക ഗ്രൂപ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത അമ്പത്തേഴ് പേരുടെ നേതൃത്വത്തിലാണ് പരിശീലനം. ഇപ്പോള്‍ നടന്നു വരുന്ന അവസാന ബാച്ചിന്‍റെ പരിശീലനം വെള്ളിയാഴ്ച പൂര്‍ത്തിയാകും.

 

 

minister

 

Content highlight
minister mv govindan master interacts with cds chairpersons