ഡി.ഡി.യു.ജി.കെ.വൈ സി.എക്സ്.ഓ സംഗമം സംഘടിപ്പിച്ചു

Posted on Saturday, August 26, 2023
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ ഭാഗമായി സി.എക്സ്.ഓ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) സംഗമം തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ 24ന്‌ സംഘടിപ്പിച്ചു. കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ തുടര്‍ച്ചയായി ഈ വര്‍ഷം ഡിസംബറില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയുടെ മുന്നോടിയായിട്ടാണിത്. രാജ്യത്തെമ്പാടുമുള്ള വിവിധ തൊഴില്‍ സ്ഥാപനങ്ങളില്‍ നിലവിലുളളതും പുതുതായി സൃഷ്ടിക്കപ്പെടുന്നതുമായ തൊഴിലവസരങ്ങള്‍ കണ്ടെത്തുകയും യോജ്യമായ നൈപുണ്യ പരിശീലന യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യം.  തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സംഗമം ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ശര്‍മ്മിള മേരി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
 
അനുദിനം മാറുന്ന സാങ്കേതിക വിദ്യകള്‍ക്കനുസൃതമായി തൊഴില്‍ മേഖലയിലും നൈപുണ്യ പരിശീലന രംഗത്തും നിരവധി മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഈ മാറ്റങ്ങളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റുന്നതിനുള്ള തുടക്കമെന്ന നിലയ്ക്കാണ് സി.എക്സ്.ഓ സംഗമം.  വ്യാവസായിക മേഖലകളിലടക്കം വിവിധ തൊഴില്‍ദാതാക്കളുമായുളള ബന്ധം കൂടുതല്‍ സുദൃഢമാക്കുന്നതിനും തൊഴില്‍ ദാതാവിന് ആവശ്യമായ തൊഴില്‍ നൈപുണ്യമുളളവരെ നല്‍കുന്നതിനും സംഗമം ഏറെ സഹായകമാകും. ഇത്തരം നൈപുണ്യ പരിശീലന പരിപാടികള്‍ക്ക് സര്‍ക്കാരിന്‍റെ വിവിധ പിന്തുണകളും ലഭ്യമാകും.  പരിശീലനം, റിക്രൂട്ട്മെന്‍റ് എന്നിവയടക്കം തൊഴില്‍ദാതാവിനുണ്ടാകുന്ന സാമ്പത്തിക ചെലവ് കുറയ്ക്കാനും സഹായകമാകും.

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് സ്വാഗതം ആശംസിച്ചു.  'ഡി.ഡി.യു.ജി.കെ.വൈ സാധ്യതകള്‍-വ്യവസായ സംയോജനം' എന്ന വിഷയത്തില്‍ അവതരണവും നടത്തി. തുടര്‍ന്ന് 'വിപണിയുടെ ആവശ്യം'എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു. 'കേരളത്തിലെ നൈപുണ്യ ആവാസ വ്യവസ്ഥ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ അസാപ് ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിങ്ങ്   ഡയറക്ടര്‍ ഡോ.ഉഷ ടൈറ്റസ് മോഡറേറ്ററായി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് മാരിടൈം ലോജിസ്റ്റിക്സ് ആന്‍ഡ് എന്‍.എസ്.ഡി.സി ഉണ്ണിക്കൃഷ്ണന്‍ നായര്‍, വി.ഐ.എസ്.എല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.ജയകുമാര്‍,  കെ.കെ.ഇ.എം ജനറല്‍ മാനേജര്‍ മുഹമ്മദ് റിയാസ്, ലേക്ഷോര്‍ ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ പ്രദീപ്.എം എന്നിവര്‍ സംസാരിച്ചു.

സുധാകര്‍ റെഡ്ഢി, കെ.എസ്.ഐ.ഡി.എസ് മാനേജിങ്ങ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, എഫ്.ഐ.സി.സി.ഐ സീനിയര്‍ മാനേജര്‍ പ്രീതി മേനോന്‍, കോണ്‍ഫെഡെറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ് സ്റ്റേറ്റ് ഹെഡ് അനു കൃഷ്ണ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
ഡി.ഡി.യു.ജി.കെ.വൈ വഴി പരിശീലനം നല്‍കുന്ന ഹെല്‍ത്ത് കെയര്‍, ഐ.ടി ടൂറിസം, ലോജിസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഡി.ഡി.യു.ജി.കെ.വൈ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ പ്രദീപ് കുമാര്‍.ആര്‍ നന്ദി പറഞ്ഞു.
 
 
cxo meet

 

 
Content highlight
Kudumbashree's DDU-GKY CXO Meet heldml