തൊഴിൽ മേഖലയിലെ സ്ത്രീപങ്കാളിത്തം: നൂതന തൊഴിൽ ആശയങ്ങളുമായി കുടുംബശ്രീ വിഷൻ ബിൽഡിങ്ങ്-2025 ദ്വിദിന ശിൽപശാലയ്ക്ക് സമാപനം

Posted on Sunday, November 2, 2025

കുടുംബശ്രീ തൊഴിൽ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി രണ്ടു ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട് നാലാഞ്ചിറ മാർ ഗ്രിഗോറിയസ് റിന്യൂവൽ സെന്റ്റിൽ സംഘടിപ്പിച്ച കുടുംബശ്രീ വിഷൻ ബിൽഡിങ്ങ്-2025 ദ്വിദിന ശിൽപശാല സമാപിച്ചു. ഇതിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തുന്നതിനുളള കർമപരിപാടിക്ക് രൂപം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ ക്രമീകരിക്കും. ഒപ്പം വരുന്ന അഞ്ച് വർഷത്തേക്കുള്ള തൊഴിൽ വികസന സമീപനവും പ്രവർത്തന പരിപാടികളും രൂപപ്പെടുത്താൻ കഴിയുന്ന ആശയങ്ങളും ശിൽപശാലയിൽ രൂപപ്പെട്ടു.

തൊഴിൽ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ശിൽപശാലയിൽ ലഭിച്ച മികച്ച ആശയങ്ങൾ ക്യാമ്പയിനു വേണ്ടി പ്രയോജനപ്പെടുത്തുന്നതിനു പുറമേ ഭാവി പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കും. ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ സംബന്ധിച്ച് വിജ്ഞാന കേരളം പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് ഡോ.ടി.എം തോമസ് ഐസക് വിശദീകരിച്ചു.  

ക്യാമ്പയിന്റെ ഭാഗമായി പതിമൂന്ന് വ്യത്യസ്ത മേഖലകളിലാണ് കീഴിലാണ് പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാവുക. ഇതിൽ കുടുംബശ്രീയുടെ പ്രധാന ഉപജീവന മേഖലകളായ കാർഷിക മൃഗസംരക്ഷണ സൂക്ഷ്മസംരംഭ മേഖലയിൽ രൂപീകരിക്കാൻ കഴിയുന്ന  ഒട്ടനവധി നൂതന സംരംഭ ആശയങ്ങളാണ് ശിൽപശാലയിൽ ലഭ്യമായത്. അഗ്രി ടൂറിസം, അഡ്വഞ്ചറസ് ടൂറിസം, ഹൈവേ സൗന്ദര്യവൽക്കരണം, ടൂറിസം മേഖലയിൽ പ്രതേ്യക ഹരിത കർമ സേനാ യൂണിറ്റുകൾ,  ലേബർ ഫെസിലിറ്റേഷൻ സെന്റ്റുകൾ, അയൽക്കൂട്ട ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളെ ഉൾപ്പെടുത്തി ഡിജിറ്റൽ മാർക്കറ്റിങ്ങ് ടീമുകൾ, കുഞ്ഞുങ്ങൾ മുതൽ വയോജനങ്ങൾക്ക് വരെ പരിചരണം ലഭ്യമാക്കുന്നതിനായി മൾട്ടി ജനറേഷൻ കെയർ ക്ളസ്റ്റ്റുകൾ തുടങ്ങി വ്യത്യസ്തമായ നിരവധി ആശയങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്തു.

സംസ്ഥാനമൊട്ടാകെ 50000 സ്ത്രീകൾക്ക് പരിശീലനം നൽകി അവരെ കെയർ ഗിവർമാരായി  നിയോഗിക്കുന്ന  സാന്ത്വന മിത്രം പദ്ധതിക്ക് കൂടുതൽ ഊന്നൽ നൽകും. ഇതോടൊപ്പം കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കെ 4 കെയർ പദ്ധതിയും ഊർജിതമാക്കും. പട്ടികജാതി പട്ടികവർഗ മേഖലയിലെ യുവജനങ്ങൾക്കും അയൽക്കൂട്ട ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും മെച്ചപ്പെട്ട തൊഴിൽ ലഭ്യമാക്കുന്നതിനും നിരവധി നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്.

സംരംഭകത്വ വികസനത്തിനൊപ്പം വേതനാധിഷ്ഠിത തൊഴിലുകൾക്കും തുല്യ പ്രാധാന്യം നൽകും. സി.ഡി.എസ് എ.ഡി.എസ്, അയൽക്കൂട്ടങ്ങൾ ഉൾപ്പെടെയുള്ള കുടുംബശ്രീ ത്രിതല സംഘനാ സംവിധാനം ഒന്നാകെ ക്യാമ്പയിന്റെ ഭാഗമാകും. ക്യാമ്പയിന്റെ വിജയത്തിന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുമായുള്ള സംയോജനവും ഉറപ്പു വരുത്തും.  

 കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർമാർ, അസിസ്റ്റന്റ് കോർഡിനേറ്റർമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാർ, അസി.സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, റിസോഴ്സ് പേഴ്സൺമാർ,  വിജ്ഞാനകേരളം പദ്ധതിയുടെ ജില്ലാ കോർഡിനേറ്റർമാർ, കില ഫെസിലിറ്റേറ്റ് അംഗങ്ങൾ, സി.ഡി.എസ് അധ്യക്ഷമാർ, ഹരിതകർമ സേന ജില്ലാ കോർഡിനേറ്റർ, പരിശീലന ടീം അംഗങ്ങൾ ഉൾപ്പെടെ ശിൽപശാലയിൽ പങ്കെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഷിബു എൻ.പി  സ്വാഗതവും കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ശ്യാംകുമാർ കെ.യു നന്ദിയും പറഞ്ഞു.

 

Content highlight
kudumbashree vision building workshop 2025 concludes