സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം അമ്പത് ശതമാനമായി ഉയർത്തുന്നത് സമൂഹത്തിൽ സ്ത്രീപദവി ഉയർത്തുന്നതിനും സ്ത്രീകൾക്ക് സാമ്പത്തിക ശാക്തീകരണം കൈവരിക്കുന്നതിനും സഹായകമാകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നാലാഞ്ചിറ മാർ ഗ്രിഗോറിയസ് റിന്യൂവൽ സെന്റ്റിൽ സംഘടിപ്പിച്ച കുടുംബശ്രീ വിഷൻ ബിൽഡിങ്ങ്-2025 ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
2026 മാർച്ചിൽ രണ്ടു ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പ്രതേ്യക തൊഴിൽ ക്യാമ്പയിൻ സംഘടിപ്പിക്കും. സംരംഭകത്വ വികസനത്തോടൊപ്പം വേതനാധിഷ്ഠിത തൊഴിലുകളിലേക്ക് കൂടി സ്ത്രീകളെ നയിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിനായി കാർഷിക മൃഗസംരക്ഷണ സൂക്ഷ്മസംരംഭ മേഖലകളിലടക്കമുള്ള ഉപജീവന മേഖലകളിൽ കുടുംബശ്രീ നടപ്പാക്കി വരുന്ന വിവിധ പദ്ധതികൾ വഴി പുതിയ തൊഴിൽ അവസരങ്ങളൊരുക്കും. തൊഴിൽ ക്യാമ്പയിന്റെ വിജയകരമായ നടത്തിപ്പിനായി പുതിയ കർമപദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന് ശിൽപശാല സഹായകമാകുമെന്ന് പറഞ്ഞ മന്ത്രി, വിജ്ഞാന കേരളം തൊഴിൽ ക്യാമ്പയിൻ ആദ്യഘട്ട പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച കുടുംബശ്രീയെ അഭിനന്ദിച്ചു.
പ്രാദേശിക സാമ്പത്തിക വികസനത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് കുടുംബശ്രീയുടെ അടുത്ത ദൗത്യമെന്നും തൊഴിൽ സേനയിലേക്ക് സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിച്ചു കൊണ്ടു മാത്രമേ ഇതു സാധ്യമാക്കാൻ കഴിയൂ എന്നും വിജ്ഞാന കേരളം പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് ഡോ.ടി.എംതോമസ് ഐസക് പറഞ്ഞു. ശിൽപശാലയിൽ "കുടുംബശ്രീയും സ്ത്രീ തൊഴിൽ പങ്കാളിത്തവും' എന്ന വിഷയത്തിൽ അവതരണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്താൻ കുടുംബശ്രീയെ പോലെ ഒരു ജനകീയ പ്രസ്ഥാനം ആവശ്യമാണ്. തൊഴിൽ മേളകൾ സംഘടിപ്പിക്കുമ്പോൾ തൊഴിൽ ദാതാവിന്റെ ആവശ്യകത അനുസരിച്ച് അനുയോജ്യരായ ഉദേ്യാഗാർത്ഥികളെ ലഭ്യമാക്കാൻ കഴിയണം. അടുത്ത വർഷം രണ്ടു ലക്ഷം പേർക്ക് തൊഴിൽ നൽകും. ഉൽപാദന സേവന മേഖലകളിലടക്കം വൈവിധ്യമാർന്ന തൊഴിൽ അവസരങ്ങൾ ഇതിനായി കണ്ടെത്തും. ആവശ്യമായവർക്ക് നൈപുണ്യ പരിശീലനവും നൽകും. സി.ഡി.എസുകളിൽ പ്രവർത്തിക്കുന്ന തൊഴിൽ കേന്ദ്രങ്ങൾ കൂടുതൽ സജീവമാക്കണം. പുതിയ തൊഴിൽ ക്യാമ്പയിൻ എ.ഡി.എസ്, സി.ഡി.എസ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ സംഘടന, മൈക്രോ ഫിനാൻസ്, സൂക്ഷ്മസംരംഭങ്ങൾ, മാർക്കറ്റിങ്ങ്, നൈപുണ്യ പരിശീലനം, കൃഷി, മൃഗസംരക്ഷണം, എസ്.സി-എസ്.ടി വികസനം, സോഷ്യൽ ഡെവലപ്മെന്റ്, ജെൻഡർ ഡെവലപ്മെന്റ്, നഗര വികസനം, സ്പെഷൽ ഏരിയ ഡെവലപ്മെന്റ്, സംയോജനം എന്നിങ്ങനെ പതിമൂന്ന് വിഭാഗങ്ങളിൽ പുതിയ തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് വിഷയാധിഷ്ഠിത ഗ്രൂപ്പ് ചർച്ചയും ആശയാവതരണവും നടത്തി. ഇതിൽ നിന്നും ലഭ്യമായ മികച്ച ആശയങ്ങൾ കുടുംബശ്രീയുടെ ഭാവി പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തും.
കുടുംബശ്രീ പ്രോഗ്രാം ഒാഫീസർമാർ, ജില്ലാ മിഷൻ കോർഡിനേറ്റർമാർ, അസിസ്റ്റന്റ് കോർഡിനേറ്റർമാർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, റിസോഴ്സ് പേഴ്സൺമാർ, വിജ്ഞാനകേരളം പദ്ധതിയുടെ ജില്ലാ കോർഡിനേറ്റർമാർ, കില ഫെസിലിറ്റേറ്റ് അംഗങ്ങൾ, പരിശീലന ടീം അംഗങ്ങൾ ഉൾപ്പെടെ അഞ്ഞൂറിലേറെ പേർ ഗ്രൂപ്പ് ചർച്ചകളിൽ പങ്കെടുത്തു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതവും കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഷിബു എൻ.പി നന്ദിയും പറഞ്ഞു. ശിൽപശാല ഇന്ന് സമാപിക്കും.
- 98 views



