വരുന്നൂ 'നേച്ചേഴ്‌സ് ഫ്രഷ്': വിഷരഹിത ഉല്‍പന്നങ്ങളുമായി കുടുംബശ്രീയുടെ കാര്‍ഷിക ഔട്ട്‌ലെറ്റുകള്‍

Posted on Wednesday, January 24, 2024

വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും കേരളത്തിലെമ്പാടും വിപണനത്തിന് സജ്ജമാക്കി കുടുംബശ്രീയുടെ കാര്‍ഷിക ഔട്ട്‌ലെറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിക്കുന്നു. കഫേ കുടുംബശ്രീ മാതൃകയില്‍  'നേച്ചേഴ്‌സ് ഫ്രഷ്' എന്ന ബ്രാന്‍ഡിലാണ് കുടുംബശ്രീ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കിയോസ്‌കുകളുടെ ശൃംഖല വരുന്നത്. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് കാര്‍ഷിക ഔട്ട്‌ലെറ്റുകളുടെ  തുടക്കം.
 
സംസ്ഥാനത്തെ  എല്ലാ ബ്‌ളോക്കിലും ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആദ്യഘട്ടമായി നൂറ് 'നേച്ചേഴ്‌സ് ഫ്രഷ്' കിയോസ്‌കുകള്‍ പ്രവര്‍ത്തനമാരംഭിക്കും. ഇവയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ജനുവരി 25ന് ഉച്ചയ്ക്ക് മൂന്നിന് വര്‍ക്കല ചെറിന്നിയൂരില്‍ നിര്‍വഹിക്കും.  

കുടുംബശ്രീയുടെ കാര്‍ഷിക സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും പൊതുജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കികള്‍ ലഭ്യമാക്കാനും നേച്ചേഴ്‌സ് ഫ്രഷ് ഔട്ട്‌ലെറ്റുകള്‍ പ്രയോജനപ്പെടും. സംസ്ഥാനത്ത് കുടുംബശ്രീയുടെ 81034 കര്‍ഷക സംഘങ്ങളിലായി 3,78,138 വനിതാ കര്‍ഷകര്‍ വിവിധയിനം പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തു വരുന്നുണ്ട്. ആകെ 12819.71 ഹെക്ടറില്‍ കൃഷി ചെയ്യുന്നതു വഴി ലഭിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനത്തിന് ഇതു വരെ പ്രധാനമായും നാട്ടുചന്തകളെയാണ് ആശ്രയിച്ചിരുന്നത്. ഏകീകൃത സ്വഭാവത്തോടെ നേച്ചേഴ്‌സ് ഫ്രഷ് കിയോസ്‌കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കടക്കം കൂടുതല്‍ പ്രചാരണവും മൂല്യവും ഉറപ്പാക്കാനാകും. ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാകുന്നതു വഴി ഉപഭോക്താക്കള്‍ക്കും പദ്ധതി ഗുണകരമാകും.

അതത് സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് നേച്ചേഴ്‌സ് ഫ്രഷ് കിയോസ്‌കുകളുടെ പ്രവര്‍ത്തനം വിഭാവനം ചെയ്തിരിക്കുന്നത്. കുടുംബശ്രീ മിഷന്‍ ഓരോ കിയോസ്‌കിനും രണ്ട് ലക്ഷം രൂപ വീതം സി.ഡി.എസുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഒരു കുടുംബശ്രീ അംഗത്തിന് ഓരോ കിയോസ്‌കിലും വിപണന ചുമതലയുണ്ടായിരിക്കും. ഇവര്‍ക്ക് പ്രതിമാസം 3600 രൂപ ഓണറേറിയവും വിറ്റുവരവിന്റെ ലാഭത്തിന്റെ മൂന്നു ശതമാനവും വേതനമായി ആദ്യ ഒരു വര്‍ഷത്തേക്ക് നിശ്ചയിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തിട്ടുള്ള കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ വഴിയാണ് ഉല്‍പന്ന സംഭരണം. കെട്ടിടങ്ങള്‍ നിലവിലുള്ള ബ്‌ളോക്കുകളില്‍ കുറഞ്ഞത് 150 ചതുരശ്ര അടിയും കെട്ടിട സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ 100 ചതരശ്ര അടിയും ആണ് കെട്ടിടങ്ങളുടെ വിസ്തീര്‍ണം നിശ്ചയിച്ചിരിക്കുന്നത്.    

പദ്ധതി പ്രകാരം തിരുവനന്തപുരം(9),കൊല്ലം(8), പത്തനംതിട്ട(5), ആലപ്പുഴ(5), ഇടുക്കി(8), കോട്ടയം(8), എറണാകുളം(6), തൃശൂര്‍(8), പാലക്കാട്(4), മലപ്പുറം(8), കോഴിക്കോട്(8), കണ്ണൂര്‍(8), വയനാട്(5), കാസര്‍കോട്(10) എന്നിങ്ങനെ ജില്ലകളില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുക. ഉല്‍പന്നങ്ങള്‍ക്ക് സ്ഥിര വിപണി ലഭ്യമാകുന്നതോടെ ഉല്‍പാദനവും വിപണനവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിടുന്നു.

ഉദ്ഘാടന ചടങ്ങില്‍ അഡ്വ.വി.ജോയ് ആദ്യവില്‍പന നിര്‍വഹിക്കും. ഒ.എസ് അംബിക എം.എല്‍.എ അധ്യക്ഷത വഹിക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്, പദ്ധതി വിശദീകരിക്കും. തദ്ദേശഭരണ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.

 

Content highlight
Kudumbashree to start natures frsh agri kosk to sell agri products