അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന മില്ലറ്റ് സന്ദേശ യാത്ര 'നമ്ത്ത് തീവനഗ'യ്ക്ക് ജില്ലകളില്‍ ഗംഭീര വരവേല്‍പ്പ്. സെപ്റ്റംബര്‍ 18ന് തിരുവനന്തപുരത്ത് ആരംഭിച്ച സന്ദേശ യാത്ര ഇതിനകം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെത്തി. ഇതോടെ സന്ദേശയാത്രയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. മില്ലറ്റ് സന്ദേശ യാത്രയോടനുബന്ധിച്ച് ജില്ലകളില്‍ സംഘടിപ്പിച്ച ഉല്‍പന്ന പ്രദര്‍ശന വിപണന മേളകള്‍ വഴി തിരുവനന്തപുരം (40,000 ), കൊല്ലം (55,000), പത്തനംതിട്ട(41700), ആലപ്പുഴ(74025), കോട്ടയം(112000), ഇടുക്കി(55115), എറണാകുളം(87962) എന്നിങ്ങനെ വിറ്റുവരവ് നേടി. സന്ദേശയാത്രയുടെ രണ്ടാം ഘട്ടം ഒക്ടോബര്‍ പകുതിയോടെ ആരംഭിക്കും.
കുടുംബശ്രീ മുഖേന അട്ടപ്പാടിയില്‍ നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് മില്ലറ്റ് സന്ദേശ യാത്ര സംഘടിപ്പിക്കുന്നത്. ചെറുധാന്യങ്ങളുടെ പോഷകമൂല്യത്തെ സംബന്ധിച്ച അറിവുകള്‍ കൂടുതല്‍ ആളുകളിലേക്കെത്തിക്കുക, ഇവയുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കുക, കര്‍ഷകര്‍ക്ക് വരുമാന ലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ ചെറുധാന്യ ഉല്‍പന്നങ്ങള്‍ക്ക് സാധിക്കുമെന്നതാണ് സന്ദേശയാത്രയ്ക്ക് വന്‍സ്വീകരണം ലഭിക്കാന്‍ കാരണം.
റാഗി, ചാമ, വരഗ്, കമ്പ്, ചോളം, തിന തുടങ്ങി വൈവിധ്യമാര്‍ന്ന ചെറുധാന്യങ്ങളും ഇവ കൊണ്ട് തയ്യാറാക്കിയ അവല്‍, പുട്ടുപൊടി, മുറുക്ക്, മിക്സ്ചര്‍ തുടങ്ങിയ നൂറോളം മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമാണ് മില്ലറ്റ് സന്ദേശയാത്രയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേളയില്‍ ലഭിക്കുക. കൂടാതെ ഏലം, ഗ്രാമ്പൂ, കുരുമുളക് തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങളും വിപണന മേളയില്‍ നിന്നു വാങ്ങാം. ആദിവാസി കര്‍ഷകര്‍ നേരിട്ടാണ് ഉല്‍പന്നങ്ങള്‍ എത്തിക്കുന്നത്.
ചെറുധാന്യങ്ങള്‍ കൊണ്ട് തയ്യാറാക്കിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നടത്തുന്ന ഭക്ഷ്യമേളയിലും വില്‍പന സജീവമാണ്. ഉല്‍പന്നങ്ങളുടെ മെച്ചപ്പെട്ട വിപണനവും പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രതികരണവും ചെറുധാന്യ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പ്രതീക്ഷ നല്‍കുന്നു. ഉല്‍പന്നം വാങ്ങാനെത്തുന്നവര്‍ക്ക് ചെറുധാന്യങ്ങള്‍ പാകം ചെയ്യുന്ന രീതിയെ കുറിച്ച് കര്‍ഷകരും പട്ടികവര്‍ഗ മേഖലയില്‍ നിന്നുള്ള അനിമേറ്റര്‍മാരും വിശദീകരിക്കുന്നത് ഏറെ സഹായകമാകുന്നുണ്ട്. ഒക്ടോബര്‍ പകുതിയോടെ മില്ലറ്റ് സന്ദേശ യാത്രയുടെ രണ്ടാം ഘട്ടം സംഘടിപ്പിക്കും. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്‍റെ ഭാഗമായി ഈ വര്‍ഷം മെയ് 26,27,28 തീയതികളില്‍ അട്ടപ്പാടി അഗളി ക്യാമ്പ് സെന്‍ററില്‍ നാഷണല്‍ മില്ലറ്റ് കോണ്‍ക്ളേവും സംഘടിപ്പിച്ചിരുന്നു.