വിറ്റുവരവിൽ നാനൂറ് കോടി പിന്നിട്ട് കുടുംബശ്രീ കേരള ചിക്കൻ. 2019ൽ ആരംഭിച്ച പദ്ധതിയിൽ കഴിഞ്ഞ ആറ് വർഷം കൊണ്ടാണ് ഈ നേട്ടം. നിലവിൽ പതിമൂന്ന് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആകെ 482 ബ്രോയ്ലർ ഫാമുകളും 141 ഔട്ട്ലെറ്റുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നു.
പദ്ധതി ഗുണഭോക്താക്കളായ കർഷകർക്ക് ഫാം ഇന്റഗ്രേഷൻ വഴി രണ്ടുമാസത്തിലൊരിക്കൽ 2.5 ലക്ഷം രൂപ വരെയാണ് വരുമാനം. പതിനായിരം കോഴികളെയെങ്കിലും വളർത്തുന്ന കർഷകർക്കാണ് ഈ നേട്ടം. നാളിതുവരെ ഈയിനത്തിൽ 38.27 കോടി രൂപ കർഷകർക്ക് മൊത്തവരുമാനമായി ലഭിച്ചിട്ടുണ്ട്. ഔട്ട്ലെറ്റ് നടത്തുന്ന ഗുണഭോക്താക്കൾക്കും മികച്ച നേട്ടം ഉറപ്പു വരുത്താൻ കഴിയുന്നുണ്ട്. ഇവർക്ക് ശരാശരി ഒരു ലക്ഷം രൂപയാണ് പ്രതിമാസ വരുമാനമായി ലഭിക്കുന്നത്. പദ്ധതി ആരംഭിച്ച് ഇതുവരെ 54.60 കോടി രൂപ ഇവർക്കും നേടാനായി. നിലവിൽ പദ്ധതി വഴി എഴുനൂറോളം കുടുംബങ്ങൾക്ക് നേരിട്ടും മുന്നൂറോളം കുടുംബങ്ങൾക്ക് പരോക്ഷമായും തൊഴിലും വരുമാനവും ഉറപ്പു വരുത്താൻ കഴിയുന്നുണ്ട്.
ചിക്കൻ ഉൽപാദനത്തിലും ഗണ്യമായ വർധനവ് നേടിയിട്ടുണ്ട്. നേരത്തെ ആഭ്യന്തര ഉൽപാദനത്തിന്റെ രണ്ടു ശതമാനമാണ് ഉൽപാദിപ്പിച്ചിരുന്നത്. നിലവിൽ എട്ടു ശതമാനമാണ് ഉൽപാദനം. ഇത് ഇരുപത്തിയഞ്ച് ശതമാനമാക്കി ഉയർത്തുകയാണ് അടുത്ത ലക്ഷ്യം. വിപണനത്തിലും മുന്നേറാനായി. 2021-ൽ പ്രതിദിനം ആറ് മെട്രിക് ടൺ ചിക്കൻ വിപണനം ചെയ്തിരുന്നത് 2025 ൽ പ്രതിദിനം 58 മെട്രിക് ടണ്ണായി ഉയർന്നിട്ടുണ്ട്. നാളിതുവരെ 35255 മെട്രിക് ടൺ ചിക്കൻ വിപണിയിൽ വിറ്റഴിഞ്ഞിട്ടുണ്ട്.
പദ്ധതിയുടെ രണ്ടാം ഘട്ടമായി "കുടുംബശ്രീ കേരള ചിക്കൻ' എന്ന ബ്രാൻഡിൽ ശീതീകരിച്ച ചിക്കൻ ഉൽപന്നങ്ങളും വിപണിയിൽ എത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ സ്വന്തം ഔട്ട്ലെറ്റും ഉടൻ പ്രവർത്തനം ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
അയൽക്കൂട്ട അംഗങ്ങൾക്ക് തൊഴിലും ഉപ-ഭോ-ക്താ-ക്കൾക്ക് ന്യായവിലയ്ക്ക് ഗുണ-മേ-യുള്ള ചിക്കൻ ലഭ്യ-മാ-ക്കുന്നതിനുമായി കുടും-ബശ്രീ വിഭാവനം ചെയ്തു നട-പ്പാ-ക്കുന്ന പദ്ധതിയാണ് കുടുംബശ്രീ കേരള ചിക്കൻ. കുറഞ്ഞ മുതൽമുടക്കിൽ മികച്ച ആദായം ലഭിക്കുന്നത് കൂടുതൽ കർഷകരെ പദ്ധതിയിലേക്ക് ആകർഷിക്കുന്നുണ്ട്.
- 34 views



