കേരളത്തിലെ 14 ജില്ലകളിലുമുള്ള കുടുംബശ്രീ അംഗങ്ങളുടെ കുടുംബശ്രീയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. 1998ലാണ് കേരളത്തിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ രൂപീകരിച്ചത്. ആദ്യ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും അയല്‍ക്കൂട്ടങ്ങളുടെ വാര്‍ഡ് തലത്തിലുള്ള ഫെഡറേഷനായ എഡിഎസും (ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റി) പഞ്ചായത്ത് തലത്തിലുള്ള ഫെഡറേഷനായ സിഡിഎസും (കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റി) രൂപീകൃത്യമായി.
2018ല്‍ കുടുംബശ്രീ 20ാം വര്‍ഷത്തിലേക്ക് കടന്ന അവസരത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ ഓര്‍മ്മകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്ന ആശയം മുന്നോട്ടുവന്നത്. ആ വര്‍ഷത്തിലെ സര്‍ക്കാര്‍ ബജറ്റിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓര്‍മ്മപ്പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനം നടത്തുകയും യെ്തു.
20 വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാനും അത് പുസ്തക രൂപത്തിലാക്കാനുമായി എല്ലാ ജില്ലകളിലും ഒരു ശില്‍പ്പശാല വീതം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതനുസരിച്ച് 14 ജില്ലകളിലും കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ എഴുത്തുശില്‍പ്പശാല നടത്തി. 2018 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സംഘടിപ്പിച്ച ശില്‍പ്പശാലകളിലായി 500ഓളം കുടുംബശ്രീ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. അവര്‍ എഴുതിയ ലേഖനങ്ങള്‍ ഓര്‍മ്മപ്പുസ്തകത്തിലേക്ക് ലഭിച്ചു. കൂടാതെ ശില്‍പ്പശാലയില്‍ പങ്കെടുത്ത് കുടുംബശ്രീയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ വാക്കുകളിലൂടെ പങ്കുവച്ചവരുടെ കഥകള്‍ പബ്ലിക് റിലേഷന്‍സ് ടീമിന്റെ നേതൃത്വത്തില്‍ തയാറാക്കുകയും ചെയ്തു. ഇത്തരത്തില്‍ 14 ജില്ലകളില്‍ നിന്നുമുള്ള കുടുംബശ്രീ അംഗങ്ങളുടെ ഓര്‍മ്മകള്‍ ക്രോഡീകരിച്ചാണ് 14 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്.
ഈ പുസ്തകങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ കുടുംബശ്രീ എന്ന പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ കഥകളും ഇതിനു വേണ്ടി അംഗങ്ങള്‍ നടത്തിയ ത്യാഗത്തിന്റെ കഥകളും കുടുംബശ്രീ ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളുടെ തുടക്കത്തെക്കുറിച്ചും ഈ പ്രസ്ഥാനത്തിന്റെ അടിത്തറയെക്കുറിച്ചുമൊക്കെ കൂടുതല്‍ വിശദമായി അറിയാന്‍ കഴിയും. ഈ 14 പുസ്തകങ്ങളും താഴെ നല്‍കുന്ന ലിങ്കില്‍ നിന്ന് വായിക്കാനാകും. ഒരു തലമുറ നേടിയ വളര്‍ച്ചയുടെയും ശാക്തീകരണത്തിന്റെയും സ്വയംപര്യാപ്തതയുടെയും വിവരങ്ങള്‍ ഈ പുസ്തകങ്ങള്‍ വഴി അറിയാനാകും. http://www.kudumbashree.org/pages/159#kudumbashree-publication-tab-11
- 286 views