ലിംഗാധിഷ്ഠിത പ്രശ്‌നങ്ങള്‍ - അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് പിന്തുണയേകാന്‍ 3.16 ലക്ഷം കുടുംബശ്രീ ജെന്‍ഡര്‍ പോയിന്റ് പേഴ്‌സണ്‍മാര്‍ സജ്ജമാകുന്നു

Posted on Monday, September 23, 2024
ലിംഗാധിഷ്ഠിത പ്രശ്‌നങ്ങളില്‍ ഇടപെടലിന് ഒരുങ്ങി കുടുംബശ്രീയുടെ 3.16 ലക്ഷം ജെന്‍ഡര്‍ പോയിന്റ്പേഴ്‌സണ്‍മാര്‍ (ജി.പി.പി) സജ്ജമാവുന്നു. ലിംഗ പദവി സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പിന്തുണയേകുകയും ഇത് സംബന്ധിച്ച സേവനങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ ഓരോ അയല്‍ക്കൂട്ട അംഗങ്ങളെയും സഹായിക്കുകയുമാണ് ജി.പി.പിയുടെ പ്രധാന ചുമതല.

  കുടുംബശ്രീ അയല്‍ക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ്തലങ്ങളിലെ ജി.പി.പിമാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള രൂപരേഖ നിശ്ചയിക്കുന്നതിനുള്ള ദ്വിദിന ശില്‍പ്പശാല തിരുവനന്തപുരത്ത് ഇന്നലെ (സെപ്റ്റംബര്‍ 20) പൂര്‍ത്തിയായി. ഓരോ കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ നിന്നും ഒരാളെ വീതമാണ് ജി.പി.പിയായി തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ 3,16,386 അയല്‍ക്കൂട്ടങ്ങളിലും ജി.പി.പിമാരുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞു. അയല്‍ക്കൂട്ട ജി.പി.പിമാരില്‍ നിന്ന് വാര്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 19,470  ജി.പി.പിമാരെയും ഈ എ.ഡി.എസ് ജി.പി.പിമാരില്‍ നിന്ന് പഞ്ചായത്ത്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 1070 സി.ഡി.എസ്തല ജി.പി.പിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.  സി.ഡി.എസ്, എ.ഡി.എസ്തല ജി.പി.പിമാര്‍ക്ക് പൊതു അവബോധ പരിശീലനവും നല്‍കി.

  അയല്‍ക്കൂട്ട അംഗങ്ങളുടെ ലിംഗപദവി പ്രശ്‌നങ്ങളെക്കുറിച്ച് തുടര്‍ച്ചയായ ബോധവത്ക്കരണ പരിപാടികള്‍, ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവ സംഘടിപ്പിക്കുക, ലിംഗ വിവേചനങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍ സ്ത്രീകളെയും കുട്ടികളെയും പ്രാപ്തരാക്കുക, വിജിലന്റ് ഗ്രൂപ്പിന്റെ അയല്‍ക്കൂട്ടതല കണ്ണിയായി പ്രവര്‍ത്തിക്കുക, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ അയല്‍ക്കൂട്ടതലത്തില്‍ ഏകോപിപ്പിക്കുക, അയല്‍ക്കൂട്ട പ്രദേശങ്ങളെ വനിതാ-ശിശു സൗഹൃദ മേഖലയാക്കുന്നതിന് ഇടപെടലുകള്‍ നടത്തുക, ലിംഗപരമായ പ്രശ്‌നങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ എ.ഡി.എസ്തലത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രശ്‌ന പരിഹാരത്തിന് സ്ത്രീകളെ പിന്തുണയ്ക്കുകയും ചെയ്യുക, കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ സഹായത്തോടെ കൗണ്‍സിലിങ് നല്‍കുക തുടങ്ങിയവയാണ്  ജെന്‍ഡര്‍ പോയിന്റ് പേഴ്‌സണ്മാരുടെ ചുമതല.  

  അയല്‍ക്കൂട്ടതലത്തിലേക്ക് ജി.പി.പി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി എത്തിക്കുന്നതിനുള്ള പരിശീലന പ്രവര്‍ത്തനങ്ങള്‍ പ്രത്യേക ക്യാമ്പയിനായി 14 ജില്ലകളിലെ തെരഞ്ഞെടുത്ത ഓരോ ബ്ലോക്കില്‍ വീതവും അട്ടപ്പാടിയിലും പൈലറ്റ് അടിസ്ഥാനത്തില്‍ നവംബറോടെ ആരംഭിക്കും. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍.ആര്‍.എല്‍.എം) നല്‍കിയ പരിശീലന മൊഡ്യൂളുകള്‍ കേരളത്തിന്റെ സാഹചര്യത്തിന് അനുസരിച്ച് വികസിപ്പിച്ച്  മൂന്നായി വിഭജിച്ചാണ് പരിശീലനം നല്‍കുന്നത്. തിയേറ്റര്‍ (സര്‍ഗ്ഗാത്മക പരിശീലന കളരി), ആക്ടിവിറ്റി (പ്രവര്‍ത്തനം), ഡിജിറ്റല്‍ സാങ്കേതിക വിദ്യ എന്നിങ്ങനെയുള്ള സംവേദന രീതികളിലൂടെ 15 മൊഡ്യൂളുകളിലുള്ള പരിശീലനമാണ് ജി.പി.പിമാര്‍ക്കും അവരിലൂടെ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കും നല്‍കുക.

  ലിംഗവ്യത്യാസവും ലിംഗപദവിയും, ലിംഗപദവി- സാമൂഹിക നിര്‍മ്മിതിയും സാമൂഹ്യവത്ക്കരണവും, ലിംഗാധിഷ്ഠിത തൊഴില്‍ വിഭജനം, കൗമാരം- ക്ഷേമവും ആരോഗ്യവും, ശൈശവവിവാഹം എന്നീ അഞ്ച് മൊഡ്യൂളുകളാണ് ആക്ടിവിറ്റി വിഭാഗത്തില്‍ ഉള്‍പ്പെടുക. പ്രാപ്യതയും നിയന്ത്രണവും, ലിംഗഭേദവും ചലനമാത്മകതയും, ജെന്‍ഡര്‍- അവകാശങ്ങളും അര്‍ഹതയും, ഭക്ഷണവും പോഷകാഹാരവും, സ്ത്രീ സാക്ഷരതയും വിദ്യാഭ്യാസവും എന്നീ അഞ്ച് മൊഡ്യൂളുകള്‍ തിയേറ്റര്‍ വിഭാഗത്തിലും ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍, സ്ഥാപന സംവിധാനങ്ങള്‍, ലിംഗപദവിയും ഉപജീവനവും, ലിംഗപദവിയും വികേന്ദ്രീകരണവും, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക നിയമ നിര്‍മ്മാണങ്ങളും നിലവിലുള്ള നിയമങ്ങളും എന്നീ അഞ്ച് മൊഡ്യൂളുകള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ വിഭാഗത്തിന് കീഴിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ മൊഡ്യൂളുകള്‍ക്കൊപ്പം ഡിജിറ്റല്‍ സാക്ഷരതയേകുന്നതിനും വ്യക്തിത്വ വികാസം നല്‍കുന്നതിനും ഉതകുന്ന വിഷയങ്ങളും പരിശീലനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.

  ഹോട്ടല്‍ ഗ്രാന്‍ഡ് ചൈത്രത്തില്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാലയ്ക്ക് കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ഫെബി ഡി.എ, ഓഫീസ് സെക്രട്ടേറിയേറ്റ് സ്റ്റാഫ് അര്‍ജുന്‍ പ്രതാപ് ആര്‍.പി എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാഭ്യാസ വിദഗ്ധര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, തിയേറ്റര്‍ മേഖകളിലെ വിദഗ്ധര്‍, അധ്യാപക പരിശീലകര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Content highlight
ender-based issues; 3.16 Lakh Kudumbashree Gender Point Persons gear Up to Support NHG members